We Talk

ഫുട്ബാള്‍, സിനിമ, സത്രീ സ്വാതന്ത്ര്യം; മാറുന്ന സൗദി

പക്കാ പ്രൊഫഷണലിസം, പക്കാ ക്യാപിറ്റലിസം.  ലോകത്തിലെ ഇസ്ലാമിക രാജ്യങ്ങളില്‍ അതിവേഗം പുരോഗതിയുടെ പാതയിലേക്ക് കുതിക്കുന്ന സൗദി അറേബ്യയുടെ മാറുന്ന മുഖം കുടികൊള്ളുന്നത് ഈ രണ്ട് കാര്യങ്ങളിലാണ്. കിരീടാവകാശി എംബിഎസ് എന്ന മുഹമ്മദ് ബിന്‍ സല്‍മാന്‍, ശരീഅത്ത് നിയമങ്ങളെപ്പോലും തള്ളിയാണ്, സൗദിയെ  ആധുനികവത്ക്കരണത്തിന്റെ പാതയിലേക്ക് കൊണ്ടുപോവുന്നത്. മുമ്പൊക്കെ സൗദിയില്‍  മതപരമായ ഏറ്റവും വലിയ  പ്രശ്നങ്ങളില്‍ ഒന്നായിരുന്നു, ക്രിസ്ത്യാനികളുടെ കുരിശ്. അത് എവിടെ കണ്ടാലും പിടിച്ചെടുക്കുകയും കുരിശുമായി ബന്ധപ്പെട്ട  സാധനങ്ങൾ  ഒഴിവാക്കുകയും ചെയ്യുന്നത് ആ  രാജ്യത്തിന്റെ പൊതുരീതിയായിരുന്നു. പക്ഷേ ഇപ്പോള്‍ കുരിശുമാലയണിഞ്ഞ് വരുന്ന ഫുട്ബോള്‍ താരങ്ങള്‍ക്ക് മുന്നില്‍ പോസ് ചെയ്യുന്ന അറബികളുടെ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത്.

 ഇന്ന് യൂറോപ്യന്‍ ക്ലബുകളെ നിഷ്പ്രഭരാക്കി സൗദി ഫുട്ബാള്‍ ക്ലബുകള്‍ വളര്‍ന്നു. മുമ്പൊക്കെ ലോകത്തിലെ ഏറ്റവും മികച്ച സോക്കര്‍ ക്ലബുകള്‍ ഏതെന്ന് ചോദിച്ചാല്‍, ബാഴ്സലോണ, റയല്‍മാഡ്രിഡ്, പിഎസ്ജി തുടങ്ങിയ യൂറോപ്യന്‍ ക്ലബുകള്‍ ആയിരുന്നു ഒരു വര്‍ഷം മുമ്പുവരെ ഗൂഗിള്‍ സേര്‍ച്ചില്‍ വരിക. അല്‍ നസര്‍, അല്‍ ഹിലാല്‍, അല്‍ ഇത്തിഹാദ്,  അല്‍ അഹ്ലി എന്നീ ക്ലബുകളെക്കുറിച്ച് ഖത്തര്‍ ലോകകപ്പിന് മുമ്പ് എത്രപേര്‍ കേട്ടിരിക്കും. ?  എന്നാല്‍ ഈ സൗദി ക്ലബുകളാണ് ഇന്ന് ലോക ഫുട്ബോളിനെ നിയന്ത്രിക്കുന്നത്. യൂറോപ്യന്‍ ലീഗില്ലല്ല, സൗദി ലീഗിലാണ് ക്രിസ്റ്റിയാനോ  റോണാള്‍ഡോ തൊട്ട് നെയ്മര്‍ വരെയുള്ള  സൂപ്പര്‍ താരങ്ങള്‍ ഇപ്പോള്‍ കളിക്കുന്നത്. ഇത് അനുസരിച്ചുള്ള സാമൂഹിക മാറ്റവും സൗദിയില്‍ നടക്കുന്നുണ്ട്.

ഇപ്പോള്‍ കുരിശുമാലയും കഴുത്തിലണിഞ്ഞ് അറബികള്‍ക്ക് ഒപ്പം നില്‍ക്കുന്ന നെയ്മറിന്റെ ചിത്രം  സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.. മുമ്പൊക്കെ ആണെങ്കില്‍ ഇതുപോലെ ഒരു കാഴ്ച കാണാന്‍ കഴിയില്ലെന്നാണ് സോഷ്യല്‍ മീഡിയ ആക്റ്റീവിസ്റ്റുകള്‍ പറയുന്നത്. പണ്ടൊക്കെ പല സൗദികളും ഷെവര്‍ലെയുടെ വാഹനം ഉപയോഗിക്കാന്‍ മടിക്കുകയും മറ്റുള്ളവരെ പിന്തിരിപ്പിക്കുകയും ചെയ്യ്രുമായിരുന്നു..അതിന് കാരണം അതിന്റെ എംബ്ലം കുരിശിന്റെ ആകൃതിയിലാണ് എന്നതായിരുന്നു. ആ മണ്ണിലേക്കാണ് കുരിശുമാലയും അണിഞ്ഞ് നെയ്മര്‍ ഇറങ്ങിവരുന്നത്.

 അതുപോലെ കുരിശിന്റെ ആകൃതിയോട് സാമ്യം തോന്നിയതിന്റെ പേരിലും പണി കിട്ടിയവര്‍ നിരവധിയാണ്. ഇപ്പോള്‍ നെയ്മറും റൊണാള്‍ഡോയുമൊക്കെ വന്നതോടെ, ഈ രീതിയിലുള്ള കുരിശുവെറിയില്‍നിന്നുള്ള മാനസിക മോചനവും സൗദികള്‍ക്ക് കിട്ടുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ആകാശത്തേക്ക് കുരിശുവരച്ചാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ തന്റെ വിക്ടറി  ചിഹ്നം കാണിക്കാറുള്ളത്.

സൗദി ഇപ്പോള്‍ പഴയ സൗദിയല്ല എന്ന് ആരും സമ്മതിക്കും. ഇസ്രായേലുമായുള്ള പിണക്കം പോലും മാറ്റി വെച്ച് അവരുമായി നല്ല സൗഹൃദത്തിലാണ് ആ രാജ്യം. യുഎഇയെ പോലെ മാനവികതയുടേയും പുരോഗനാത്മകതയുടേയും പാതയിലാണ് സൗദി. അതിന് ചുക്കാന്‍ പിടിക്കുന്നതു  എംബിഎസ് എന്ന കിരീടാവകാശി തന്നെയാണ്. .  ആദ്യമായി അറബ് വനിതയെ ബഹിരാകാശത്തേക്ക് അയച്ച് സൗദി അറേബ്യ ചരിത്രംകുറിച്ചു. ഇത് വെറുമാരു ആകാശ ദൗത്യമല്ല, മതാന്ധതയിലായിരുന്ന ഒരു സമൂഹത്തിന്റെ ആധുനികതയിലേക്കുള്ള വളര്‍ച്ചയായാണ് ദി ഗാര്‍ഡിയന്‍ പത്രം വിലയിരുത്തിയത്.   

സൗദിയില്‍ മൊത്തത്തില്‍ മാറ്റത്തിന്റെ കാറ്റ് വീശുകയാണ്. സ്ത്രീകള്‍ക്ക് കാറോടിക്കാന്‍ കഴിയുന്നു. നബിയുടെ കാലത്ത് സ്ത്രീകള്‍ ഒട്ടകം ഓടിച്ചിരുന്നെങ്കില്‍ ഇന്നത്തെ കാലത്ത് സ്ത്രീകള്‍ക്ക് ആധുനിക ഒട്ടകമായ കാര്‍ ഓടിക്കാം എന്നതായിരുന്നു എംബിഎസിന്റെ വാദം. അതിന്റെ അടിസ്ഥാനത്തിൽ  സൗദിയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിങ്ങ് ലൈസന്‍സിനുള്ള അനുമതി നല്‍കി. രാജ്യത്തെമ്പാടും സിനിമാ തീയേറ്ററുകള്‍ വരുന്നുണ്ട്. സ്ത്രീകള്‍ക്ക് തൊഴില്‍ ലഭിക്കാനുള്ള അന്തരീക്ഷവുമുണ്ടാകുന്നു. ഭരണകുടുംബം മാത്രം കയ്യടക്കിവെച്ചിരുന്ന അരാംകോ,  ഓഹരി വില്‍പ്പനയിലൂടെ മറ്റുള്ളവര്‍ക്ക് കൂടി പങ്ക് കിട്ടാവുന്ന രീതിയിലേക്കു മാറുന്നു ഗള്‍ഫില്‍ ഒരു ഭരണകൂടവും തങ്ങളുടെ എണ്ണക്കമ്പനികളുടെ ഓഹരി വില്‍പ്പനയ്ക്ക് ഇതിനു മുമ്പ് തയ്യാറായിട്ടില്ല എന്നോർക്കണം. . പുരുഷ രക്ഷകര്‍ത്താക്കളുടെ അനുമതിയുണ്ടെങ്കില്‍ മാത്രമേ പുറത്തു പോകാനാവൂ എന്ന കരി നിയമവും മാറി. പര്‍ദക്കുള്ളില്‍നിന്ന് ബഹിരാകാശത്തേക്ക് പറക്കുന്ന സൗദി സ്ത്രീ, കാലത്തിന്റെ മാറ്റം ആര്‍ക്കും തടഞ്ഞുവെക്കാന്‍ കഴിയില്ല എന്നതിന്റെ കൃത്യമായ സൂചകമാണ്.

ടൂറിസ്റ്റുകള്‍ അബായ ധരിക്കേണ്ടതില്ല എന്ന പ്രഖ്യാപനത്തിലൂടെ ഡ്രസ്സ് കോഡിന് മാറ്റം വരുത്തി. പുരുഷ രക്ഷകര്‍ത്താക്കളുടെ അനുമതിയുണ്ടെങ്കില്‍ മാത്രമേ പുറത്തു പോകാനാവൂ എന്ന നിയമവും മാറി. ഇതിനേക്കാള്‍ ഒക്കെ വലിയ രണ്ടു പരിഷ്‌ക്കരണങ്ങള്‍ കോവിഡ് കാലത്ത് നടന്നിരുന്നു .  ഇസ്ലാമിക ശരീഅത്തിലെ രണ്ട് സുപ്രധാന നിയമങ്ങൾ ഈയിടെ  സൗദി അറേബ്യ റദ്ദാക്കി. വ്യഭിചാരിക്കുള്ള പരസ്യമായ ചാട്ടവാറടിയും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ വധശിക്ഷയും. കാലത്തിന്റെ മാറ്റത്തിന് അനുസൃതമായി സൗദി മുന്നോട്ടു കുതിക്കുകയാണ്. 

Leave a Reply

Your email address will not be published. Required fields are marked *