We Talk

അടിക്കടി മാപ്പുമായി മീഡിയ വൺ

തെറ്റ് പറ്റുമ്പോൾ ഒരു ചാനലോ പത്രമോ മാപ്പു പറയേണ്ടി വരുന്നതു അത്ര മോശപ്പെട്ട കാര്യമൊന്നുമല്ല. തെറ്റ് ഏറ്റു പറഞ്ഞു ക്ഷമാപണം നടത്തൽ അന്തസ്സിന്റെയും ആഭിജാത്യത്തിന്റേയും ലക്ഷണവുമാണ്. എന്നാൽ, അടിക്കടി മാപ്പു പറയേണ്ടി വരുന്നത് നല്ല ലക്ഷണമല്ല. അതൊരു രോഗലക്ഷണമാണ്.

പുതുപ്പള്ളി ഉപതെരഞ്ഞടുപ്പിന്റെ കൊട്ടിക്കലാശം റിപ്പോർട്ട് ചെയ്തപ്പോൾ സംഭവിച്ച വലിയ പിഴവിന് മീഡിയാ വൺ ചാനൽ മാപ്പു പറഞ്ഞത് മാധ്യമ ലോകത്തും രാഷ്ട്രീയ രംഗത്തും  വലിയ ചർച്ചയായിരിക്കുകയാണ്.സമൂഹ മാധ്യമങ്ങളിൽ മുഴുവൻ അത് നിറഞ്ഞു നിൽക്കുന്നു.  യാദൃശ്ചികമായി സംഭവിച്ച ഒരു പിഴവല്ല അതെന്നും ബോധപൂർവമായ ഒരു മാനിപ്പുലേഷൻ അതിന്റെ പിന്നിൽ നടന്നുവെന്നുമുള്ള സംശയങ്ങൾ പുറം ലോകത്തെത്തിച്ചത് മീഡിയാ വണിന്റെ പ്രവർത്തകർ തന്നെയാണ്. അവരുടെ വാട്സാപ്പ് ചാറ്റുകൾ ചോർന്നു ഇപ്പോൾ സൈബർ ലോകത്തു  പ്രവഹിക്കുകയാണ്.

എന്താണ് മീഡിയാ വൺ ചെയ്ത തെറ്റ് ? പുതുപ്പള്ളിയിൽ സിപിഎം പ്രവർത്തകർ ആർ എസ് എസ് ഗണഗീതത്തിന്റെ താളത്തിൽ ജെയ്ക്ക് തോമസിന് വേണ്ടി പാട്ടു പാടി വോട്ടു തേടി  എന്ന വാസ്തവ വിരുദ്ധമായ വാർത്ത ചാനലിൽ നൽകിയതിനൊപ്പം അവരുടെ തലയിലെ ചുവന്ന റിബണിനു  കാവി നിറം നൽകുകയും ചെയ്തു. ഇതു ലക്ഷക്കണക്കിന് ഫോളോവർമാരുള്ള ഫേസ്ബുക്കിലും കൊടുത്തു. സിപിഎം വിരുദ്ധരായ ജമാഅത് അനുയായികൾ അത് വ്യാപകമായി ഷെയർ ചെയ്തു. സമൂഹ മാധ്യമത്തിൽ ഇത് തുറന്ന വിമർശനങ്ങൾക്കിടയാക്കി . അതോടെ വിശദീകരണവുമായി മീഡിയ വൺ രംഗത്ത് വന്നു.ആർ എസ് എസ് ഗണഗീതത്തിന്റെ താളത്തിൽ ഡി വൈ എഫ് ഐക്കാർ പാട്ടു പാടിയെന്നതു തെറ്റായ താരതമ്യം ആയിരുന്നെന്നു ഏറ്റുപറഞ്ഞു.. തലയിലെ റിബണിന്റെ നിറം മാറിയത് കാമറയുടെ സാങ്കേതിക പിഴവായിരുന്നു എന്നതാണ് രണ്ടാമത്തെ ന്യായീകരണം. ഇതു പക്ഷേ , വിശ്വസനീയമായി ആർക്കും തോന്നിയില്ല.. കോഴിക്കോട് നിന്നെത്തിയ പാർട്ടി പ്രവർത്തകർ പാടിയ പാട്ടിനെ ആർ എസ് എസ് ഗണഗീതമാക്കി ചിത്രീകരിച്ചപ്പോൾ അതിനു അനുയോജ്യമായി പ്രവർത്തകരുടെ തലയിൽ കെട്ടിയ ചുവപ്പു റിബണിനെ കാവിയാക്കി കരുതിക്കൂട്ടി മാറ്റി എന്നാണ് ഇടതു കേന്ദ്രങ്ങൾ ആരോപിക്കുന്നത്.

പത്തു പന്ത്രണ്ടു വർഷം പഴക്കമുള്ള ക്യാമറ ആയതു കൊണ്ട് കളർ സെൻസിങ്ങിൽ പ്രശ്നമുണ്ടായതാണെന്ന മീഡിയാ വണ്ണിന്റെ വിശദീകരണം ഒട്ടും തൃപ്തികരമല്ല. അങ്ങിനെ കളർ സെൻസിങ്ങിൽ പ്രശ്നം ഉണ്ടെങ്കിൽ പാർട്ടി പ്രവർത്തകർ ഉടുത്ത മുണ്ടിന്റെയും തൊട്ടടുത്തുള്ള ചെങ്കൊടിയുടെയും കളർ എന്തുകൊണ്ട് മാറിയില്ല എന്ന ചോദ്യത്തിനു ഉത്തരമായിട്ടില്ല. ബോധപൂർവമായ ശ്രമം നടന്നു എന്നാണ് പൊതുവിൽ ആരോപിക്കപ്പെടുന്നത്. അങ്ങിനെയെങ്കിൽ അത് കണ്ടെത്തേണ്ടതും യുക്തമായ നടപടി എടുക്കേണ്ടതും മീഡിയാ വണ്ണിന്റെ ഉത്തരവാദിത്തമാണ്. മുൻ മന്ത്രി എ സി മൊയ്തീന്റെ വീട്ടിൽ ഇ ഡി റെയിഡ് നടത്തി 15 കോടിയുടെ സ്വത്തുക്കൾ മരവിപ്പിച്ചു എന്ന തെറ്റായ വാർത്തയുടെ പേരിൽ മീഡിയാ വൺ ക്ഷമാപണം നടത്തിയിട്ടു അധിക നാളുകൾ ആയിട്ടില്ല. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസംഗം തെറ്റായി റിപ്പോർട്ട് ചെയ്തതിന്റെ പേരിലും മീഡിയാ വൺ മാപ്പു പറഞ്ഞിരുന്നു. കൊച്ചിയിൽ ഒരു വികസന സെമിനാറിൽ പ്രസംഗിച്ച തന്റെ വാക്കുകൾ വളച്ചൊടിച്ചു മീഡിയ വൺ വാർത്ത കൊടുത്തതിനെപ്പറ്റി മന്ത്രി എം ബി രാജേഷും ഫേസ്‌ബുക്കിൽ വിശദമായി പറഞ്ഞിട്ടുണ്ട്. നേര് , നന്മ എന്ന് വിളംബരം ചെയ്ത ചാനലിന് ഒരിക്കലും ഭൂഷണമല്ല ഇടയ്ക്കിടെ വേണ്ടിവരുന്ന ഈ മാപ്പു പറച്ചിലുകൾ.

Leave a Reply

Your email address will not be published. Required fields are marked *