ചുരുണ്ട മുടിക്കാരേ… ഇതിലേ ഇതിലേ…
ഹെയര്‍ സ്ട്രെയ്റ്റനിങ്, സ്മൂത്തനിങ്, പെര്‍മെനന്റ് ബ്ലോ ഡ്രൈ എന്ന് തുടങ്ങി തങ്ങളുടെ ചുരുണ്ട മുടിയെ വലിച്ചു നീട്ടി തേയ്ച്ചു മിനുക്കി വെയ്ക്കാനുള്ള നെട്ടോട്ടത്തിലാണ് നമ്മുടെ നാട്ടിലെ സ്ത്രീകളും പെണ്‍കുട്ടികളും. ഇതിനായുള്ള ഹെയര്‍ സലൂണുകള്‍ മുട്ടിന് മുട്ടിനു കൂണ് പോലെ മുളച്ചു പൊന്തിയിട്ടുമുണ്ട്. 5000 രൂപ മുതലാണ് മുടി ഇങ്ങനെ കോലു പോലാക്കാന്‍ സലൂണുകള്‍ ഈടാക്കുന്നത്. മുടിയുടെ നീളം അനുസരിച്ച് 15, 000 രൂപ വരെ ആകും. നല്ല നീളമുള്ള മുടിയാണെങ്കില്‍ ഇരട്ടി കാശാണ്.
മുടി വെട്ടാന്‍ വേണ്ടി മാത്രം ഈ സലൂണുകളില്‍ പോയാല്‍ പോലും മുടി വെട്ടിക്കഴിഞ്ഞു ആ മുടി സ്‌ട്രെയ്റ്റ് ആക്കി വെച്ചിട്ടേ നമ്മളെ തിരികെ വിടൂ.സിനിമകളിലും സീരിയലുകളിലും നടിമാര്‍ക്ക് കോലന്‍ മുടി നിര്‍ബന്ധമാണ്. നായികമാര്‍ എപ്പോഴും സ്‌ട്രെയ്റ്റ് മുടിയുള്ളവരായിരിക്കും. വില്ലത്തികള്‍ക്ക് ചുരുണ്ട മുടിയും. മുന്‍പൊക്കെ ചുരുണ്ട മുടിയുള്ള നടിമാര്‍ കോലന്‍ മുടിയ്ക്കായി വിഗ് വെക്കുമായിരുന്നു. ഇപ്പോള്‍ ഇത്തരം ഹെയര്‍ ട്രീറ്റ്‌മെന്റുകള്‍ തുടങ്ങിയതോടെ പതിനായിരങ്ങള്‍ മുടക്കി അവര്‍ തങ്ങളുടെ ചുരുണ്ട മുടിയെ വലിച്ചു നിവര്‍ത്തി കോലുപോലാക്കി വെയ്ക്കും. മലയാള സിനിമയില്‍ ഈയിടെയായി ഇക്കാര്യത്തില്‍ കുറച്ചൊക്കെ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയിട്ടുണ്ടെന്നത് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്.

എന്തുകൊണ്ടാണ് കോലുപോലിരിക്കുന്ന മുടിയോട് നമ്മുക്ക് ഇത്ര അമിതമായ ഇഷ്ടമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇതിന്റെ വേര് കിടക്കുന്നത് കോളനിവല്‍ക്കരണ കാലത്താണ്. അമേരിക്കയില്‍ അടിമകളായി എത്തിയ ആഫ്രിക്കന്‍ വംശജരുടെ ചുരുണ്ട മുടിയെ വൃത്തികെട്ടതും നിയന്ത്രിക്കാന്‍ പാടുള്ളതും ഒട്ടും പ്രൊഫഷണലല്ലാത്തതുമായ മുടിയായാണ് വംശീയ വെറിയുള്ള പാശ്ചാത്യര്‍ കണക്കാക്കിയിരുന്നത്. അന്ന് മുതല്‍ ചുരുണ്ട മുടി വിവേചനത്തിനുള്ള ആയുധമായി. ചുരുണ്ട മുടിയുള്ളവര്‍ താഴ്ന്നവരും സ്‌ട്രെയ്റ്റ് മുടിയുള്ളവര്‍ ഉന്നതരുമായി. സ്‌ട്രെയ്റ്റ് മുടിയുള്ള സ്ത്രീകള്‍ക്ക് ചുരുണ്ട മുടിയുള്ളവരേക്കാള്‍ കൂടുതല്‍ പരിഗണനയും ലഭിച്ചു.ഇന്ത്യയിലെ ചുരുണ്ട മുടിയോടുള്ള അയിത്തം അമേരിക്കയിലെ ആഫ്രിക്കന്‍ അടിമത്തത്തില്‍ നിന്നുണ്ടായ വിവേചനപരമായ വിശ്വാസങ്ങളുടെ ഒരു ട്രിക്കിള്‍-ഡൗണ്‍ ഇഫക്റ്റ് മൂലമാണെന്ന് പറയാം. അതായത് ആത്യന്തികമായി യൂറോകേന്ദ്രീകൃതമായ സൗന്ദര്യത്തിന്റെ മാനദണ്ഡങ്ങളില്‍ വേരൂന്നിയതാണ് മുടിയുടെ പേരിലുള്ള ഈ വിവേചനവും. അന്ന് പാശ്ചാത്യര്‍ തുടങ്ങി വെച്ച ആ ചിന്താഗതി അറിഞ്ഞോ അറിയാതെയോ ഇന്നും ആളുകള്‍ തുടര്‍ന്നുകൊണ്ട് പോവുകയാണ്.

സ്‌ട്രെയ്റ്റ് മുടി എന്നാല്‍ ഐഡിയല്‍, ക്ലീന്‍, പ്രോപ്പര്‍, പെര്‍ഫെക്ട് മുടിയാണ്. അതേസമയം ചുരുണ്ട മുടിയാകട്ടെ ചകിരി പോലുള്ള നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുള്ള വൃത്തികെട്ട മുടിയും. നമ്മള്‍ ജോലി ചെയ്യുന്ന ഇടങ്ങളില്‍ പോലും ഈ ചിന്താഗതിയെ പലരും അഭിമുഖീകരിച്ചിട്ടുണ്ടാകും. സ്‌ട്രെയ്റ്റ് ചെയ്ത് അഴിച്ചിട്ട മുടിയുമായി എത്തുന്നവരെ ‘സ്‌റ്റൈലിഷ്’ ആയി കണക്കാക്കി കൂടുതല്‍ പരിഗണന നല്‍കുമ്പോള്‍ ചുരുണ്ട മുടിക്കാരെ ‘സാധാ ലോക്കല്‍’ എന്ന് പറഞ്ഞ് രണ്ടാം തരക്കാരാക്കുന്നു. കഴിവും ആത്മാര്‍ത്ഥതയും എല്ലാം ‘ലുക്കില്‍’ മങ്ങിപ്പോവുകയാണ്. അമേരിക്കന്‍ സ്‌റ്റൈലിസ്റ്റ് ആന്ദ്രെ വാക്കര്‍, മുടിയെ നാല് വിശാലമായ വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. സ്‌ട്രെയിറ്റ് ഹെയര്‍, വേവി ഹെയര്‍, കേളി ഹെയര്‍, കിങ്കി ഹെയര്‍ എന്നിവയാണ് അവ. കമ്പിച്ചുരുള്‍ പോലെയുള്ള മുടിയും കിങ്കി വിഭാഗത്തില്‍ പെടും. മുടിയിലെ ഈ വ്യത്യാസത്തിന് 99 ശതമാനവും കാരണമാകുന്നത് ജീനുകളും ജനിതക പോളിമോര്‍ഫിസങ്ങളുമാണ്. ബാക്കിയുള്ള ഒരു ശതമാനം കാലാവസ്ഥയെയും പരിചരണത്തെയും ആശ്രയിച്ചിരിക്കും. ചൂടുള്ള കാലാവസ്ഥയില്‍ മുടിയുടെ ഈര്‍പ്പം നഷ്ടപ്പെട്ട് വേഗം ചുരുണ്ടുപോകുന്നു. അതുകൊണ്ടാണ് ഭൂമധ്യ രേഖയോട് അടുത്തുള്ള രാജ്യങ്ങളിലെ ആളുകള്‍ക്ക് കൂടുതലും ചുരുണ്ട മുടിയുള്ളത്. ഇന്ത്യയില്‍ ദക്ഷിണേന്ത്യക്കാര്‍ക്കാണ് ചുരുണ്ട മുടി കൂടുതലും കാണപ്പെടുന്നത്.

2018-ല്‍ ആഗോളതലത്തില്‍സോഷ്യല്‍ മീഡിയയിലൂടെ കേളി ഹെയര്‍ മൂവ്‌മെന്റ് എന്ന പേരില്‍ ഒരു ക്യാമ്പയിന്‍ തുടങ്ങിയിരുന്നു. Curly is Beautiful, Curly Hair Dont Care തുടങ്ങിയ ഹാഷ്ടാഗുകള്‍ ഉപയോഗിച്ച് ഈ മൂവ്‌മെന്റ് തുടര്‍വര്‍ഷങ്ങളില്‍ ശക്തിപ്രാപിച്ചു. ഇന്ന് ചുരുണ്ട മുടിയുള്ള പല യുവതികളും തങ്ങളുടെ മുടിയെ ഉള്‍ക്കൊള്ളാനും ഇഷ്ടപ്പെടാനും തുടങ്ങിയിട്ടുണ്ട്. എന്നാല്‍ കൗമാര പ്രായക്കാര്‍ക്ക് അതിന് സാധിച്ചിട്ടില്ല. അവരിപ്പോഴും പോപ്പ് സംസ്‌കാരത്താല്‍ സ്വാധീനിക്കപ്പെട്ട് സ്ട്രെയ്റ്റ് മുടിയാണ് പെര്‍ഫെക്ട് എന്ന് തന്നെ കരുതുകയാണ്. നിയന്ത്രിക്കാന്‍ കഴിയാത്ത ഒന്നിനെയും നമ്മുടെ സമൂഹം ഇഷ്ടപ്പെടുന്നില്ല. സ്‌ട്രൈറ്റ് അല്ലാത്ത മുടി, പ്രത്യേകിച്ച് ചുരുണ്ട മുടി ഒരു പരിധിയ്ക്കപ്പുറം നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയുന്ന ഒന്നല്ല. ഇക്കാര്യം മനസ്സിലാക്കി തങ്ങളുടെ മുടിയെ ഓരോരുത്തരും സ്‌നേഹിക്കുകയും അംഗീകരിക്കുകയുമാണ് വേണ്ടത്.