ലാലിനെ കാത്ത് ടി. പി. മാധവൻ
നാടോടിക്കാറ്റില്‍ ദാസനും വിജയനും ആളറിയാതെ വണ്ടിയുടെ കാറ്റഴിച്ചുവിട്ട് വയലില്‍ തള്ളിയിടുന്ന കമ്പനി എം ഡിയെ ഓര്‍മ്മയില്ലേ. ശ്രീനിവാസന്‍ ‘കണ്ണ് ചീഞ്ഞ് പഴുത്തിരിക്കയാണെന്ന്’ പറഞ്ഞ് നമ്പരിറക്കുന്ന ആ എം ഡി. അതാണ് ടി പി മാധവന്‍ എന്ന ചെറുതും വലുതുമായ അറനൂറിലധികം സിനിമകളില്‍ അഭിനയിച്ച, അമ്മ എന്ന താര സംഘടനയുടെ ആദ്യ ജനറല്‍ സെക്രട്ടറി. ഇപ്പോള്‍ ഈ 87ാം വയസ്സില്‍ ഓര്‍മ്മക്കുറവും, വാര്‍ധക്യകാല രോഗങ്ങളുമായി, ഈ നടന്‍ പത്തനാപുരം ഗാന്ധി ഭവനില്‍ ജീവിത സായന്തനം ചെലവിടുകയാണ്. ഇദ്ദേഹത്തെ തിരക്കി ഇപ്പോള്‍ ബന്ധുക്കള്‍ ആരും എത്താറില്ല.
മാധവേട്ടന്റെ ഇത്തവണത്തെ ഓണവും ഗാന്ധിഭവനിലായിരുന്നു. കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി അദ്ദേഹം ഇവിടെയാണ്. ഇക്കാലയളവില്‍ സുരേഷ് ഗോപിയും ഗണേഷ് കുമാറും, മധുപാലും, ചിപ്പിയും, ഭര്‍ത്താവും നിര്‍മാതാവുമായ രഞ്ജിത്തുമടക്കം വളരെ കുറച്ച് സഹപ്രവര്‍ത്തകര്‍ മാത്രമാണ് അദ്ദേഹത്തെ കാണാനെത്തിയത്.
അക്ഷയ്കുമാറിന്റെ എയര്‍ ലിഫ്റ്റ് അടക്കമുളള നിരവധി ഹിറ്റ് സിനിമകള്‍ ഒരുക്കിയ ബോളിവുഡ് സംവിധായകന്‍, രാജ കൃഷ്ണ മേനോന്‍ ആണ് ടി പി മാധവന്റെ മകന്‍. പക്ഷേ ചെറുപ്പത്തിലേ പിതാവ് ഉപേക്ഷിച്ച് പോയതിനാല്‍ മകന്‍ കാണാന്‍ വരാറില്ല. ആരെങ്കിലും കാണാന്‍ വരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ‘ഓ എന്നെ കാണാന്‍ ആര് വരാനാണ്’ എന്നാണ് മാധവന്റെ മറുപടി. സഹപ്രവര്‍ത്തകരെ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അവര്‍ക്കാര്‍ക്കും വരാനുള്ള സമയമില്ലെന്നും അദ്ദേഹം പറയുന്നു.പക്ഷേ ഓര്‍മ്മപൂര്‍ണ്ണമായും നശിക്കുന്നതിന് മുമ്പ് ടി പി മാധവന് ഒരു ആഗ്രഹം ബാക്കിയുണ്ട്. മോഹന്‍ലാലിനെ ഒരിക്കല്‍ കൂടി നേരിട്ട് കാണണം. ഒരുപാട് സിനിമകളില്‍ ചിരിപടര്‍ത്തിയിട്ടുണ്ട് ഇവര്‍ ഒന്നിച്ച , ഈ ജീവിത സായന്തനത്തില്‍ ലാലിനെ കാണണം എന്നതാണ് തന്റെ ആഗ്രഹമെന്ന് നേരത്തെ തന്നെ വന്നുകണ്ട പലരോടും അദ്ദേഹം പറഞ്ഞിരുന്നു. അത് അനുസരിച്ച് പലരും വീഡിയോകളും ചെയ്തിരുന്നു. പക്ഷേ മോഹന്‍ലാല്‍ ഇനിയും, മാധവേട്ടനെ കാണാന്‍ എത്തിയിട്ടില്ല. അല്‍ഷിമേഴ്‌സിന്റെ ആഴങ്ങളിലേക്ക് പോവുന്ന മാധവന് ഏത് സമയത്തും ഓര്‍മ്മ നഷ്ടമാവുന്ന അവസ്ഥയാണ്. എട്ട് വര്‍ഷം മുമ്പ് സിനിമയില്‍ നിന്ന് വിട്ട് തീര്‍ത്ഥാടനത്തിനായി ഹരിദ്വാറിലേക്ക് പോയതായിരുന്നു ടി പി മാധവന്‍. അവിടെവച്ച് മുറിയില്‍ കുഴഞ്ഞുവീണു. സന്ന്യാസിമാരും മറ്റുള്ളവരുമെല്ലാം ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. ഏറെക്കുറേ നടക്കാമെന്നായപ്പോള്‍ അവര്‍ കേരളത്തിലേക്ക് വണ്ടി കയറ്റിവിട്ടു. തിരുവനന്തപുരത്തെ ലോഡ്ജ് മുറിയിലായിരുന്നു താമസം. ദുരിത ജീവിതം നയിക്കുന്നതിനിടയില്‍ സീരിയല്‍ സംവിധായകന്‍ പ്രസാദാണ് പത്താനാപുരം ഗാന്ധിഭവനിലെത്തിച്ചത്. ആരോഗ്യം കുറച്ച് മെച്ചപ്പെട്ടപ്പോള്‍ ചില സീരിയലുകളിലും അഭിനയിച്ചിരുന്നു.പക്ഷേ ഇപ്പോള്‍ വീണ്ടും ആരോഗ്യം മോശമായി.

ഗാന്ധി ഭവനില്‍ നല്ല പരിചരണമാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. ഗാന്ധിഭവനിലെ പ്രധാന ഓഫീസിന് മുകളിലുള്ള മുറിയാണ് ടി.പി മാധവന്‍ താമസിക്കുന്നത്. അദ്ദേഹത്തിന് ലഭിച്ച പുരസ്‌കാരങ്ങളും മറ്റും ഈ മുറിയില്‍ തന്നെ സൂക്ഷിച്ച് വെച്ചിട്ടുണ്ട്. പ്രേംനസീര്‍ പുരസ്‌കാരം, രാമു കാര്യാട്ട് അവാര്‍ഡ് എന്നീ രണ്ടു പ്രമുഖ പുരസ്‌കാരങ്ങള്‍ ഇവിടെയുണ്ട്.നേരത്തെ മകന്‍ അദ്ദേഹത്തെ കാണാന്‍ എത്തിയെന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഇത് തെറ്റാണെന്ന് ഗാന്ധിഭവന്‍ അധികൃതര്‍ വ്യക്തമാക്കി.ഇത്രയും വര്‍ഷത്തെ ജീവിതത്തിനിടയില്‍ ആകെ രണ്ടുതവണയാണ് അച്ഛനെ കണ്ടതെന്ന് മകന്‍ രാജ കൃഷ്ണ മേനോന്‍ മുമ്പ് പറഞ്ഞിരുന്നത്. നാലു തവണയില്‍ കൂടുതല്‍ അധികം അദ്ദേഹം തന്നെയും കണ്ടിട്ടുണ്ടാവില്ല. തന്നെയും സഹോദരിയെയും അമ്മയാണ് വളര്‍ത്തിയതെന്ന് രാജ കൃഷ്ണ മേനോന്‍ പറയുന്നു. ”പലരും അച്ഛനെക്കുറിച്ച് ചോദിക്കുമ്പോള്‍ എനിക്ക് അത്ഭുതമാണ് . അമ്മ ഗിരിജയാണ് എന്നെയും സഹോദരിയേയും വളര്‍ത്തിയത്. സെല്‍ഫ് മെയ്ഡ് വ്യക്തിയാണ് അമ്മ. സിനിമയാണ് തന്റെ ലക്ഷ്യമെന്ന് പറഞ്ഞപ്പോള്‍ നിനക്ക് ഏത് ജോലിയാണോ ഇഷ്ടം അതില്‍ നൂറു ശതമാനവും നല്‍കണമെന്നായിരുന്നു അമ്മ പറഞ്ഞത്. ഒരുപാട് വെല്ലുവിളികള്‍ അതിജീവിച്ചാണ് അമ്മ തങ്ങളെ വളര്‍ത്തിയത്.സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയിലും തളരാതെ മുന്നേറാന്‍ സഹായകമായത് അമ്മ നല്‍കിയ ഊര്‍ജ്ജമാണ്. എനിക്ക് വേണ്ടി നീ നിന്റെ സ്വപ്നങ്ങളെ ഒരിക്കലും ത്യജിക്കരുതെന്ന് അമ്മ പറഞ്ഞിരുന്നു.”- രാജ കൃഷ്ണ മേനോന്‍ പറയുന്നു.

തന്റെ പ്രശ്‌നങ്ങള്‍ക്ക് തന്റെ മാത്രം കുഴപ്പമാണെന്ന് സ്വയം സമ്മതിക്കാനും, മാധവന്‍ തയ്യാറാണ്. ഭാര്യയും മക്കളുമായി വര്‍ഷങ്ങള്‍ മുമ്പ് താന്‍ ബന്ധം വേര്‍പെടുത്തുകയായിരുന്നെന്നും അതിനാലാണ് അവര്‍ക്ക് തന്നോട് അറ്റാച്ച്‌മെന്റ് ഇല്ലാത്തത് എന്നുമാണ്, ടി പി മാധവന്‍ മുമ്പ് പറഞ്ഞിരുന്നു. സിനിമകളില്‍ സജീവമായിരുന്ന സമയത്ത് നല്ല വരുമാനം ഉള്ള ആളായിരുന്നു ടിപി മാധവന്‍, സിനിമയ്ക്ക് മുമ്പേ ബാംഗ്ലൂരില്‍ നല്ല ജോലിയും ഉണ്ടായിരുന്നു. ഈ പണമൊന്നും കൈയില്‍ ഇപ്പോഴില്ല. കൈരളി ടിവിയിലെ ജെബി ജംഗ്ഷനില്‍ സംസാരിക്കവെ ടിപി മാധവന്‍ ഇക്കാര്യം തുറന്ന് പറയുന്നുണ്ട്.”നിങ്ങള്‍ 600 ഓളം സിനിമകളില്‍ അഭിനയിച്ചു. ഈ പൈസയൊക്കെ എവിടെ പോയി” എന്നായിരുന്നു ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യം. ”പൈസയൊക്കെ അടിച്ച് പൊളിച്ചു എന്നല്ലാതെ വേറൊന്നും പറയാനില്ല. എനിക്കറിയില്ല. പക്ഷെ ഞാന്‍ സുഹൃത്തുക്കളോടൊപ്പം ആവശ്യമില്ലാതെ ചെലവഴിച്ചിട്ടില്ല. കാറുണ്ടായിരുന്നു. ആറ് മാസത്തിനിടെ കാറ് മാറ്റും. എനിക്ക് ലക്ഷങ്ങള്‍ കിട്ടിയതാണ്. എങ്ങനെ ചെലവായെന്ന് അറിയില്ല. പൈസ വരും പോവും എന്ന ചിന്ത ആയിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ. തെറ്റാണോ എന്ന് അറിയില്ല. പൈസ ഇനിയും വരും എന്ന ആറ്റിറ്റിയൂഡ് ആയിരുന്നു ഇന്നലെ വരെ,”- ടിപി മാധവന്‍ പറഞ്ഞതിങ്ങനെ.

മക്കളോട് സംസാരിക്കണമെന്ന് നേരത്തെ പല തവണ കരുതി എങ്കിലും അതുണ്ടായില്ലെന്ന് ടിപി മാധവന്‍ തുറന്ന് പറഞ്ഞിരുന്നു. തെറ്റ് ചെയ്‌തെന്ന തോന്നല്‍ ഉണ്ട്. അത് കൊണ്ടാണ് വിളിക്കാന്‍ മടിച്ചതെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. ”വിവാഹ മോചനത്തിന് ശേഷം മക്കളുമായി ബന്ധം ഇല്ലായിരുന്നു. മകളെ ബാംഗ്ലൂരില്‍ വെച്ച് കാണാറുണ്ടായിരുന്നു. മകള്‍ കന്നഡക്കാരനായ ഒരു ലെതര്‍ എക്‌സ്‌പോര്‍ട്ടര്‍ ഷേണായിയെയോ ഷെട്ടിയെയോ കല്യാണം കഴിച്ച് പോയി. കല്യാണത്തിന്റെ സമയത്ത് എന്നെ അറിയിച്ചിരുന്നു. പിന്നീട് ബന്ധം ഉണ്ടായില്ല. മകന്‍ വാശിക്ക് സിനിമയില്‍ തന്നെ നിന്ന് സിനിമ എടുക്കുകയും ചെയ്തു. അമ്മയ്ക്ക് ഇപ്പോഴെന്താണ് പറയാനുള്ളതെന്നാണ് എനിക്ക് അറിയേണ്ടത്. മകനെയും മകളെയും ഫോണ്‍ വിളിക്കണമെന്ന് പല പ്രാവശ്യം ആലോചിച്ചിട്ടുണ്ട്. പക്ഷേ കഴിഞ്ഞിട്ടില്ല”- ടി പി മാധവന്‍ മുമ്പ് പറഞ്ഞത് അങ്ങനെയാണ്.ഇപ്പോള്‍ പത്താനാപുരം ഗാന്ധിഭവനില്‍ അദ്ദേഹം ഹാപ്പിയാണ്. ഭക്ഷണമുണ്ട്, മരുന്നുണ്ട്, കൂട്ടുകൂടാന്‍ സമപ്രായക്കാരുണ്ട്, ആഘോഷങ്ങളുണ്ട്. ഇടക്കിടെ ചില സിനിമക്കാരുമെത്തും. പക്ഷേ അപ്പോഴും മോഹന്‍ലാലിനെ കാണണമെന്ന ആഗ്രഹം മാത്രം ആ നടനില്‍ ബാക്കിയാവുന്നു.അത് സാധിച്ചുകൊടുക്കേണ്ടത് പ്രിയപ്പെട്ട ലാലേട്ടന്റെ കടമയാണെന്നാണ് ആരാധകര്‍ പറയുന്നത്.