We Talk

നോട്ട് പിൻവലിക്കൽ പോലെ ആകുമോ ഭാരത് മാറ്റം?

ഒരു പേരില്‍ എന്തിരിക്കുന്നു എന്ന് ആദ്യം ചോദിച്ചത് വില്യം ഷേക്‌സ്പിയറാണ്. റോമിയോ ആന്‍ഡ് ജൂലിയറ്റ് എന്ന നാടകത്തിലാണ് ഈ ചോദ്യം വന്നത്. റോസാപ്പൂവിനെ മറ്റെന്തു പേരിട്ടു വിളിച്ചാലും അതിനു സുഗന്ധം ഉണ്ടാകുമല്ലോ എന്നാണ് നാടകത്തില്‍ നായിക ജൂലിയറ്റ് പറഞ്ഞത് . പേരില്‍ വലിയ കാര്യമൊന്നുമില്ല എന്നര്‍ത്ഥം. എന്നാല്‍, പേരില്‍ കാര്യമുണ്ട് എന്നതാണ് സമകാലിക ഇന്ത്യയിലെ യാഥാര്‍ഥ്യം. ഒരു വലിയ പേരുമാറ്റത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തു നടക്കുകയാണ്.

നരേന്ദ്രമോദി സര്‍ക്കാര്‍ ഇന്ത്യയില്‍ അധികാരത്തില്‍ വന്ന ശേഷം രാജ്യത്തു നടപ്പിലാക്കിയ പരിഷ്‌കാരങ്ങളില്‍ ഒന്നാണ് പേരുമാറ്റം .റോഡുകളുടെ, കെട്ടിടങ്ങളുടെ, സ്ഥാപനങ്ങളുടെ, പാര്‍ക്കുകളുടെ , റെയില്‍വേ സ്റ്റേഷനുകളുടെ അങ്ങനെ പലതിന്റെയും പേരുകള്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റി. കേന്ദ്രത്തിന്റെ ചുവടു പിടിച്ചു ചില സംസ്ഥാനങ്ങളും നഗരങ്ങളുടെയും ചരിത്ര പ്രാധാന്യമുള്ള സ്ഥാപനങ്ങളുടെയും പേരുകള്‍ മാറ്റി.രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച ശേഷം ബ്രിട്ടീഷ് കാലത്തെ കൊളോണിയല്‍ പേരുകള്‍ മാറ്റി പുതിയ പേരുകള്‍ ഇടുന്ന ജോലി ജവഹര്‍ലാല്‍ നെഹ്രുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ തുടങ്ങി വെച്ചിരുന്നു. തുടര്‍ന്നു വന്ന സര്‍ക്കാരുകളും അത് പിന്തുടര്‍ന്നു . കിങ്സ് വേ, രാജ് പഥ് ആയതും ക്വീന്‍സ് വേ, ജന പഥ് ആയതും അങ്ങനെയാണ്. വൈസ്രോയിമാരുടെ പേരില്‍ ഉണ്ടായിരുന്ന സ്ഥാപനങ്ങളും റോഡുകളും മഹാത്മാ ഗാന്ധി, നെഹ്റു, പട്ടേല്‍, ആസാദ് തുടങ്ങിയവരുടെ പേരുകളിലേക്കു മാറ്റി. ബോംബെ മുംബൈയും കല്‍ക്കത്ത കൊല്‍ക്കത്തയും മദ്രാസ് ചെന്നൈയും ബാംഗ്ലൂര്‍ ബെംഗളൂരുവും ആയിട്ടു അധിക കാലം ആയിട്ടില്ല. 2022 വരെ 57 നഗരങ്ങളുടെയും 9 സംസ്ഥാനങ്ങളുടെയും പേരുകള്‍ മാറ്റിയതായാണ് വിവരം.ഈ പേരുമാറ്റങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് ഉടനെ നടക്കാന്‍ പോകുന്നു എന്നാണ് വാര്‍ത്തകള്‍. ഇന്ത്യ എന്ന പേര് മാറ്റി ഭാരത് എന്നാക്കുന്നു . സെപ്റ്റംബര്‍ 18 നു ആരംഭിക്കുന്ന പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന്റെ പ്രധാന അജണ്ട ഇതാണത്രേ.സെപ്റ്റംബര്‍ 9 നു തുടങ്ങുന്ന ജി 20 സമ്മേളനത്തിനെത്തുന്ന രാഷ്ട്രത്തലവന്മാര്‍ക്കു പ്രസിഡന്റ് ദ്രൗപതി മുര്‍മോ രാഷ്ട്രപതി ഭവനില്‍ നല്‍കുന്ന അത്താഴ വിരുന്നിന്റെ ക്ഷണക്കത്തു പുറത്തു വന്നതോടെയാണ് രാജ്യത്തിന്റെ പേരുമാറ്റം പൊടുന്നനെ ചര്‍ച്ചയായത്. പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിന് പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്നാണ് ക്ഷണക്കത്തിലുള്ളത്. ഇതാദ്യമായാണ് പ്രസിഡന്റ് ഓഫ് ഭാരത് എന്ന പേരില്‍ ഒരു ഔദ്യോഗിക കത്ത് പുറത്തു വരുന്നത്.രാജ്യത്തിന്റെ ഭരണഘടനയില്‍ ഇന്ത്യ എന്നും ഭാരത് എന്നും പറയുന്നുണ്ട്. ഇന്ത്യ ദാറ്റ് ഈസ് ഭാരത് എന്നാണ് ആര്‍ട്ടിക്കിള്‍ ഒന്നില്‍ കാണുന്നത്. ഭരണഘടനാ ശില്പി അംബേദ്കര്‍ എഴുതിയതാണത്. ഇംഗ്ലീഷില്‍ ഇന്ത്യയും ഹിന്ദിയില്‍ ഭാരതും എന്ന നിലയിലാണ് ഈ പേരുകള്‍ പിന്തുടര്‍ന്നു പോന്നത്. ഔദ്യോഗികമായി ഇനി അത് ഭാരത് ആയേക്കാം. ഈ പുനര്‍നാമകരണം ഒറ്റ നോട്ടത്തില്‍ എളുപ്പത്തില്‍ നടപ്പിലാക്കാന്‍ പറ്റുന്ന ഒന്നാണെന്ന് തോന്നുമെങ്കിലും നരേന്ദ്രമോദി കൊണ്ടുവന്ന നോട്ട് നിരോധനം പോലെ തന്നെ സങ്കീര്‍ണമായ ഒന്നാണത്. കോടിക്കണക്കിനു രൂപ ചെലവ് വരുന്ന ഏര്‍പ്പാടുമാണ്.

ഒരു മാസം മുന്‍പ് ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവത് ഇന്ത്യക്കു പകരം ഭാരത് എന്നുപയോഗിക്കണമെന്നു ജനങ്ങളെ ഉപദേശിച്ചത് ഇവിടെ പ്രസക്തമാണ്. പേരുമാറ്റ നിര്‍ദേശം വന്നത് എവിടെ നിന്നാണെന്നു ബോധ്യപ്പെടാന്‍ അത് മതിയാകും.2015ല്‍ രാജ്യത്തിന്റെ പേര് മാറ്റുന്ന വിഷയം സുപ്രിം കോടതിയില്‍ പൊതുതാത്പര്യ ഹരജിയായി വന്നപ്പോള്‍ ഇന്ത്യ എന്ന പേര് മാറ്റി ഭാരത് ആക്കേണ്ട യാതൊരു ആവശ്യവുമില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍,രാജ്യത്തിന്റെ പേരുമാറ്റം വൈകാതെ നടപ്പിലാക്കണമെന്ന് ആര്‍ എസ് എസ് നിര്‍ദേശിച്ചിരുന്നു. 2022 ഡിസംബറില്‍ ലോക്സഭയില്‍ രാജ്യത്തിന്റെ പേര് ഭാരത് വര്‍ഷ എന്ന് മാറ്റണമെന്ന് ഗുജറാത്തിലെ ആനന്ദില്‍ നിന്നുള്ള ബിജെപി അംഗം മിതേഷ് പട്ടേല്‍ ആവശ്യപ്പെട്ടിരുന്നു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി നല്‍കിയ ഇന്ത്യ എന്ന പേര് അടിമത്ത കാലത്തെ ഓര്‍മിപ്പിക്കുന്നതാണെന്നാണ് മിതേഷ് പട്ടേല്‍ പറഞ്ഞത്.പ്രതിപക്ഷ പാര്‍ട്ടികളുടെ മുന്നണിക്ക് INDIA എന്ന് പേരിട്ടതാണോ പൊടുന്നനെ രാഷ്ട്രത്തിന്റെ പേര് ഭാരത് എന്നാക്കാന്‍ മോദി സര്‍ക്കാരിനെ പേരിപ്പിച്ചതെന്ന ചര്‍ച്ച ഇതിനിടെ ചൂട് പിടിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് ഈ പേരുമാറ്റത്തിനു പിന്നില്‍ രഹസ്യ അജണ്ടയുള്ളതായാണ് ആരോപിക്കുന്നത്. എന്നാല്‍, ഭാരത് ജോഡോ യാത്ര നടത്തിയവര്‍ക്ക് ഭാരത് എന്ന പേരിനോട് എന്തിനാണ് ഇത്ര അലര്‍ജി എന്ന് ബിജെപി അധ്യക്ഷന്‍ ജെ ബിപി നദ്ദ ചോദിക്കുന്നു. ഇന്ത്യാ മുന്നണി അതിന്റെ പേര് ഭാരത് എന്ന് മാറ്റിയാല്‍ ബിജെപി സര്‍ക്കാര്‍ രാജ്യത്തിന്റെ പേര് വീണ്ടും മാറ്റുമോ എന്നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ചോദിച്ചത്.ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 368 പ്രകാരം ഈ പേരുമാറ്റത്തിന് പാര്‍ലമെന്റിന്റെ ഇരു സഭകളിലും കേവല ഭൂരിപക്ഷം മതി. പ്രധാനമന്ത്രി നരേന്ദ്രമോദി സ്‌പെഷ്യല്‍ പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യ ദിവസം ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. പ്രമേയം പാസായാല്‍ ഭരണഘടനയില്‍ പത്തു സ്ഥലത്തെങ്കിലും അതിനനുസരിച്ച മാറ്റങ്ങള്‍ വരുത്തണം. ഗവര്‍മെന്റ് ഓഫ് ഇന്ത്യ എന്ന പ്രയോഗങ്ങളെല്ലാം ഗവര്‍മെന്റ് ഓഫ് ഭാരത് എന്നാക്കണം. ഏതായാലും രാജ്യം നേരിടുന്ന നിരവധി സങ്കീര്‍ണ പ്രശ്‌നങ്ങള്‍ ഈ പേരുമാറ്റത്തില്‍ മുങ്ങിപ്പോകുമെന്നുറപ്പ്. . പൊതുജന ശ്രദ്ധ പൂര്‍ണമായും അതിലേക്കു തിരിയും. കര്‍ഷക ദുരിതവും വിലക്കയറ്റവും സ്ത്രീപീഡനവും ജാതീയ -വര്‍ഗീയ പ്രശ്‌നങ്ങളുമെല്ലാം പേരുമാറ്റത്തിനു മുന്നില്‍ അപ്രധാനമാകും. പാര്‍ട്ടികളും മാധ്യമങ്ങളും ഇനി ഇതിനു പിന്നാലെയാണ് ഓട്ടം .

Leave a Reply

Your email address will not be published. Required fields are marked *