We Talk

പട്ടിണി കിടന്നിട്ടും പഠിക്കാത്ത കെഎസ്ആര്‍ടിസി ജീവനക്കാര്‍; 16 കിലോമീറ്റര്‍ തിരിച്ചോടിച്ച് ഹീറോയായി അഷറഫ്!

‘എന്നെ തല്ലേണ്ടമ്മാവാ ഞാന്‍ നന്നാവൂല’, സോഷ്യല്‍ മീഡിയയില്‍ കെഎസ്ആര്‍ടിസി ബസ്സിന്റെ ചിത്രംവെച്ച് ഇപ്പോള്‍ പ്രചരിക്കുന്ന ട്രോളുകളില്‍ ഒന്നാണിത്. കാരണം, സര്‍ക്കാരും മനേജ്മെന്റുമൊക്കെ എത്ര ശ്രമിച്ചാലും, അടിസ്ഥാനപരമായി കെഎസ്ആര്‍ടിസി മെച്ചപ്പെടണമെങ്കില്‍ അതിലെ ജീവനക്കാര്‍ തന്നെ വിചാരിക്കണം.  ശമ്പളമില്ലാതെ പട്ടിണിയായിട്ടും, അഹങ്കാരത്തിനും ധാര്‍ഷ്ട്യത്തിനും യാതൊരു കുറവുമില്ലാതെയാണ് കെ എസ് ആര്‍ ടി സിയില്‍  ഒരു വിഭാഗം ജീവനക്കാരുടെ പെരുമാറ്റം. അത്തരത്തിലുള്ള ചില ജീവനക്കാരോട് അതിശക്തമായി പ്രതികരിച്ച, ആലുവ ചെമ്പകശ്ശേരി സാരംഗ് ലെയ്‌നില്‍ ഞാറക്കാട്ട് വീട്ടില്‍ എന്‍.എ. അഷറഫ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ഹീറോ. ആലുവ ബസ്റ്റാന്‍ഡില്‍ പോവാതെ ഹൈവേയില്‍ ഇറക്കിവിടാന്‍ ശ്രമിച്ചിട്ടും ഇറങ്ങാതെ ഒടുവില്‍ 16 കിലോമീറ്റര്‍ കെഎസ്ആര്‍ടിസിയെക്കൊണ്ട് തിരിച്ചോടിപ്പിച്ച അഷറഫ് കാണിച്ചുതരുന്നത് ഒരു പൊതുമേഖലാ സ്ഥാപനത്തിലെ കെടുകാര്യസ്ഥത കൂടിയാണ്.

കഴിഞ്ഞ ശനിയാഴ്ച രാത്രി പത്ത് മണിക്ക്  തിരുവനന്തപുരം- തൃശ്ശൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസില്‍ കളമശ്ശേരിയിലെ സ്വന്തം വീട്ടില്‍നിന്ന് ആലുവയിലെ വാടക വീട്ടിലേക്കായിരുന്നു അഷറഫിന്റെ യാത്ര. സംഭവം അദ്ദേഹം ഇങ്ങനെ പറയുന്നു. ”കളമശ്ശേരിയില്‍നിന്ന് ഞാനടക്കം ഏഴു പേരാണ് കയറിയത്. ബസ് ആലുവ സ്റ്റാന്‍ഡില്‍ പോകില്ലെന്ന് കണ്ടക്ടര്‍ അറിയിച്ചതോടെ ആറുപേരും അവിടെത്തന്നെ ഇറങ്ങി. ആലുവ ബൈപ്പാസില്‍നിന്ന് രണ്ട് കിലോമീറ്ററോളം മാറിയാണ് ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്.  ദേശീയപാതയിലൂടെ പോകുന്ന ചില കെഎസ്ആര്‍ടിസി ബസുകള്‍ രാത്രിയായാല്‍ ആലുവ സ്റ്റാന്‍ഡില്‍ കയറാറില്ല. ഇത് നിയമവിരുദ്ധമാണ്.  എത്ര രാത്രിയായാലും സ്റ്റാന്‍ഡിലേക്കുള്ള യാത്രക്കാരെ പുളിഞ്ചോട് ജങ്ഷനിലോ, ബൈപ്പാസിലോ ഇറക്കി വിടുകയാണ് പതിവ്. ടിക്കറ്റ് എടുത്തപ്പോള്‍ അലുവ ബസ്സ്്റ്റാന്‍ഡ് എന്ന് പറഞ്ഞപ്പോള്‍ തന്നെ കണ്ടക്ടര്‍ ചൂടായി.

ദേശീയപായതില്‍ ആലുവയിലെ പുളിഞ്ചോട് ബൈപ്പാസ് ജങ്ഷന്‍ എത്തിയപ്പോള്‍  അവിടെ ഇറങ്ങണമെന്ന് ബസ് ജീവനക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ആലുവ സ്റ്റാന്‍ഡില്‍ പോകാതെ ഇറങ്ങില്ലെന്ന് പറഞ്ഞതോടെ ബസ് അങ്കമാലിയിലേക്ക് കുതിച്ചു. അങ്കമാലി സ്റ്റാന്‍ഡില്‍ വെച്ചും അഷ്റഫ്  പ്രതിഷേധം തുടര്‍ന്നു. അതോടെ സ്റ്റേഷന്‍ മാസ്റ്റര്‍ ഇടപെട്ട് അഷ്റഫിനെ  ആലുവ സ്റ്റാന്‍ഡിലെത്തിക്കാന്‍ തീരുമാനിച്ചു. ബസിലെ  പത്തോളം യാത്രക്കാരെ മറ്റൊരു കെഎസ്ആര്‍ടിസി ബസില്‍  കയറ്റി തൃശ്ശൂരിലേക്ക് വിട്ടു. അഷ്റഫിനെ  മാത്രം കയറ്റിയ കെഎസ്ആര്‍ടിസി ബസ് 16 കിലോമീറ്ററോളം തിരികെ ഓടി ആലുവ സ്റ്റാന്‍ഡിലെത്തി. പത്ത് മണിക്ക് ബസില്‍ കയറിയ അഷ്റഫ്  പത്ത് മിനിറ്റുകൊണ്ട് ആലുവയിലെത്തേണ്ടതായിരുന്നു. എന്നാല്‍ ജീവനക്കാരുടെ ഇടപെടല്‍ കൊണ്ട് തിരികെയെത്തിയപ്പോള്‍ പുലര്‍ച്ചെ 1.30 ആയി.”- അഷ്റഫിന്റെ ഈ അനുഭവം ഒറ്റപ്പെട്ടതൊന്നുമല്ല. കെ എസ് ആര്‍ ടി സി ജീവനക്കാരുടെ ധിക്കാരപൂര്‍ണമായ പെരുമാറ്റം പണ്ടുകാലങ്ങളില്‍ സര്‍വസാധാരണമായിരുന്നു. ശമ്പളം കിട്ടാതെ പട്ടിണി കിടക്കേണ്ട സാഹചര്യം വന്നപ്പോള്‍ അതൊക്കെ മാറിയിട്ടുണ്ടാകുമെന്നു കരുതിയവര്‍ക്ക് പിഴച്ചു.

ബസ് ജീവനക്കാര്‍ക്കെതിരേ കെഎസ്ആര്‍ടിസി എംഡി.ക്ക് അഷറഫ് പരാതി നല്‍കിയിട്ടുണ്ട്. ഇതേതുടര്‍ന്ന്  ബസ് ഡ്രൈവര്‍ രവീന്ദ്രന്‍, കണ്ടക്ടര്‍ അനില്‍ എന്നിവര്‍ക്കെതിരേ അങ്കമാലി പോലീസ് കേസെടുത്തു. രാത്രി വഴിയില്‍ ബലമായി ഇറക്കിവിടാന്‍ ശ്രമിച്ചു, ഭീഷണിപ്പെടുത്തി, അസഭ്യം പറഞ്ഞു, തടഞ്ഞുവെച്ചു തുടങ്ങിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും സമന്‍സ്  അയയ്ക്കുമെന്ന് പോലീസ് അറിയിച്ചു.. സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി. വിജിലന്‍സ് വിഭാഗം വകുപ്പുതല അന്വേഷണവും  ആരംഭിച്ചിട്ടുണ്ട്.

ബസ് ആലുവ സ്റ്റാന്‍ഡില്‍ പോയേ തീരൂ എന്ന് വാശിപിടിച്ച് ബസില്‍നിന്ന് ഇറങ്ങാന്‍ കൂട്ടാക്കാത്തതിന് തനിക്കുനേരെ ജീവനക്കാരുടെ അസഭ്യവര്‍ഷമുണ്ടായെന്ന് അഷ്റഫ് മാധ്യമങ്ങളോടു  പറഞ്ഞു. ഹൃദ്രോഗിയായ തന്റെ നേരേ കൈയേറ്റ ശ്രമവും ഉണ്ടായി. ”പച്ചത്തെറിയാണ് ആലുവയില്‍നിന്ന് അങ്കമാലി വരെയുള്ള യാത്രയില്‍ കേട്ടത്, അങ്കമാലി സ്റ്റാന്‍ഡിലെത്തിയപ്പോള്‍ തെറിക്കൊപ്പം ബസില്‍ നിന്ന് പിടിച്ചിറക്കാനും ശ്രമമുണ്ടായി” –  ”രാത്രി ആലുവയില്‍ ഭീതി ജനകമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. കുറച്ചുകാലം മുമ്പാണ് ഇവിടെ ഒരു കുട്ടിയുടെ കൊലപാതകം നടന്നത്. അവിടെയാണ്, സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരെ രാത്രി ഇറക്കിവിടുന്നത്. രാത്രി റിക്വസ്റ്റ് സ്റ്റോപ്പുകള്‍ വരെ അനുവദിച്ച് കെഎസ്ആര്‍ടിസി മാനേജ്മെന്റ് യൂസര്‍ ഫ്രണ്ട്ലിയാവുമ്പോള്‍ ജീവനക്കാര്‍ അത് പൊളിക്കുകയാണ് ”- അഷറഫ് പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണയാണ്  അഷറഫിന് കിട്ടുന്നത്. ഇത് കെഎസ്ആര്‍ടിസിയുടെ സ്ഥിരം പരിപാടിയാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. ജീവനക്കാര്‍ക്ക്  ശമ്പളം കിട്ടാന്‍  ഐക്യദാര്‍ഢ്യപ്പെടുന്ന  ജനങ്ങളുടെ നെഞ്ചത്ത് കയറുകയാണ് ഇതിലൂടെ ചെയ്യുന്നതെന്ന് പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. നേരത്തെ കെഎസ്ആര്‍ടിസി എം ഡി ബിജു പ്രഭാകര്‍ തന്നെ ഒരു വിഭാഗം ജീവനക്കാര്‍ക്കെതിരെ രംഗത്ത് എത്തിയിരുന്നു. മദ്യക്കടത്ത് അടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് അദ്ദേഹം അന്ന് ഉന്നയിച്ചത്.

കഴിഞ്ഞ വര്‍ഷം കാട്ടാക്കട ഡിപ്പോയില്‍ കോളജ് വിദ്യാര്‍ഥിനിയായ മകളുടെ കണ്‍സഷന്‍ ടിക്കറ്റ് പുതുക്കുന്നതു സംബന്ധിച്ച തര്‍ക്കത്തിനിടെ മകളുടെ മുന്നില്‍വച്ച് പിതാവിനെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദിച്ച സംഭവം വന്‍ വിവാദമായിരുന്നു. യാത്രക്കാരോട് ഈ രീതിയില്‍ പെരുമാറിയാല്‍ കെഎസ്ആര്‍ടിസിയെ ആര് ആശ്രയിക്കുമെന്നായിരുന്നു ഹൈക്കോടതി അന്ന് ചോദിച്ചത്. സംഭവത്തില്‍ പൊതുജനങ്ങളോട് മാപ്പ് പറയാന്‍ അന്ന്  എംഡി ബിജു പ്രഭാകര്‍ തയ്യാറായി. ഒരിക്കലും നീതീകരിക്കാനാകാത്ത സംഭവമാണ് ഉണ്ടായതെന്നും ചില മാനസിക വിഭ്രാന്തിയുള്ള ജീവനക്കാരാണ് സ്ഥാപനത്തിന്റെ അടിസ്ഥാനപരമായ പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ കമ്പനിയായ കെ എസ് ആര്‍ ടി സി ഓരോ മാസവും ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നത് ബസ് ഓടിച്ചു കിട്ടുന്ന പണത്തില്‍ നിന്നല്ല. സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം കൊണ്ടാണ്. പൊതുജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നാണ് ഇത് എടുത്തു കൊടുക്കുന്നത്. ജീവിതത്തില്‍ ഒരിക്കല്‍ പോലും കെ എസ് ആര്‍ ടി  സി ബസില്‍ യാത്ര ചെയ്യാത്തവരുടെ പണവും അക്കൂട്ടത്തിലുണ്ട്. എന്നിട്ടും ജീവനക്കാരുടെ മനോഭാവത്തില്‍ മാറ്റം വന്നിട്ടില്ല. ഒരു കാലത്തു നല്ല നിലയില്‍ നടന്നു വന്നിരുന്ന സ്ഥാപനം സാമ്പത്തികമായി തകര്‍ന്നതിന്റെ പിന്നിലെ ഒന്നാമത്തെ ഉത്തരവാദികള്‍ ജീവനക്കാരും അവരുടെ ട്രേഡ് യൂണിയനുകളുമാണ്. അനുഭവങ്ങളില്‍ നിന്ന്  പാഠങ്ങള്‍ പഠിച്ചെന്നും വഴിയില്‍ നില്‍ക്കുന്നവരെ ഇനി തങ്ങള്‍ വിളിച്ചു കയറ്റി കൊണ്ടുപോകുമെന്നും ഒരു ഘട്ടത്തില്‍ ട്രേഡ് യൂണിയന്‍ നേതാക്കള്‍ പരസ്യമായി പറഞ്ഞിരുന്നു. എന്നാല്‍, കുറ്റം ചെയ്യുന്ന ജീവനക്കാരെ സംരക്ഷിച്ചു നിര്‍ത്തി യൂണിയനുകള്‍ തന്നെ കെ എസ് ആര്‍ ടി സിക്കു ആണി അടിച്ചു കൊണ്ടിരിക്കുകയാണ്. തെറ്റ് ചെയ്യുന്നവരെല്ലാം ഏതെങ്കിലുമൊരു  യൂണിയനില്‍ അംഗം ആയതിനാല്‍ അവരെ  രക്ഷിക്കാന്‍ യൂണിയന്‍ ഉണ്ടാകും. കെ എസ് ആര്‍ ടി സിയെ രക്ഷിക്കാന്‍ എത്തുന്ന ഏതൊരു എം ഡി യും തോറ്റു പിന്മാറുന്നത് ഇക്കാരണത്താലാണ്. ഇപ്പോഴത്തെ എം ഡി   ബിജു പ്രഭാകറും  തന്നെ ഈ കുരിശില്‍ നിന്ന് മോചിപ്പിക്കണമേ  എന്ന് സര്‍ക്കാരിന് അപേക്ഷ നല്‍കിയ ആളാണ്. ഏറ്റെടുക്കാന്‍  മറ്റൊരാളും  തയ്യാറല്ലാത്തതിനാല്‍ സര്‍ക്കാര്‍ നിര്‍ബന്ധിച്ചു നിര്‍ത്തിയിരിക്കുകയാണ്  ബിജു പ്രഭാകറിനെ.

Leave a Reply

Your email address will not be published. Required fields are marked *