ലിൻവിങ് ടുഗെതർ കുടുംബ വ്യവസ്ഥ തകർക്കുമോ?
അലഹബാദ് ഹൈക്കോടതി കഴിഞ്ഞ ദിവസം ലിവ് ഇന്‍ ടുഗെദര്‍ ബന്ധങ്ങള്‍ക്കെതിരെ രംഗത്ത് വന്നതു രാജ്യശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. . വിവാഹം എന്ന സംസ്ഥാപിത കുടുംബ വ്യവസ്ഥയെ ലിവ് ഇന്‍ ബന്ധങ്ങള്‍ നശിപ്പിക്കുകയാണെന്നായിരുന്നു കോടതിയുടെ വിമര്‍ശനം. ലിവ് ഇന്‍ ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഒരു ബന്ധത്തില്‍ നിന്ന് മറ്റൊന്നിലേക്ക് ചാടിക്കൊണ്ടിരിക്കും. ഓരോ സീസണിലും പങ്കാളികളെ മാറ്റുക എന്ന അവരുടെ മൃഗീയമായ ആശയം സുസ്ഥിരവും ആരോഗ്യകരവുമായ ഒരു സമൂഹത്തിന്റെ മുഖമുദ്രയായി കണക്കാക്കാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. തന്റെ ലിവ് -ഇന്‍ പങ്കാളിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ ആള്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.
എന്നാല്‍ ഹൈക്കോടതിയുടെ ഈ അഭിപ്രായ പ്രകടനം ഭരണഘടനാപരമായി അംഗീകരിക്കാന്‍ സാധിക്കുന്ന ഒന്നല്ല. ഭരണഘടന ഉറപ്പ് നല്‍കുന്ന വ്യക്തിസ്വാതന്ത്ര്യത്തേക്കാള്‍ ഇന്ത്യയുടെ പരമ്പരാഗത സാമൂഹിക ധാര്‍മ്മികതയെ ഉയര്‍ത്തിപിടിക്കുകയാണ് കോടതി ചെയ്തത്. മാത്രമല്ല ലിവ് ഇന്‍ ബന്ധങ്ങളെ സംബന്ധിച്ച് അലഹബാദ് ഹൈക്കോടതിയുടേതടക്കം പല കോടതിയുടെയും സുപ്രിം കോടതിയുടെ തന്നെയും വിധികളെ മറന്നുകൊണ്ടായിരുന്നു ഈ വിമര്‍ശനങ്ങള്‍.
കോടതി നിരീക്ഷിച്ചപോലെ യഥാര്‍ത്ഥത്തില്‍ ലിവ്-ഇന്‍ ബന്ധങ്ങള്‍ കുഴപ്പം പിടിച്ചതാണോ? അത്തരം ബന്ധങ്ങള്‍ ഭരണകൂടം നിയന്ത്രിക്കേണ്ടതുണ്ടോ? വിവാഹം കഴിക്കാതെ പങ്കാളിയുമൊത്ത് ലിവ് ഇന്‍ ടുഗെദര്‍ ആയി ജീവിക്കാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. . അവരെ സംബന്ധിച്ച് വിവാഹം ഒരു ബന്ധനമാണ്. നേരെ മറിച്ച് ലിവ് ഇന്‍ ബന്ധത്തിലാകട്ടെ അവര്‍ക്ക് വലിയ സ്വാതന്ത്ര്യം അനുഭവിക്കാന്‍ കഴിയുന്നുണ്ട് എന്നാണ് അവകാശവാദം. .ഉയര്‍ന്ന തലത്തിലുള്ള പരസ്പര ധാരണയുടെയും സ്‌നേഹത്തിന്റെയും കരുതലിന്റെയും അടിസ്ഥാനത്തിലാണ് ലിവ് ഇന്‍ ബന്ധങ്ങള്‍ നിലനില്‍ക്കുന്നത്. ഇത്തരം ബന്ധങ്ങളില്‍ നിന്നു പുറത്തുകടക്കുന്നത് സങ്കീര്‍ണ്ണമായ കാര്യവുമല്ല. വിവാഹത്തിന്റെ അനുയോജ്യത പരിശോധിക്കുന്നതിനായി ദമ്പതികള്‍ വിവാഹത്തിന് മുമ്പ് ലിവിംഗ് ടുഗതര്‍ ബന്ധത്തിലേര്‍പ്പെടുന്ന രീതിയും ഇപ്പോള്‍ നിലവിലുണ്ട്. വിവാഹത്തിന് മുമ്പ് പരസ്പരം മനസ്സിലാക്കാനും ആഴത്തിലുള്ള ബന്ധം സ്ഥാപിക്കാനും ഇത് അവരെ പ്രാപ്തരാക്കും.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(എ)യിലെ അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തിലും ആര്‍ട്ടിക്കിള്‍ 21ലെ ജീവിക്കാനുള്ള അവകാശത്തിലുമാണ് ലിവ് ഇന്‍ ബന്ധത്തിന്റെ നിയമ സാധുത കിടക്കുന്നത്. അതായത് ഒരു വ്യക്തിക്ക് വിവാഹത്തോടെയോ അല്ലാതെയോ അവര്‍ക്ക് ഇഷ്ടമുള്ള ഒരാളുടെ കൂടെ ജീവിക്കാനുള്ള എല്ലാ അവകാശവും ഭരണഘടന ഉറപ്പ് നല്‍കുന്നു. എന്നാല്‍ ഈ അവകാശത്തെ ഊട്ടിയുറപ്പിക്കുന്ന നിയമ നിര്‍മ്മാണങ്ങള്‍ ഒന്നും നമ്മുടെ രാജ്യത്ത് ഇല്ല. അതായത്വിവാഹ ബന്ധങ്ങളില്‍ പങ്കാളികള്‍ക്ക് നിയമപരമായി ലഭിക്കുന്ന പരിരക്ഷകള്‍ ഒന്നും ലിവ് ഇന്‍ ബന്ധങ്ങളിലെ പങ്കാളികള്‍ക്ക് ലഭിക്കുന്നില്ല. എന്നാല്‍ ഇവിടെ രക്ഷയ്‌ക്കെത്തുന്നത് കോടതികളാണ്. കോടതികളുടെ പല വിധികളുമാണ് ഇത്തരം ബന്ധങ്ങള്‍ക്ക് നിയമത്തിന്റെ ബലം പകരുന്നത്.2005-ലെ, ഗാര്‍ഹിക പീഡനത്തില്‍ നിന്നുള്ള സ്ത്രീകളുടെ സംരക്ഷണ നിയമപ്രകാരം, ഒരു ലിവ്-ഇന്‍ ബന്ധത്തിലെ സ്ത്രീ പങ്കാളിക്ക് നിയമ പരിരക്ഷയുണ്ടെന്ന് 2013-ല്‍, ഇന്ദ്ര ശര്‍മ്മ വി.കെ.വി ശര്‍മ്മ കേസില്‍ സുപ്രീം കോടതി വിധിച്ചിട്ടുണ്ട്. ഈ നിയമത്തില്‍ ഗാര്‍ഹിക ബന്ധത്തെ നിര്‍വചിക്കുന്ന സെക്ഷന്‍ 2 (എഫ്) ല്‍ ലിവ്-ഇന്‍ ബന്ധങ്ങള്‍ ഉള്‍പ്പെടുമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. ഇതില്‍ ‘വിവാഹത്തിന്റെ സ്വഭാവത്തിലുള്ള ഒരു ബന്ധം’ എന്നതിന് കീഴിലാണ് ലിവ്-ഇന്‍ ബന്ധങ്ങള്‍ വരുന്നത്.

2016 ലെ അജയ് ഭരദ്വാജ് ജ്യോത്സന കേസില്‍ ലിവ്-ഇന്‍ ബന്ധങ്ങളിലെ സ്ത്രീകള്‍ക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് പഞ്ചാബ് ഹൈക്കോടതിയും വിധിച്ചിട്ടുണ്ട്.2022 ജൂണില്‍, മറ്റൊരു കേസില്‍ ലിവ്-ഇന്‍ ബന്ധങ്ങളിലെ പങ്കാളികള്‍ക്ക് ജനിക്കുന്ന കുട്ടികളെ നിയമാനുസൃതമായി കണക്കാക്കാമെന്ന് സുപ്രീംകോടതി വിധിക്കുകയുണ്ടായി. ഒരു ആണും പെണ്ണും തമ്മില്‍ ദീര്‍ഘകാലം ഒരുമിച്ച് ജീവിക്കുന്നത് അവര്‍ക്കിടയില്‍ വിവാഹത്തിന്റെ അനുമാനം ഉയര്‍ത്തുകയും അത്തരം ബന്ധത്തില്‍ ജനിക്കുന്ന കുട്ടികളെ നിയമാനുസൃത കുട്ടികളായി കണക്കാക്കാമെന്നുമാണ് സുപ്രീം കോടതി പറഞ്ഞത്.ലിവ് ഇന്‍ ബന്ധത്തിനായി പ്രത്യേക നിയമങ്ങള്‍ ഒന്നും നമ്മുടെ രാജ്യത്ത് ഇല്ലാത്തതിന്നാല്‍ ഇത്തരം ബന്ധങ്ങള്‍ക്കായി ചില മാനദണ്ഡങ്ങള്‍ 2010-ല്‍, സുപ്രീംകോടതി കൊണ്ടുവന്നിട്ടുണ്ട്. സമൂഹത്തിനു മുന്‍പില്‍ അവര്‍ ദമ്പതികളെപ്പോലെ നിലകൊള്ളണം, അവര്‍ക്ക് വിവാഹിതരാകാനുള്ള നിയമപരമായ പ്രായമുണ്ടായിരിക്കണം, അവരുടെ സഹവാസം സ്വമേധയാ ആയിരിക്കണം, വിവാഹം കഴിച്ചയാളും വിവാഹം കഴിക്കാത്തയാളും തമ്മിലുള്ള ലിവ് ഇന്‍ ബന്ധമാണെങ്കില്‍ അതിന് നിയമസാധുത ഉണ്ടായിരിക്കില്ല തുടങ്ങിയവയാണ് സുപ്രീംകോടതി നിശ്ചയിച്ച മാനദണ്ഡങ്ങള്‍.

യുഎസില്‍, 1970-ന് മുമ്പ്, ലിവ്-ഇന്‍ ബന്ധങ്ങള്‍ നിയമവിരുദ്ധമായിരുന്നുവെങ്കിലും, ഇപ്പോള്‍ നിയമപരമാണ്. അവിടെ നിശ്ചിത കാലയളവില്‍ വിവാഹം കഴിക്കാതെ ഒരു പുരുഷനോടൊപ്പം ജീവിച്ചാല്‍ സ്ത്രീക്ക് ജീവനാംശം നല്‍കാന്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ പാരമ്പര്യ സ്വത്തിന് അര്‍ഹതയില്ല. കാനഡയില്‍, ദമ്പതികള്‍ 12 മാസം തുടര്‍ച്ചയായി ഒരുമിച്ച് ജീവിക്കുകയോ അല്ലെങ്കില്‍ ഒരു കുട്ടിയെ പ്രസവിക്കുകയോ ദത്തെടുക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍, അവര്‍ക്ക് വിവാഹിതരായ ദമ്പതികള്‍ക്ക് ലഭിക്കുന്ന എല്ലാ അവകാശങ്ങളും ലഭിക്കും. ലിവ്-ഇന്‍ ബന്ധങ്ങളിലെ പങ്കാളികള്‍ക്ക് അവകാശങ്ങളും ഉത്തരവാദിത്തങ്ങളും കൊണ്ടുവരുന്ന വ്യവസ്ഥകള്‍ ഫ്രാന്‍സിലുമുണ്ട്.യുകെയില്‍, ലിവിംഗ് ടുഗതര്‍ ബന്ധങ്ങളിലൂടെ ജനിക്കുന്ന കുട്ടിയുടെ ഉത്തരവാദിത്തം മാതാപിതാക്കള്‍ ഏറ്റെടുത്തിരിക്കണം എന്നാണ് നിയമം. മാത്രമല്ല ആ ബന്ധങ്ങളിലെ പങ്കാളികള്‍ പരസ്പര സമ്മതത്തോടെ ഒപ്പിട്ട കരാറിന് ,അതായത്, ലിവിംഗ് ടുഗതര്‍ കരാറിന് നിയമസാധുതയും നല്‍കുന്നുണ്ട്.സ്‌കോട്ട്ലന്‍ഡും ഓസ്ട്രേലിയയും ലിവ് ഇന്‍ ബന്ധങ്ങള്‍ക്ക് നിയമപരമായ പരിരക്ഷ നല്‍കുമ്പോള്‍ ഇറാന്‍, പാകിസ്ഥാന്‍, സൗദി അറേബ്യ, യുഎഇ, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങളില്‍ ലിവ്-ഇന്‍ ബന്ധം അനുവദനീയമല്ല.ലിവ്-ഇന്‍ ബന്ധം പാശ്ചാത്യമോ ആധുനിക ഇന്ത്യന്‍ പ്രതിഭാസമോ അല്ല. മറിച്ച് അത് ഭാരതീയമാണെന്നതാണ് രസകരമായ വസ്തുത. പുരാതന ഗ്രന്ഥങ്ങളില്‍ പരാമര്‍ശിച്ചിരിക്കുന്ന ഗന്ധര്‍വ്വ വിവാഹത്തിന്റെ പരിണിത രൂപമാണ് ഇന്നത്തെ ലിവ് ഇന്‍ ബന്ധങ്ങള്‍ എന്ന വേണമെങ്കില്‍ വ്യാഖ്യാനിക്കാവുന്നതാണ്.
സമൂഹത്തിന്റെയും മതത്തിന്റെയും ചട്ടക്കൂടുകളില്‍ ഒതുങ്ങികഴിയാന്‍ ഇഷ്ടപ്പെടുന്ന ഒരു തലമുറയല്ല ഇപ്പോള്‍ വളര്‍ന്നു കൊണ്ടിരിക്കുന്നത്.. അവര്‍ കൂടുതലും വ്യക്ത്യധിഷ്ഠിത കാഴ്ചപ്പാടുകള്‍ വെച്ചു പുലര്‍ത്തുന്നവരാണ്. അതുകൊണ്ട് തന്നെ വിവാഹ ബന്ധങ്ങള്‍ക്ക് പുതിയൊരു നിര്‍വചനം ഉണ്ടായേ മതിയാകൂ. വിവാഹത്തിന്റെയും ലിവ് ഇന്‍ ബന്ധങ്ങളുടെയും നല്ല വശങ്ങളെ സംയോജിപ്പിച്ച് കൊണ്ടുള്ളതാകണം ആ നിര്‍വചനം. ഇരു രീതികളുടെയും സന്തുലനത്തിലാകും വരും കാലങ്ങളിലെ പ്രണയ ബന്ധങ്ങളുടെ നിലനില്‍പ്പെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.