We Talk

സുധാ മൂർത്തി ഒരു ഷോ ഓഫ്‌ ആണോ?

ജീവിതത്തിൽ നമ്മൾ പാലിക്കേണ്ട ലാളിത്യത്തെക്കുറിച്ചു നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്ന വ്യക്തിയാണ് അതിസമ്പന്നയും  എഴുത്തുകാരിയും ജീവകാരുണ്യ പ്രവർത്തകയുമായ സുധാ മൂർത്തി. മനുഷ്യരുടെ ഭൗതിക മോഹങ്ങളെ  നിയന്ത്രിച്ച് നിർത്തണമെന്നും  ജീവിതത്തിൽ  പ്രതീക്ഷകൾ കൂടുന്തോറും നിരാശകളും കൂടുമെന്നുമാണ്  പത്മ പുരസ്‌കാര ജേതാവും ഇൻഫോസിസ് ഫൌണ്ടേഷന്റെ  ചെയർപേഴ്സണുമായ സുധ മൂർത്തി പറയുന്നത്.  ശതകോടീശ്വരിയായ അവർ എളിയ ജീവിതം  ഇഷ്ടപ്പെടുന്നയാളാണ്. തന്റെ ലളിതമായ ജീവിത ശൈലിയെക്കുറിച്ച് സാധ്യമാകുന്ന എല്ലായിടത്തും അവർ തുറന്നു സംസാരിക്കുകയും ചെയ്യാറുണ്ട്. ഇതു ചിലരെ  പ്രചോദിപ്പിക്കുന്നുണ്ടെങ്കിലും സുധാമൂർത്തിക്കെതിരെ   വിമർശനങ്ങളും ശക്തമാണ്. 

ലാളിത്യത്തിന്റെ മുഖമുദ്രയായി അവർ സ്വയം അവതരിപ്പിക്കുകയാണെന്നാണ് സുധാ മൂർത്തിക്കെതിരെ  ഉയരുന്ന പ്രധാന വിമർശനം. ട്വിറ്ററിൽ അവർക്കെതിരെ  ട്രോളുകളുടെ ചാകരയാണ്.  ലളിത ജീവിതത്തെപ്പറ്റി സൂചിപ്പിക്കാൻ അവർ പറഞ്ഞ ചില സംഭവങ്ങൾ  നോക്കാം.

ബ്രിട്ടീഷ് പ്രധാന മന്ത്രിയായ മരുമകനെ കാണാൻ പോയതാണ് അതിലൊന്ന്. . യുകെ പ്രധാനമന്ത്രി ഋഷി സുനകിനെയാണ് സുധ മൂർത്തിയുടെ മകൾ അക്ഷത വിവാഹം കഴിച്ചത്. ഒരിക്കൽ ലണ്ടനിലെത്തിയ സുധ മൂർത്തിയോട് എമിഗ്രേഷൻ ഓഫീസർ മേൽവിലാസം എഴുതാൻ ആവശ്യപ്പെട്ടു. അവരുടെ മകനും യുകെയിലാണ് താമസം . എന്നാൽ മകന്റെ വിലാസം സുധ മൂർത്തിയ്ക്ക് അറിയില്ലായിരുന്നുവത്രേ. . അതുകൊണ്ട് അവർ മരുമകന്റെ അഡ്രസ്സ് എഴുതിക്കൊടുത്തു . 10 ഡൗണിംഗ് സ്ട്രീറ്റ്… ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും ഓഫീസുമാണ് 10 ഡൗണിംഗ് സ്ട്രീറ്റ്. മേൽവിലാസം കണ്ട എമിഗ്രേഷൻ ഓഫീസർ അത് വിശ്വസിക്കാനാവാതെ അവരെ നോക്കി. നിങ്ങൾ തമാശ പറയുകയാണോ എന്നു അയാൾ ചോദിച്ചതായി സുധ മൂർത്തി പറയുന്നു.അടുത്ത സംഭവം നടന്നത് മറ്റൊരു എയർപോർട്ടിലാണ് . വിമാനത്തിൽ കയറാൻ ബിസിനസ് ക്ലാസ്സ്‌ യാത്രക്കാർക്കുള്ള വരിയിൽ നിൽക്കുകയായിരുന്നു അവർ. ചുരിദാർ ആയിരുന്നു വേഷം. അത് കണ്ട് വരിയിൽ നിന്ന മറ്റ് രണ്ട് യാത്രക്കാരികൾ സുധ മൂർത്തിയെ പരിഹസിക്കാൻ തുടങ്ങി . ഇത് ഇക്കണോമി ക്ലാസുകാർക്കുള്ള വരിയല്ലെന്നു അവർ പറഞ്ഞു.ഇക്കോണമി ക്ലാസിനെ കന്നുകാലി ക്‌ളാസ് എന്നുവരെ അവർ വിശേഷിപ്പിച്ചത്രെ .

താൻ പുതുതായി ഒരു സാരി വാങ്ങിയിട്ട് 25 വർഷമായി എന്ന ഒരു വെളിപ്പെടുത്തൽ അടുത്തിടെ സുധ മൂർത്തി നടത്തുകയുണ്ടായി. കാശിയ്ക്കു തീർത്ഥയാത്ര പോയപ്പോഴാണ് ഈ തീരുമാനം എടുത്തത്. ജീവിതത്തിൽ ഏറ്റവുമധികം ആസ്വദിക്കുന്ന എന്തെങ്കിലും അവിടെ ഉപേക്ഷിക്കണമെന്നത് നിർബന്ധമാണ്. സുധ മൂർത്തി ഉപേക്ഷിച്ചത് ഷോപ്പിങ്ങാണ്. അന്നു മുതൽ ഷോപ്പിങ്, പ്രത്യേകിച്ച് സാരികളുടെ പർച്ചേസ് വേണ്ടെന്നു വെച്ചു . ഇപ്പോൾ വളരെ അത്യാവശ്യമുള്ള സാധനങ്ങൾ മാത്രമേ വാങ്ങാറുള്ളൂ എന്നാണ് അവർ വെളിപ്പെടുത്തിയത്. കഴിഞ്ഞ 30 വർഷമായി വെക്കേഷൻ ആഘോഷിച്ചിട്ടില്ലെന്നും സുധ മൂർത്തി പറയുന്നു. യാത്ര ചെയ്യുന്നത്‌ ഇപ്പോഴും പഴയ മാരുതി ആൾട്ടോയിലാണത്രെ.അടുത്തിടെ ഒരു പരിപാടിയിൽ തന്റെ ഭക്ഷണ രീതിയെക്കുറിച്ചു സുധ മൂർത്തി വെളിപ്പെടുത്തുകയുണ്ടായി. ശുദ്ധ വെജിറ്റേറിയനാണ് . മുട്ട പോലും കഴിക്കാറില്ല. ശുദ്ധ വെജിറ്റേറിയൻ ഹോട്ടലുകളിൽ മാത്രമേ കയറൂ. മറ്റ് ഹോട്ടലുകളിൽ വെജിറ്റേറിയൻ, നോൺ-വെജിറ്റേറിയൻ ഭക്ഷണങ്ങൾക്കു വെവ്വേറെ സ്പൂൺ ഉപയോഗിക്കുന്നുണ്ടോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്. അതുകൊണ്ട് മിക്കപ്പോഴും ഭക്ഷണം കയ്യിൽ കരുതും. അല്ലെങ്കിൽ വെജിറ്റേറിയൻ റെസ്റ്റോറന്റുകളിൽ മാത്രം കയറും.

ഇങ്ങനെ പോകുന്നു സുധ മൂർത്തി എന്ന കോടീശ്വരിയുടെ ലളിത ജീവിത കഥകൾ. ഇത്തരം കഥകൾ തുടർച്ചയായി വന്നതോടെയാണ് ആളുകൾ അതിൽ സംശയം പ്രകടിപ്പിക്കാൻ തുടങ്ങിയത്.. അവരുടെ പല രീതികളും ഇപ്പോൾ ചോദ്യം ചെയ്യപ്പെടുകയാണ് . സുധാമൂർത്തിയുടേത് ഷോ ഓഫ് ആണെന്ന് സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനമുണ്ട്. അധികാര കേന്ദ്രങ്ങളിൽ പിടിപാടും കോടിക്കണക്കിനു രൂപയുടെ ആസ്തിയുമുള്ള അവർ താൻ ഇടത്തരക്കാരിയാണെന്ന പ്രതിച്ഛായ ഉണ്ടാക്കാൻ മനപ്പൂർവം ശ്രമിക്കുകയാണെന്നാണ് വിമർശകർ ആരോപിക്കുന്നത് സുധാ മൂർത്തിയോട് ഇത്ര ഡൌൺ ടു എർത്ത് ആയിരിക്കുന്നതിന്റെ കാരണം ചോദിച്ചാൽ അത് ഗുരുത്വാകർഷണം കൊണ്ടാണെന്ന് അവർ പറയുമെന്നാണ് ഒരു ട്രോൾ. സുധ മൂർത്തിയുടെ ഏറ്റവും പ്രിയപ്പെട്ട ബ്രാൻഡ് ‘സിംപിൾ’ ആണെന്ന് വേറൊരാളും പരിഹസിക്കുന്നു. സുധ മൂർത്തി ഓട്ടോയിൽ കയറിയിട്ട് ഓട്ടോക്കാരനോട് ‘പോകാം ചേട്ടാ’ എന്ന് പറയും. അപ്പോൾ ഓട്ടോക്കാരൻ തിരിച്ചു പറയും ‘മാഡം ജി അവിടേയ്ക്ക് നടന്നു പോകാനുള്ള ദൂരമേയുള്ളൂവെന്ന്. ഇങ്ങനെയൊക്കെയാണ് അവരുടെ എളിയ ജീവിത പ്രതിച്ഛായയെ ആളുകൾ പരിഹസിക്കുന്നത്. ഞാൻ ഒരു ബിസിനസുകാരനെ സൃഷ്ടിച്ചു, എന്റെ മകൾ പ്രധാനമന്ത്രിയെയും എന്ന അവരുടെ പരാമർശവും ആക്ഷേപം ക്ഷണിച്ചു വരുത്തി.

എന്തുകൊണ്ടാണ് ശതകോടീശ്വരൻമാർ ലളിത ജീവിതം നയിക്കുന്നത്‌? നിങ്ങൾക്ക് പണമുണ്ടെങ്കിൽ അതിനൊത്ത വണ്ണം ജീവിക്കട്ടെയെന്നാണ് അവർ അഭിപ്രായപ്പെടുന്നത്. ഇന്ത്യയിലെ മൂന്നാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ നൽകി രാജ്യം ആദരിച്ച വ്യക്തിയാണ് സുധ മൂർത്തി. സാമൂഹിക പ്രവർത്തനത്തിനും സാഹിത്യത്തിനും അവർ നൽകിയ സംഭാവനകൾ പരിഗണിച്ചായിരുന്നു ഇത്. കൂടാതെ മറ്റ് നിരവധി പുരസ്‌കാരങ്ങളും അവർക്ക് ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ അധഃസ്ഥിത സമൂഹങ്ങൾക്ക് വിദ്യാഭ്യാസവും ആരോഗ്യ പരിരക്ഷയും നൽകുന്ന നിരവധി ഫൗണ്ടേഷനുകളും അവർ സ്ഥാപിച്ചിട്ടുണ്ട്. വിമർശനങ്ങൾ ഏറെയാണെങ്കിലും ഇപ്പോഴും ആയിരക്കണക്കിന് ആളുകൾക്ക് പ്രചോദനം നൽകുന്ന വ്യക്തിയാണ് സുധ മൂർത്തി.

Leave a Reply

Your email address will not be published. Required fields are marked *