We Talk

സനാതന ധർമ്മ വിവാദം ഹിന്ദു വിരുദ്ധമോ?

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും ഡിഎംകെ മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ രാജ്യത്ത് പുതിയൊരു വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്.
സനാതന ധര്‍മ്മം ഇല്ലാതാക്കണം എന്ന അദ്ദേഹത്തിന്റെ പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്. ചെന്നൈയില്‍ സംഘടിപ്പിച്ച സനാതന അബോളിഷന്‍ കോണ്‍ക്ലേവില്‍ വെച്ച് സനാതന ധര്‍മ്മത്തെ,  കൊറോണ വൈറസ്, മലേറിയ, ഡെങ്കിപ്പനി എന്നിവയോട് ഉപമിച്ച അദ്ദേഹം   ഇത്തരം കാര്യങ്ങള്‍ എതിര്‍ക്കപ്പെടുകയല്ല മറിച്ച് ഉന്മൂലനം ചെയ്യപ്പെടുകയാണ് വേണ്ടതെന്ന് അഭിപ്രായപ്പെട്ടു.

ഇതിനെതിരെ രാജ്യമാസകലം പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്.  ഉദയനിധി സ്റ്റാലിന്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി രംഗത്ത് വന്നു.. ബി.ജെ.പി വക്താവ് അമിത് മാളവ്യ സോഷ്യല്‍ മീഡിയയിലൂടെ ജൂനിയര്‍ സ്റ്റാലിനെതിരെ ആഞ്ഞടിച്ചു . പ്രധാനമന്ത്രി നരേന്ദ്രമോദി വരെ ഈ വിഷയത്തില്‍ പ്രതികരിച്ചു.  ഭാരതത്തിലെ 80% ജനങ്ങളെയും വംശഹത്യ നടത്താനാണ് ഉദയനിധി ആഹ്വാനം ചെയ്തത് എന്നായിരുന്നു  മാളവ്യയുടെ ആരോപണം. .  രാജ്യത്തിന്റെ സംസ്‌കാരത്തെയും ചരിത്രത്തെയും സനാതന ധര്‍മ്മത്തെയും ഉദയനിധി അപമാനിച്ചെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായും കുറ്റപ്പെടുത്തി.  

ഇതേ തുടര്‍ന്ന്  മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഉദയനിധിയ്‌ക്കെതിരെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗെക്കെതിരെയും   എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. മുന്‍ ജഡ്ജിമാരും ബ്യൂറോക്രാറ്റുകളും ഉള്‍പ്പെടെ 260-ലധികം പ്രമുഖ പൗരന്മാര്‍, ഡിഎംകെ നേതാവിന്റെ ഈ അഭിപ്രായം ‘വിദ്വേഷ പ്രസംഗം’ ആയി പരിഗണിച്ച്  നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് കത്തയക്കുകയും ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉദയനിധിക്കെതിരെ കേസുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയുമാണ് .ഇതിനിടെ ഒരു ഹിന്ദു സന്യാസി ഉദയനിധിയുടെ തലയ്ക്ക് പത്തു കോടി വിലയിടുകയും ചെയ്തു.

എന്നാല്‍ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഉദയനിധി സ്റ്റാലിന്‍. സനാതന ധര്‍മ്മം പിന്തുടരുന്ന ആളുകളെ വംശഹത്യ ചെയ്യാന്‍ താന്‍ ആഹ്വാനം ചെയ്തിട്ടില്ല. ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന തത്വമായ സനാതന ധര്‍മ്മം. അത് വേരോടെ പിഴുതെറിയുന്നത് വഴി മാനവികതയും മാനുഷിക സമത്വവും ഉയര്‍ത്തിപ്പിടിക്കുകയാണ് ചെയ്യുന്നതു എന്നാണ് ഉദയനിധി സ്റ്റാലിന്റെ നിലപാട് . സനാതന ധര്‍മ്മത്തിന്റെ പേരില്‍ കടുത്ത വിവേചനമാണ് നടക്കുന്നതെന്നതിന്റെ മികച്ച ഉദാഹരണമാണ് കഴിഞ്ഞ മെയ് 28 ന് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവിനെ ക്ഷണിക്കാതിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .”ഞാന്‍ പറഞ്ഞ ഓരോ വാക്കിലും ഉറച്ചുനില്‍ക്കുന്നു. സനാതന ധര്‍മ്മം മൂലം ദുരിതമനുഭവിക്കുന്ന അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടിയാണ് ഞാന്‍ സംസാരിച്ചത്. സനാതന ധര്‍മ്മത്തെക്കുറിച്ചും സമൂഹത്തില്‍ അതുണ്ടാക്കുന്ന പ്രതികൂല സ്വാധീനത്തെക്കുറിച്ചും ആഴത്തില്‍ ഗവേഷണം നടത്തിയ പെരിയാറിന്റെയും അംബേദ്കറുടെയും വിപുലമായ ആശയങ്ങള്‍ ഏത് വേദിയിലും ഞാന്‍ അവതരിപ്പിക്കും. അതിന്റെ പേരില്‍ നിയമപരമായ എന്ത് വെല്ലുവിളിയും നേരിടാന്‍ തയ്യാറാണ്. ‘ ഉദയനിധി സ്റ്റാലിന്‍ ഉറച്ച ശബ്ദത്തില്‍ പറയുന്നു.തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെഎസ് അഴഗിരി ഉദയനിധിയെ വിശേഷിപ്പിച്ചത് ‘യുവ പെരിയാര്‍’ എന്നാണ്. സനാതന ധര്‍മ്മത്തെ എതിര്‍ത്തിരുന്ന ദ്രാവിഡ പ്രസ്ഥാനത്തിന്റെ പിതാവാണ് ഇ വി രാമസ്വാമി നായ്ക്കര്‍ എന്ന പെരിയാര്‍.ആളുകളെ തൊട്ടുകൂടാത്തവരായി തരംതിരിക്കുന്ന സനാതന ധര്‍മ്മം മാറ്റേണ്ടതില്ലെന്നാണോ ബിജെപി ആവശ്യപ്പെടുന്നതെന്ന് അഴഗിരി ചോദിച്ചു. ഉദയനിധിക്ക് അത് പറയാന്‍ അവകാശമുണ്ട്. അദ്ദേഹത്തിന്റെ പിതാവും മുത്തച്ഛനും പാര്‍ട്ടി സ്ഥാപകന്‍ അണ്ണാദുരെയും പെരിയാറും എല്ലാം സനാതന ധര്‍മ്മത്തെ എതിര്‍ത്തവരാണ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ ബിജെപി വെറുതെ ബഹളമുണ്ടാക്കുകയാണ്. ഡിഎംകെയും കോണ്‍ഗ്രസും ഹിന്ദു വിരുദ്ധരാണെന്ന് വരുത്തിത്തീര്‍ക്കാനാണ് അമിത് ഷായും കൂട്ടരും ശ്രമിക്കുന്നതെന്നും അഴഗിരി ആരോപിച്ചു.

ഇത് ആദ്യമായിട്ടല്ല സനാതന ധര്‍മ്മം എന്ന ആശയം ഒരു രാഷ്ട്രീയ സംവാദത്തിന്റെ കേന്ദ്രമാകുന്നത്. ഈ വിവാദത്തെക്കുറിച്ച് മനസ്സിലാക്കാന്‍ നമുക്ക്  ആദ്യം സനാതന ധര്‍മ്മം എന്ന പദം എന്താണെന്ന് അറിയാം.  
സനാതന ധര്‍മ്മം എന്നത്  സംസ്‌കൃത പദമാണ്. അതിനെ ‘ശാശ്വതമതം’,  ‘ശാശ്വത നിയമം’, ‘അചഞ്ചലമായ, ആദരണീയമായ ക്രമം’ എന്നിങ്ങനെ പലവിധത്തില്‍ വിവര്‍ത്തനം ചെയ്യാം.  ശാശ്വതമെന്നര്‍ഥമുള്ള സനാതന്‍ എന്ന വാക്ക് വേദങ്ങളില്‍ ഇല്ലെന്ന് പുരാണശാസ്ത്രജ്ഞനും ഗ്രന്ഥകാരനുമായ ദേവദത്ത് പട്നായിക് എക്സില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നുണ്ട്. അതേസമയം സനാതന്‍ എന്ന വാക്ക് ഭഗവദ് ഗീതയില്‍ ഉപയോഗിക്കുന്നുണ്ട്. ശാശ്വതമായ  ആത്മാവിനെക്കുറിച്ചുള്ള അറിവിനെയാണ് ഈ പദം  സൂചിപ്പിക്കുന്നത്. സനാതന ധര്‍മ്മമാകട്ടെ ആത്മാവിലും പുനര്‍ജന്മത്തിലും വിശ്വസിക്കുന്ന ശാശ്വത മതങ്ങളെയാണ് വിവക്ഷിക്കുന്നതെന്നും പട്‌നായിക് വ്യക്തമാക്കുന്നു.  

തങ്ങളുടെ വിശ്വാസത്തെ കാലാതീതവും സാര്‍വത്രികവും മാറ്റമില്ലാത്തതുമായി വീക്ഷിക്കുന്ന ഹിന്ദുക്കളാണ് പലപ്പോഴും ഈ പദം ഉപയോഗിക്കുന്നത്.  അവര്‍ക്ക് ഇത് ഹിന്ദുമതത്തിന്റെ സത്തയും കാതലുമാണ്.  19-ആം നൂറ്റാണ്ടിന്റെ ആരംഭം മുതലാണ്  ഹിന്ദുമതം എന്ന വാക്ക് ഉപയോഗിച്ച് തുടങ്ങുന്നത്.  രാജ്യത്തുടനീളം കാണപ്പെടുന്ന വൈവിധ്യമാര്‍ന്ന, മതപരവും സാംസ്‌കാരികവുമായ പ്രതിഭാസങ്ങളെല്ലാം ഹിന്ദു മതം എന്ന ഒറ്റ വാക്കില്‍ ഉള്‍ക്കൊള്ളുന്നു.  ഇത് ഒരൊറ്റ മതമോ ഏകീകൃത മതമോ അല്ല.  പുനര്‍ജന്മം, കര്‍മ്മം, വേദങ്ങള്‍ എന്നിങ്ങനെയുള്ള ചില പൊതു ഘടകങ്ങളില്‍ വിശ്വസിക്കുന്ന  വിവിധ വിഭാഗങ്ങള്‍, തത്ത്വചിന്തകള്‍, പാരമ്പര്യങ്ങള്‍ എന്നിവയുടെ ഒരു ശേഖരമാണ് ഹിന്ദുമതം. സനാതന ധര്‍മ്മവും ഹിന്ദുമതവും പലപ്പോഴും പരസ്പരം മാറിമാറി ഉപയോഗിക്കുന്ന പദങ്ങളാണ്.

ഹിന്ദുമതത്തിന്റെ, പ്രത്യേകിച്ച് അതിന്റെ ജാതി വ്യവസ്ഥയുടെ
അടിച്ചമര്‍ത്തലിനെയും വിവേചനത്തെയും വിവിധ കാലങ്ങളില്‍ തുറന്നുകാട്ടിയ സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ സനാതന ധര്‍മ്മത്തെ നിരന്തരം ചോദ്യം ചെയ്തിട്ടുണ്ട്.  അവരില്‍ പ്രധാനികളാണ് ഇ വി രാമസ്വാമി നായ്ക്കര്‍ എന്ന പെരിയാറും ഡോ. ബി ആര്‍ അംബേദ്കറും.  സനാതന ധര്‍മ്മം അനീതിയുടെയും അസമത്വത്തിന്റെയും ഉറവിടമായിട്ടാണ് ഇരുവരും കണക്കാക്കിയത്. പകരം സമത്വത്തിലും ഓരോ വ്യക്തിയുടെയും അന്തസ്സിലും ജനാധിപത്യത്തിലും അധിഷ്ഠിതമായ ഒരു സമൂഹത്തെ അവര്‍ വിഭാവനം ചെയ്തു.
ഇതിനായി പെരിയാര്‍ 1925-ല്‍ ആത്മാഭിമാന പ്രസ്ഥാനം സ്ഥാപിച്ചു. താഴ്ന്ന ജാതിക്കാരെ ചൂഷണം ചെയ്യാനും അടിച്ചമര്‍ത്താനുമാണ് സനാതന ധര്‍മ്മം എന്ന ആശയം ബ്രാഹ്‌മണര്‍ ഉപയോഗിച്ചതെന്ന് അദ്ദേഹം വാദിച്ചു.  ജാതി ശ്രേണിയെ ന്യായീകരിക്കാനും താഴ്ന്ന ജാതിക്കാരെ ശാശ്വത അടിമത്തത്തില്‍ നിര്‍ത്താനുമുള്ള ഒരു ഉപാധിയാണ് സനാതന ധര്‍മ്മമെന്ന് അദ്ദേഹം ബോധ്യപ്പെടുത്തി.  ഇതിനായി വേദങ്ങള്‍, ഉപനിഷത്തുകള്‍, പുരാണങ്ങള്‍, മനുസ്മൃതി എന്നിവയുടെ അധികാരത്തെ പെരിയാര്‍ വെല്ലുവിളിച്ചു. ഈ ഗ്രന്ഥങ്ങള്‍ പക്ഷപാതപരമാണെന്നു അദ്ദേഹം പറഞ്ഞു.

ഹിന്ദുമതത്തിന്റെ ഭാഗമായി കണക്കാക്കപ്പെട്ടിരുന്ന മിത്തുകള്‍, അന്ധവിശ്വാസങ്ങള്‍, ആചാരാനുഷ്ഠാനങ്ങള്‍ എന്നിവയെ പരിഹസിച്ചുകൊണ്ട് പെരിയാര്‍ തന്റെ അനുയായികള്‍ക്കിടയില്‍ ശാസ്ത്രീയ മനോഭാവവും യുക്തിസഹമായ വീക്ഷണവും വിമര്‍ശനാത്മക ചിന്തയും പ്രചരിപ്പിച്ചു. കര്‍മ്മം, പുനര്‍ജന്മം, വര്‍ണ്ണം, ധര്‍മ്മം, മോക്ഷം എന്നീ ആശയങ്ങളെ അദ്ദേഹം അപലപിച്ചു. ജാതി വിവേചനം, തൊട്ടുകൂടായ്മ, ശൈശവവിവാഹം, സ്ത്രീധനം, വൈധവ്യം , ബഹുഭാര്യത്വം, അന്ധവിശ്വാസങ്ങള്‍ എന്നിവയെല്ലാം സനാതന ധര്‍മ്മത്തിന്റെ ഉപോല്പന്നങ്ങളാണെന്ന് വാദിച്ച പെരിയാര്‍  അതിനെയെല്ലാം നിശിതമായി എതിര്‍ത്തു. അങ്ങിനെയാണ്  അദ്ദേഹം തമിഴ്‌നാട്ടില്‍ ദ്രാവിഡ പ്രത്യയശാസ്ത്രത്തിന് അടിത്തറയിട്ടത്.

സനാതന ധര്‍മ്മമെന്ന ആശയത്തെ  എതിരിട്ട മറ്റൊരു വ്യക്തിയാണ്  
ബാബാ സാഹിബ് അംബേദ്കര്‍.  പണ്ഡിതനും അഭിഭാഷകനും നേതാവും ആയിരുന്നിട്ടും, ജാതി പശ്ചാത്തലം കാരണം അദ്ദേഹത്തിന് വലിയ വിവേചനവും അപമാനവും നേരിടേണ്ടിവന്നു. തന്റെയും ദശലക്ഷക്കണക്കിന് ദലിതരുടെയും, പ്രത്യേകിച്ച് തൊട്ടുകൂടാത്തവര്‍ എന്ന് വിളിക്കപ്പെടുന്നവരുടെയും ദുരിതത്തിന്റെ മൂലകാരണം സനാതന ധര്‍മ്മമാണെന്ന് അംബേദ്കര്‍ ചൂണ്ടിക്കാട്ടി.  യുക്തിയിലോ ധാര്‍മ്മികതയിലോ സമത്വത്തിലോ അധിഷ്ഠിതമല്ല ഹിന്ദു മതമെന്ന് അദ്ദേഹം തുറന്നടിച്ചു. പിന്നീട് അദ്ദേഹം ഹിന്ദുമതം ഉപേക്ഷിച്ച് ബുദ്ധമതം സ്വീകരിക്കുക വരെ ചെയ്തു. .  1922-ല്‍ പെരിയാര്‍ മനുസ്മൃതി ഉപേക്ഷിക്കാന്‍ ആഹ്വാനം ചെയ്തപ്പോള്‍  1927-ല്‍ മഹദ് സത്യാഗ്രഹത്തിനിടെ അംബേദ്കര്‍ മനുസ്മൃതി കത്തിക്കുക വരെയുണ്ടായി.

എന്നാല്‍ ഇന്ന് സനാതന ധര്‍മ്മത്തെ ഉദയനിധി സ്റ്റാലിന്‍ ചോദ്യം ചെയ്തപ്പോള്‍ രാജ്യത്തുണ്ടായ കോലാഹലങ്ങള്‍  പെരിയാറിന്റെയും അംബേദ്കറുടേയുമെല്ലാം പ്രയത്‌നങ്ങള്‍ റദ്ദാക്കുന്നിടത്തേക്കാണ് നീങ്ങുന്നത്. പൗരാണിക കാലഘട്ടത്തിലേക്ക് തിരിച്ചു പോകണമെന്ന് വാദിക്കുന്നവരെ  മനു വാദത്തിന്റെയും ബ്രാഹ്‌മണ്യത്തിന്റെയും വക്താക്കളായാണ് സനാതന ധര്‍മ വാദത്തെ എതിര്‍ക്കുന്നവര്‍  വിശേഷിപ്പിക്കുന്നത്.  ബ്രാഹ്‌മണ്യ വിരുദ്ധ രാഷ്ട്രീയത്തിലൂടെ വളര്‍ന്ന ഉദയനിധി ജാതി രാഷ്ട്രീയത്തിനെതിരായ നിലപാടാണ് സനാതന ധര്‍മ്മ വിരുദ്ധ പ്രസ്താവനയിലൂടെ വെളിപ്പെടുത്തിയത്. അതിനെ ഹിന്ദു വിരുദ്ധമായി ചിത്രീകരിച്ചു ആളിക്കത്തിക്കുകയാണ്  ബിജെപി ചെയ്തു കൊണ്ടിരിക്കുന്നത്.  

Leave a Reply

Your email address will not be published. Required fields are marked *