ജവാൻ ടിപ്പിക്കൽ മാസ്സ് മസാല
ഷാരൂഖ് ഖാന്റെ പുതിയ സിനിമയായ ജവാന്റെ അലയൊലികളാണ് ഇന്ത്യന്‍ ബോക്‌സ് ഓഫിസില്‍ ഇപ്പോള്‍ നിറയുന്നത്. ഒരു ടിപ്പിക്കല്‍ മാസ് മസാല എന്നാണ് ഇതേക്കുറിച്ചു ആദ്യ നിരീക്ഷണങ്ങള്‍. മെര്‍സലും ബിഗിലും തെറിയും സമാസമം കൂട്ടിക്കുഴച്ച് വാറ്റിയെടുത്ത ഒന്ന്. ഈ സിനിമയെക്കുറിച്ച് നമ്മള്‍, തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് ഇതില്‍ കൂടുതല്‍ ഒന്നും പറയാനില്ല. എന്നാല്‍ ബോളിവുഡിനെ ജവാന്‍ ലഹരി പിടിപ്പിച്ചേക്കും. അക്കാര്യം ഏറെക്കുറെ ഉറപ്പാണ്.സംവിധായകന്‍ അറ്റ്‌ലി ജവാനിലിട്ട ചില പൊടിക്കൈകളും നുറുങ്ങു വിദ്യകളും ബോളിവുഡിലെ പ്രേക്ഷകര്‍ക്ക് നല്ല കിക്ക് നല്‍കും. പക്ഷേ, നമ്മുക്ക് ഈ ചേരുവ കൊണ്ട് ഒന്നുമാകില്ല. ആദ്യ പകുതി വരെ മുന്തിയ ഇനം വിളമ്പാന്‍ അറ്റ്‌ലി ശ്രമിച്ചിട്ടുണ്ട്. പക്ഷേ ആളുകള്‍ക്ക് ലഹരിപിടിച്ചു കഴിയുമ്പോള്‍ താഴ്ന്ന തരം വിളമ്പുന്ന രീതിയായിപ്പോയി രണ്ടാം പകുതിയിലേത്. അതില്‍ അല്‍പ്പം നിരാശയുണ്ടെന്നേ ഉള്ളൂ. എന്നാലും വേറെ ഒന്നും കിട്ടിയില്ലെങ്കില്‍ ചെറിയ ഒരു കിക്ക് തരാന്‍ ഈ ജവാന്‍ ധാരാളം.
എന്തായാലും ഈ പ്രായത്തിലും ജവാന് വേണ്ടി കിങ് ഖാന്‍ എടുത്ത പരിശ്രമത്തെ പ്രേക്ഷകര്‍ ഒന്നടങ്കം അഭിനന്ദിക്കുന്നുണ്ട്. പിന്നെ വിജയിനെ ഷാരൂഖാനിലേക്ക് പറിച്ചു നട്ടതാണോ അതോ ഷാരൂഖാനെ വിജയിലേക്ക് പറിച്ചു നട്ടതാണോ എന്നൊരു സംശയമേ ഉള്ളൂ. സര്‍വ്വം വിജയ് മയമായിരുന്നു എന്നാണ് പൊതുവെ ഉയരുന്ന അഭിപ്രായം.
അതേസമയം വിജയ് സേതുപതിയുടെ പൊട്ടന്‍ഷ്യല്‍ മുഴുവന്‍ ജവാനില്‍ കാണാന്‍ കഴിയാത്തതില്‍ പ്രേക്ഷകര്‍ നിരാശരാണ്. അദ്ദേഹത്തിന്റെ കഥാപാത്രം അങ്ങനെ ആയതുകൊണ്ടാണെന്ന് കരുതി സമാധാനിക്കാം.
നയന്‍താരയുടേത് എപ്പോഴത്തെയും പോലെ മികച്ച പ്രകടനം തന്നെയായിരുന്നു എന്നാണ് പ്രേക്ഷകര്‍ പറയുന്നത്. നയന്‍താരയുടെ ഫൈറ്റ് സീനൊക്കെ ഗംഭീരമായിരുന്നു. അവര്‍ ഈ ചിത്രത്തില്‍ അതി സുന്ദരിയായിരുന്നുവെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. ഇവരെക്കൂടാതെ സന്യ മല്‍ഹോത്ര, ദീപിക പദുക്കോണ്‍, സുനില്‍ ഗ്രോവര്‍, പ്രിയാമണി തുടങ്ങിയവരും ചിത്രത്തില്‍ മികച്ച പ്രകടനം തന്നെയാണ് കാഴ്ച വെച്ചിരിക്കുന്നത്.ലോജിക് എന്ന സംഗതി പുറത്ത് വെച്ച് ഫെസ്റ്റിവ് മൂഡില്‍ ഒന്ന് ആര്‍മാദിക്കാന്‍ കൊള്ളാവുന്ന ഒരു മാസ്സ് മസാല പടമാണ് ജവാന്‍ എന്ന് നിസ്സംശയം പറയാം. പിന്നെ അറ്റ്‌ലിയുടെ സിനിമയായത് കൊണ്ട് തെന്നിന്ത്യയിലൊക്കെ നല്ല ഹൈപ്പ് കിട്ടിയിട്ടുണ്ട്. വിജയ് ടെമ്പ്‌ലേറ്റ് കൂടി വന്നതോടെ ചിത്രം വിജയമാകാനാണ് സാധ്യത.ഈ വര്‍ഷത്തെ തന്നെ ഏറ്റവും മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച സിനിമയാണ് ജവാന്‍. 300 കോടി രൂപ ബജറ്റിലാണ് ഈ മാസ്സ് എന്റര്‍ടെയ്നര്‍ ചിത്രീകരിച്ചിരിക്കുന്നത്. ജവാന്‍ റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ അതിശയിപ്പിക്കുന്ന ടിക്കറ്റ് വില്‍പ്പനയും നടന്നു. 14 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ഷാരൂഖ് ഖാന്റെ മുന്‍ ചിത്രമായ പത്താന്‍ സ്ഥാപിച്ച റെക്കോര്‍ഡ് ഇതുവഴി ജവാന്‍ മറികടന്നു.

ആദ്യ ദിവസത്തെ കണക്കുകള്‍ പ്രകാരം, 64 മുതല്‍ 66 കോടി രൂപ വരെ ജവാന്‍ കളക്ട് ചെയ്തിട്ടുണ്ട്. പത്താന്റെ ആദ്യ ദിവസത്തെ കളക്ഷന്‍ 55 കോടി രൂപയായിരുന്നു. ശരിക്കും ഒരു ഷാരൂഖാന്‍ വേഴ്‌സസ് ഷാരൂഖാന്‍ മത്സരമാണ് ബോക്‌സ് ഓഫിസില്‍ ഇപ്പോള്‍ നടക്കുന്നത്.തീയേറ്ററുകളെ ഇളക്കി മറിച്ച് ജവാന്‍ മുന്നേറുമ്പോള്‍ ഇതിലേ താരനിര എത്രത്തോളം പ്രതിഫലം കൈപ്പറ്റി എന്ന് കൂടി നമുക്ക് ഒന്ന് നോക്കാം.12 മില്യണ്‍ ഡോളര്‍ അതായത് ഏകദേശം 100 കോടി രൂപ, ജവാനിലെ അഭിനയത്തിന് ഷാരൂഖ് ഖാന്‍ പ്രതിഫലമായി വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഇതുകൂടാതെ വരുമാനത്തിന്റെ 60% വും അദ്ദേഹത്തിന് ലഭിക്കും. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച വിജയ് സേതുപതി 21 കോടി രൂപയാണ് പ്രതിഫലമായി വാങ്ങിയത്. ജവാനിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് നയന്‍താര. നയന്‍താരയുടെ പ്രതിഫലം 10 കോടി രൂപയാണ്.ചെന്നൈ എക്സ്പ്രസിന് ശേഷം ഷാരൂഖ് ഖാനൊപ്പമുള്ള പ്രിയാമണിയുടെ രണ്ടാമത്തെ ചിത്രമാണ് ജവാന്‍. ഇതിലെ അഭിനയത്തിന് 2 കോടി രൂപയാണ് പ്രിയാമണി പ്രതിഫലമായി വാങ്ങിയത്. ബോളിവുഡിലെ മുന്‍നിര നടിയായ ദീപിക പദുക്കോണും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. എന്നാല്‍ താരത്തിന്റെ പ്രതിഫലം എത്രയാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 15 മുതല്‍ 30 കോടി രൂപ വരെയാണ് ദീപിക സാധാരണയായി ഒരു ചിത്രത്തിന് ഈടാക്കുന്നത്.

ആദ്യ ദിവസം പിന്നിടുമ്പോള്‍ ബോക്സ് ഓഫീസിനെ ചലിപ്പിക്കുന്ന ഗംഭീര വരവാണ് ജവാന്‍ നടത്തിയിരിക്കുന്നതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇനി ബോക്‌സ് ഓഫീസിലെ ചാമ്പ്യനായി ജവാന് തുടരാന്‍ കഴിയുമോ എന്ന് മാത്രമേ അറിയേണ്ടതുള്ളൂ. ഷാരൂഖ് ഖാന്റെ സ്റ്റാര്‍ പവറും ചിത്രത്തെക്കുറിച്ച് വരുന്ന പോസിറ്റീവ് അഭിപ്രായങ്ങളും സൂചിപ്പിക്കുന്നത് വരും ദിവസങ്ങളിലും ജവാന് ശ്രദ്ധേയമായ വിജയം നേടാന്‍ കഴിയുമെന്ന് തന്നെയാണ്. അതിനിടെ സനാതന ധര്‍മ വിവാദം തുറന്നു വിട്ട തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ വിതരണ കമ്പനിയായ റെഡ് ജയന്റ് മൂവീസിനു വിതരണ പങ്കാളിത്തം ഉള്ളതിനാല്‍ ജവാന്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ഹിന്ദുത്വ ഗ്രൂപ്പുകള്‍ മുന്നോട്ടു വന്നിട്ടുണ്ട്. ഷാരൂഖിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ റെഡ് ചില്ലിസ് എന്റര്‍ടൈന്‍മെന്റ് ആണ് ജവാന്‍ നിര്‍മിച്ചത്. തമിഴ്നാട്ടില്‍ വിതരണം ഏറ്റെടുത്തത് ഗോകുലം മൂവീസാണ്. ഇവരുടെ വിതരണ പങ്കാളിയാണ് റെഡ് ജയന്റ് മൂവീസ്. ഉദയനിധിക്കു വിതരണ പങ്കാളിത്തമുള്ള ജവാന്‍ ബഹിഷ്‌കരിക്കണമെന്നു ആവശ്യപ്പെട്ടു ബോയ്കോട്ട് ജവാന്‍ എന്ന ഹാഷ് ടാഗ് സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.