കമ്മീഷൻ പ്രലോഭനത്തിൽ കുടുങ്ങി മലയാളി യുവാക്കൾ
വിദ്യാർത്ഥികൾക്ക് കമ്മിഷൻ തരാമെന്നു പ്രലോഭിപ്പിച്ചു ബാങ്കുകളിൽ സ്റ്റുഡന്റ് അക്കൗണ്ടുകൾ എടുപ്പിച്ചു അതിലൂടെ ഓൺലൈൻ തട്ടിപ്പ് വഴി ലക്ഷങ്ങൾ അടിച്ചു മാറ്റുന്ന സംഘം സംസ്ഥാനത്തു സജീവം. . ഉത്തരേന്ത്യൻ ബന്ധമുള്ള വൻ റാക്കറ്റാണ് ഇതിന്റെ പിന്നിൽ ഉള്ളതെന്നാണ് സൂചന. കോഴിക്കോട് എളേറ്റിൽ വട്ടോളി പ്രദേശത്തെ രണ്ടു വിദ്യാർത്ഥികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു രാജസ്ഥാൻ പോലീസ് നാട്ടിൽ എത്തിയപ്പോഴാണ് രക്ഷിതാക്കൾ വിവരം അറിയുന്നത്. മലപ്പുറത്തു നിന്നും സമാന സ്വഭാവമുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഓൺലൈൻ തട്ടിപ്പിൽ കുടുങ്ങി പണം നഷ്ടപ്പെടുന്നവർ പരാതി നൽകുന്ന മുറയ്ക്കാണ് കേസ് വരുന്നത്. കോഴിക്കോട്ടെ വിദ്യാർത്ഥികളെ തേടി രാജസ്ഥാൻ പൊലീസാണ് വന്നതെങ്കിൽ മലപ്പുറത്തെ വിദ്യാർത്ഥികൾക്ക് ഹരിയാന പോലീസ് സമൻസ് അയച്ചു സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു. .പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര എന്നിവിടങ്ങളിലും കേസുണ്ട്.
തട്ടിപ്പിന് പിന്നിൽ പ്രവർത്തിക്കുന്ന ഉത്തരേന്ത്യൻ സംഘത്തിന് കേരളത്തിൽ പലയിടത്തും ഏജന്റുമാരുള്ളതായാണ് വിവരം. അവരാണ് വിദ്യാർത്ഥികളെ വലയിൽ വീഴ്ത്തുന്നത്.
ചാരിറ്റി പ്രവർത്തനങ്ങൾക്കു ഫണ്ട് കൈമാറാനാണെന്നു പറഞ്ഞാണ് 18 നും 20 നും ഇടയിലുള്ള യുവാക്കളെക്കൊണ്ട് അക്കൗണ്ടുകൾ എടുപ്പിച്ചത്. ഇവരിൽ നിന്ന് ആധാർ കാർഡിന്റെ കോപ്പി, ഫോട്ടോകൾ എന്നിവ വാങ്ങിയ ഏജന്റുമാർ ബാങ്ക് അക്കൗണ്ടും അവരുടെ പേരിൽ മൊബൈൽ സിമ്മും എടുത്തു. പാസ് ബുക്ക് , എ ടി എം കാർഡ് , മൊബൈൽ സിം എന്നിവ വിദ്യാർഥികൾ ഏജന്റിന് കൈമാറി. അക്കൗണ്ട് സംബന്ധിച്ച ഒരു വിവരവും വിദ്യാർത്ഥികളുടെ പക്കലില്ല. ചാരിറ്റി ഇടപാടുകളുടെ കമ്മിഷൻ എന്ന നിലയിൽ ചെറിയ തുക യുവാക്കൾക്ക്പലപ്പോഴായി കിട്ടി. . പതിനായിരം രൂപ വരെ ഇങ്ങിനെ കിട്ടിയവരുണ്ട്. ഓൺലൈൻ ബാങ്കിങ്ങിലൂടെ പല ആളുകളുടെയും അക്കൗണ്ടിൽ നിന്നു ഭീമമായ തുക അടിച്ചെടുത്തു വിദ്യാർത്ഥികളുടെ അക്കൗണ്ടുകളിൽ ക്രെഡിറ്റ് ചെയ്യലാണ് തട്ടിപ്പു സംഘത്തിന്റെ പ്രവർത്തന രീതി. ഇതിനായി അവരുടെ പേരുകളിൽ എടുത്ത മൊബൈൽ സിമ്മുകളാണ് ഓ ടി പി കൈമാറാൻ ഉപയോഗിച്ചത്.

എളേറ്റിൽ വട്ടോളി പ്രദേശത്തെ നിരവധി യുവാക്കൾ ഈ റാക്കറ്റിന്റെ പിടിയിൽ അകപ്പെട്ടതായാണ് വിവരം. ഐ സി ഐ സി ഐ ബാങ്കിൻെറ കുന്നമംഗലം ബ്രാഞ്ചിലാണ്
അവർ അക്കൗണ്ടുകൾ എടുത്തത്. ബാങ്കിലെ ഉത്തരവാദപ്പെട്ടവർ തട്ടിപ്പിന് കൂട്ട് നിന്നോ എന്ന സംശയം വ്യാപകമാണ്. സ്വകാര്യ ന്യൂ ജനറേഷൻ ബാങ്കുകളുടെ ഏജന്റുമാരിൽ ചിലർ ഈ തട്ടിപ്പിലെ കണ്ണിയാണെന്നു ആക്ഷേപമുണ്ട്. വിദ്യാർത്ഥികളിൽ മിക്കവരുടെയും രക്ഷിതാക്കൾക്ക് പോലീസ് എത്തുന്നത് വരെ ഇതേക്കുറിച്ചു അറിവുണ്ടായിരുന്നില്ല. വീട്ടിൽ അറിയിക്കാതെയാണ് ഭൂരിഭാഗം പേരും ബാങ്ക് അക്കൗണ്ടുകൾ എടുത്തു അക്കൗണ്ട് ഓപ്പറേഷൻ തട്ടിപ്പു സംഘത്തെ ഏല്പിച്ചത്. പ്രതിമാസം നിശ്ചിത തുക കമ്മിഷൻ ലഭിക്കുമെന്ന പ്രലോഭനമായിരുന്നു കാരണം.

ഐ സി ഐ സി ഐ ബാങ്കിന്റെ കുന്നമംഗലം ബ്രാഞ്ചിലെ ഒരാളുടെ അക്കൗണ്ടിൽ നിന്ന് 84 ലക്ഷം രൂപ കൈമാറ്റം ചെയ്തതായാണ് വിവരം. ഇത്ര വലിയ തുകകൾ പത്തൊൻപതും ഇരുപതും വയസ്സുള്ളവരുടെ അക്കൗണ്ടുകളിലൂടെ കൈമാറിയപ്പോൾ എന്തു കൊണ്ട് ബാങ്ക് അന്വേഷണം നടത്തിയില്ല എന്ന ചോദ്യം ഉയരുന്നുണ്ട്. പോലീസിൽ നിന്ന് അന്വേഷണം വന്നപ്പോൾ ബാങ്കിന്റെ ഹെഡ് ഓഫിസിൽ നിന്ന് നിർദേശം ലഭിച്ചതിനെ തുടർന്നു അക്കൗണ്ടുകൾ മരവിപ്പിച്ചു . അപ്പോഴേക്കും ലക്ഷങ്ങൾ ഒഴുകിപ്പോയതായാണ് വിവരം.
എളേറ്റിൽ വട്ടോളിയിലെ യുവാവിനെ തേടി രാജസ്ഥാൻ പോലീസ് എത്തിയതോടെ ബാങ്ക് അക്കൗണ്ട് എടുത്ത പലരും ഒളിവിൽ പോയി. . അദ്നാൻ എന്ന യുവാവാണ് തട്ടിപ്പിലെ ഒരു പ്രധാന കണ്ണി. ഇയാളും ഒളിവിലാണ്. ഇയാൾക്കു മുകളിലുള്ള ആളുകളെക്കുറിച്ചു അക്കൗണ്ടുകൾ എടുത്തവർക്കറിയില്ല. ആകർഷകമായ കമ്മിഷനും ഭാവിയിൽ ഗൾഫ് ജോലിയും വാഗ്ദാനം ചെയ്താണ് ബാങ്കിന്റെ ഫീൽഡ് സ്റ്റാഫ് മുഖേന അക്കൗണ്ടുകൾ എടുപ്പിച്ചത്.
മലപ്പുറം പെരുമ്പടപ്പ് സ്വദേശിയായ യുവാവിനോട് ഹരിയാനയിലെ റോഹ്തഗ് സ്റ്റേഷനിൽ ഹാജരാകാൻ സമൻസ് വന്നത് സുധീർ സോനി എന്നയാളുടെ പരാതിയിലാണ്. തന്റെ അക്കൗണ്ടിൽ നിന്ന് 5 ,47000 രൂപ കവർന്നെടുത്തെന്നാണ് ഇയാളുടെ പരാതി. സഹപാഠിയായ സുഹൃത്ത് പറഞ്ഞതനുസരിച്ചു ഇൻഡസ് ഇൻഡ് ബാങ്കിലാണ് ഇയാൾ അക്കൗണ്ട് എടുത്തത്. പിന്നീട് ടെലിഗ്രാം ആപ്പിലൂടെ വിഷ്ണു എന്നയാളുമായി ബന്ധപ്പെട്ടു. ഓൺലെൻ ട്രേഡിങിന് അക്കൗണ്ട് വാടകക്ക് നൽകിയാൽ കമ്മിഷൻ തരാമെന്നു അയാൾ പറഞ്ഞു. അങ്ങനെ അക്കൗണ്ട് വിവരവും പാൻ നമ്പറും ആധാർ നമ്പറും വിഷ്ണുവിന് കൊടുത്തു. രണ്ടു ദിവസം കൊണ്ട് 44 തവണകളായി 5714196 രൂപയുടെ ഇടപാട് ഇയാളുടെ അക്കൗണ്ടിലൂടെ നടത്തി. ഇതിനുവേണ്ടി തന്റെ ഫോണിലേക്കു വരുന്ന ഓ ടി പി നമ്പർ വിദ്യാർത്ഥി കൃത്യമായി കൈമാറി. ഇടയ്ക്കു കമ്മിഷൻ എന്ന പേരിൽ ചെറിയ തുകകൾ നൽകി. രണ്ടു ദിവസം കൊണ്ട് ഇത്ര വലിയ തുക വന്നപ്പോൾ സംശയം തോന്നി അക്കൗണ്ട് ബാങ്ക് മരവിപ്പിച്ചു. പിന്നാലെ ഹരിയാന പോലീസിന്റെ സമൻസ് കിട്ടി. എസ് ബാങ്കിലെ ഒരു അക്കൗണ്ടിലേക്കാണ് പണം മുഴുവൻ കൈമാറ്റം ചെയ്തത്. എന്നാണ് സമൻസ് വരിക, എന്നാണ് പോലീസ് വരിക എന്ന ആശങ്കയിലാണ് ബാങ്ക് അക്കൗണ്ട് എടുത്ത വിദ്യാർത്ഥികളും രക്ഷിതാക്കളും. അതിനിടെ എളേറ്റിൽ വട്ടോളിയിൽ ചതിയിൽ പെട്ട വിദ്യാർഥികൾ കൊടുവള്ളി വലിയ പറമ്പു ഫവാസ്, എളേറ്റിൽ പുളുക്കിപ്പൊയിൽ അദിനാൻ എന്നിവർക്കെതിരെ താമരശ്ശേരി ഡി വൈ എസ് പിക്ക് പരാതി നൽകിയിട്ടുണ്ട്.