We Talk

പ്രിയങ്കയും രാഹുലും പോലെയെന്ന് അണികള്‍

പുതുപ്പള്ളിയിലെ ജനപ്രിയ താരം അച്ചു ഉമ്മനും രാഷ്ട്രീയത്തിലേക്കോ?

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ജനപ്രിയ താരം ആരാണെന്ന് ചോദിച്ചാല്‍ അത് ചാണ്ടി ഉമ്മന്റെ സഹോദരി അച്ചു ഉമ്മന്‍ എന്നുതന്നെ പറയേണ്ടിവരും. ചാണ്ടി ഉമ്മന്‍ സൃഷ്ടിച്ചതിനേക്കാള്‍ വലിയ ആള്‍ക്കൂട്ടമാണ് അച്ചു സൃഷ്ടിച്ചത്.  ഇടതു സൈബര്‍ പോരാളികള്‍ സൃഷ്ടിച്ചെടുത്തതാണ് ഈ പുതിയ താരോദയത്തെ എന്നുതന്നെ പറയാം. അനാവശ്യമായി പൊതുജനമധ്യത്തില്‍ വളിച്ചിഴക്കപ്പെട്ടപ്പോള്‍ അതൊരു അവസരമാക്കിയെടുക്കുകയും ചെയ്തു അവര്‍. എന്നാല്‍, എതിരാളികള്‍ കരുതിയ പോലെയായിരുന്നില്ല. കൃത്യവും വ്യക്തവും ചടുലവുമായ മറുപടികള്‍ കൊണ്ട് എല്ലാവരെയും ഞെട്ടിച്ചുകളഞ്ഞു അച്ചു. തെരഞ്ഞെടുപ്പിന്റെ ഓളങ്ങള്‍ തീരുമ്പോള്‍ കോണ്‍ഗ്രസിനു വീണുകിട്ടിയ ഒരു വൈബ്രന്റ് നേതാവാകുകയാണ് അച്ചു. പ്പോള്‍ രാഹുലും പ്രിയങ്കയും പോലുള്ള ഒരു ജോഡിയായിട്ടാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇവരെ കാണുന്നത്. ചാണ്ടി ഉമ്മന്റെ ചരിത്ര വിജയത്തോടെ അച്ചു ഉമ്മനും രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് അഭ്യൂഹമുണ്ട്.

പുതുപ്പള്ളിയിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ തുടക്കത്തില്‍ പറഞ്ഞു കേട്ടപേരാണ് അച്ചുവിന്റെത്. എന്നാല്‍ വീട്ടിലെ രാഷ്ട്രീയക്കാരന്‍ ചാണ്ടി ഉമ്മനാണെന്നും, താന്‍ കുടുംബിനിയായി കഴിയാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണെന്നും പറഞ്ഞ് അച്ചു അഭ്യൂഹങ്ങള്‍ ഇല്ലാതാക്കി. തുടര്‍ന്ന് അവര്‍ പിന്നില്‍നിന്നാണ് പ്രവര്‍ത്തിച്ചത്. പക്ഷേ സൈബര്‍ സഖാക്കള്‍ അവരെ മുന്നിലെത്തിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ക്ക് നേരെ മാസപ്പടി ആരോപണം ഉയര്‍ന്നതോടെ അച്ചുവിനെതിരെ നുണപ്രചരണവുമായി സൈബര്‍ സഖാക്കളും രംഗത്തുവന്നിരുന്നു. അച്ചുവിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ അവര്‍ തന്നെ പങ്കുവച്ച ചിത്രങ്ങളായിരുന്നു പോരാളികള്‍ ആയുധമാക്കിയത്. അവരുടെ വസ്ത്രങ്ങള്‍ മുതല്‍ ചെരിപ്പും ബാഗും യാത്രകള്‍ വരെ ചര്‍ച്ചയായി. ഗുച്ചി ഉള്‍പ്പെടെയുള്ള ആഡംബര ബാഗുകളും സബ്യസാചിയുടെ വസ്ത്രവും അവരുടെ സ്‌റ്റൈലിഷ് ലുക്ക് വരെ പുറത്തേക്കു വലിച്ചിടപ്പെട്ടു. ഉമ്മന്‍ ചാണ്ടിയുടെ മകള്‍ക്ക് ആര്‍ഭാടത്തോടെ കഴിയാന്‍ പണം എവിടെ നിന്ന് എന്നു ചോദിച്ചു കൊണ്ടുള്ള പ്രചരണങ്ങളാണ് നടന്നത്.  ഈ നുണപ്രചരണം പൊളിച്ചു കൊണ്ട് അച്ചു മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. കുറിക്കു കൊള്ളുന്ന മറുപടിയും നല്‍കി.

തന്റെയും ഭര്‍ത്താവിന്റെയും തൊഴിലും ബിസിനസും ഇഷ്ടങ്ങളുമെല്ലാം വിശദീകരിച്ച അവര്‍ അച്ഛന്റെ സ്വാധീനത്തിന്റെ മറവില്‍ ഒന്നും നേടിയിട്ടില്ലെന്നു വ്യക്തമാക്കുകയും ചെയ്തു. അച്ചുവിന് ശരിക്കും ഹീറോ പരിവേഷം നല്‍കുന്നതായി ആ വിവാദവും അതേതുടര്‍ന്നുള്ള അവരുടെ വാര്‍ത്താസമ്മേളനങ്ങളും. മറുവശത്ത് വീണയും മുഖ്യമന്ത്രിയും ആരോപണങ്ങളെക്കുറിച്ച് ഒരുവാക്കുപോലും ഉരിയാടാത്ത ഘട്ടത്തില്‍ ഇതിന് ഇരട്ടി പ്രഹരശേഷിയുണ്ടായിരുന്നു. ചാണ്ടി ഉമ്മനുവേണ്ടി പ്രചാരണരംഗത്തും സജീവമായി അച്ചു പിന്നീട്. പലപ്പോഴും കുറിക്ക് കൊള്ളുന്ന രാഷ്ട്രീയ പ്രതികരണങ്ങളുമായും അവര്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ നിറഞ്ഞുനിന്നു.

പഠനകാലത്ത് കെ.എസ്.യുവിന്റെ തീപ്പൊരി നേതാവായിരുന്ന അച്ചു ഉമ്മന്‍ പിന്നീട് രാഷ്ട്രീയവേദികളിലൊന്നും സജീവമായിരുന്നില്ല. എന്നാല്‍, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ സഹോദരനു വോട്ട് ചോദിച്ച് അച്ചു മുഴുസമയ രാഷ്ട്രീയപ്രവര്‍ത്തകയുടെ കുപ്പായം ഒരിക്കല്‍കൂടി ഉടുത്തു. മണ്ഡലപര്യടനങ്ങളില്‍ മുന്നില്‍തന്നെ അച്ചുവുമുണ്ടായിരുന്നു. പലപ്പോഴും ചാണ്ടി ഉമ്മനെക്കാള്‍ മൂര്‍ച്ഛയോടെ രാഷ്ട്രീയ പ്രതികരണങ്ങള്‍ നടത്തി അച്ചു പെട്ടെന്ന് ശ്രദ്ധ നേടി. എതിര്‍പക്ഷത്തിന്റെ സൈബറാക്രമണങ്ങളും മറുവശത്ത് ശക്തമായി. അപ്പോഴും അച്ചു ഉമ്മന്റെ പ്രതികരണങ്ങള്‍ വളരെ ശ്രദ്ധാപൂര്‍വം തിരഞ്ഞെടുത്ത വാക്കുകള്‍ ഉപയോഗിച്ചായിരുന്നു. വിവാദങ്ങള്‍ ഒരു വഴിക്ക് നടക്കുന്നതിനിടെ അച്ചു ഉമ്മന്റെ ഫാഷന്‍ സെന്‍സിന് പ്രത്യേക ഫാന്‍ ബേസും ഉയര്‍ന്നുവന്നിട്ടുണ്ട്. അച്ചു ഉമ്മന്റെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം പേജിന്റെ ഫോളോവേഴ്‌സ് ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷങ്ങളുടെ കുതിപ്പുണ്ടാക്കി. ഇപ്പോഴത് 2.10 ലക്ഷവും കടന്നു കുതിക്കുകയാണ്.

ചാണ്ടി ഉമ്മന്‍ കാര്യങ്ങള്‍ പറയുന്നതിനേക്കാളും വ്യക്തവും കൃത്യവുമായി മറുപടി നല്‍കാന്‍ അച്ചു ഉമ്മന് സാധിച്ചിരുന്നുവെന്നാണ് സൈബര്‍ ഇടങ്ങളിലെ വിലയിരുത്തല്‍. ഭര്‍ത്താവിന്റെ കുടുംബ ബിസിനസിനെക്കുറിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ അവരുടെ ബിസിനസിന്റെ നാള്‍വഴികള്‍ പോലും വിവരിച്ചുകൊണ്ടാണ് പ്രതികരിച്ചത്. എല്ലാ കാര്യങ്ങളെക്കുറിച്ചും അന്വേഷിക്കാമെന്നും അവര്‍ വെല്ലുവിളിച്ചു. വാക്കുകളിലെ കൃത്യതയും വ്യക്തതയും തന്നെയാണ് ആളുകളെ അച്ചു ഉമ്മന്‍ ഫാനാക്കിയത്.

കൊട്ടിക്കലാശത്തിലും അച്ചു പങ്കാളിയായിരുന്നു. കലാശക്കൊട്ടില്‍ അച്ചുവും പങ്കെടുത്തതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അവരെ ആവേശത്തോടെ സ്വീകരിച്ചു. തനിക്ക് കിട്ടിയ ഈ സ്വീകാര്യതയെ കുറിച്ചു പറഞ്ഞപ്പോഴും അച്ചു തികഞ്ഞ മാന്യത പുലര്‍ത്തി. കലാശക്കൊട്ടിന്റെ പ്രചരണ പരിപാടിക്ക് എത്തിയപ്പോള്‍ ലഭിച്ച ആവേശം അച്ചു ഉമ്മന് കിട്ടിയതല്ല, അത് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ക്ക് ലഭിച്ചതാണെന്നും അച്ചു വ്യക്തമാക്കി തികഞ്ഞ രാഷ്ട്രീയ മറുപടിയായിരുന്നു അച്ചുവിന്റേത്.

മറ്റ് വ്യാഖ്യാനങ്ങള്‍ക്കൊന്നും ഇട നല്‍കാത്ത വിധത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ കുരുക്കുന്ന ചോദ്യങ്ങള്‍ക്ക് മുന്നിലും അണുവിട തെറ്റാത്ത വാക്കുകളമായാണ് അച്ചു രംഗത്തുവന്നത്. തന്റെ സഹോദരനായ ചാണ്ടി റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ചാണ്ടി വിജയിക്കുമെന്നും അത് അപ്പയ്ക്ക് കിട്ടിയ ഭൂരിപക്ഷത്തെ മറി കടക്കുന്നതാകുമെന്നുമാണ് അച്ചു പോളിഗ് ദിനത്തിന്റെ തലേന്ന് മാധ്യമങ്ങളോട് പറഞ്ഞത്. ”പുതുപ്പള്ളിയെ സ്‌നേഹിച്ച ഉമ്മന്‍ ചാണ്ടിക്ക് നല്‍കുന്ന ഏറ്റവും വലിയ യാത്രയപ്പ് നാളെയാണ്.  ഉമ്മന്‍ ചാണ്ടി മരിച്ചുവെന്ന സിംപതിയല്ല, ഈ 53 കൊല്ലം അദ്ദേഹം എന്തുചെയ്തുവെന്ന് പുതുപ്പള്ളിക്കാര്‍ക്ക് അറിയാം”-അച്ചു പറഞ്ഞു.

ഒടുവില്‍ ചാണ്ടി ഉമ്മന്‍ വിജയിച്ചപ്പോള്‍ അച്ചു നടത്തിയ പ്രതികരണവും വൈറലായി. ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയവര്‍ക്ക് മുഖത്തേറ്റ പ്രഹരമാണ് പുതുപ്പള്ളി തെരഞ്ഞെടുപ്പിലെ വന്‍ വിജയമെന്നായിരുന്നു അച്ചുവിന്റെ പ്രതികരണം.
”ഉമ്മന്‍ ചാണ്ടിയുടെ ഇടിമുഴക്കാണ് ഈ കേട്ടുകൊണ്ടിരിക്കുന്നത്. 53 കൊല്ലം ഉമ്മന്‍ ചാണ്ടി ഇവിടെ എന്തുചെയ്തു എന്ന ചോദ്യത്തിന് പുതുപ്പള്ളി ഇന്ന് മറുപടി നല്‍കി, 53 കൊല്ലം ഉമ്മന്‍ ചാണ്ടി ചെയ്തതൊക്കെ തന്നെ ഇനി ഇവിടെ മതി”-അവര്‍ പറഞ്ഞപ്പോള്‍ പ്രവര്‍ത്തകര്‍ ആവേശത്തോടെ ഇരമ്പിയാര്‍ത്തു.

കഴിഞ്ഞ ഒരുമാസത്തിലേറെയായി തികഞ്ഞ രാഷ്ട്രീയ പ്രതികരണങ്ങളുമായി രംഗത്തുണ്ടായിരുന്ന അച്ചു ഉമ്മനെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമാക്കണമെന്ന ആഗ്രഹം ചില നേതാക്കള്‍ക്കുണ്ട്. ലോക്സഭയില്‍ അച്ചുവിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ അനായാസം കോട്ടയം പിടിക്കാമെന്ന വികാരവും ചിലര്‍ക്കുണ്ട്. എന്നാല്‍, അതിന് സാധിക്കണമെങ്കില്‍ അച്ചു ഉമ്മന്‍ തന്നെ സമ്മതം അറിയിക്കണം. സഹോദരന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചതു കൊണ്ട് താനില്ലെന്ന നിലപാടിലാണ് അവര്‍. എന്തായാലും അച്ചുവിന്റെ കാര്യത്തിലെ സസ്പെന്‍സുകള്‍ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പു വരെ തുടരാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *