കോഴിക്കോട് വീണ്ടും നിപ; അറിയേണ്ടതെല്ലാം
കോഴിക്കോട് വീണ്ടും നിപ ഭീതിയിലായിരിക്കുകയാണ്. 2018 ല്‍ കോഴിക്കോട് നിപ സ്ഥിരീകരിച്ചതോടെയാണ് നിപ കേരളത്തില്‍ അതിന്റെ സാന്നിധ്യം അറിയിച്ചത്.ആരെയും ഭീതിപ്പെടുത്തുന്ന വിധത്തിലാണ് കോഴിക്കോട് അത് താണ്ഡവം ആടിയത്. പതിനേഴ് പേരുടെ ജീവനെടുത്ത ആ വൈറസ് വീണ്ടും ഉണ്ടാവാതിരിക്കട്ടെ എന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ പ്രാര്‍ഥന. എന്നാല്‍ രണ്ടു മരണവും അവരുമായി ബന്ധപ്പെട്ടവരുടെ രോഗലക്ഷണങ്ങളും ആകെ ആശങ്ക സ്രഷ്ടിച്ചിരിക്കുകയാണെന്നത് ഒരു വസ്തുതയാണ്.
എന്താണ് നിപ? തലച്ചോറിനെ ബാധിക്കുന്ന എന്‍സെഫലിറ്റീസ് രോഗം ഉണ്ടാക്കുന്ന വൈറസാണ് നിപാ വൈറസ്. സാധാരണ വവ്വാലുകളിലാണ് ഈ വൈറസ് കാണുക. വവ്വാലിന്റെ പ്രജനന സമയത്താണ് വൈറസ് കൂടുതലായും പുറത്തേക്ക് വരിക. ഈ സമയത്ത് വവ്വാലില്‍ നിന്ന് നേരിട്ടോ വവ്വാലുമായി ബന്ധമുള്ള മറ്റ് ജീവികളില്‍ നിന്നോ സാധനങ്ങളില്‍ നിന്നോ മറ്റ് മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ വൈറസ് എത്താം. ഇത് രണ്ട് തരത്തില്‍ ബാധിക്കാം ചിലരില്‍ തലച്ചോറിനെ ബാധിക്കുന്ന രോഗലക്ഷണങ്ങളായിട്ട് വരാം. മറ്റുചിലരില്‍ ശ്വാസകോശത്തെ ബാധിക്കുന്ന രീതിയില്‍ വരാം. ശ്വാസകോശങ്ങളെ ബാധിക്കുന്ന ചുമ, പനി, ശ്വാസ തടസ്സം തുടങ്ങിയ രോഗലക്ഷണങ്ങളുള്ള രോഗികളില്‍ നിന്നാണ് കൂടുതല്‍ പേരിലേക്ക് രോഗം വരാന്‍ സാധ്യത. പനിയോടെ കൂടിയുള്ള ശരീര വേദന, തലവേദന, ക്ഷീണം, ചുമ, തൊണ്ട വേദന തുടങ്ങിയവ പ്രാരംഭഘട്ടത്തിലും ഛര്‍ദ്ദി സ്ഥലകാല വിഭ്രാന്തി, ശ്വാസതടസം, അപസ്മാരം ബോധക്ഷയം എന്നിവയും കാണപ്പെടുന്നു. ആഫ്രിക്കയിലാണ് ആദ്യമായി മനുഷ്യരില്‍ ഈ രോഗം കണ്ടെത്തിയത്. നിപ്പക്ക് ഇത് വരെ കൃത്യമായ ഒരു ചികിത്സ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. പല രീതിയിലുള്ള ആന്റിവൈറല്‍ മരുന്നുകളും ഉപയോഗിക്കുന്നുണ്ട്. കോവിഡിന് ഉപയോഗിക്കുന്ന ചില മരുന്നുകളും ഈ രോഗം ചികിത്സിക്കാന്‍ ഉപയോഗിക്കുന്നുണ്ട്.
2018ല്‍ രോഗം സ്ഥിരീകരിക്കുമ്പോള്‍ കേരളത്തില്‍ ഈ മരുന്നുകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് മരുന്നുകള്‍ കേരളത്തില്‍ ലഭ്യമാണ്. മരണ നിരക്ക് വളരെ കൂടുതലും രോഗവ്യാപന നിരക്ക് വളരെ കുറവുമാണ് എന്നതാണ് ഈ രോഗത്തിന്റെ പ്രത്യേകത. 95 ശതമാനത്തോളമാണ് മരണ നിരക്ക്. എന്നാല്‍ കോവിഡില്‍ ഇത് വെറും പത്ത് ശതമാനം മാത്രമാണ്. ഉറവിടം കണ്ടെത്തിയാല്‍ ഒരു പരിധിവരെ നിപ്പയുടെ വ്യാപനം തടയാം. 2018ന് ശേഷം കേരളത്തിന് പുറത്ത് പലയിടത്തും ഈ രോഗം കണ്ടിട്ടുണ്ട്. അവിടെ എല്ലാം ഒരു കുടുംബത്തിലെ രണ്ടോ മൂന്നോ പേരില്‍ മാത്രമാണ് രോഗം കണ്ടിട്ടുള്ളത് എന്നത് ആശ്വാസകരമാണ്. കോവിഡില്‍ സ്വീകരിക്കുന്ന പോലെ തന്നെ രോഗിയില്‍ നിന്നും മാറി നില്‍ക്കുക. മാസ്‌ക് ധരിക്കുക. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായി പരിശോധനക്ക് വിധേയരാവുക ക്വാറന്റൈന്‍ പാലിക്കുക. രോഗികളെ പരിചരിക്കുന്നവര്‍ കൃത്യമായ ചികിത്സാ മാനദണ്ഡങ്ങള്‍ പാലിക്കുക എന്നതൊക്കെയാണ് പ്രതിരോധ മാര്‍ഗങ്ങള്‍. വവ്വാല്‍ കടിക്കാന്‍ സാധ്യതയുള്ള പേരയ്ക്ക പോലെയുള്ള പഴങ്ങള്‍ കഴിക്കുന്നത് നിര്‍ബന്ധമായും ഒഴിവാക്കണം. പുറത്തു നിന്നു വാങ്ങുന്ന പഴങ്ങളും നന്നായി പരിശോധിച്ച് കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക.
2018 മേയ് 19-ലാണ് കേരളത്തിലാദ്യമായി നിപ സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയില്‍ തന്നെയായിരുന്നു ഇത്. സമീപ ജില്ലയായ മലപ്പുറത്തും നിപ സ്ഥിരീകരിച്ചിരുന്നു. അന്ന് രോഗം വന്ന് 17 പേരാണ് മരിച്ചത്. നിപ രോഗബാധിതനെ ചികിത്സിച്ചതിലൂടെ രോഗം പിടിപെടുകയും മരണപ്പെടുകയും ചെയ്ത സിസ്റ്റര്‍ ലിനി അവരില്‍ ഒരാളായിരുന്നു. ആ വര്‍ഷം രോഗം പിടിപെട്ടവരില്‍ രക്ഷപ്പെട്ടത് ഒരേ ഒരാള്‍ മാത്രമാണ് എന്നത് ഈ രോഗത്തിന്റെ മരണസാധ്യത വ്യക്തമാക്കുന്നു. അന്ന് നടന്ന സംഭവങ്ങളെ ആസ്പദമാക്കി ആഷിക്ക് അബുവിന്റെ സംവിധാനത്തില്‍ വൈറസ് എന്നൊരു മലയാള സിനിമയും പിന്നീട് പുറത്തിറങ്ങിയിരുന്നു. ഇപ്പോള്‍ നിപ രോഗലക്ഷണങ്ങളോടെ ജില്ലയില്‍ രണ്ട് മരണമുണ്ടായതോടെയാണ് നിപ ഭീതി ഉയര്‍ന്നത്. ഓഗസ്റ്റ് 30നാണ് ആദ്യത്തെയാള്‍ മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് രണ്ടാമത്തെ മരണവും സംഭവിച്ചു. വടകര സ്വദേശിയായ 28കാരനാണ് മരിച്ചത്. മരിച്ച രണ്ടുവ്യക്തികളുടേയും സമ്പര്‍ക്കത്തിലുള്ളവര്‍ക്കും രോഗലക്ഷ്ണങ്ങള്‍ കണ്ടതോടെയാണ് സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചത്. ഇരുപത്തിയഞ്ചുകാരനും ഒന്‍പതും നാലും വയസ്സുള്ള കുട്ടികളുമാണ് വൈറസ് ബാധ ലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ ഒന്‍പത് വയസുകാരന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വെന്റിലേറ്റര്‍ സഹായത്തോടെയാണ് കുട്ടി കഴിയുന്നത്.
രോഗ ലക്ഷണങ്ങളുള്ളവരുടെ സമ്പര്‍ക്കമേഖലയില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളില്‍ ഉള്‍പ്പെട്ട 15 കിലോമീറ്റര്‍ ചുറ്റളവിലാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. മന്ത്രി മുഹമ്മദ് റിയാസിനാണ് മേഖലയിലെ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് പരിശോധനാഫലം വന്നതിന് ശേഷമെ നിപ പ്രോട്ടോക്കോളിലേക്ക് മാറുന്നതില്‍ തീരുമാനമെടുക്കൂ. രോഗബാധ സംശയിക്കുന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. മാസ്‌കും സാനിറ്ററൈസറും ഉള്‍പ്പടെയുള്ളവ ഉപയോഗിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കി. ആശുപത്രിയിലെത്തുന്നവരും മാസ്‌ക് ധരിക്കണമെന്നാണ് നിര്‍ദേശം.