അടുത്ത അമേരിക്കൻ പ്രസിഡന്റ് മലയാളിയോ?
അടുത്ത കൊല്ലം നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒരു ഇന്ത്യക്കാരന്‍, അതും മലയാളി, മത്സരിക്കുന്നു എന്നതില്‍പരം കൗതുകം എന്താണുള്ളത് ? വലുതാകുമ്പോള്‍ ആരായിത്തീരണം എന്ന ചോദ്യം കൊച്ചുന്നാളില്‍ മുതല്‍ എല്ലാവരും അഭിമുഖീകരിക്കുന്നതാണ്. ഡോക്ടര്‍, എഞ്ചിനീയര്‍ , സയന്റിസ്റ്റ് എന്നു തുടങ്ങി പരമാവധി ഇന്ത്യന്‍ പ്രസിഡന്റ് വരെ ആകണമെന്ന് ആഗ്രഹിക്കാം. അല്ലാതെ അമേരിക്കന്‍ പ്രസിഡന്റ് ആവുക എന്നത് സ്വപ്നങ്ങളില്‍ പോലും കടന്നു വരാന്‍ ഇടയില്ലാത്തതാണ്. എന്നാല്‍, ഒരു മലയാളി, അമേരിക്കന്‍ പ്രസിഡന്റ് ആകാന്‍ മത്സരിക്കുകയാണെന്ന കാര്യം ഇതാ , വിസ്മയമായി നമ്മള്‍ക്ക് മുന്നില്‍ എത്തിയിരിക്കുന്നു.
പാലക്കാട് വടക്കാഞ്ചേരിക്കാരന്‍ വിവേക് രാമസ്വാമിയാണ് കഥാനായകന്‍. ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ റോവന്റ് സയന്‍സിന്റെ സ്ഥാപകനും സ്‌ട്രൈവ് അസറ്റ് മാനേജ്‌മെന്റ് സഹസ്ഥാപകനുമാണ് വിവേക്. 2024 ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായാണ് വിവേക് മത്സരിക്കുന്നത്. അതുകൊണ്ട് അടുത്ത അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് യുഎസ് ജനതയെപ്പോലെ മലയാളികളും ആകാംക്ഷാപൂര്‍വമാണ് നോക്കിക്കാണുന്നത്.
1970കളിലാണ് വിവേകിന്റെ മാതാപിതാക്കാള്‍ അമേരിക്കയിലേയ്ക്ക് കുടിയേറിയത്. പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരിയിലുള്ള ഒരു തമിഴ് ബ്രാഹ്‌മണ കുടുംബത്തിലെ അംഗമാണ് വിവേക് രാമസ്വാമിയുടെ അച്ഛന്‍ വി.ജി. രാമസ്വാമി. കോഴിക്കോട് റീജിയണല്‍ എന്‍ജീനിയറിംഗ് കോളേജില്‍ നിന്ന് ബിരുദം നേടിയ ഇദ്ദേഹം പഠനത്തിന് ശേഷം അമേരിക്കയിലേക്ക് പോയി. അവിടെ ഉന്നത വിദ്യാഭ്യാസം നേടിയ അദ്ദേഹം അമേരിക്കയില്‍ തന്നെ സ്ഥിരതാമസമാക്കാന്‍ തീരുമാനിച്ചു. മൈസൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും ബിരുദം നേടിയ ഗീതയെയാണ് ഇദ്ദേഹം വിവാഹം ചെയ്തത്. 1985ല്‍ ഈ ദമ്പതികളുടെ മകനായാണ് വിവേക് രാമസ്വാമിയുടെ ജനനം.
ഹാര്‍വാഡ്, യേല്‍ സര്‍വകലാശാലകളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ വിവേക് പിന്നീട് സ്വന്തമായി ഒരു കമ്പനി ആരംഭിച്ചു. പിന്നീടുള്ള വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. ബിസിനസിലൂടെ വലിയ നേട്ടങ്ങള്‍ കൊയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.അമേരിക്കയിലാണ് ജനിച്ച് വളര്‍ന്നതെങ്കിലും തമിഴില്‍ അസാധ്യമായി സംസാരിക്കാനും വിവേകിന് കഴിയും. ഡോ. അപൂര്‍വ്വ രാമസ്വാമിയെയാണ് വിവേക് വിവാഹം കഴിച്ചത്. യേല്‍ സര്‍വകലാശാലയിലെ പഠനകാലത്താണ് വിവേക് അപൂര്‍വ്വയെ കണ്ടുമുട്ടിയത്.2007ല്‍ ബിസിനസുകള്‍ ആരംഭിക്കാന്‍ താല്‍പ്പര്യമുള്ള സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ക്കായി അദ്ദേഹം ക്യാംപസ് വെഞ്ച്വര്‍ നെറ്റ് വര്‍ക്ക് എന്ന സ്ഥാപനം ആരംഭിച്ചിരുന്നു. 2014 വരെ ഹെഡ്ജ് ഫണ്ട് QVT ഫിനാന്‍ഷ്യലില്‍ അദ്ദേഹം ജോലി ചെയ്യുകയും ചെയ്തിരുന്നു.2014ല്‍ അദ്ദേഹം റോവന്റ് സയന്‍സസ് എന്ന ബയോടെക്നോളജി സ്ഥാപനം ആരംഭിച്ചു. മെഡിസിന്‍ പേറ്റന്റുകള്‍ വാങ്ങുകയും മരുന്നുകള്‍ വിപണിയിലെത്തിക്കുകയും ചെയ്യുന്ന കമ്പനിയായിരുന്നു ഇത്. 2021ല്‍ കമ്പനിയുടെ സിഇഒ സ്ഥാനത്ത് നിന്ന് അദ്ദേഹം പടിയിറങ്ങി. എന്നാല്‍ ഇപ്പോഴും കമ്പനിയുടെ ഓഹരിയുടമയായി തുടരുന്നുണ്ട്.

തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനൊരുങ്ങുന്ന വിവേക് രാമസ്വാമിയുടെ പ്രഖ്യാപനത്തില്‍ ഏറെ സന്തോഷത്തിലും അഭിമാനത്തിലുമാണ് പാലക്കാട് വടക്കഞ്ചേരി അഗ്രഹാരം. വിവേകിന്റെ സഹോദരന്‍ ശങ്കറും അമേരിക്കയിലെ ബിസിനസ് രംഗത്ത് സജീവമാണ്. ഇന്ത്യന്‍ വംശജര്‍ ഇന്ന് ലോകത്തെ വന്‍ രാജ്യങ്ങളുടെ തലപ്പത്തുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് മുതല്‍ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് വരെയുള്ളവര്‍. ബ്രിട്ടന്റെ പ്രധാന മന്ത്രിയാകുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് ഋഷി സുനക്. പ്രധാനമന്ത്രിയായി തെഞ്ഞെടുക്കപ്പെടുന്നതിന് മുന്‍പ് മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ കീഴില്‍ എക്സ്ചെക്കറിന്റെ ചാന്‍സലറായിരുന്നു അദ്ദേഹം. മുന്‍പ് ഇന്‍വെസ്റ്റ്മെന്റ് ബാങ്കറും ഹെഡ്ജ് ഫണ്ട് മാനേജരുമൊക്കെയായി ജോലി ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ വ്യവസായ പ്രമുഖനും ഇന്‍ഫോസിസ് സ്ഥാപകനുമായ നാരായണ മൂര്‍ത്തിയുടെ മകള്‍ അക്ഷത മൂര്‍ത്തിയെയാണ് ഋഷി സുനക് വിവാഹം കഴിച്ചത്. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയുടെ വൈസ് പ്രസിഡന്റാണ് ഇന്ത്യന്‍ വംശജയായ കമലാ ഹാരിസ്. കാലിഫോര്‍ണിയയുടെ മുന്‍ സെനറ്ററും അറ്റോര്‍ണി ജനറലുമായിരുന്നു അവര്‍. അമേരിക്കയുടെ വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വനിത കൂടിയാണ് കമല. ഇവരുടെ അമ്മ ശ്യാമള ഗോപാലന്‍ ചെന്നൈ സ്വദേശിയാണ്. കമലയുടെ അമ്മ വീട്ടുകാരെല്ലാം ഇപ്പോഴും ചെന്നൈയിലുണ്ട്.

മറ്റൊരു രാജ്യത്തിന്റെ ഭരണ ചക്രം നിയന്ത്രിക്കുന്ന ഇന്ത്യന്‍ വംശജരില്‍ അടുത്ത പ്രമുഖന്‍ സിംഗപ്പൂരിന്റെ നിയുക്ത പ്രസിഡന്റ് തര്‍മന്‍ ഷണ്‍മുഖരത്നമാണ്. സിംഗപ്പൂരിന്റെ മുന്‍ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായിരുന്നു തര്‍മന്‍. ഏറെ ബഹുമാനിക്കപ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞനും സാങ്കേതിക വിദഗ്ധനും കൂടിയാണ് അദ്ദേഹം. സിംഗപ്പൂരിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യന്‍ വംശജനും തര്‍മന്‍ ഷണ്‍മുഖരത്നമാണ്. ഇന്ത്യന്‍ വംശജനായ അഭിഭാഷകനും എഴുത്തുകാരനുമായ പ്രീതം സിംഗ് 2020 മുതല്‍ സിംഗപ്പൂരില്‍ പ്രതിപക്ഷ നേതാവാണ്.ഗയാനയുടെ പ്രസിഡന്റായ മുഹമ്മദ് ഇര്‍ഫാന്‍ അലിയും ഇന്ത്യന്‍ വംശജനാണ്. ഗയാനയിലെ ആദ്യത്തെ മുസ്ലീം പ്രസിഡന്റും ഒരു തെക്കേ അമേരിക്കന്‍ രാജ്യത്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യന്‍ വംശജനുമാണ് ഇര്‍ഫാന്‍ അലി. അഭിഭാഷകനും സാമ്പത്തിക വിദഗ്ധനും കൂടിയാണ് അദ്ദേഹം.പോര്‍ച്ചുഗലിന്റെ ഭരണ ചക്രം തിരിക്കുന്നതും ഇന്ത്യന്‍ വംശജന്‍ തന്നെ. ഗോവക്കാരനായ അന്റോണിയോ കോസ്റ്റയാണ് പോര്‍ച്ചുഗലിന്റെ പ്രധാനമന്ത്രി. ഒരു സാമൂഹ്യശാസ്ത്രജ്ഞനും രാഷ്ട്രീയക്കാരനും കൂടിയാണ് അദ്ദേഹം. പകുതി ഇന്ത്യക്കാരനും പകുതി പോര്‍ച്ചുഗീസുകാരനുമാണ് അന്റോണിയോ കോസ്റ്റ.1999 മുതല്‍ 2000 വരെ ഫിജി ഭരിച്ചതും ഇന്ത്യന്‍ വംശജനായിരുന്നു. മഹേന്ദ്ര ചൗധരി. ഫിജിയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്തോ-ഫിജിയന്‍ വംശജനാണ് ചൗധരി. 2000-ല്‍ സൈനിക അട്ടിമറിയിലൂടെ അദ്ദേഹത്തെ പുറത്താക്കിയെങ്കിലും 2001-ല്‍ വീണ്ടും അധികാരത്തില്‍ തിരിച്ചെത്തി.അയര്‍ലന്‍ഡ് പ്രധാനമന്ത്രി ലിയോ എറിക് വരദ്കറും ഇന്ത്യന്‍ വംശജനാണ്. അദ്ദേഹത്തിന്റെ പിതാവ് മുംബൈയിലാണ് ജനിച്ചത്. ഡോക്ടറായ അദ്ദേഹം 1960-കളില്‍ യുകെയിലേക്ക് കുടിയേറുകയായിരുന്നു.കാനഡയില്‍ ഫെഡറല്‍ മന്ത്രിയായ ആദ്യ ഹിന്ദുവാണ് അനിത ആനന്ദ്. അനിതയുടെ അച്ഛന്‍ തമിഴ്‌നാട്ടുകാരനും അമ്മ പഞ്ചാബിയുമാണ്. അനിതയ്ക്ക് പുറമേ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ മന്ത്രിസഭയില്‍ രണ്ട് ഇന്ത്യന്‍ വംശജര്‍ കൂടിയുണ്ട്–ഹര്‍ജിത് സജ്ജനും കമല്‍ ഖേരയും.ന്യൂസിലന്‍ഡില്‍ മന്ത്രിയാകുന്ന ആദ്യ ഇന്ത്യന്‍ വംശജ പ്രിയങ്ക രാധാകൃഷ്ണന്‍ മലയാളി മാതാപിതാക്കളുടെ മകളാണ് . ചെന്നൈയില്‍ ജനിച്ച അവര്‍ ന്യൂസിലാന്‍ഡില്‍ ഇപ്പോള്‍ കമ്മ്യൂണിറ്റി, സന്നദ്ധസേവന വകുപ്പ് മന്ത്രിയാണ്.ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ക്രിസ്റ്റീന്‍ കാര്‍ല കംഗലൂവിന്റെ ജനനം ഒരു ഇന്‍ഡോ-ട്രിനിഡാഡിയന്‍ കുടുംബത്തിലാണ് . ഓസ്ട്രേലിയന്‍ പാര്‍ലമെന്റിലും ഒരു ഇന്ത്യന്‍ വംശജനുണ്ട്. ദേവാനന്ദ് ‘ഡേവ്’ ശര്‍മ്മ.മൗറീഷ്യസിന്റെ പ്രധാനമന്ത്രിയും ഇന്ത്യന്‍ വംശജനാണ്. പ്രവിന്ദ് ജുഗ്നാഥ്. 1961-ല്‍ ഒരു ഹിന്ദു യദുവന്‍ഷി കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. പ്രവിന്ദിന്റെ മുത്തച്ഛന്‍ 1870-കളില്‍ ഇന്ത്യന്‍ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ നിന്ന് മൗറീഷ്യസിലേക്ക് കുടിയേറിയതാണ്. മൗറീഷ്യസിന്റെ പ്രസിഡന്റായ പൃഥ്വിരാജ് സിംഗ് രൂപനും ഇന്ത്യന്‍ വംശജനാണ്.