സൈനികന്റെ ജീവൻ കാത്ത കെന്റിന് വീരമൃത്യു
ഭീകരരുമായുള്ള ഏറ്റുമുട്ടലുകൾക്കിടെ ജീവൻ ത്യജിച്ച സൈനികരുടെ കഥ നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട് അല്ലേ. ഏതൊരു സൈനികനും സ്വന്തം രാജ്യത്തിന് വേണ്ടി ജീവൻ ത്യജിക്കാൻ പ്രതിജ്ഞ ചെയ്തിട്ടുള്ളവരുമാണ്. എന്നാൽ രാജ്യത്തിന് വേണ്ടി ഒരു നായ ജീവൻ കൊടുത്തെന്ന് കേട്ടാലോ. ഇതാദ്യമാകും സ്വജീവൻ വെടിഞ്ഞ് രാജ്യം സംരക്ഷിക്കുന്ന സൈനികന്റെ ജീവൻ രക്ഷിച്ച നായയുടെ കഥ നമ്മൾ കേൾക്കുന്നത്.
ഇന്ത്യൻ ആർമിയിലെ നായയായ കെന്റാണ് ഒരു സൈനികന്റെ ജീവൻ രക്ഷിക്കാനായി ഭീകരരുടെ വെടിയുണ്ട സ്വയം ഏറ്റുവാങ്ങിയത്. ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മുൻ നിരയിലുണ്ടായിരുന്നു കെന്റ്. സൈനികരെ ഭീകരരുടെ ഒളിത്താവളത്തിലേക്ക് നയിച്ചത് കെന്റ് ആണ്. ഭീകരർ സൈനികർക്കു നേരേ വെടിയുതിർക്കുന്നതിനിടെ കെന്റ് കൂടെയുണ്ടായിരുന്ന ജവാന്റെ ജീവൻ രക്ഷിക്കാനായി ഇടയിലേക്ക് കുതിച്ചു ചാടുകയായിരുന്നെന്ന് ദൃക്‌സാക്ഷികളായ സൈനികർ പറയുന്നു. 21-ാമത്തെ ആർമി ഡോഗ് യൂണിറ്റിലെ ലാബ്രഡോർ ഇനത്തിൽപെട്ട ആറ് വയസുകാരി പെൺ നായയാണ് കെന്റ്. 08 ബി 2 എന്നതായിരുന്നു കെന്റിന്റെ ആർമി നമ്പർ. ഗോൾഡൻ നിറത്തിലുള്ള കെന്റ് ഒരു പ്രത്യേക ട്രാക്കർ നായയാണ്, അവളുടെ ധീരതയെയും ത്യാഗത്തിനെയും പ്രശംസിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ ആദരാഞ്ജലികൾ പ്രവഹിക്കുകയാണ്. അഞ്ച് വർഷത്തെ ഡ്യൂട്ടിക്കിടെ എട്ട് ഓപ്പറേഷനുകളുടെ ഭാഗമായിട്ടുണ്ട് കെന്റ്. ഭൗതിക ശരീരത്തിൽ ത്രിവർണ്ണ പതാക പുതപ്പിച്ച് ‘ഭാരത് മാതാ കീ ജയ്’ വിളികൾ മുഴക്കി സല്യൂട്ട് ചെയ്തുകൊണ്ടാണ് സൈനികർ കെന്റിന് അന്തിമോപചാരം അർപ്പിച്ചത്.
രജൗരി ജില്ലയിലെ നാർല ഗ്രാമത്തിലുണ്ടായ വെടിവയ്പിൽ ഒരു ഭീകരൻ കൊല്ലപ്പെടുകയും മറ്റൊരു സൈനികൻ വീരമൃത്യു വരിക്കുകയും ചെയ്തു. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരുക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച വൈകുന്നേരം വനമേഖലയായ പത്രാഡ പ്രദേശത്ത് സുരക്ഷാ സേന തിരച്ചിൽ നടത്തിയപ്പോൾ സംശയാസ്പദമായ സാഹചര്യത്തിൽ രണ്ട് ആളുകളുടെ നീക്കം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വെടിയുതിർത്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ സംഭവസ്ഥലത്ത് നിന്ന് ഇവർ രക്ഷപ്പെടുകയായിരുന്നു. ഭീകരർ ഓടിപ്പോയ പാതയിൽ സൈനിക നിരയെ നയിക്കുന്നിതിനിടെയാണ് കെന്റിന് വെടിയേറ്റത്. പരിസരത്ത് ഇവർ ഉപേക്ഷിച്ച പോയ ചില വസ്ത്രങ്ങളും സാധനങ്ങളും തിരച്ചിലിൽ കണ്ടെത്തിയിട്ടുണ്ട്. ഭീകരരെ കണ്ടെത്തുന്നതിനായി ബാംബെൽ, നർല എന്നിവയുൾപ്പെടെ സമീപ പ്രദേശങ്ങളിലേക്കും തിരച്ചിൽ നടത്തിയിരുന്നു. തിരച്ചിൽ തുടരുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിൽ കശ്മീരിലെ അനന്ത്‌നാഗിൽ നടന്ന ഏറ്റുമുട്ടലിൽ 28 ആർമി ഡോഗ് യൂണിറ്റിലെ ഇന്ത്യൻ ആർമി ഡോഗായ ‘സൂം’-നും ജീവൻ നഷ്ടപ്പെട്ടിരുന്നു. രജൗരിയിൽ ചൊവ്വാഴ്ച പുലർച്ചെ മുതലും അനന്തനാഗിൽ ബുധനാഴ്ച രാത്രിയോടെയുമാണ് സുരക്ഷസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടങ്ങിയത്.
ഇന്ത്യൻ ആർമിയിൽ 25 ഫുൾ ഡോഗ് യൂണിറ്റുകളും 2 ഹാഫ് യൂണിറ്റുകളും ഉണ്ട്. നിലവിൽ ഏകദേശം 1200 പരിശീലനം ലഭിച്ച നായ്ക്കൾ സൈന്യത്തിലുണ്ട്. പ്രൊഫഷണൽ പരിശീലനം നേടിയ ശേഷം ഈ നായ്ക്കൾ ഗാർഡ് ഡ്യൂട്ടി, പട്രോളിംഗ്, സ്‌ഫോടകവസ്തുക്കൾ കണ്ടെത്തൽ, മൈൻ ഡിറ്റക്ഷൻ, മയക്കുമരുന്ന് ഉൾപ്പെടെയുള്ള നിരോധിത വസ്തുക്കൾ മണത്തെടുക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യുന്നു. കുറ്റവാളികളെയും തീവ്രവാദികളെയും കണ്ടെത്താൻ സഹായിക്കുന്ന തിരച്ചിൽ പ്രവർത്തനങ്ങളിലും ഇവർ നിർണായക പങ്കുവഹിക്കുന്നു. ഓരോ ആർമി ഡോഗിനെയും പരിപാലിക്കുന്നതിനും വിവിധ ഒാപ്പറേഷനുകളിൽ അവരെ നയിക്കുന്നതിനുമായി ഒരു ഉദ്യോഗസ്ഥനെയും നിയോഗിക്കും. മീററ്റിൽ സ്ഥിതി ചെയ്യുന്ന 960-ൽ സ്ഥാപിതമായ റിമൗണ്ട് ആൻഡ് വെറ്ററിനറി കോർപ്സ് സെന്റർ നായ്ക്കൾക്ക് പരിശീലനം നൽകുന്നതിനുള്ള കേന്ദ്രമാണ്. നായകളുടെ ഇനത്തിന്റെയും ഗുണനിലവാരത്തിന്റെയും അടിസ്ഥാനത്തിൽ പ്രത്യേക പരിശീലനം നൽകുകയും അതിനുശേഷം ഏകദേശം 8 വർഷത്തേക്ക് ആർമിയിൽ സേവനം ചെയ്യുകയും തുടർന്ന് വിരമിക്കുകയും ചെയ്യുന്നു. പണ്ട്കാലത്ത് നായ്ക്കൾക്ക് അവരുടെ സേവന കാലാവധി പൂർത്തിയാകുന്നതോടെ ദയാവധം നൽകിയിരുന്നെങ്കിലും പിന്നീട് ഈ രീതി നിർത്തലാക്കുകയായിരുന്നു. ഗ്രേറ്റ് സ്വിസ് മൗണ്ടെയ്ൻ, ലാബ്രഡോർ, ജെർമൻ ഷെപ്പേർഡ്, മുത്തോൾ ഹൗണ്ട്, ബഖർവാൾ എന്നീ ബ്രീഡുകളെയാണ് കൂടുതലായും ഉപയോഗിക്കുന്നത്.
ഈ നായകൾക്ക് സൈന്യത്തിൽ ഒഫീഷ്യലായി റാങ്ക് ഒന്നുമുണ്ടാവില്ല. എന്നാൽ അവർക്ക് അവരുടെ ഹാൻഡ്‌ലറുടെ റാങ്കിനേക്കാൾ ഒരു പടി ഉയർന്നതായ ഒരു ഹോണററി പൊസിഷൻ ഉണ്ടാകും. ഏതായാലും സൈനികരെ പോലെ തന്നെ നമ്മുടെ രാജ്യത്തിനായി നിസ്വാർഥം സേവനമനുഷ്ഠിക്കുന്ന നായകളുമുണ്ട് എന്നത് കൗതുകകരമായ ഒരു സംഗതിയാണ്.
ReplyForward |