We Talk

ആരാണീ ദല്ലാൾ നന്ദകുമാർ?

ദല്ലാള്‍ നന്ദകുമാര്‍.    കേരള രാഷ്ട്രീയത്തില്‍ ഒരുകാലത്ത് നിറഞ്ഞു നിന്ന ആ പേര് വീണ്ടും ചര്‍ച്ചയാവുകയാണ്. സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുറ്റവിമുക്തനാക്കുന്ന സിബിഐ റിപ്പോര്‍ട്ടില്‍ നന്ദകുമാറിനെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. സോളാര്‍ കേസില്‍ പരാതിക്കാരിയെ തള്ളിയ സിബിഐ, പീഡനം സാധൂകരിക്കുന്ന തെളിവില്ലെന്നും ആരോപണമുയര്‍ന്ന ദിവസം പരാതിക്കാരിയെ ക്ലിഫ് ഹൗസില്‍ കണ്ടിട്ടില്ല എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നതും റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്. തെളിവായി ഹാജരാക്കിയ സാരി ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടും തെളിവ് ലഭിച്ചില്ല.

സോളാര്‍  പരാതിക്കാരിയുടെ കത്തു ഒരുകാലത്ത് മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നതാണ്. 19 പേജുള്ള കത്ത് പക്ഷേ ചാനലുകളില്‍ എത്തിയപ്പോള്‍ 25 പേജായി വര്‍ധിച്ചു. വിവാദ ദല്ലാള്‍ നന്ദകുമാറാണ് കത്തില്‍ കൃത്രിമം നടത്തിയതെന്നാണ്  സിബിഐ. പറയുന്നത്.. ഉമ്മന്‍ ചാണ്ടിയെ ലൈംഗിക പീഡനക്കേസില്‍ ഉള്‍പ്പെടുത്താന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും  റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പരാതിക്കാരി സിബിഐക്ക്  നല്‍കിയ മൊഴിയില്‍ പരാതി 30 പേജുണ്ടെന്ന് പറയുന്നു. എന്നാല്‍ എറണാകുളം എസിജെഎം കോടതിയില്‍ എത്തിയപ്പോള്‍ ആകെ നാല് പേജ് മാത്രമായി ചുരുങ്ങി. പ്രമുഖ ചാനലിന് നല്‍കാനായി കൊടുത്ത 25 പേജുള്ള കത്തിലാണ് ഉമ്മന്‍ ചാണ്ടിയുടെ പേര് എഴുതി ചേര്‍ത്തത്.

ഇടതുമുന്നിയുടെ ആളാണോ, ഐക്യമുന്നണിയാണോ, അതോ ബിജെപിയാണോ. ?  എന്താണ് ഇയാളുടെ ബിസിനസ്. , എവിടെനിന്നാണ് ഇയാള്‍ക്ക് ഇത്രയും പണം.   എല്ലാം ദുരൂഹമാണ്. ഇടതും വലതും മുന്നണികളിലുള്ളവര്‍ നന്ദകുമാറിന്റെ ‘സേവനം’ പല ഘട്ടങ്ങളിലായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. വി എസ് അച്യുതാനന്ദന്റെ  വ്യവഹാര ദല്ലാള്‍ എന്ന നിലയിലാണ് നന്ദകുമാര്‍  വാര്‍ത്തകളിലും സിപിഎമ്മിലെ ആഭ്യന്തര ചര്‍ച്ചകളിലും ഇടംപിടിച്ചത്. . ലാവ്‌ലിന്‍ കേസിലും ഇടമലയാര്‍ കേസിലുമൊക്കെ കോടതി വിധികളില്‍ ഇയാളുടെ സ്വാധീനം ആരോപിക്കപ്പെട്ടു. റിലയന്‍സ് ഗ്രൂപ്പിന്റെ ഉപദേഷ്ടാവായതോടെ  നന്ദകുമാര്‍ കോര്‍പറേറ്റ് ദല്ലാള്‍ എന്ന്  അറിയപ്പെട്ടു. റിലയന്‍സിന് വേണ്ടി ഇയാള്‍ നടത്തിയ ഇടപെടലുകള്‍ അന്നത്തെ ചീഫ് ജസ്റ്റിസിനെ വരെ സംശയത്തിന്റെ നിഴലിലാക്കി.

ആലപ്പുഴ നെടുമുടിയിലാണ് ടി.ജി നന്ദകുമാര്‍ എന്ന ദല്ലാള്‍ നന്ദകുമാറിന്റെ ജനനം. നന്ദകുമാറിന് വിശേഷണങ്ങള്‍ പലതാണ്.വി.എസ് സര്‍ക്കാരിന്റെ കാലത്ത് കേരള സര്‍ക്കാരിന്റെ കീഴിലുണ്ടായിരുന്ന ഡാറ്റാ സെന്റര്‍ അനില്‍ അംബാനി ഗ്രൂപ്പിന് കൈമാറിയതോടെയാണ് ദല്ലാള്‍ നന്ദകുമാര്‍ കേരളത്തില്‍ സജീവ ചര്‍ച്ചയായത്. കുറഞ്ഞ ലേലത്തുകക്കാരെ തഴഞ്ഞ് ഡാറ്റാ സെന്റര്‍ റിലയന്‍സിന് നല്‍കിയതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് അന്ന് മുഖ്യമന്ത്രിയായ വിഎസും നന്ദകുമാറും ചേര്‍ന്നാണെന്ന ആരോപണം രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചു. പിന്നീട് നിരവധി വിവാദങ്ങളില്‍ നന്ദകുമാറിന്റെ പേര് ഉയര്‍ന്ന് വന്നു. . വിഴിഞ്ഞം തുറമുഖ പദ്ധതിയിലേക്ക് അദാനിയെ കൊണ്ടുവന്നതിലും പദ്ധതിക്കെതിരെ ഉയര്‍ന്നുവരാനിടയുള്ള എതിര്‍പ്പുകള്‍ നിര്‍വീര്യമാക്കിയതിലുമെല്ലാം നന്ദകുമാറിന്റെ പങ്ക് ഉയര്‍ന്ന് കേട്ടിരുന്നു.നന്ദകുമാറിന്റെ അനധികൃത സ്വത്ത് സംബന്ധിച്ച് ആദായ നികുതി വകുപ്പും, ഒരു ഹൈക്കോടതി ജഡ്ജിക്കെതിരെ സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് വ്യാജ പേരില്‍ കത്തെഴുതിയ കേസില്‍ ക്രൈംബ്രാഞ്ചും സിബിഐയുമൊക്കെ നന്ദകുമാറിനെതിരെ അന്വേഷണം നടത്തിയിരുന്നു. പക്ഷേ ഒന്നും ഒരിടത്തും എത്തിയില്ല.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിക്കു വേണ്ടി ദല്ലാള്‍ നന്ദകുമാര്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയെന്ന ആരോപണവുമുണ്ടായി. ഇതിലും ലക്ഷങ്ങളാണ് മറിഞ്ഞത്. സിനിമാ നടി പ്രിയങ്കയൊക്കെ ഒടുവില്‍ ദല്ലാളിനെതിരെ ആരോപണവുമായി എത്തി.

കുണ്ടറയില്‍ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ഷിജു വര്‍ഗീസിന്റെ പേരില്‍ ആരോപണം ഉയര്‍ന്ന, സ്വന്തം വാഹനത്തിനു നേരെയുള്ള പെട്രോള്‍ ബോംബാക്രമണക്കേസില്‍ ചോദ്യം ചെയ്തപ്പോളാണ് പ്രിയങ്ക കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. ദല്ലാള്‍ നന്ദകുമാര്‍ നല്‍കിയ വാഗ്ദാനങ്ങളെ തുടര്‍ന്നാണ് താന്‍ മത്സരിക്കാന്‍ തയ്യാറായതെന്നും പക്ഷേ പറഞ്ഞതൊന്നും ലഭിച്ചില്ലെന്നും ഇവര്‍ മൊഴി നല്‍കി. പ്രചാരണത്തിനായി ഹെലികോപ്ടര്‍, ചെലവിനായി ഒരു കോടിയിലേറെ രൂപ എന്നീ വാഗ്ദാനങ്ങളാണ് നല്‍കിയതെന്നു, എങ്ങനെയും വിജയിപ്പിച്ച് എംഎല്‍എയാക്കാം എന്ന് ഉറപ്പ് നല്‍കിയതായും പ്രിയങ്ക പറയുന്നു. ഒന്നരരലക്ഷം രൂപയാണ് പ്രിയങ്കയുടെ മാനേജരും പാര്‍ട്ടി പ്രവര്‍ത്തകനുമായ ജയകുമാറിന്റെ അക്കൗണ്ടിലേക്ക് നന്ദകുമാര്‍ ഇട്ടത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നാലു ലക്ഷത്തിലേറെ രൂപ ചെലവായെന്നും ഈ തുക കടം വാങ്ങിയതാണെന്നും പ്രിയങ്ക പറഞ്ഞു . ദല്ലാള്‍ നന്ദകുമാറിന്റെ അമ്മയെ ആദരിച്ചതിന്റെ പേരില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ വിവാദത്തിലായിട്ട് അധികം ആയിട്ടില്ല. . സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ ഔദ്യോഗിക പ്രതിനിധി കെ വി തോമസും ഇ പിക്ക് ഒപ്പമുണ്ടായിരുന്നു. പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജാഥയില്‍ പങ്കെടുക്കാതെ, എന്തിന് ഇ പി അവിടെയെത്തി എന്ന ചോദ്യം പാര്‍ട്ടിയിലും ഉയര്‍ന്നു. രോഗബാധിതനായ സിപിഎം പ്രവര്‍ത്തകനെ കാണാനാണ് കൊച്ചിയില്‍ എത്തിയത് എന്നായിരുന്നു ഇപിയുടെ വിശദീകരണം. കൊച്ചിയിലെത്തിയപ്പോള്‍ ഒരു ക്ഷേത്രത്തിലെ ചടങ്ങിന് പോയി. അവിടെവച്ച് ഒരു അമ്മയെ ആദരിക്കണമെന്ന് ക്ഷേത്രം ഭാരവാഹികള്‍ ആവശ്യപ്പെട്ടു. .അത് നന്ദകുമാറിന്റെ അമ്മയാണെന്ന് അറിയില്ലായിരുന്നു ..എന്നിങ്ങനെയാണ് ജയരാജന്‍ പറയുന്നത്. ഇതെല്ലാം വ്യാജമാണെന്ന് ജനങ്ങള്‍ക്ക് അറിയാം. കാരണം അത്രയേറെ പിടിപാടുണ്ട് കേരള രാഷ്ട്രീയത്തില്‍ ഈ ദല്ലാളിന്. അതുകൊണ്ടുതന്നെ സിബിഐയുടെ കണ്ടെത്തല്‍ ഉണ്ടായാലും അത്ര എളുപ്പത്തിലൊന്നും നന്ദകുമാറിനെ ഒന്നും ചെയ്യാന്‍ കഴിയില്ല. കാരണം അയാള്‍ പലരുടെയും ദല്ലാളാണ്. ഒരുപാട് രഹസ്യങ്ങളുടെ വാഹകനാണ്. തന്ത്രങ്ങളുടെയും കുതന്ത്രങ്ങളുടെയും സൂത്രധാരനാണ്. ആര്‍ക്കുവേണ്ടിയാണ് ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ശ്രമിച്ചതെന്ന് അയാള്‍ വെളിപ്പെടുത്തിയാല്‍ ഒരുപാട് പേരുടെ മുഖം മൂടിയാവും അഴിഞ്ഞ് വീഴുക.

Leave a Reply

Your email address will not be published. Required fields are marked *