We Talk

പി പി മുകുന്ദൻ… കോലീബിയുടെ ഉപജ്ഞാതാവ്

പാർട്ടി പദവിയിൽ തിരിച്ചെത്തണമെന്ന ആഗ്രഹം സഫലമാകാതെ പി പി മുകുന്ദൻ

കോലീബി എന്ന വാക്ക് കേരള രാഷ്ട്രീയത്തില്‍ ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടു കഴിഞ്ഞു.  കോണ്‍ഗ്രസിനെയും ലീഗിനെയും പ്രതിരോധത്തിലാക്കാന്‍  എല്ലാ തെഞ്ഞടുപ്പുകളിലും സിപിഎം  പുറത്തെടുക്കുന്ന തുരുപ്പു ചീട്ടാണിത് . സംസ്ഥാനത്തു ഏറ്റവുമധികം കുപ്രസിദ്ധി ആര്‍ജിച്ച ഈ  രാഷ്ട്രീയ സഖ്യത്തിന്റെ ഉപജ്ഞാതാവാണ് ഇന്ന് അന്തരിച്ച മുന്‍ ബിജെപി നേതാവ് പി പി മുകുന്ദന്‍. ബിജെപിയില്‍ നിന്നും ആര്‍ എസ് എസില്‍ നിന്നും ബഹിഷ്‌കൃതനായ അദ്ദേഹം പാര്‍ട്ടി  പദവിയില്‍  തിരിച്ചെത്തണമെന്ന ആഗ്രഹം സഫലമാകാതെയാണ് വിട വാങ്ങിയത്.


വിദ്യാര്‍ത്ഥി ജീവിത കാലത്തു ആര്‍ എസ് എസില്‍ ചേര്‍ന്ന് മുഴുവന്‍ സമയ പ്രചാരകനായി മാറിയ മുകുന്ദന്‍ ഒരു കാലത്തു കേരള  ബിജെപിയില്‍  ഏറ്റവും ആജ്ഞാശക്തിയുള്ള നേതാവായിരുന്നു. ആര്‍ എസ് എസ് അദ്ദേഹത്തെ ആദ്യം നിയോഗിച്ചത് കേരളത്തില്‍ പ്രാന്തീയ സമ്പര്‍ക്ക പ്രമുഖ് എന്ന ചുമതലയില്‍ ആയിരുന്നു. എന്നു വെച്ചാല്‍ സംഘടനയുടെ പബ്ലിക് റിലേഷന്‍ കാര്യങ്ങള്‍ നോക്കുന്ന ആള്‍ . പിന്നീട് മുകുന്ദനെ  ബിജെപിയുടെ കേരളത്തിലെ സംഘടനാ ജനറല്‍ സെക്രട്ടറിയാക്കി. ആര്‍ എസ് എസ് പ്രചാരകരില്‍ മുതിര്‍ന്നയാളായ അദ്ദേഹത്തിന്റെ കയ്യില്‍  പാര്‍ട്ടിയുടെ കേരളഘടകം പൂര്‍ണമായി അമര്‍ന്നു.പാര്‍ട്ടി സംസ്ഥാന പ്രസിഡന്റും മറ്റു ഭാരവാഹികളും സംഘടനാ ജനറല്‍ സെക്രട്ടറിയുടെ ആജ്ഞാനുവര്‍ത്തികള്‍ എന്ന അവസ്ഥയിലേക്കെത്തി.  
കോണ്‍ഗ്രസിന്റെയും ലീഗിന്റെയും മുതിര്‍ന്ന നേതാക്കളുമായി അടുത്ത ബന്ധമാണ് പി പി മുകുന്ദന് ഉണ്ടായിരുന്നത്. ഇതാണ് 1991 ലെ കോലീബി സഖ്യത്തിലേക്കു നയിച്ചത്.

ബിജെപിയുടെ പ്രഥമ സംസ്ഥാന അധ്യക്ഷന്‍ കെ ജി മാരാര്‍ അദ്ദേഹത്തിന്റെ ആത്മകഥയില്‍ പാര്‍ട്ടിക്ക് തിരിച്ചടിയേറ്റ  ഈ സഖ്യത്തെ കുറിച്ച് പറയുന്നുണ്ട്. പാഴായ പരീക്ഷണം എന്നാണ് അദ്ദേഹം ഇതേക്കുറിച്ചു പറയുന്നത്. നായനാര്‍ സര്‍ക്കാരിന് കാലാവധി തികയ്ക്കാന്‍ ഒരു കൊല്ലം കൂടി ബാക്കി നില്‍ക്കെയാണ് 1991 ല്‍ ലോക്സഭാ തെരഞ്ഞടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞടുപ്പ് കൂടി നടത്താന്‍ എല്‍ ഡി എഫ് തീരുമാനിച്ചത്. നായനാരെ മാറ്റി അച്യുതാനന്ദന് മുഖ്യമന്ത്രിയാകുക എന്നതായിരുന്നു ഇതിനു പിന്നിലെ ഗൂഢ താല്പര്യം. പ്രഥമ ജില്ലാ കൗണ്‍സില്‍ തെരഞ്ഞടുപ്പില്‍ സംസ്ഥാനത്തു 14 ല്‍ 13 ഇടത്തും ഇടതുപക്ഷം ജയിച്ചത് അതിനു പ്രേരകമായി. പി പി മുകുന്ദന്‍ ബിജെപി സംഘടനാ സെക്രട്ടറിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ തെരഞ്ഞുപ്പായിരുന്നു അത്. കെ രാമന്‍പിള്ള സംസ്ഥാന അധ്യക്ഷനും കെ ജി മാരാര്‍ ജനറല്‍ സെക്രട്ടറിയും. തെരഞ്ഞടുപ്പുകളില്‍ വിജയം ലഭിക്കാറില്ലെങ്കിലും  വോട്ടു കണക്കില്‍ ബിജെപി വളര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യമായിരുന്നു അത്. ബിജെപിക്ക്
 വോട്ടു മാത്രം പോരാ, തെരഞ്ഞെടുപ്പില്‍ വിജയവും വേണമെന്ന സിദ്ധാന്തം പാര്‍ട്ടിയില്‍ മുകുന്ദന്‍ അവതരിപ്പിച്ചു. ഏതെങ്കിലുമൊരു മുന്നണിയുമായി ചേര്‍ന്നു മത്സരിക്കണമെന്ന നിര്‍ദേശം അദ്ദേഹത്തിന്റേതായിരുന്നു. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യും മുന്‍പേ കെ കരുണാകരന്‍ അടക്കം കോണ്‍ഗ്രസ് നേതാക്കളുമായും  മുസ്ലിം ലീഗിന്റെ പ്രധാന നേതാക്കളുമായും അദ്ദേഹം ആശയവിനിമയം നടത്തിയിരുന്നു. ഇങ്ങനെയൊരു സഖ്യം വര്‍ക്ക് ആകുമോ എന്ന കാര്യത്തില്‍  എ കെ ആന്റണിക്ക് സംശയം ഉണ്ടായിരുന്നു. എന്നാല്‍, കരുണാകരന്‍ അതീവ താല്പര്യം പ്രകടിപ്പിച്ചു. സത്യത്തില്‍ മുകുന്ദനും കരുണാകരനും തമ്മിലുള്ള വ്യക്തിബന്ധമാണ് കോലീബിയുടെ അടിത്തറ എന്ന് പറയാം.

ബേപ്പൂരില്‍ ഡോ . കെ മാധവന്‍ കുട്ടിയേയും വടകരയില്‍ അഡ്വ. രത്‌നസിംഗും ബിജെപി നിര്‍ദേശിച്ച പൊതു സ്ഥാനാര്‍ഥികളായി വന്നു. ഇതിനു പുറമെ മഞ്ചേശ്വരത്തു കെ ജി മാരാര്‍, തിരുവനന്തപുരം ഈസ്റ്റില്‍ കെ രാമന്‍ പിള്ള എന്നിവര്‍ക്കും  തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ഒ . രാജഗോപാലിനും യു ഡി എഫ് വോട്ടുകള്‍ ലഭിക്കാന്‍ ധാരണയുണ്ടാക്കി. ബേപ്പൂരും വടകരയും പരസ്യ സഖ്യവും  മറ്റു മണ്ഡലങ്ങളില്‍  രഹസ്യ ധാരണയുമായിരുന്നു. തീരുമാനമനുസരിച്ചു ബിജെപി പ്രവര്‍ത്തകരെക്കൊണ്ട് വോട്ടു ചെയ്യിപ്പിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു. എന്നാല്‍, കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദേശം അണികള്‍ തള്ളിക്കളഞ്ഞു. ഇതേസമയം , ലീഗുകാര്‍ നേതൃത്വം പറഞ്ഞത് അനുസരിച്ചു ബിജെപിക്ക് വോട്ടു ചെയ്തു.  കോലീബി കാരണം യു ഡി എഫിന് നേട്ടമുണ്ടാവുകയും അവര്‍ അധികാരത്തില്‍ വരികയും ചെയ്തു. മറ്റു പാര്‍ട്ടികള്‍ക്ക് വോട്ടു നല്‍കുന്നതിലും  വില്‍ക്കുന്നതിലും വരെ ബിജെപിയെ കൊണ്ടെത്തിക്കുന്നതിനു ഈ സഖ്യവും പി പി മുകുന്ദനും കാരണമായി. പാര്‍ട്ടി സ്ഥാനാര്‍ഥി ഉണ്ടെങ്കില്‍ പോലും മറ്റു പാര്‍ട്ടിക്കാര്‍ക്ക് വോട്ടു ചെയ്യുന്നതില്‍ യാതൊരറപ്പും കാണിക്കാതെ ബിജെപി അണികള്‍ ഇന്നും അത് തുടര്‍ന്ന് പോരുന്നു. പുതുപ്പള്ളി ഉപതെരഞ്ഞടുപ്പില്‍ വരെ ഈ പ്രതിഭാസം ഉണ്ടായി.  
ബിജെപി സംസ്ഥാന നേതൃത്വവും മുകുന്ദനും തമ്മില്‍ അകലം വര്‍ധിച്ചതോടെ അദ്ദേഹത്തെക്കുറിച്ചുള്ള പരാതികള്‍ ദേശീയ നേതൃത്വത്തിലേക്ക് പ്രവഹിച്ചു. ഒടുവില്‍ കേരളത്തിലെ സംഘടനാ സെക്രട്ടറി പദവിയില്‍ നിന്ന് അദ്ദേഹത്തെ മാറ്റി ദക്ഷിണ മേഖലാ സംഘടനാ സെക്രട്ടറിയാക്കി. ഈ സ്ഥാനത്തിരുന്നു കൊണ്ട് അദ്ദേഹം വീണ്ടും കേരളത്തിലെ കാര്യങ്ങളില്‍ ഇടപെടാന്‍ തുടങ്ങിയപ്പോള്‍ ആര്‍ എസ് എസ് മുകുന്ദനെ തിരിച്ചു വിളിച്ചു. എന്നാല്‍,അദ്ദേഹം മടങ്ങിപ്പോകാന്‍ തയ്യാറായില്ല. പാര്‍ട്ടി പ്രവര്‍ത്തനവും സംഘ പ്രവര്‍ത്തനവും മതിയാക്കി മുകുന്ദന്‍ വീട്ടില്‍ ഇരുന്നു.


കുമ്മനം രാജശഖരന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് ആയപ്പോള്‍ മുകുന്ദനെ തിരിച്ചു കൊണ്ടുവരാന്‍ ഒരു ശ്രമം നടത്തി. തിരുവനന്തപുരത്തെ ഓഫിസില്‍ അദ്ദേഹത്തിന് സ്വീകരണം ഏര്‍പ്പാടാക്കി. അതനുസരിച്ചു മുകുന്ദന്‍ എത്തിയപ്പോള്‍ നേതാക്കളെല്ലാം മുങ്ങി. പാര്‍ട്ടി നേതൃത്വത്തില്‍ നിന്നുള്ള ഇടപെടല്‍ ആയിരുന്നത്രേ കാരണം. ഇപ്പോഴത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ സ്ഥാനം ഏല്‍ക്കുന്ന ചടങ്ങില്‍ മുകുന്ദന്‍ എത്തിയപ്പോള്‍ പാര്‍ട്ടിയില്‍ തിരിച്ചു വരുന്നുവെന്ന പ്രചാരണം ഉയര്‍ന്നിരുന്നു. പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ പ്രവര്‍ത്തക യോഗം ഉല്‍ഘാടനം ചെയ്തത് അദ്ദേഹമായിരുന്നു. എന്നാല്‍, മുകുന്ദനെ തിരിച്ചു കൊണ്ടുവരാന്‍ സുരേന്ദ്രനും കഴിഞ്ഞില്ല. സുരേന്ദ്രന് മുന്‍പ് പ്രസിഡന്റ് ആയിരുന്ന വി മുരളിധരന്‍ മുകുന്ദനെ പാര്‍ട്ടിയിലേക്ക് ഒട്ടും അടുപ്പിച്ചിരുന്നില്ല. ആര്‍ എസ് എസിനെ ധിക്കരിച്ചയാള്‍ എന്ന നിലയില്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ അവര്‍ക്കാര്‍ക്കും കഴിയുമായിരുന്നില്ല. അതിനാല്‍, പാര്‍ട്ടി പദവിയില്‍ സജീവമാകണമെന്ന   ആഗ്രഹം നടക്കാതെ പി പി മുകുന്ദന്‍  വിടവാങ്ങി.  

Leave a Reply

Your email address will not be published. Required fields are marked *