റഹ്‌മാനെ പിന്തള്ളി അനിരുദ്ധ് രവിചന്ദര്‍
ഒരു സിനിമക്ക് 10 കോടി പ്രതിഫലം വാങ്ങിയ, ഇന്ത്യയിലെ ഏറ്റവം വിലപിടിച്ച മ്യൂസീഷ്യന്‍! അതാണ് അനിരുദ്ധ് രവിചന്ദര്‍ എന്ന 32കാരനായ അവിവാഹിതന്‍. ജയിലര്‍ സിനിമയിലെ അയാളുടെ ‘കാവാലയ’ പാട്ട് മുമ്പ് എ ആര്‍ റഹ്‌മാന്റെ ‘മുക്കാലാ മുക്കാബാല’യൊക്കെ അലയടിച്ചതുപോലെ, കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ഹിറ്റായിരിക്കയാണ്.
ഇപ്പോഴിതാ കമലഹാസന്റെ ഇന്ത്യന്‍ 2-വില്‍നിന്ന് എ ആര്‍ റഹ്‌മാനെ ഒഴിവാക്കി പകരം അനിരുദ്ധ് രവിചന്ദറിനെ നിശ്ചയിച്ചെന്ന് വാര്‍ത്തവന്നതോടെ, ഇരുവരുടെയും ആരാധകര്‍ തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ പൊരിഞ്ഞ പോരിലാണ്. അനിരുദ്ധ് പ്രതിഫലം പത്തുകോടിയാക്കിയതോടെ, റഹ്‌മാനും പ്രതിഫലം 8ല്‍നിന്ന് പത്തുകോടിയിലേക്ക് ഉയര്‍ത്തിയിരിക്കയാണ്. ഷാറുഖ് ഖാന്‍ ചിത്രം ജവാന് വേണ്ടിയാണ് അനിരുദ്ധ് 10 കോടി രൂപ പ്രതിഫലം വാങ്ങി ബോളിവുഡിലേക്ക് കാലെടുത്തുവെച്ചത്.
പക്ഷേ ഇത് സംഗീത ലോകത്ത് വമ്പന്‍ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. അനിരുദ്ധിന്റെ ചിത്രങ്ങള്‍ തുടര്‍ച്ചയായി വിജയിക്കുന്നതുകൊണ്ടാണ് അയാള്‍ പ്രതിഫലം ഉയര്‍ത്തുന്നത്. എന്നാല്‍ അടുത്തകാലത്തായി എ.ആര്‍.റഹ്‌മാന്റെ ഗാനങ്ങളും ബിജിഎമ്മുമൊന്നും പഴയപോലെ എല്‍ക്കുന്നില്ല. എന്നിട്ടും ഒരു പാട്ട് പാടുന്നതിന് റഹ്‌മാന്‍ കൈപ്പറ്റുന്നത് 3 കോടി രൂപയാണ്. ഇത് കുറയ്ക്കണമെന്നാണ് നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും ആവശ്യം. ഫലത്തില്‍ പഴയ ഇളയരാജ-റഹ്‌മാന്‍ കാലത്തുണ്ടായപോലെയുള്ള ഒരു വിഭജനം സംഗീതലോകത്ത് വരികയാണെന്നും സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ച വരുന്നുണ്ട്.

രജനീകാന്തിന്റെ പത്നിയും പിന്നണി ഗായികയുമായ ലതയുടെ സഹോദരന്‍ രാഗവേന്ദ്രയുടെ പുത്രനാണ് അനിരുദ്ധ്. പക്ഷേ അയാള്‍ ആ ബന്ധുബലം കൊണ്ട് കയറിവന്ന ആളല്ല. വെറും കീബോര്‍ഡ് ആര്‍ട്ടിസ്റ്റായി തുടങ്ങി പടിപടിയായി കയറി വന്നയാളാണ്. പക്ഷേ അനിരുദ്ധിനോട് രജനിയ്ക്ക് പ്രത്യേക വാത്സല്യവുമുണ്ടെന്നത് സത്യമാണ്. ആരെയും ശുപാര്‍ശ ചെയ്യാന്‍ ഇഷട്പ്പെടാത്ത രജീനകാന്ത് തന്റെ ചിത്രങ്ങളില്‍ അനിരുദ്ധിന്റെ പേര് പറയാറുണ്ടെന്നാണ് തമിഴക മാധ്യമങ്ങള്‍ പറയുന്നുത്. തിരിച്ച് അനിരുദ്ധും രജനീകാന്തിന്റെ കടുത്ത ആരാധകനാണ്. തന്റെ ഏറ്റവും പ്രിയപ്പെട്ട കമേര്‍ഷ്യല്‍ ചിത്രം രജനി പൂണ്ടുവിളയാടിയ ബാഷയാണെന്ന് അനിരുദ്ധ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.

പത്തു വയസു മുതല്‍ സ്വന്തമായി വരികള്‍ ചിട്ടപ്പെടുത്തി തുടങ്ങിയിട്ടുണ്ട് അനിരുദ്ധ്. എ.ആര്‍ റഹ്‌മാനായിരുന്നു പ്രചോദനം. ലണ്ടനിലെ ട്രിനിറ്റി കോളജ് ഓഫ് മ്യൂസകില്‍ ചേര്‍ന്ന് പിയാനോ പഠിച്ചു. ചെന്നൈയിലെ സൗണ്ട്ടെക് മീഡിയ ഓഡിയോ എന്‍ജിനീറിയറിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സൗണ്ട് എന്‍ജിനീയറിങ്ങും പഠിച്ചു. സ്‌കൂള്‍ പഠനകാലത്ത് എ.ആര്‍. റഹ്‌മാന്‍ ജഡ്ജായിരുന്ന ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് പുരസ്‌കാരം വാങ്ങിയത് വഴിത്തിരിവായി. ഈ ജീവിതം സംഗീതവഴിയില്‍ തന്നെയെന്നുറപ്പിച്ച നിമിഷം. പിന്നെ കുറേക്കാലം റഹ്‌മാന്റെ അസിസ്റ്റന്റുമായി. അങ്ങനെ ഇരിക്കയെയാണ് ബന്ധുകൂടിയായ ഐശ്വര്യ രജനീകാന്ത് ഒരു സിനിമയെടുത്തത്. അത് ഒരു പുതിയ സംഗീത പ്രതിഭയുടെ ഉദയമായി.
‘യോ ബോയ്‌സ്.. ആം സിങ്ങിങ്ങ് സോങ്ങ്.. സൂപ്പ് സൂങ്ങ്.. ഫ്ലോപ് സോങ്ങ്..വൈ ദിസ് കൊലവെറി’- അനിരുദ്ധിനെക്കുറിച്ച് പറയുമ്പോള്‍ കൊലവെറി സോങ്ങിനെക്കുറിച്ച് പറയാതിരിക്കാനാവില്ല. രജനിയുടെ മകള്‍ ഐശ്വര്യയുടെ ആദ്യ ചിത്രം ‘ത്രീ’യ്ക്കുവേണ്ടി അനിരുദ്ധ് എന്ന ചെറുപ്പക്കാരന്‍ സംഗീതമിട്ട് ധനുഷ് തന്നെ പാടിയ ‘വൈ ദിസ് കൊലവെറി കൊലവെറി ഡി…’യുടെ ഹാങ് ഓവര്‍ ഇപ്പോഴും വെര്‍ച്വല്‍ ലോകത്തുനിന്നു വിട്ടുപോയിട്ടില്ല.

എന്നാല്‍ കൊലവെറി ഭാഗ്യം കൊണ്ടു മാത്രം ഹിറ്റായതല്ലെന്നു പിന്നീടുള്ള വര്‍ഷങ്ങളില്‍ അനിരുദ്ധ് തെളിയിച്ചു. സൂപ്പര്‍ഹിറ്റുകളുടേയും ബിജിഎമ്മുകളുടേയും ഒരു ബ്രാന്‍ഡായി അനിരുദ്ധ് മാറുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. 2012ല്‍ എതിര്‍ നീച്ചല്‍, ഡേവിഡ് എന്നീ ചിത്രങ്ങല്‍ക്കുവേണ്ടി സംഗീതം ചെയ്തു. 2013ല്‍ വണക്കം ചെന്നൈ, ഇരണ്ടം ഉലകം എന്നീ ചിത്രങ്ങളും 2014ല്‍ കത്തി, കാക്കി സട്ടൈ, മാരി എന്നീ ചിത്രങ്ങള്‍ക്കു വേണ്ടിയും സംഗീതം ചെയ്തു.പിന്നീട് നാനും റൗഡിതാന്‍, വേതാളം, തങ്ക മകന്‍,റെമോ, വിവേകം തുടങ്ങിയ ചിത്രങ്ങളും ചെയ്തു.പ്രേമം എന്ന മലയാളം ചലച്ചിത്രത്തിലെ ‘റോക്കാന്‍ കൂത്ത്’ എന്ന ഗാനം ആലപിച്ചത് അനിരുദ്ധ് ആണ്. പിന്നെ വിക്രവും ജയിലറും വഴി പാന്‍ ഇന്ത്യന്‍ സെന്‍സേഷനാണ്.

തമിഴ് സംഗീതലോകത്ത് ഇത് തലമുറ മാറ്റത്തിന്റെ സമയമാണെന്നം മാധ്യമങ്ങള്‍ എഴുതുന്നുണ്ട്. 91-ല്‍ ദളപതി അടക്കമുള്ള സിനിമകളിലൂടെ ഇളയരാജ കത്തി നല്‍ക്കുന്ന കാലത്താണ് തൊട്ടടുത്ത വര്‍ഷം റോജയിലൂടെ റഹ്‌മാന്‍ തരംഗം ഉണ്ടാവുന്നത്. ജെന്റില്‍മാനും കാതലനും കൂടി വന്നതോടെ റഹ്‌മാന്‍ ഇസൈ പുയലായി അവരോധിക്കപ്പെട്ടു. മുക്കാലാ മുക്കാബലാ ഗാനം ദക്ഷിണേന്ത്യന്‍ അതിര്‍ത്തികള്‍ ഭേദിച്ച് ഗംഗാസമതലവും ഉപഭൂഖണ്ഡവും കടന്ന് വേള്‍ഡ് ഹിറ്റായി. കര്‍ണ്ണാട്ടിക്കും ഹിന്ദുസ്ഥാനിയും ഖവാലിയും ഫോക്കും റോക്കും റാപ്പും ബ്ളൂസും ജാസും റെഗ്ഗേയും എന്നുവേണ്ട സംഗീതത്തിന്റെ സര്‍വശാഖകളും റഹ്‌മാന്റെ സ്റ്റുഡിയോയില്‍ വന്ന് മെറ്റമോര്‍ഫോസിസിന് വിധേയമായി.

ആ ന്യൂ വേവ് ഓഫ് ഇന്ത്യയൊട്ടാകെ അലയടിച്ചു. ഇളയരാജയുടെ ഈഗോയും തലക്കനവുമായി ഒത്തുപോകാന്‍ കഴിയാതെ ഫീല്‍ഡ് ഔട്ടായ കവി വൈരമുത്തു റഹ്‌മാന്റെ നവസംഗീതത്തെ മുഗ്ദ്ധകല്പനകളാല്‍ അണിയിച്ചൊരുക്കി. ‘ജുറാസിക് പാര്‍ക്കിലും സുഖമാന ജോഡികള്‍ ജാസ് മ്യൂസിക് പാടി നടക്കുമെന്ന്’ എഴുതി വാലിയും റഹ്‌മാനോടൊത്ത് ചേര്‍ന്നു. ഹിന്ദിയില്‍ മെഹബൂബ്, പി കെ മിശ്ര, ഗുല്‍സാര്‍, ആനന്ദ് ബക്ഷി തുടങ്ങിയവരും റഹ്‌മാനായി പുതുകാവ്യഭാഷ തീര്‍ത്തു.ഒരു വര്‍ഷം 50- 60 പടങ്ങള്‍ക്ക് ഇളയരാജ സംഗീതം നല്‍കിയിരുന്നു. എന്നാല്‍ കേവലം നാലോ അഞ്ചോ ചിത്രങ്ങള്‍ക്ക് മാത്രമാണ് റഹ്‌മാന്‍ മ്യൂസിക് ചെയ്തത്.പത്തുവര്‍ഷം ഇളയരാജയുടെ കീബോര്‍ഡ് പ്ളെയറായിരുന്നു റഹ്‌മാന്‍. 500ല്‍ പരം പടങ്ങളില്‍ അവര്‍ ഒന്നിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. എന്നാല്‍ റഹ്‌മാന്റെ സംഗീതത്തെയും വളര്‍ച്ചയേയും അംഗീകരിക്കാന്‍ ഇന്നേവരെ ഇസൈജ്ഞാനി തയ്യാറായിട്ടില്ല. കിട്ടുന്ന സന്ദര്‍ഭങ്ങളിലെല്ലാം അദ്ദേഹം റഹ്‌മാനെതിരെ ഒളിയമ്പുകള്‍ എയ്യുന്നു. ഓസ്‌കാര്‍ അവാര്‍ഡ് നേടിയപ്പോള്‍ റഹ്‌മാനെ ആദരിക്കാനായി ചെന്നെയില്‍ നടന്ന പരിപാടിയുടെ വേദിയില്‍ വച്ച് പോലും ഇളയരാജ പരോക്ഷമായി വിമര്‍ശനം നടത്തി സ്വയം ചെറുതായി.

പലയിടത്തുനിന്നും എടുത്ത് ഒട്ടിച്ചുണ്ടാക്കിയതാണ് റഹ്‌മാന്‍ സംഗീതം എന്നുപറഞ്ഞു നടക്കുന്ന ഇളയരാജ താനാണ് താന്‍ മാത്രമാണ് ഒറിജിനല്‍ കംപോസര്‍ എന്ന് വിളംബരം ചെയ്ത് അപഹാസ്യനാകുന്നു. എന്നാല്‍ ഇത്തരം പരിഹാസങ്ങളും കുത്തുവാക്കുകളും ഒന്നും റഹ്‌മാനെ സ്പര്‍ശിച്ചിട്ടേയില്ല.സംഗീതപരിപാടിക്കിടെ ദാഹിച്ചു വലഞ്ഞ ഓര്‍ക്കസ്ട്ര കലാകാരന് ഒരു കുപ്പി വെള്ളം കൊണ്ടു കൊടുത്ത സെക്യൂരിറ്റി ജീവനക്കാരനെ ഇളയരാജ സ്റ്റേജിലേക്ക് വിളിച്ചു വരുത്തി അപമാനിച്ചു. ആ പാവം സാഷ്ടാംഗം വീണ് മാപ്പുപറയുന്നത് കണ്ടപ്പോള്‍ കടുത്ത രാജാഫാന്‍സ് പോലും രോഷാകുലരായിട്ടുണ്ടാവും.ഇളയരാജ രമണിമഹര്‍ഷിയുടെ ഉപാസകനാണ്. മൂകാംബിക ഭക്തനാണ്. പക്ഷേ വാക്കിലും പ്രവൃത്തിയിലും അഹംഭാവവും ധാര്‍ഷ്ട്യവും തുറിച്ചുനില്ക്കുന്നു. പണ്ട് സിനിമാലോകത്തെ മൊത്തം നിയന്ത്രിച്ചത് ഇളരാജ ആയിരുന്നു. ആരായിരുന്നു സിനിമാ സംവധായകന്‍ എന്നും കാസറ്റില്‍ ആരുടെ പടം വേണമെന്നൊക്കെ ഇളയരാജ തീരുമാനിക്കും. മണിക്കൂറുകള്‍ വെയിലത്തുനിന്ന് ഇളയരാജയുടെ കാലുപിടിച്് സിനിമയുടെ കാസ്റ്റ് ആന്‍ഡ് ക്രൂ അനുഗ്രഹം വാങ്ങുന്ന ഒരു പരിപാടിയും അക്കാലത്ത് ഉണ്ടായിരുന്നു.എന്നാല്‍ റഹ്‌മാന്‍ തരംഗം വന്നതോടെ ഇളയരാജ അപ്രസക്തനായി. പക്ഷേ ഇന്ന് അനിരുന്ധ് തരംഗത്തിലൂടെ അതുപോലെ ഒരു അവസ്ഥയാണ് റഹ്‌മാനും വന്നുചേരുന്നത്. കാരണം അടുത്തകാലത്തായി ഒരു റഹ്‌മാന്‍ ചിത്രവും സൂപ്പര്‍ ഹിറ്റായിട്ടില്ല. മലയാളത്തിലെ മലയന്‍കുഞ്ഞ് എന്ന സിനിമക്ക് ചെയ്ത പാശ്ചാത്തല സംഗീതമൊക്കെ ആവറേജ് മാത്രമാണ്.ഇളയരാജയുടെ ഗതി റഹ്‌മാന് വരുമോ? അതോ അദ്ദേഹം ശക്തമായി തിരിച്ചടിക്കുമോ? സിനിമാപ്രേമികള്‍ കാത്തിരിക്കയാണ്.