അലന്‍സിയർ സ്ത്രീവിരുദ്ധനോ!
‘അവാര്‍ഡായി കിട്ടുന്ന പ്രതിമയുടെ ലിംഗംവരെ നോക്കുന്ന, എന്നിട്ട് അതില്‍ പ്രലോഭിതനാവുന്ന നടന്‍. ഇയാള്‍ ശരിക്കും അപമാനമാണ്”- സോഷ്യല്‍ മീഡിയയില്‍ നടന്‍ അലന്‍സിയര്‍ ലോപ്പസിനെതിരെ വരുന്ന പോസ്റ്റുകളില്‍ ഒന്നാണിത്. തിരുവനന്തപുരം നിശാഗന്ധിയില്‍ ചലച്ചിത്ര പുരസ്‌കാരവേദിയില്‍ നടന്റെ വാ വിട്ട വാക്കുകള്‍ക്കെതിരെ സോഷ്യല്‍ മീഡീയയില്‍ ഫെമിനിസ്റ്റുകളടക്കം ശക്തമായി പ്രതികരിക്കുകയാണ്.
2022-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം അലന്‍സിയറിനായിരുന്നു. പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം വേദിയില്‍ സംസാരിക്കുമ്പോഴായിരുന്നു വിവാദ പരാമര്‍ശം. പ്രത്യേക ജൂറി പരാമര്‍ശം എന്ന പേരില്‍ അവാര്‍ഡും 25000 രൂപയും തന്ന് അപമാനിക്കരുത് എന്നും, പുരസ്‌കാരമായി പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുതെന്നുമാണ് അലന്‍സിയര്‍ പറഞ്ഞത്. ആണ്‍കരുത്തുള്ള മുഖ്യമന്ത്രിയുള്ള നാട്ടില്‍ ആണ്‍കരുത്തുള്ള ഒരു പ്രതിമയെ തരണമെന്നും അത് കിട്ടുന്ന ദിവസം താന്‍ അഭിനയം നിര്‍ത്തുമെന്നും അലന്‍സിയര്‍ പറഞ്ഞൂ. പുരസ്‌കാരം വാങ്ങി വീട്ടില്‍ പോകാമെന്നാണ് കരുതിയത്.സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരത്തിന് സ്വര്‍ണം പൂശിയ പ്രതിമ നല്‍കണമെന്നുമൊക്കെയായിരുന്നു അലന്‍സിയറിന്റെ പ്രസംഗം.
ഇത് കൃത്യമായ സ്ത്രീവിരുദ്ധതയാണെന്നും, ഇതുപോലുള്ള വഷളത്തരത്തിന് കൈയടിക്കുന്ന സമൂഹം അപമാനമാണെന്നും സോഷ്യല്‍ മീഡിയയില്‍ കമന്റുകളിടുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. അലന്‍സിയര്‍ക്ക് അവാര്‍ഡ് ലഭിച്ച മജു സംവിധാനം ചെയ്ത അപ്പന്‍ എന്ന സിനിമയിലെ കഥാപാത്രവുമായി ബന്ധപ്പെടുത്തിയും പ്രതികരിക്കുന്നവര്‍ കമന്റുകളിട്ടുണ്ടു. എന്നാല്‍ താന്‍ സ്ത്രീവിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ല എന്നാണ് അലന്‍സിയറിന്റെ വാദം.എന്നാല്‍ ആ വാദത്തെ ന്യായീകരിക്കുന്ന ഒന്നും അലന്‍സിയര്‍ വ്യക്തമാക്കിയിട്ടുമില്ല.

ന്യൂജന്‍ തിലകന്‍ എന്ന അറിയപ്പെടുന്ന അലന്‍സിയര്‍ വിവാദങ്ങളില്‍ പെടുന്നത് ഇത് ആദ്യമായിട്ടല്ല. 2018ലെ അവാര്‍ഡ്ദാനചടങ്ങില്‍ ‘അമ്മ’ അധ്യക്ഷന്‍ കൂടിയായ മോഹന്‍ലാലിനു നേരെയുള്ള നടന്‍ അലന്‍സിയറുടെ ‘തോക്കുപ്രയോഗം’ തിരുവനന്തപുരം നിശാഗന്ധിയില്‍ നടന്ന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ ഒരു ഞെട്ടലായിരുന്നു . ദിലീപ് വിവാദം കത്തിനില്‍ക്കെ മോഹന്‍ലാലിനെ കൈകൊണ്ടു തോക്ക്് ചൂണ്ടുന്നത് പോലെ പ്രതീകാത്മകമായി ഫയര്‍ ചെയ്തത് രാഷ്ട്രീയമായി ചിലര്‍ വായിച്ചു. മലയാള ചലച്ചിത്രമേഖലയിലെ തന്റെ സഹപ്രവര്‍ത്തകരെ ആദരിക്കുന്ന ചടങ്ങ് താന്‍ ജനിച്ചു വളര്‍ന്ന തിരുവനന്തപുരം നഗരത്തില്‍ നടക്കുമ്പോള്‍ അതില്‍ പങ്കെടുക്കാന്‍ ആരുടേയും അനുവാദം ആവശ്യമില്ലെന്ന തകര്‍പ്പന്‍ ഡയലോഗുകളോടെ ലാല്‍ കസറുന്നതിനിടെയാണ് അധികമാരുടേയും ശ്രദ്ധയില്‍പ്പെടാതെ അലന്‍സിയര്‍ മോഹന്‍ലാല്‍ പ്രസംഗിക്കുന്നതിന്റെ വേദിയുടെ താഴെയെത്തിയത്.

പ്രസംഗപീഠത്തിനു താഴെനിന്ന് ആദ്യം വലതുകൈ നീട്ടി ഉന്നംപിടിച്ചു. ഉന്നം ശരിയായില്ലെന്നു കണ്ട് ഒരു വട്ടം കൂടി ഉന്നമെടുത്തു. പിന്നെ നടുവിരലും ചൂണ്ടുവിരലും ചേര്‍ത്തുപിടിച്ചു തോക്കിന്‍കുഴലാക്കി. തള്ളവിരല്‍ കൊണ്ടു ട്രിഗര്‍ ഞെരിച്ചു. രണ്ടു വെടി. അടുത്ത നിമിഷം പടിക്കെട്ടുകയറി സ്റ്റേജിലേക്കു കയറാന്‍ ശമിച്ചു. അന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവും വേദിയിലുണ്ടായിരുന്ന ഏതാനും പൊലീസുകാരും ചേര്‍ന്ന് ശ്രമം തടഞ്ഞു. ഉന്തിത്തള്ളി വേദിക്കു പിന്നിലേക്കു കൊണ്ടുപോയി. അപ്പോഴേക്കും ലാല്‍ പ്രസംഗം അവസാനിപ്പിക്കുകയും ആരാധകരുടെ കരഘോഷത്തിനും ആര്‍പ്പുവിളികള്‍ക്കുമിടയില്‍ ഇരിപ്പിടത്തിലേക്കു മടങ്ങുകയും ചെയ്തു.
അലന്‍സിയര്‍ കൈ ചൂണ്ടി വെടി വയ്ക്കുന്നതും വേദിയിലേക്കു കയറാന്‍ ശ്രമിക്കുന്നതുമെല്ലാം പ്രസംഗം നോക്കി വായിക്കുന്നതിനിടയിലും മോഹന്‍ലാലിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അതിന്റെ അലോസരം ലാലിന്റെ മുഖത്തു മിന്നി മായുകയും ചെയ്തു. അന്ന് അപകടം മണത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങ് അലങ്കോലപ്പെടാതിരിക്കാനും അലന്‍സിയറുടെ പ്രവൃത്തിയുടെ ഗൗരവം കുറയ്ക്കാനും നന്നായൊന്നു ചിരിച്ചു. കുറച്ചുസമയത്തിനു ശേഷം മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം ഏറ്റു വാങ്ങാനായി വേദിയിലെത്തിപ്പോള്‍ മുഖ്യമന്ത്രി അലന്‍സിയറോട് തോക്കുപ്രയോഗത്തെക്കുറിച്ച് ചോദിക്കുന്നുണ്ടായിരുന്നു. മറുപടി പറയാതെ ചിരിച്ചുകൊണ്ടായിരുന്നു അലന്‍സിയറുടെ നില്‍പ്പ്.
പക്ഷേ അഞ്ചു കൊല്ലം കഴിയുമ്പോള്‍ അതേ വേദിയില്‍ മറ്റൊരു വിവാദം. അത് മലയാള സിനിമയ്ക്ക് തന്നെ നാണക്കേടായി എന്നാണ് വിലയിരുത്തല്‍.

പീഡനക്കേസ് ഉള്‍പ്പെടെ പല വിവാദങ്ങളിലും അലന്‍സിയര്‍ ചെന്ന് പെട്ടിട്ടുണ്ട്. . അദ്ദേഹത്തിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചുകൊണ്ടുള്ള ഒരു കുറിപ്പ് ഇന്ത്യ പ്രൊട്ടസ്റ്റ് എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്യപ്പെട്ടിരുന്നു. പേര് വെളിപ്പെടുത്താതെയുള്ള ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന ആക്ഷേപം ഉയര്‍ന്നതോടെയാണ് അത് താനാണെന്ന വെളിപ്പെടുത്തലുമായി നടി എത്തിയത്. ‘ആഭാസം’ എന്ന സിനിമയുടെ സെറ്റില്‍ വെച്ച് അലന്‍സിയര്‍ മോശമായി പെരുമാറിയെന്നായിരുന്നു ആരോപണം. പ്രലോഭനശ്രമങ്ങളുമായാണ് അലന്‍സിയര്‍ തുടക്കം മുതല്‍ സമീപിച്ചിത്. മാറിലേക്ക് നോക്കി അശ്ലീലം പറഞ്ഞെന്നും മദ്യപിച്ചെന്ന് മുറിയില്‍ കയറിവന്നെന്നും ആരോപിച്ചു. പിന്നീട് ഈ വിവാദം കെട്ടടങ്ങി.
അതിന് ശേഷം പ്രമുഖ സംവിധായകന്റെ ഫ്‌ളാറ്റില്‍ കയറി കൈ കൊണ്ട് പ്രതീകാത്മക വെടിവച്ചതും വാര്‍ത്തയായി. ഇങ്ങനെ നിരന്തരം വിവാദത്തില്‍പെടുന്ന നടന്‍ കുടിയാണ് അലന്‍സിയര്‍. പക്ഷേ ലാലിനെ വെടിവെച്ച വിവാദത്തിലൊക്കെ സ്ത്രീപക്ഷത്ത് നില്‍ക്കുന്ന കാലാകാരന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ ഇമേജ്. പക്ഷേ ഇപ്പോള്‍ തികഞ്ഞ സ്ത്രീവിരുദ്ധന്‍ എന്ന ഇമേജാണ് അയാള്‍ക്ക് ലഭിക്കുന്നത്. അസാധ്യ നടന്‍ തന്നെയാണ് അലന്‍സിയര്‍. എന്ന്വെച്ച് അയാള്‍ പറയുന്ന സാമൂഹികവിരുദ്ധ ആശയങ്ങള്‍ക്ക് കൈയടിച്ച് കൊടുക്കലല്ല തങ്ങളുടെ പണിയെന്നാണ് സോഷ്യല്‍ മീഡിയ ആക്റ്റീവിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നത്.