മോഹൻലാലിനും മമ്മൂട്ടിക്കും മാത്രമല്ല, നിങ്ങൾക്കും തുടങ്ങാം വാട്സാപ്പ് ചാനൽ
കഴിഞ്ഞ കുറച്ചു നാളുകളായി പുതിയ ഫീച്ചറുകൾ കൊണ്ട് ഉപയോക്താക്കളെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ് മെസ്സേജിങ് ആപ്പ്ളിക്കേഷനായ വാട്സാപ്പ്. എന്നാൽ കഴിഞ്ഞ ദിവസം മമ്മൂട്ടിയും മോഹൻലാലും വാട്സാപ്പിൽ ചാനൽ തുടങ്ങി എന്ന് കേട്ട് മലയാളികൾ ഞെട്ടി. എന്താണ് ഈ വാട്സപ്പ് ചാനൽ? നമുക്ക് നോക്കാം.
മെറ്റ അവതരിപ്പിച്ച പുതിയ ഫീച്ചറാണ് വാട്സപ്പ് ചാനൽ. നിങ്ങൾക്ക് താൽപര്യമുള്ള ആളുകളിൽ നിന്നോ ഓർഗനൈസേഷനുകളിൽ നിന്നോ ഉള്ള അപ്‌ഡേറ്റുകൾ നേരിട്ട് നിങ്ങളുടെ വാട്സപ്പിൽ ലഭിക്കുന്നതിനുള്ള ഒരു സംവിധാനമാണിത്. ഉദാഹരണത്തിന് നിങ്ങൾ മോഹൻലാലിനെ ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ അദേഹത്തിന്റെ ലൈഫ് അപ്ഡേറ്റുകളോ സിനിമാ അപ്ഡേറ്റുകളോ ലഭിക്കാൻ മോഹൻലാലിന്റെ സോഷ്യൽമീഡിയ പേജ് എടുത്ത് നോക്കണം അല്ലെ? എങ്കിൽ ഇനി അതിന്റെ ആവശ്യമില്ല. മോഹൻലാലിന്റെ വാട്സപ്പ് ചാനലിൽ ജോയിൻ ചെയ്താൽ നിങ്ങളുടെ വാ്ടാസപ്പ് വഴി നേരിട്ട് ഓരോ അപ്ഡേറ്റുകളും ലഭിക്കും.
WhatsApp ചാനലുകൾ എന്ന് വിളിക്കപ്പെടുന്ന ഈ ഫീച്ചർ ഒരു വൺ-വേ ബ്രോഡ്‌കാസ്റ്റ് ടൂളാണ്, അത് നിങ്ങളുടെ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും കമ്മ്യൂണിറ്റികളുമായും ഉള്ള ചാറ്റുകളിൽ നിന്ന് വ്യത്യസ്തമായി അപ്‌ഡേറ്റ്സ് എന്ന പുതിയ ടാബിലാണ് ലഭ്യമാവുക. വാട്ട്‌സ്ആപ്പിലൂടെ ഒരു സ്ഥാപനത്തിനോ വ്യക്തിക്കോ തന്റെ സബ്‌സ്‌ക്രൈബർമാരോട് വിവരങ്ങൾ പങ്കുവയ്ക്കാനുള്ള ഒരു വൺ-വേ ബ്രോഡ്‌കാസ്റ്റ് ടൂളാണ് വാട്ട്സ്ആപ്പ് ചാനൽ. ടെലഗ്രാം ചാനലുകൾക്ക് സമാനമായ ഫീച്ചറാണിത്. ഉപഭോക്താക്കൾക്ക് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ചാനലുകൾ സബസ്‌ക്രൈബ് ചെയ്യാനും അതിലൂടെ ലഭിക്കുന്ന അപ്‌ഡേറ്റുകൾ അറിയാനും സാധിക്കും. എന്നാൽ മറ്റ് ഗ്രൂപ്പുകളെ പോലെ എല്ലാവർക്കും ഇതിൽ സന്ദേശങ്ങൾ അയക്കാൻ സാധിക്കില്ല. അഡ്മിൻമാർക്ക് മാത്രമാണ് അതിനുള്ള അധികാരം.
അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ മാത്രമേ ആഗോളതലത്തിൽ, ഇന്ത്യ ഉൾപ്പെടെ 150-ലധികം രാജ്യങ്ങളിൽ ഇത് ലഭ്യമാകുകയുള്ളു. സ്വന്തം രാജ്യത്തെ അടിസ്ഥാനമാക്കി ഫിൽട്ടർ ചെയ്യപ്പെടുന്ന ചാനലുകൾ നിങ്ങൾക്ക് സ്വയം കണ്ടെത്താം അല്ലെങ്കിൽ പേരോ വിഭാഗമോ അനുസരിച്ച് ചാനലുകൾക്കായി തിരയാം. ഫോളോവേഴ്സിന്റെ എണ്ണം അടിസ്ഥാനമാക്കി സജീവവും ജനപ്രിയവുമായ ചാനലുകളും നിങ്ങൾക്ക് കാണാനാകും.
ഇന്ത്യയിൽ നിന്നും ലോകമെമ്പാടുമുള്ള ചില പ്രമുഖ താരങ്ങൾ, സ്‌പോർട്‌സ് ടീമുകൾ, കലാകാരന്മാർ, ചിന്തകർ, നേതാക്കൾ, ഓർഗനൈസേഷനുകൾ എന്നിവർ ഇതിനകം തന്നെ വാട്ട്‌സ്ആപ്പിൽ ചാനൽ തുടങ്ങിക്കഴിഞ്ഞു. ഉദാഹരണത്തിന്, നിങ്ങൾക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പിന്തുടരാം, അതല്ലെങ്കിൽ ബോളിവുഡ് താരങ്ങളായ കത്രീന കൈഫ്, ദിൽജിത് ദോസഞ്ച്, അക്ഷയ് കുമാർ, വിജയ് ദേവേരകൊണ്ട, നേഹ കക്കർ എന്നിവരെയും. മെറ്റ സ്ഥാപകൻ മാർക്ക് സക്കർബർഗിനെ വാട്ട്സാപ്പിൽ ഫോളോ ചെയ്‌താൽ അദ്ദേഹം ഫേസ്‌ബുക്ക് , വാട്ട്‌സ്ആപ്പ് എന്നിവയുടെ അപ്‌ഡേറ്റുകൾ അവിടെ പങ്കിടുന്നത് കാണാം. ഇത് കേൾക്കുമ്പോൾ സ്വാഭാവികമായും എല്ലാവർക്കും തോന്നുന്ന സംശയം ഇതിലൂടെ സ്വകാര്യത നഷ്ടമാവില്ലേ, ഫോൺ നമ്പർ എല്ലാവർക്കും ലഭിക്കില്ലേ എന്നതൊക്കെയാകും. എന്നാൽ അങ്ങനൊരു പേടി വേണ്ട.
ഒരു ചാനൽ ഫോളോവർ എന്ന നിലയിൽ, നിങ്ങളുടെ ഫോൺ നമ്പറും പ്രൊഫൈൽ ഫോട്ടോയും അഡ്‌മിനോ മറ്റ് ഫോളോവേഴ്‌സിനോ കാണാൻ സാധിക്കില്ല. അതു പോലെ, ഒരു ചാനൽ പിന്തുടരുന്നത് കൊണ്ട് നിങ്ങളുടെ ഫോൺ നമ്പർ അഡ്‌മിന് അറിയാനും സാധിക്കില്ല. ആരെ ഫോളോ ചെയ്യണം എന്ന് തീരുമാനിക്കുന്നത് നിങ്ങളുടെ ഇഷ്ടമാണ്, അത് സ്വകാര്യവുമാണ്. കൂടാതെ, ചാനൽ ഹിസ്റ്ററി 30 ദിവസത്തേക്ക് മാത്രമേ സംരക്ഷിക്കപ്പെടുകയുള്ളൂ. ഇമോജികൾ ഉപയോഗിച്ച് നിങ്ങൾക്ക് ചാനലിൽ വരുന്ന അപ്‌ഡേറ്റുകളോട് പ്രതികരിക്കാനും പ്രതികരണങ്ങളുടെ ആകെ എണ്ണം കാണാനും കഴിയും. നിങ്ങൾ എങ്ങനെ പ്രതികരിക്കുന്നു എന്നത് മറ്റുള്ളവർ കാണില്ല. ചാനലിലേക്കുള്ള ലിങ്ക് ഉപയോഗിച്ച് നിങ്ങൾക്ക് ചാറ്റുകളിലേക്കോ ഗ്രൂപ്പുകളിലേക്കോ അപ്‌ഡേറ്റുകൾ കൈമാറാനും കഴിയും, അതു വഴി കൂടുതൽ ആളുകൾക്ക് ചാനൽ കണ്ടെത്താനാകും. നിങ്ങൾക്ക് ഒരു ചാനൽ ഫോളോ ചെയ്യുന്നത് നിർത്തണമെങ്കിൽ, ഏത് സമയത്തും മ്യൂട്ട് ചെയ്യുകയോ അൺസബ്‌സ്‌ക്രൈബു ചെയ്യുകയോ ചെയ്യാം.
ഇനി നിങ്ങളുടെ ഫോണിൽ വാട്സാപ്പ് ചാനൽ ലഭിക്കാൻ എന്ത് ചെയ്യണമെന്ന് നോക്കാം. Google Play സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ നിങ്ങളുടെ WhatsApp ആപ്പ് ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യുക. ശേഷം വാട്ട്‌സ്ആപ്പ് തുറന്ന് സ്‌ക്രീനിന്റെ താഴെയുള്ള അപ്‌ഡേറ്റ് ടാബിൽ ടാപ്പ് ചെയ്യുക. നിങ്ങൾക്ക് ഫോളോ ചെയ്യാൻ സാധിക്കുന്ന ചാനലുകളുടെ ഒരു ലിസ്റ്റ് നിങ്ങൾ കാണും. ഒരു ചാനൽ ഫോളോ ചെയ്യാൻ, അതിന്റെ പേരിന് അടുത്തുള്ള ‘+’ ബട്ടണിൽ ടാപ്പ് ചെയ്യുക. അതിന്റെ പ്രൊഫൈലും വിവരണവും കാണുന്നതിന് നിങ്ങൾക്ക് ചാനലിന്റെ പേരിൽ ടാപ്പു ചെയ്യാനും കഴിയും. നിങ്ങളുടെ നിലവിലുള്ള വാട്ട്‌സ്ആപ്പ് അക്കൗണ്ടോ പുതിയതോ ഉപയോഗിച്ച് നിങ്ങൾക്ക് ഒരു ചാനൽ സൃഷ്ടിക്കാൻ കഴിയും. അവിടെ നിങ്ങൾ അഡ്മിൻ ആയിരിക്കും. അഡ്മിന് തന്റെ പോസ്റ്റുകൾ 30 ദിവസം വരെ എഡിറ്റ് ചെയ്യാൻ സാധിക്കും. അതുപോലെ അഡ്മിന് ചാനലിലെ കണ്ടന്റുകളുടെ ലിങ്കുകൾ ഗ്രൂപ്പുകളിലും ചാറ്റുകളിലും പങ്കുവെക്കാൻ സാധിക്കും.ചാനലിൽ മെസേജുകൾ അധികമാകുന്നത് നിയന്ത്രിക്കാനായി 30 ദിവസം മാത്രമെ വാട്‌സ്ആപ്പ് ചാനൽ ഹിസ്റ്ററി സൂക്ഷിക്കുകയുള്ളു. ഫോളോവേഴ്‌സിന്റെ ഡിവൈസിൽ അപ്‌ഡേറ്റുകൾ കൂടുതൽ വേഗത്തിൽ അപ്രത്യക്ഷമാകുന്ന ഫിച്ചറും അഡ്മിൻമാർക്ക് അവരുടെ ചാനലുകളിൽ സ്‌ക്രീൻഷോട്ടുകൾ എടുക്കുന്നതും ഫോർവേർഡ് ചെയ്യുന്നതും തടയാനുള്ള ഫീച്ചറും കമ്പനി ഉടൻ അവതരിപ്പിച്ചേക്കും. അതുപോലെ അഡ്മിന് തന്റെ ചാനൽ ആരൊക്കെ ഫോളോ ചെയ്യണമെന്ന് തീരുമാനിക്കാനും സാധിക്കും.
ReplyForward |