We Talk

കരുവന്നൂര്‍ എന്നു കേള്‍ക്കുമ്പോള്‍ ഞെട്ടുന്ന സിപിഎം

പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത് എന്ന സന്ദേശം സിനിമയിലെ ശ്രീനിവാസൻ ഡയലോഗ് മലയാളിയുടെ സാമൂഹിക ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. കാലപ്പഴക്കത്തിൽ ക്‌ളീഷേ ആയി മാറിയ ഈ ഡയലോഗ് കരുവന്നൂരിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത് എന്നു ഭേദഗതി ചെയ്യാൻ സമയമായിക്കഴിഞ്ഞു. നിയമസഭയിൽ വ്യാഴാഴ്ച കരുവന്നൂർ സഹകരണ ബാങ്കിലെ ധനാപഹരണത്തെ കുറിച്ച് കോൺഗ്രസ് അംഗം മാത്യു കുഴൽനാടൻ പറഞ്ഞു തുടങ്ങിയപ്പോഴേക്കും ഭരണപക്ഷ അംഗങ്ങൾ, പ്രത്യേകിച്ച് സിപിഎമ്മുകാർ അക്ഷമരായി ബഹളം വെക്കുകയും പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു.

കുഴൽനാടൻ സംസാരം തുടർന്നപ്പോൾ സ്പീക്കർ എ എൻ ഷംസീർ മൈക്ക് ഓഫ് ചെയ്തു. സഹകരണ നിയമ ഭേദഗതിയിലുള്ള ചർച്ചക്കിടയിലാണ് കരുവന്നൂർ ബാങ്ക് വിഷയം കുഴൽനാടൻ എടുത്തിട്ടത്. പണം തട്ടിപ്പു കേസിൽ ഇ ഡി അറസ്റ്റ് ചെയ്തതിന്റെ റിമാൻഡ് റിപ്പോർട്ട് സഭയിൽ വായിച്ചതാണ് സിപിഎം അംഗങ്ങളെ ക്ഷുഭിതരാക്കിയത്. അതിൽ പരാമർശിക്കുന്ന ഒരാൾ സിറ്റിംഗ് എം എൽ എയും രണ്ടാമത്തെ ആൾ മുൻ എം പിയുമാണ്. ഇ ഡി ഇതിനകം പല തവണ ചോദ്യം ചെയ്യുകയും വീണ്ടും ചോദ്യം ചെയ്യലിന് നോട്ടീസ് കൊടുക്കുകയും ചെയ്ത എ സി മൊയ്തീൻ സഭയിൽ ഉണ്ടായിരുന്നു. മുൻ മന്ത്രിയും സിപിഎമ്മിന്റെ മുൻ ജില്ലാ സെക്രട്ടറിയും നിലവിൽ സംസ്ഥാന സമിതി അംഗവുമാണ് മൊയ്തീൻ. കരുവന്നൂർ ബാങ്കിലെ പണാപഹരണത്തിനു മൊയ്തീൻ കൂട്ട് നിൽക്കുകയും അതിന്റെ പങ്കു പറ്റുകയും ചെയ്തു എന്ന നിഗമനത്തിലാണ് ഇ ഡി . കോഴിയുടെ സുരക്ഷ കുറുക്കനെ ഏല്പിക്കുന്നതു പോലെ കരുവന്നൂർ ബാങ്കിലെ പണം തിരിമറി അന്വേഷിക്കാൻ സിപിഎം ചുമതലപ്പെടുത്തിയ ആളാണ് മുൻ എം പി പി കെ ബിജു. താൻ അന്വേഷണ കമ്മിറ്റിയിൽ ഉണ്ടായിരുന്നില്ലെന്നും ബാങ്കുമായി ബന്ധമില്ലെന്നും ബിജു പറഞ്ഞു തീർക്കുന്നതിനു മുൻപ് ബിജുവിനെ അന്വേഷണ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയ സിപിഎം ജില്ലാ കമ്മിറ്റിയുടെ മിനുട്‌സ് പുറത്തു വന്നു.
300 കോടി രൂപയുടെ അപഹരണമാണ് കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നത്. സാധാരണക്കാരുടെ പണമാണ് അതിൽ കൂടുതലും. ജീവിതത്തിലെ സമ്പാദ്യം മുഴുവൻ ബാങ്കിൽ സ്ഥിര നിക്ഷേപമിട്ട നിരവധി പേർ പണം തിരിച്ചു കിട്ടാതെ ദുരിതവും മാനസിക പ്രയാസവും അനുഭവിക്കുകയാണ്. ബാങ്കിൽ സാമ്പത്തിക തിരിമറികൾ നടക്കുന്നതായി സിപിഎമ്മിന്റെ ഉത്തരവാദപ്പെട്ട അംഗങ്ങൾ യഥാസമയം പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടും അനങ്ങാതെ തട്ടിപ്പിന് കൂട്ടു നിൽക്കുന്ന സമീപനമാണ് അവരിൽ നിന്നുണ്ടായത്.
സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ ഭൂരിഭാഗവും ഭരിക്കുന്നത് സിപിഎമ്മാണ്. സ്വാഭാവികമായും സാമ്പത്തിക തട്ടിപ്പുകൾ കൂടുതൽ നടക്കുന്നതും സിപിഎം ഭരിക്കുന്ന ബാങ്കുകളിലാണ്. അതിൽ ഇന്നേവരെ നടന്ന തട്ടിപ്പുകളിൽ ഏറ്റവും വലുതാണ് കരുവന്നൂർ ബാങ്കിലേത് . വ്യാജ വായ്പകളും അത് വഴിക്കുള്ള കോടികളുടെ ധനാപഹരണവും ബോധ്യപ്പെട്ടിട്ടും ഉചിതമായ നടപടി എടുക്കാതെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരും സഹകരണ വകുപ്പും സ്വീകരിച്ചത്. അപഹരിച്ച പണം ഈടാക്കേണ്ടവരുടെ പട്ടികയിൽ നിന്ന് ചിലരെ പാർട്ടി താല്പര്യത്തിന്റെ പേരിൽ സഹകരണ വകുപ്പ് ഒഴിവാക്കുക കൂടി ചെയ്തു എന്നറിയുമ്പോഴാണ് അന്വേഷണം അട്ടിമറിക്കാൻ എത്രമാത്രം ആസൂത്രിതമായ ശ്രമമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത് എന്ന് ബോധ്യപ്പെടുക. പോലീസ് എഫ് ഐ ആറിന്റെ ചുവട് പിടിച്ചു കരുവന്നൂർ ബാങ്കിൽ ഇ ഡി എത്തിയപ്പോഴാണ് തട്ടിപ്പിന്റെ വ്യാപ്തിയും അതിൽ പാർട്ടിയുമായി ബന്ധപ്പെട്ട പ്രധാനികളുടെ പങ്കും പൊതുജനം അറിഞ്ഞത്. കേരളാ പോലീസ് അട്ടിമറിക്കുമായിരുന്ന കേസിനു അതോടെ പുതിയ മാനങ്ങൾ ഉണ്ടായി.
നൂറു വർഷം പഴക്കമുള്ള ബാങ്കിൽ 12 വർഷം മുൻപാണ് പണം തട്ടിപ്പിന് തുടക്കമിടുന്നത്. ഫിലോമിന എന്ന എഴുപതുകാരിയായ നിക്ഷേപക ബാങ്കിൽ നിന്ന് പണം കിട്ടാത്തതിനാൽ ചികിത്സ ലഭിക്കാതെ മരിച്ചതോടെയാണ് ഈ സഹകരണ ബാങ്ക് പൊതുജന ശ്രദ്ധയിൽ വരുന്നത്. 30 ലക്ഷം രൂപ നിക്ഷേപം ഉണ്ടായിരുന്ന ഫിലോമിനക്കു ചികിത്സക്ക് വേണ്ടി പണം കൊടുക്കാൻ ബാങ്കിന് കഴിഞ്ഞില്ല. ബാങ്കിലെ പണം ചോർത്തിയെടുത്തു എന്ന വിവരം പുറത്തു വന്നതോടെ നിക്ഷേപം തിരിച്ചെടുക്കാൻ ബാങ്കിൽ ചെന്നവരോട് ധാർഷ്ട്യത്തിലാണ് ജീവനക്കാർ പെരുമാറിയത്. പണം ഉണ്ടാകുമ്പോൾ തരും എന്നായിരുന്നു അവരുടെ മറുപടി. തുടർന്ന് പരാതി വന്നപ്പോൾ സഹകരണ വകുപ്പ് നടത്തിയ പരിശോധനയിലാണ് പണാപഹരണം ബോധ്യപ്പെടുന്നത്.
1921 ൽ ആരംഭിച്ച ബാങ്കിന്റെ ശതാബ്ദി വർഷത്തിലാണ് തട്ടിപ്പിന്റെ വ്യാപ്തി പുറത്തു വന്നു തുടങ്ങിയത്. അഞ്ചു ശാഖകളും മൂന്നു സൂപ്പർ മാർക്കറ്റുകളും മൂന്നു നീതി സ്റ്റോറുകളും പേപ്പർ ബാഗ് നിർമാണ യൂണിറ്റും റബ്‌കോയുടെ വളം ഏജൻസിയുമൊക്കെ ബാങ്കിന് കീഴിലുണ്ട്. അര നൂറ്റാണ്ടായി ബാങ്ക് ഭരണം സിപിഎം നിയന്ത്രണത്തിലാണ്. ബാങ്കിലെ ജീവനക്കാരിൽ ഭൂരിഭാഗവും പാർട്ടി അംഗങ്ങളുമാണ്. ഡയറക്ടർമാരും ജീവനക്കാരും ചേർന്നാണ് ബാങ്കിന്റെ പണം ഊറ്റിയെടുത്തത് .ഒരേ ആധാരം കാണിച്ചു പലവട്ടം വായ്പയെടുക്കുകയും വായ്പകൾക്ക് മേൽ പുനർ വായ്പ എടുക്കുകയും ചെയ്തു. പാർട്ടിനേതാക്കളുടെ ഉറ്റ തോഴനായ കണ്ണൂർ സ്വദേശി സതീഷ് കുമാറിന്റെ അക്കൗണ്ടിലേക്കാണ് ഇതിൽ നിന്ന് കോടികൾ പോയത്. സതീഷ് കുമാറിന്റെ പങ്കു ബോധ്യപ്പെടാനും അയാളെ അറസ്റ്റ് ചെയ്യാനും ഇ ഡി വരേണ്ടി വന്നു.
കേസിൽ അന്വേഷണം ആരംഭിച്ച പോലീസ് ആദ്യം അറസ്റ്റ് ചെയ്ത 18 പേരിൽ ഭൂരിഭാഗത്തിനും വളരെ പെട്ടെന്ന് ജാമ്യം ലഭിച്ചു. സഹകരണ വകുപ്പ് ഇടപെട്ട് 16 ജീവനക്കാരെ സസ്പെൻഡ് ചെയ്തെങ്കിലും പിന്നീട് തിരിച്ചെടുത്തു. തട്ടിപ്പു പുറത്തായ ശേഷം വളരെ വൈകിയാണെങ്കിലും ഭരണ സമിതി പിരിച്ചു വിട്ടു അഡ്മിനിസ്ട്രറ്റർ ഭരണം ഏർപ്പെടുത്തി. തുടർന്ന് സഹകരണ ജോയിന്റ് റെജിസ്ട്രർ നടത്തിയ അന്വേഷണത്തിൽ ബാങ്കിൽ വായ്പയുടെ മറവിൽ നടത്തിയ നൂറു കോടിയുടെ ധനാപഹരണം കണ്ടെത്തി. പിന്നീട് സഹകരണ പരിശോധനാ വിഭാഗം അന്വേഷണം നടത്തിയപ്പോൾ തിരിമറി നടത്തിയ തുക 226 കോടിയായി ഉയർന്നു. ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടയിലാണ് കേസിൽ ഇ ഡി വരുന്നതും കൊമ്പൻ സ്രാവുകൾ വലയിലാകുന്നതും. ബാങ്കുകളുടെ കൺസോർഷ്യം രുപീകരിച്ചു പണം കടം വാങ്ങിയും സർക്കാർ ധനസഹായം നൽകിയും നിക്ഷേപകരുടെ പണം നൽകാൻ സർക്കാർ തലത്തിൽ ഇതിനിടെ നീക്കം തുടങ്ങിയിരുന്നു. എന്നാൽ, ഇ ഡി യുടെ വരവോടെ കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ യഥാർത്ഥ ഗുണഭോക്താക്കൾ വെളിച്ചത്തു വന്നിരിക്കുകയാണ്. സംസ്ഥാന സഹകരണ വകുപ്പും പോലീസും ചേർന്ന് അട്ടിമറിക്കുമായിരുന്ന കേസ് ഇതോടെ വഴിത്തിരിവിലെത്തി. സിപിഎമ്മിന്റെ പ്രമുഖ നേതാക്കളുടെ പങ്കു വെളിച്ചത്തു വന്നതോടെ കരുവന്നൂർ എന്ന് കേൾക്കുന്നത് പോലും പാർട്ടിക്ക് അലർജിയായി മാറിയിരിക്കയാണ്.

Leave a Reply

Your email address will not be published. Required fields are marked *