We Talk

പുരുഷ മേൽക്കോയ്മ തകർത്ത് പൂജാരിമാരാകാൻ സ്ത്രീകൾ

കാലാകാലങ്ങളായി പുരുഷന്‍മാര്‍ അടക്കി വാണിരുന്ന പല തൊഴിലിടങ്ങളിലും ഇന്ന് സ്ത്രീകള്‍ തങ്ങളുടെ മികവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ്.  തങ്ങളുടെ ഇഷ്ടവും കഴിവും അനുസരിച്ച് ജീവിക്കാനും തൊഴിലെടുക്കാനും സ്ത്രീകള്‍ സ്വയം സജ്ജരായ  ഈ കാലത്ത്  ഇതുവരെ തങ്ങളെ നിയന്ത്രിച്ച് മാറ്റിനിര്‍ത്തിയ മേഖലകളെല്ലാം അവര്‍ കൈപ്പിടിയിലൊതുക്കിക്കഴിഞ്ഞു.  അതില്‍ ഏറ്റവും ഒടുവിലത്തേതാണ് പൗരോഹിത്യം.

ഏത് മതത്തിലും പൗരോഹിത്യം എന്നത് പുരുഷന്‍മാരുടെ കുത്തകയാണ്. എന്നാല്‍ ആ കുത്തക ഇല്ലാതാക്കുകയാണ് തമിഴ്‌നാട്ടിലെ മൂന്ന് സ്ത്രീകള്‍. ആര്‍ത്തവം മൂലം പല ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുമ്പോള്‍ അവര്‍ ശ്രീകോവിലില്‍ കയറി പൂജ നടത്താനാണ് ഒരുങ്ങുന്നത്.  ഇതിനായുള്ള പരിശീലനമെല്ലാം അവര്‍ യഥാവിധി പൂര്‍ത്തിയാക്കിക്കഴിഞ്ഞു. വൈകാതെ തന്നെ ഈ മേഖലയില്‍ വേരൂന്നിയ ആണ്‍ മേല്‍ക്കോയ്മയെ പിഴുതെറിഞ്ഞുകൊണ്ട് സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍  അസിസ്റ്റന്റ് പൂജാരിമാരായി അവര്‍ ജോലി ആരംഭിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് ഡിപ്പാര്‍ട്ട്മെന്റിന് കീഴിലുള്ള ട്രെയിനിങ് സ്‌കൂളില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ കൃഷ്ണവേണി, എസ് രമ്യ, എന്‍ രഞ്ജിത എന്നീ സ്ത്രീകളാണ് പൂജാരിമാരാകുന്നത്. എല്ലാ ജാതിയില്‍ നിന്നും ഉള്ളവരെ പൂജാരിമാരാക്കാന്‍ വേണ്ടി സര്‍ക്കാര്‍ ആറ് ട്രെയിനിംഗ് സ്‌കൂളുകള്‍  സംസ്ഥാനത്ത് നടത്തുന്നുണ്ട്.  ഇത് ആദ്യമായാണ് സ്ത്രീകള്‍ ഇവിടെ നിന്നും കോഴ്‌സ് പൂര്‍ത്തിയാക്കി പൂജാരിമാരാകുന്നത്.

ഭഗവാനെ സേവിക്കാനും അര്‍ച്ചക ആകാനുമുള്ള തന്റെ വിളി പിന്തുടര്‍ന്ന് ശ്രീരംഗത്തിലെ ശ്രീ രംഗനാഥര്‍ ക്ഷേത്രം നടത്തുന്ന ട്രെയിനിംഗ് സ്‌കൂളില്‍ ചേരുകയായിരുന്നുവെന്ന്  ബിരുദാനന്തര ബിരുദധാരിയായ രമ്യ പറഞ്ഞു. ഞങ്ങള്‍ ഒരു പുരുഷ കോട്ട തകര്‍ത്തു. ക്ഷേത്രത്തില്‍ പൂജാരിയാകാന്‍ പരിശീലനം നേടി. ഇനി ഞങ്ങള്‍ക്ക് നല്ല എക്സ്പോഷര്‍ കിട്ടാനും  കൂടുതലറിയാനും പ്രധാന ക്ഷേത്രങ്ങളില്‍ നിയമനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇങ്ങനെ ഒരു അവസരം ലഭിച്ചതിന് മുഖ്യമന്ത്രി എം കെ സ്റ്റാലിനോട് മാത്രമാണ് നന്ദിയെന്നും രമ്യ പറഞ്ഞു. കടലൂര്‍ ജില്ലയിലെ മേല്‍ അദാനൂര്‍ സ്വദേശിയാണ് രമ്യ.  2023 സെപ്തംബര്‍ 12-നാണ് ഇവര്‍ക്ക്  പൗരോഹിത്യ പരിശീലനം പൂര്‍ത്തിയാക്കിയതിന്റെ  സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. ഗണിതശാസ്ത്രത്തില്‍ ബിഎസ്സി ബിരുദം നേടിയയാളാണ് എസ് കൃഷ്ണവേണി. ഇവരുടെ അച്ഛനും മുത്തച്ഛനും ഇവരുടെ ഗ്രാമത്തിലെ മാരിയമ്മന്‍ ക്ഷേത്രത്തില്‍ പൂജാരിമാരായിരുന്നു.  

പഞ്ചരാത്ര ആഗമമനുസരിച്ച്, പരിശീലനത്തിന്റെ ആറാം മാസത്തില്‍ മന്നാര്‍ഗുഡി സെന്ദളങ്ങര ജീയാറില്‍ നിന്ന് ഞങ്ങള്‍ എല്ലാവരും ദീക്ഷ സ്വീകരിച്ചു. ഭഗവാന്‍ ശ്രീനാരായണന്‍ അഞ്ച് ഋഷികള്‍ക്ക് അഞ്ച് രാത്രികളിലായി കൈമാറിയതാണ് ഈ ആഗമം. ശമ്പളത്തെക്കുറിച്ച് എനിക്കോ മറ്റുള്ളവര്‍ക്കോ ആശങ്കയില്ല. അത് ഭഗവാന്‍ തന്നുകൊള്ളും. കൃഷ്ണവേണി പറഞ്ഞു.തിരുവാരൂര്‍ ജില്ലയിലെ വെള്ളമഠഗു കൊരടച്ചേരി സ്വദേശിയാണ് എന്‍ രഞ്ജിത.  ഇവര്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ ബിരുദം നേടിയിട്ടുണ്ട്. സംസ്ഥാന മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ വിപ്ലവകരമായ ഈ മാറ്റത്തെ അഭിനന്ദിച്ചു. ദ്രാവിഡ മാതൃകയിലുള്ള സര്‍ക്കാരിന് കീഴില്‍ ഇത് സാധ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പൈലറ്റുമാരായും ബഹിരാകാശ യാത്രികരായും സ്ത്രീകള്‍ നേട്ടങ്ങള്‍ കൈവരിച്ചിട്ടും, ക്ഷേത്ര പൂജാരിമാരുടെ പവിത്രമായ സ്ഥാനത്ത് നിന്ന് അവരെ തഴഞ്ഞു. ദേവതകള്‍ പ്രതിഷ്ഠകളായിട്ടുള്ള  ക്ഷേത്രങ്ങളില്‍ പോലും സ്ത്രീകളെ അശുദ്ധരായി കണക്കാക്കി. പക്ഷേ ഒടുവില്‍ തമിഴ്‌നാട്ടില്‍ നമ്മുടെ ദ്രാവിഡ മോഡല്‍ സര്‍ക്കാര്‍ മാറ്റം കൊണ്ടുവന്നിരിക്കുന്നു. എല്ലാ ജാതിയിലും പെട്ട ആളുകളെ പൂജാരിമാരായി നിയമിച്ചുകൊണ്ട് തന്തൈ പെരിയാറിന്റെ ഹൃദയത്തെ വേദനിപ്പിച്ചുകൊണ്ടിരുന്ന മുള്ള് നാം നീക്കം ചെയ്തു. ഇപ്പോഴിതാ സ്ത്രീകളും ആ സ്ഥാനങ്ങളിലേക്ക് എത്തിപ്പെട്ടിരിക്കുന്നു. സമത്വത്തിന്റെയും സ്വാതന്ത്രത്തിന്റെയും പുതിയ യുഗമാണ് വന്നു ചേര്‍ന്നിരിക്കുന്നത്. എം.കെ.സ്റ്റാലിന്‍ എക്സില്‍ കുറിച്ചു.

സമൂഹത്തിലെ ഒട്ടുമിക്ക എല്ലാ തൊഴില്‍ മേഖലയിലും ഇന്ത്യന്‍ സ്ത്രീകള്‍ തങ്ങളുടെ മുദ്ര പതിപ്പിച്ചിട്ടുണ്ടെങ്കിലും, ക്ഷേത്ര പൂജാരിമാരായി പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. സ്ത്രീകള്‍ക്കെതിരെ മതപരമായ വിലക്ക് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. തമിഴ്നാട്ടില്‍ നിന്നും ഉയിരെടുത്ത ഈ മുന്നേറ്റത്തിന് സാവധാനമെങ്കിലും ആ വിലക്കുകളെ പൊട്ടിച്ചെറിയാന്‍ കഴിയട്ടെ എന്ന് നമ്മുക്ക് പ്രതീക്ഷിക്കാം.  

Leave a Reply

Your email address will not be published. Required fields are marked *