We Talk

ശാസ്ത്രീയാന്വേഷണമില്ല,അഞ്ചു കൊല്ലമായിട്ടും നിപയുടെ ഉറവിടം കണ്ടെത്തനായില്ല

നിപ വൈറസ് ബാധിച്ചു കോഴിക്കോട് രണ്ട് പേര്‍ മരിക്കുകയും 5 പേര്‍ വൈറസ് ബാധയേറ്റ് ജീവന് വേണ്ടി പോരാടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഏവരുടെയും മനസ്സില്‍ ഉയരുന്ന ഒരു ചോദ്യമുണ്ട്. എന്തുകൊണ്ടാണ് കേരളത്തില്‍ മാത്രം,  പ്രത്യേകിച്ച് കോഴിക്കോട്ടു , നിപ വൈറസ് പടര്‍ന്നു പിടിക്കുന്നത്?

2018 ലാണ് നമ്മള്‍ ഈ പേര് ആദ്യമായി കേള്‍ക്കുന്നത്. ഇപ്പോള്‍ നാലാം തവണയും നിപ നമ്മളെ ഭയപ്പെടുത്തുകയാണ്.  2018-ല്‍ കോഴിക്കോട് വൈറസ് ബാധ പടര്‍ന്നു പിടിക്കുകയും രോഗം വന്ന 18 പേരില്‍ 17 പേര്‍ മരിക്കുകയും ചെയ്തിരുന്നു.  2019ല്‍ എറണാകുളത്ത് ഒരു നിപ വൈറസ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.  2021ല്‍ നിപ വൈറസ് ബാധയുടെ ലക്ഷണമായ മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് 12 വയസ്സുള്ള  ആണ്‍കുട്ടി മരിച്ചു.  ഈ വര്‍ഷം ഇതിനകം  നിപ വൈറസ് മൂലം രണ്ട് പേരാണ് മരിച്ചത്..

 നിപ വ്യാപനമുണ്ടായ രാജ്യങ്ങളിലെല്ലാം ഈ വൈറസ് എങ്ങിനെയാണ് മനുഷ്യരിലേക്ക് എത്തി എന്നു കണ്ടുപിടിച്ചിട്ടുണ്ടു.മലേഷ്യ,ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ ഉദാഹരണമാണ്.ബംഗ്ലാദേശില്‍ പനങ്കള്ള് കുടിക്കുന്ന വവ്വാലുകളുടെ വിസര്‍ജ്യത്തിലൂടെയും ഉമിനീരിലൂടെയും മറ്റു കള്ളിലേക്ക് വൈറസ് എത്തി  പിന്നീട് മനുഷ്യരിലേക്ക് പടരുന്നതെന്നും കണ്ടെത്താന്‍ കഴിഞ്ഞു.മലേഷ്യയില്‍ പന്നികളുടെ ശരീരത്തില്‍ നിന്നാണ് മനുഷ്യരിലേക്ക് വൈറസ് എത്തിയതെന്ന്് സ്ഥീരീകരിച്ചിരുന്നു.എന്നാല്‍ കേരളത്തില്‍ ഏതു രീതിയിലാണ് വൈറസ് മനുഷ്യരിലേക്ക് എത്തിയതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഇതുവരെയുള്ള ശാസ്ത്രീയ നിഗമനം.എന്നാല്‍ നിപ വൈറസ് കേരളത്തില്‍ കാണപ്പെടുന്ന വവ്വാലുകളുടെ ശരീരത്തിലുണ്ട്ു എന്നു കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടു.വവ്വാലുകള്‍ ഭക്ഷിച്ച് ഉപേക്ഷിച്ചു പോയ പഴങ്ങളില്‍ നിന്നാണ് വൈറസ് മനുഷ്യരിലേക്ക്് കടന്നു എന്നത് ഒരു നിരീക്ഷണമല്ലാതെ അതിന് ശാസ്ത്രീയമായ ഒരടിത്തറയും കണ്ടെത്തിയിട്ടില്ല്.

എന്നാല്‍ ഇന്ത്യയിലെ 16 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഒരു സര്‍വേ നടത്തിയിരുന്നു. ഇതില്‍ കേരളം, തമിഴ്നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ബിഹാര്‍, പശ്ചിമ ബംഗാള്‍, അസം, മേഘാലയ, പുതുച്ചേരി എന്നിവിടങ്ങളില്‍ നിപ വൈറസിന്റെ ആന്റിബോഡികള്‍ കണ്ടെത്തി . എന്നാല്‍ , കേരളത്തില്‍ മാത്രമാണ്, അതും കോഴിക്കോട്ടാണ്  നിപ വൈറസ് ബാധ മനുഷ്യരില്‍ ആവര്‍ത്തിച്ച് ഉണ്ടാകുന്നത്.  ഇതെന്തുകൊണ്ടാണ്?

സര്‍വേയ്ക്ക് നേതൃത്വം നല്‍കിയ  എന്‍ഐവിയിലെ മാക്‌സിമം കണ്ടെയ്ന്‍മെന്റ് ലബോറട്ടറിയുടെ ഗ്രൂപ്പ് ലീഡര്‍ ഡോ.പ്രജ്ഞാ ഡി യാദവ് ഇതിന് രണ്ട് കാരണങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്.  

ഒന്ന്… വനപ്രദേശങ്ങളുടെ സാമീപ്യം.. കേരളത്തില്‍ മാത്രമല്ല, പശ്ചിമഘട്ടത്തോട് ചേര്‍ന്നുള്ള സംസ്ഥാനങ്ങളിലെല്ലാം  മനുഷ്യവാസ കേന്ദ്രങ്ങള്‍ വനത്തിനടുത്തോ വനത്തിനുള്ളിലോ ആണ്.  ഇത്  രോഗബാധിതരായ വവ്വാലുകളിലേക്കും മറ്റ് മൃഗങ്ങളിലേക്കുമുള്ള മനുഷ്യരുടെ സമ്പര്‍ക്കം വര്‍ദ്ധിപ്പിക്കും.   അതേസമയം വടക്കേ ഇന്ത്യയിലെല്ലാം വനപ്രദേശങ്ങള്‍ മനുഷ്യവാസ കേന്ദ്രങ്ങളില്‍ നിന്നു വളരെ അകലെയാണ്.

പശ്ചിമഘട്ടത്തിനു താഴെ സ്ഥിതി ചെയ്യുന്ന കോഴിക്കോട്,  നിപയുടെ കാര്യത്തില്‍ ഒരു എക്കോളജിക്കല്‍ ഹോട് പോയിന്റ് ആയി എന്നതില്‍ അതുകൊണ്ട് തന്നെ അത്ഭുതപ്പെടാനില്ല.  കോഴിക്കോടിന്റെ പല ഭാഗങ്ങളും ഇത്തരം പഴംതീനി വവ്വാലുകളുടെ ആവാസകേന്ദ്രമാണ്. ഇതുതന്നെയാകാം നിപയുടെ സ്ഥിരം ഇരയായി കോഴിക്കോട് മാറാനുള്ള കാരണവും.

രണ്ടാമത്തെ കാരണം,  വൈറസ് ബാധ ഉടനടി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു എന്നതാണ്. കേരളത്തിലെ ആരോഗ്യ മേഖല മികവുറ്റതാണ്. മികച്ച നിരീക്ഷണവും ജാഗ്രതയും ഇവിടെയുണ്ട്. അതുകൊണ്ട് തന്നെ കേരളത്തില്‍ നിപ വൈറസ് ബാധ ഉണ്ടായാല്‍ അത് ഉടനടി  റിപ്പോര്‍ട്ട് ചെയ്യപ്പെടും. മറ്റ് സംസ്ഥാനങ്ങളിലും മനുഷ്യരില്‍ നിപ അണുബാധ ഉണ്ടാകുന്നുണ്ടാകും. പക്ഷേ മതിയായ നിരീക്ഷണം ഇല്ലാത്തത് കൊണ്ട് അവ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോവുകയാണ്.

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഈ രോഗം കണ്ടെത്തുന്നതിനുള്ള ടെസ്റ്റിംഗ് സംവിധാനമില്ല. ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്ക് ഇതേക്കുറിച്ച് സംശയവും ഉണ്ടാകുന്നില്ല. അതിനാല്‍ തന്നെ അത്തരം പരിശോധനകള്‍ നടക്കാതെ പോവുകയും കേസുകള്‍ തിരിച്ചറിയപ്പെടാതിരിക്കുകയുമാണ്.

നിപ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇവിടെ എന്തെങ്കിലും പ്രശ്‌നം ഉള്ളതുകൊണ്ടോ ഇവിടെയുള്ള വവ്വാലുകള്‍ക്ക് എന്തെങ്കിലും കുഴപ്പം ഉള്ളതുകൊണ്ടോ അല്ലെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. നിപ വൈറസ് ബാധ ഇടയ്ക്കിടെ കേരളത്തില്‍ ഉണ്ടാവുന്നു എന്നുള്ളതല്ല,  ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ രോഗം ഏതാണെന്ന് കണ്ടുപിടിക്കാനും നിയന്ത്രിക്കാനും നമുക്ക് സാധിക്കുന്നു എന്നതാണ് പ്രധാനം. വൈറസ് ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുകയും   അതുവഴി രോഗം ബാധിച്ചേക്കാവുന്ന ആളുകളെ തിരിച്ചറിയുകയും ചെയ്യുകയാണ് പ്രാഥമിക നടപടി. ഇതുവഴി വൈറസ് പടര്‍ന്നു പിടിക്കാതെ നിയന്ത്രിക്കാന്‍ കഴിയുന്നു. 2018ല്‍ നിപ പൊട്ടിപ്പുറപ്പെട്ടപ്പോള്‍  കേരളം അതിനെ നിയന്ത്രിച്ചത്  ലോകത്ത് തന്നെ ചര്‍ച്ചാ വിഷയമായതാണ്.

     എന്നാല്‍ അതേസമയം 2018ലും 2021 ലും വൈറസ് ബാധ കണ്ടെത്തിയിട്ടും അത് കടിഞ്ഞാണിടാന്‍ കഴിഞ്ഞെങ്കിലും പിന്നീട് ഇതെങ്ങിനെ വന്നു എന്നതിനെക്കുറിച്ച് തുടര്‍ ശാസ്ത്രീയ അന്വേഷണം നടത്തിയിട്ടി്ല്ല.വൈറസ് പഴംതീനി വവ്വലുകളിലുണ്ടെങ്കില്‍ അതെങ്ങിനെ മനുഷ്യരിലേക്ക് പടരുന്നു എന്നതിനെക്കുറിച്ച്് പഠനം നടത്താന്‍ നാം മറന്നു പോകുന്നു.അതു കൊണ്ടാണ് ഇത്രയും ശ്ാസ്തീയ പരീക്ഷണ സംവിധാനങ്ങളുണ്ടായിട്ടും അഞ്ചുകൊല്ലമായിട്ടും നമുക്ക് ഒരു നിഗമനത്തിലെത്താന്‍ കഴിയാത്തത്.ഇനിയെങ്കിലും അധികൃതര്‍ ഇക്കാര്യത്തില്‍ അതീവ ഗൗരവം കാണിക്കണം. കേരളത്തില്‍ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനുളള ശാസ്്ത്രീയാന്വേഷണങ്ങള്‍ തുടരണമെന്നും ആരോഗ്യവകുപ്പ് രോഗചികിത്സ -രോഗനിര്‍ണയ മാനദണ്ഡങ്ങള്‍ ആവിഷ്‌ക്കരിച്ചെങ്കിലും ഇവ വേണ്ടത്ര ഗൗരവത്തോടെ പിന്തുടരുന്നില്ലെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ഡോ.ബി.ഇക്ബാലിനെപ്പോലുള്ളവര്‍ അഭിപ്രായപ്പെട്ടിട്ടുണ്ടു.പടരുന്നത് തടയുന്നതില്‍ മാത്രമല്ല കഴിവ് വേണ്ടത് അത് വരാതിരിക്കാനുള്ള കഴിവ്കൂടി ആര്‍ജ്ജിക്കണം.എന്നാല്‍ മാത്രമെ നാം ഒരു ആധുനിക  സമൂഹമാകുകയുള്ളു.

Leave a Reply

Your email address will not be published. Required fields are marked *