We Talk

കരുവന്നൂര്‍ എന്നു കേള്‍ക്കുമ്പോള്‍ ഞെട്ടുന്ന സി.പി.എം.

പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്  എന്ന   സന്ദേശം സിനിമയിലെ ശ്രീനിവാസന്‍ ഡയലോഗ് മലയാളിയുടെ സാമൂഹിക ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. കാലപ്പഴക്കത്തില്‍ ക്‌ളീഷേ ആയി മാറിയ ഈ ഡയലോഗ് കരുവന്നൂരിനെ കുറിച്ച് ഒരക്ഷരം  മിണ്ടരുത് എന്നു ഭേദഗതി ചെയ്യാന്‍ സമയമായിക്കഴിഞ്ഞു. . നിയമസഭയില്‍ വ്യാഴാഴ്ച കരുവന്നൂര്‍ സഹകരണ ബാങ്കിലെ ധനാപഹരണത്തെ കുറിച്ച്  കോണ്‍ഗ്രസ് അംഗം മാത്യു  കുഴല്‍നാടന്‍ പറഞ്ഞു തുടങ്ങിയപ്പോഴേക്കും ഭരണപക്ഷ അംഗങ്ങള്‍, പ്രത്യേകിച്ച്  സിപിഎമ്മുകാര്‍ അക്ഷമരായി ബഹളം വെക്കുകയും പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. കുഴല്‍നാടന്‍ സംസാരം തുടര്‍ന്നപ്പോള്‍ സ്പീക്കര്‍ എ എന്‍ ഷംസീര്‍  മൈക്ക് ഓഫ് ചെയ്തു. സഹകരണ നിയമ ഭേദഗതിയിലുള്ള ചര്‍ച്ചക്കിടയിലാണ് കരുവന്നൂര്‍ ബാങ്ക് വിഷയം കുഴല്‍നാടന്‍ എടുത്തിട്ടത്. പണം തട്ടിപ്പു കേസില്‍ ഇ ഡി അറസ്റ്റ് ചെയ്തതിന്റെ  റിമാന്‍ഡ് റിപ്പോര്‍ട്ട് സഭയില്‍ വായിച്ചതാണ് സിപിഎം അംഗങ്ങളെ ക്ഷുഭിതരാക്കിയത്. അതില്‍ പരാമര്‍ശിക്കുന്ന ഒരാള്‍ സിറ്റിംഗ് എം എല്‍ എയും രണ്ടാമത്തെ ആള്‍ മുന്‍ എം പിയുമാണ്. ഇ ഡി ഇതിനകം പല തവണ ചോദ്യം ചെയ്യുകയും വീണ്ടും ചോദ്യം ചെയ്യലിന് നോട്ടീസ് കൊടുക്കുകയും ചെയ്ത എ സി മൊയ്തീന്‍ സഭയില്‍ ഉണ്ടായിരുന്നു. മുന്‍ മന്ത്രിയും സിപിഎമ്മിന്റെ മുന്‍ ജില്ലാ സെക്രട്ടറിയും നിലവില്‍ സംസ്ഥാന സമിതി അംഗവുമാണ് മൊയ്തീന്‍. കരുവന്നൂര്‍ ബാങ്കിലെ പണാപഹരണത്തിനു മൊയ്തീന്‍ കൂട്ട് നില്‍ക്കുകയും അതിന്റെ പങ്കു പറ്റുകയും ചെയ്തു എന്ന നിഗമനത്തിലാണ് ഇ ഡി . കോഴിയുടെ സുരക്ഷ കുറുക്കനെ ഏല്പിക്കുന്നതു പോലെ കരുവന്നൂര്‍ ബാങ്കിലെ പണം തിരിമറി അന്വേഷിക്കാന്‍ സിപിഎം ചുമതലപ്പെടുത്തിയ ആളാണ് മുന്‍ എം പി   പി കെ ബിജു. താന്‍ അന്വേഷണ കമ്മിറ്റിയില്‍ ഉണ്ടായിരുന്നില്ലെന്നും ബാങ്കുമായി ബന്ധമില്ലെന്നും ബിജു പറഞ്ഞു തീര്‍ക്കുന്നതിനു  മുന്‍പ് ബിജുവിനെ അന്വേഷണ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയ സിപിഎം ജില്ലാ കമ്മിറ്റിയുടെ മിനുട്‌സ് പുറത്തു വന്നു.
300 കോടി രൂപയുടെ അപഹരണമാണ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നത്. സാധാരണക്കാരുടെ പണമാണ് അതില്‍ കൂടുതലും. ജീവിതത്തിലെ സമ്പാദ്യം മുഴുവന്‍ ബാങ്കില്‍ സ്ഥിര നിക്ഷേപമിട്ട നിരവധി പേര്‍ പണം   തിരിച്ചു കിട്ടാതെ ദുരിതവും മാനസിക പ്രയാസവും അനുഭവിക്കുകയാണ്. ബാങ്കില്‍ സാമ്പത്തിക തിരിമറികള്‍ നടക്കുന്നതായി സിപിഎമ്മിന്റെ ഉത്തരവാദപ്പെട്ട അംഗങ്ങള്‍ യഥാസമയം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടും അനങ്ങാതെ തട്ടിപ്പിന് കൂട്ടു നില്‍ക്കുന്ന സമീപനമാണ് അവരില്‍ നിന്നുണ്ടായത്.
സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ ഭൂരിഭാഗവും ഭരിക്കുന്നത് സിപിഎമ്മാണ്. സ്വാഭാവികമായും സാമ്പത്തിക തട്ടിപ്പുകള്‍ കൂടുതല്‍ നടക്കുന്നതും സിപിഎം ഭരിക്കുന്ന ബാങ്കുകളിലാണ്. അതില്‍ ഇന്നേവരെ നടന്ന തട്ടിപ്പുകളില്‍ ഏറ്റവും വലുതാണ് കരുവന്നൂര്‍ ബാങ്കിലേത് . വ്യാജ വായ്പകളും അത് വഴിക്കുള്ള കോടികളുടെ ധനാപഹരണവും ബോധ്യപ്പെട്ടിട്ടും ഉചിതമായ നടപടി എടുക്കാതെ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരും സഹകരണ വകുപ്പും സ്വീകരിച്ചത്. അപഹരിച്ച പണം ഈടാക്കേണ്ടവരുടെ പട്ടികയില്‍ നിന്ന് ചിലരെ പാര്‍ട്ടി താല്പര്യത്തിന്റെ പേരില്‍ സഹകരണ വകുപ്പ് ഒഴിവാക്കുക കൂടി  ചെയ്തു എന്നറിയുമ്പോഴാണ് അന്വേഷണം അട്ടിമറിക്കാന്‍ എത്രമാത്രം ആസൂത്രിതമായ ശ്രമമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത് എന്ന് ബോധ്യപ്പെടുക. പോലീസ് എഫ് ഐ ആറിന്റെ ചുവട് പിടിച്ചു കരുവന്നൂര്‍ ബാങ്കില്‍ ഇ ഡി എത്തിയപ്പോഴാണ് തട്ടിപ്പിന്റെ വ്യാപ്തിയും അതില്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട പ്രധാനികളുടെ പങ്കും പൊതുജനം അറിഞ്ഞത്. കേരളാ  പോലീസ് അട്ടിമറിക്കുമായിരുന്ന കേസിനു അതോടെ പുതിയ മാനങ്ങള്‍ ഉണ്ടായി.
നൂറു വര്‍ഷം പഴക്കമുള്ള ബാങ്കില്‍ 12 വര്‍ഷം മുന്‍പാണ് പണം തട്ടിപ്പിന് തുടക്കമിടുന്നത്. ഫിലോമിന എന്ന എഴുപതുകാരിയായ  നിക്ഷേപക ബാങ്കില്‍ നിന്ന് പണം കിട്ടാത്തതിനാല്‍ ചികിത്സ ലഭിക്കാതെ മരിച്ചതോടെയാണ് ഈ സഹകരണ ബാങ്ക് പൊതുജന ശ്രദ്ധയില്‍ വരുന്നത്. 30 ലക്ഷം രൂപ നിക്ഷേപം ഉണ്ടായിരുന്ന ഫിലോമിനക്കു ചികിത്സക്ക് വേണ്ടി പണം കൊടുക്കാന്‍ ബാങ്കിന് കഴിഞ്ഞില്ല.   ബാങ്കിലെ പണം ചോര്‍ത്തിയെടുത്തു എന്ന വിവരം പുറത്തു  വന്നതോടെ നിക്ഷേപം തിരിച്ചെടുക്കാന്‍ ബാങ്കില്‍ ചെന്നവരോട് ധാര്‍ഷ്ട്യത്തിലാണ് ജീവനക്കാര്‍ പെരുമാറിയത്. പണം ഉണ്ടാകുമ്പോള്‍ തരും എന്നായിരുന്നു അവരുടെ മറുപടി. തുടര്‍ന്ന് പരാതി വന്നപ്പോള്‍ സഹകരണ വകുപ്പ് നടത്തിയ പരിശോധനയിലാണ് പണാപഹരണം ബോധ്യപ്പെടുന്നത്.
 1921 ല്‍ ആരംഭിച്ച ബാങ്കിന്റെ ശതാബ്ദി വര്‍ഷത്തിലാണ് തട്ടിപ്പിന്റെ വ്യാപ്തി പുറത്തു വന്നു തുടങ്ങിയത്. അഞ്ചു ശാഖകളും മൂന്നു സൂപ്പര്‍ മാര്‍ക്കറ്റുകളും മൂന്നു നീതി സ്റ്റോറുകളും പേപ്പര്‍ ബാഗ് നിര്‍മാണ യൂണിറ്റും റബ്‌കോയുടെ വളം ഏജന്‍സിയുമൊക്കെ ബാങ്കിന് കീഴിലുണ്ട്. അര നൂറ്റാണ്ടായി ബാങ്ക് ഭരണം സിപിഎം നിയന്ത്രണത്തിലാണ്. ബാങ്കിലെ ജീവനക്കാരില്‍ ഭൂരിഭാഗവും പാര്‍ട്ടി അംഗങ്ങളുമാണ്. ഡയറക്ടര്‍മാരും ജീവനക്കാരും ചേര്‍ന്നാണ് ബാങ്കിന്റെ പണം ഊറ്റിയെടുത്തത് .ഒരേ ആധാരം കാണിച്ചു പലവട്ടം വായ്പയെടുക്കുകയും വായ്പകള്‍ക്ക് മേല്‍ പുനര്‍ വായ്പ എടുക്കുകയും ചെയ്തു. പാര്‍ട്ടിനേതാക്കളുടെ  ഉറ്റ തോഴനായ കണ്ണൂര്‍ സ്വദേശി സതീഷ് കുമാറിന്റെ അക്കൗണ്ടിലേക്കാണ് ഇതില്‍ നിന്ന് കോടികള്‍ പോയത്. സതീഷ് കുമാറിന്റെ പങ്കു ബോധ്യപ്പെടാനും അയാളെ അറസ്റ്റ് ചെയ്യാനും ഇ ഡി വരേണ്ടി വന്നു.
  കേസില്‍ അന്വേഷണം ആരംഭിച്ച പോലീസ് ആദ്യം അറസ്റ്റ് ചെയ്ത 18 പേരില്‍ ഭൂരിഭാഗത്തിനും വളരെ പെട്ടെന്ന് ജാമ്യം ലഭിച്ചു. സഹകരണ വകുപ്പ് ഇടപെട്ട് 16 ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തെങ്കിലും പിന്നീട് തിരിച്ചെടുത്തു. തട്ടിപ്പു പുറത്തായ ശേഷം വളരെ വൈകിയാണെങ്കിലും ഭരണ സമിതി പിരിച്ചു വിട്ടു അഡ്മിനിസ്ട്രറ്റര്‍ ഭരണം ഏര്‍പ്പെടുത്തി. തുടര്‍ന്ന് സഹകരണ ജോയിന്റ് റെജിസ്ട്രര്‍ നടത്തിയ അന്വേഷണത്തില്‍ ബാങ്കില്‍ വായ്പയുടെ മറവില്‍ നടത്തിയ നൂറു കോടിയുടെ ധനാപഹരണം കണ്ടെത്തി. പിന്നീട് സഹകരണ പരിശോധനാ വിഭാഗം അന്വേഷണം നടത്തിയപ്പോള്‍ തിരിമറി നടത്തിയ തുക 226 കോടിയായി ഉയര്‍ന്നു. ക്രൈംബ്രാഞ്ച് അന്വേഷണം തുടരുന്നതിനിടയിലാണ് കേസില്‍ ഇ ഡി വരുന്നതും കൊമ്പന്‍ സ്രാവുകള്‍ വലയിലാകുന്നതും. ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രുപീകരിച്ചു പണം കടം വാങ്ങിയും സര്‍ക്കാര്‍ ധനസഹായം നല്‍കിയും നിക്ഷേപകരുടെ പണം നല്‍കാന്‍ സര്‍ക്കാര്‍ തലത്തില്‍  ഇതിനിടെ നീക്കം  തുടങ്ങിയിരുന്നു. എന്നാല്‍,   ഇ ഡി യുടെ വരവോടെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ വെളിച്ചത്തു വന്നിരിക്കുകയാണ്. സംസ്ഥാന സഹകരണ വകുപ്പും പോലീസും ചേര്‍ന്ന് അട്ടിമറിക്കുമായിരുന്ന കേസ്  ഇതോടെ വഴിത്തിരിവിലെത്തി. സിപിഎമ്മിന്റെ പ്രമുഖ നേതാക്കളുടെ പങ്കു വെളിച്ചത്തു വന്നതോടെ കരുവന്നൂര്‍ എന്ന് കേള്‍ക്കുന്നത് പോലും പാര്‍ട്ടിക്ക് അലര്‍ജിയായി മാറിയിരിക്കയാണ്.  

Leave a Reply

Your email address will not be published. Required fields are marked *