We Talk

ആര്യ രാജേന്ദ്രന് അഭിനന്ദനം, കളക്ടർ ദിവ്യക്ക് അധിക്ഷേപം

കൈക്കുഞ്ഞിനെ ചേര്‍ത്ത് പിടിച്ച് ജോലി ചെയ്യുന്ന തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഉറങ്ങുന്ന കുഞ്ഞിനെ മടിയിലിരുത്തി ഫയല്‍ നോക്കുകയാണ്  ആര്യ. അഭിനന്ദന പ്രവാഹമാണ് ആര്യക്ക് . സൈബർ സഖാക്കൾ  ചിത്രം ആഘോഷിക്കുന്നു.  അമ്മയായെന്ന് കരുതി ജോലി മാറ്റി വയ്‌ക്കേണ്ടതില്ലെന്നും കുഞ്ഞുമായി എന്ത് ജോലിയും ചെയ്യാന്‍ കഴിയുമെന്നുമാണ് ആര്യയെ അഭിനന്ദിക്കുന്നവര്‍ പറയുന്നത്.

ഇതേസമയം,  പത്തനംതിട്ട കളക്ടർ  ദിവ്യ എസ് അയ്യർ  കൈക്കുഞ്ഞുമായി പൊതുപരിപാടിയില്‍ പങ്കെടുത്തതു ഈ സന്ദർഭത്തിൽ  ചിലർ ഓർക്കുന്നുണ്ട്.  അന്ന് അത് വലിയ വിവാദമാകുകയാണ് ചെയ്തത്.  മേയര്‍ ആര്യയ്ക്ക് ഇന്ന് അഭിനന്ദന പൂച്ചെണ്ടുകളാണ് ലഭിക്കുന്നതെങ്കിൽ  അന്ന് കളക്ടര്‍ ദിവ്യയ്ക്ക് അന്ന് ലഭിച്ചത്  ആക്ഷേപങ്ങളായിരുന്നു. ആറാമത് അടൂര്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപന വേദിയിലാണ് ദിവ്യ കുഞ്ഞുമായി എത്തിയത്. കളക്ടര്‍ പരിപാടിയെ തമാശയായി കണ്ടെന്നും അനുകരണീയമായ പ്രവര്‍ത്തിയല്ലെന്നുമായിരുന്നു അന്ന് അവര്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശനം. ” കളക്ടര്‍ തീരെ ഔചിത്യമില്ലാതെ  തമാശക്കളിയായാണ് പരിപാടിയെ കണ്ടത്. ഇതവരുടെ വീട്ടുപരിപാടിയല്ല. ഓവറാക്കി ചളമാക്കി..”. എന്നിങ്ങനെ പോയി അന്നത്തെ  വിമര്‍ശനങ്ങള്‍. ദിവ്യയുടെ ഭര്‍ത്താവും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ കെഎസ് ശബരീനാഥനു ഈ  വിമര്‍ശനങ്ങള്‍ക്കെതിരെ പ്രതികരിക്കേണ്ടി വന്നു. .” ആകെയുള്ള അവധി ദിവസമായ ഞായറാഴ്ച ഔദ്യോഗിക സ്വഭാവം ഇല്ലാത്ത ഒരു പ്രോഗ്രാമില്‍ ക്ഷണം സ്വീകരിച്ചു പോയപ്പോള്‍ കുഞ്ഞിനെ കൊണ്ടുപോയതാണ്. അവധി ദിവസം കുഞ്ഞ് അമ്മയുടെ പുറകെ നടന്നാല്‍ പറ്റില്ലെന്ന് പറയാന്‍ കഴിയുമോയെന്നും ശബരീനാഥന്‍ ചോദിച്ചു. 

മറ്റ് രാജ്യങ്ങളില്‍ പൊതുവേദികളിലും പാര്‍ലമെന്റിലും നിയമനിര്‍മ്മാണ സഭകളിലുമൊക്കെ  സ്ത്രീകള്‍  കൈക്കുഞ്ഞുങ്ങളുമായി എത്തുന്നുണ്ട്. ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേന്‍ കുഞ്ഞുമായി യുഎന്‍ പൊതുസഭയില്‍ പങ്കെടുക്കുക വരെ ചെയ്തു. എന്നാല്‍ ആ സ്ത്രീകള്‍ക്ക് ലഭിക്കുന്ന ബഹുമാനം ഇവിടെ കുഞ്ഞുമായി  സ്വകാര്യ ചടങ്ങില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാരിക്ക് ലഭിച്ചില്ല. അതേസമയം  മേയര്‍ ആര്യ രാജേന്ദ്രന് അഭിനന്ദന പ്രവാഹവുമുണ്ടായി. പ്രത്യക്ഷത്തിൽ തന്നെ  ഇത്  ഇരട്ടത്താപ്പാണ് . 

 സര്‍ക്കാര്‍ ജീവനക്കാര്‍ കുട്ടികളുമായി ഓഫീസുകളില്‍ എത്തരുതെന്നു 2018 ൽ എൽ ഡി എഫ് സർക്കാർ  ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. . . കുട്ടികളുമായി ഓഫീസിലെത്തുന്നത് വഴി ജോലി ചെയ്യാനുള്ള സമയം നഷ്ടപ്പെടുകയാണ് ചെയ്യുക. . മാത്രമല്ല, ഓഫീസിലെ ഉപകരണങ്ങള്‍  ദുരുപയോഗം ചെയ്യപ്പെടും.  . കുട്ടികളുടെ വ്യക്തിത്വ വികസനത്തെപ്പോലും ഇത് ബാധിക്കുമെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇങ്ങിനെ ഒരു ഉത്തരവ് പുറപ്പെടുവിച്ചത്. മനുഷ്യാവകാശ കമ്മീഷന് മുമ്പാകെ റോയല്‍ കവടിയാര്‍ പ്രൊട്ടക്ഷന്‍ ഫോറം സമര്‍പ്പിച്ച പരാതിയിലായിരുന്നു ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. കുട്ടികളെ ഓഫീസില്‍ കൊണ്ടുവരുന്നത് നിയന്ത്രിക്കണമെന്നും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്നും  ഉത്തരവില്‍  വ്യക്തമാക്കിയിരുന്നു..  
എന്നാൽ,  ജനപ്രതിനിധികളെക്കുറിച്ച് ഈ ഉത്തരവിൽ  പരാമര്‍ശമില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വേണ്ടി മാത്രമാണ് ആ ഉത്തരവ്. അതുകൊണ്ട് തന്നെ ആര്യ രാജേന്ദ്രന് തന്റെ പ്രവര്‍ത്തിയെ നിയമപരമായി ന്യായീകരിക്കാന്‍ കഴിയും. ദിവ്യ എസ് അയ്യര്‍ പങ്കെടുത്തത് സ്വകാര്യ പരിപാടിയിലാണ്. അതിനാൽ സർക്കാർ ഉത്തരവ് അതിനു ബാധകമല്ല. എന്നിട്ടും സൈബർ ലോകത്തു രണ്ടു നീതിയാണ് നടപ്പിലാക്കിയത്.  

ഓഫീസ് ഇടത്തിലേക്ക് കുട്ടികളെ കൊണ്ടുവരരുതെന്ന ഉത്തരവ് ഉള്ളതിനാല്‍ സെക്രട്ടറിയേറ്റില്‍ കുട്ടികളെ പരിപാലിക്കാൻ  ജീവനക്കാരുടെ സഹകരണത്തോടെ ക്രഷ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുപോലെയുള്ള ക്രഷ് സെന്ററുകള്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലും സ്ഥാപിക്കാവുന്നതേയുള്ളൂ. എങ്കില്‍ മേയര്‍ക്ക് മാത്രമല്ല, കോര്‍പ്പറേഷനിലെ മറ്റ് ജീവനക്കാര്‍ക്കും ജോലിക്കു  തടസ്സമില്ലാതെ   കുട്ടികളെ പരിപാലിക്കാനാകും.
 ഏത് മേഖലയിലും  ജോലി ചെയ്യുന്ന അമ്മമാര്‍ക്ക് കുട്ടികളെ പരിപാലിക്കാന്‍ സൗകര്യം ചെയ്തുകൊടുക്കേണ്ടത്  അനിവാര്യതയാണ്. ജോലി ചെയ്യുന്ന ഒട്ടേറെ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നമാണിത്. അവര്‍ക്ക് ആരുടെയും സഹതാപമോ അഭിനന്ദനമോ അല്ല വേണ്ടത്. മറിച്ച് ജോലി ചെയ്യുന്നതിനോടൊപ്പം മക്കളെ പരിപാലിക്കാനുള്ള സാഹചര്യമാണ്. മകളായും ഭാര്യയായും അമ്മയായും വിവിധ റോളുകള്‍ കൈകാര്യം ചെയ്യുന്നതിനോടൊപ്പം ജോലി ചെയ്തുകൂടി മുന്നോട്ടുപോകുന്ന സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധികള്‍ നിസ്സാരമല്ല. പ്രവര്‍ത്തന മണ്ഡലം ഏതുമാകട്ടെ അവര്‍ അവിടെ എത്തിച്ചേര്‍ന്നത് കഠിനാധ്വാനം ചെയ്തിട്ടാണ്. അതുകൊണ്ട് കുഞ്ഞിന് വേണ്ടി ജോലിയോ ജോലിയ്ക്ക് വേണ്ടി കുഞ്ഞിനെയോ ഉപേക്ഷിക്കാന്‍ അവര്‍ക്ക് സാധിക്കില്ല. അങ്ങിനെയൊരു ചിന്ത കുറ്റബോധമായി അവരില്‍ വളര്‍ത്തിയെടുക്കുന്നത് പുരുഷാധിപത്യ സമൂഹമാണ്. അമ്മയുടെയും കുഞ്ഞിന്റെയും അവകാശങ്ങളെ മാറ്റി നിര്‍ത്തിയുള്ള വിമര്‍ശനങ്ങള്‍ ഒട്ടും നന്നല്ല. കുഞ്ഞിന് അമ്മയ്‌ക്കൊപ്പമിരിക്കാനുള്ള പ്രാഥമിക അവകാശത്തെ ഇല്ലാതാക്കാന്‍ ആരും ശ്രമിക്കരുത്. പൊതുസമൂഹം ഇതിനെ ഒരു കണ്ണിലൂടെയാണ് കാണേണ്ടത്. അല്ലാതെ കക്ഷി രാഷ്ട്രീയത്തിന്റെ മഞ്ഞക്കണ്ണട വെച്ചല്ല ഇതിനെ നോക്കേണ്ടത്. ആര്യ രാജേന്ദ്രനും ദിവ്യ എസ് അയ്യരും തുല്യ അവകാശമുള്ള അമ്മമാരാണ്. ആര്യക്ക് ആകാം, ദിവ്യക്കു പറ്റില്ല എന്നത് വൃത്തികെട്ട രാഷ്ട്രീയമാണ്. 

Leave a Reply

Your email address will not be published. Required fields are marked *