We Talk

ചരിത്രത്തിന്റെ അവശേഷിപ്പ്

ജനാധിപത്യ ഇന്ത്യയുടെ കാതലായ പല ചരിത്രസംഭവങ്ങൾക്കും സാക്ഷ്യം വഹിച്ച പഴയ പാർലമെന്റ് മന്ദിരം ചരിത്രത്താളിലേക്ക് മറയുകയാണ്. അവസാന പാർലമെന്റ് സമ്മേളനവും കഴിഞ്ഞ് അംഗങ്ങൾ പുതിയ മന്ദിരത്തിലേക്ക് നീങ്ങി. പാർലമെന്റ് പ്രത്യേക സമ്മേളനത്തിന്റെ രണ്ടാം ദിനമായ ചൊവ്വാഴ്ചയാണ് അംഗങ്ങൾ പുതിയ പാർലമെന്റ് കെട്ടിടത്തിലേക്ക് മാറിയത്. പുതിയ കെട്ടിടത്തിലേക്ക് മാറിയാലും പഴയ മന്ദിരമായ സൻസദ് ഭവൻ തലമുറകളെ പ്രചോദിക്കുമെന്നാണ് സഭയെ അഭിസംബോധന ചെയ്ത സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. മേയ് 28 നായിരുന്നു പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ ഉദ്‌ഘാടനം. പ്രധാനമന്ത്രിക്ക് പുറമെ നിരവധി എംപിമാർ പഴയ പാർലമെന്റ് മന്ദിരത്തെക്കുറിച്ചുള്ള കുറിപ്പുകൾ പങ്കുവച്ചിട്ടുണ്ട്. തീവ്രമായ സംവാദങ്ങളും പഠനങ്ങളും നയരൂപീകരണങ്ങളും സമ്മാനിച്ച അനുഭവങ്ങളും വളർച്ചയും വിവരിച്ച് കൊണ്ടാണ് പലരും കുറിപ്പുകൾ തയാറാക്കിയിട്ടുള്ളത്. ഗാന്ധി വധം, ചൈന യുദ്ധം, ബംഗ്ലാദേശിൻ്റെ മോചനം, അടിയന്തരാവസ്ഥ, ഓപ്പറേഷൻ ബ്ലൂസ്റ്റാർ, ഇന്ദിരാഗാന്ധിയുടെ വധം, ബാബ്റി മസ്ജിദ് തകർത്തത്, പാർലമെൻ്റ് ആക്രമണം, അങ്ങനെ എത്ര എത്ര ചരിത്ര സംഭവങ്ങൾക്കാണ് പാർലമെൻ്റ് കെട്ടിടം സാക്ഷിയായിട്ടുള്ളത്.

നിർമാണം

ന്യൂഡൽഹിയിൽ 2.43 ഹെക്ടർ സ്ഥലത്താണ് പഴയ പാർലമെന്റ് മന്ദിരം സ്ഥിതി ചെയ്യുന്നത്. 1927 ലാണ് പാർലമെന്റ് മന്ദിരത്തിന്റെ പണി പൂർത്തികരിക്കുന്നത്. ബ്രിട്ടീഷ് ആർക്കിടെക്റ്റുകളായ സർ എഡ്വിൻ ലുട്ട്യൻസും സർ ഹെർബർട്ട് ബേക്കറും ചേർന്നാണ് 1912-1913 ൽ ബ്രിട്ടീഷ് ഇന്ത്യയ്ക്കായി ഒരു പുതിയ ഭരണ തലസ്ഥാന നഗരം നിർമ്മിക്കാനുള്ള ഉത്തരവിന്റെ ഭാഗമായി ഇത് രൂപകൽപ്പന ചെയ്തത്.

1921 ൽ കൊണാട്ട് പ്രഭുവായ ആർതർ രാജകുമാരൻ തറക്കല്ലിട്ടാണ് മന്ദിരത്തിന്റെ പണി തുടങ്ങുന്നത്. 1927 ൽ ഇത് പൂർത്തീകരിച്ചു. പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങ് 1927 ജനുവരി 18 ന് ഇന്ത്യൻ വൈസ്രോയി പ്രഭു ഇർവിൻ പ്രഭു നിർവഹിച്ചു. കേന്ദ്ര നിയമസഭയുടെ മൂന്നാമത്തെ സമ്മേളനം 1927 ജനുവരി 19 ന് ഈ മന്ദിരത്തിൽ നടന്നു. പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ, മുഹമ്മദ് അലി ജിന്ന, പണ്ഡിറ്റ് മോത്തിലാൽ നെഹ്‌റു, ലാലാ ലജ്പത് റായ്, സി.എസ്. രംഗ അയ്യർ, മധേയോ ശ്രീഹരി ആനി, വിത്തൽഭായ് പട്ടേൽ തുടങ്ങി നിരവധി പ്രമുഖർ ഉൾപ്പെട്ടതായിരുന്നു ഈ മൂന്നാമത്തെ നിയമസഭ. 1956-ൽ നിലവിലുള്ള പാർലമെന്റ് മന്ദിരത്തോട് രണ്ട് നിലകൾ കൂട്ടിച്ചേർക്കപ്പെട്ടു.

സുപ്രധാന സംഭവങ്ങൾ

ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന സംഭവം പാർലമെന്റ് മന്ദിരത്തിൽ അരങ്ങേറുന്നത് 1947 ഓഗസ്റ്റ് 14 നാണ്. അന്നാണ് ഇന്ത്യൻ ഭരണഘടന നിർമാണ സമിതി ഇന്ത്യയുടെ ഭരണം ബ്രിട്ടീഷുകാരിൽനിന്ന് ഏറ്റെടുത്തതായി പ്രഖ്യാപിച്ചത്. രാത്രി 11ന് രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദിന്റെ നേതൃത്വത്തിൽ ഭരണഘടനാ നിർമാണ സഭ ചേർന്നു. തുടർന്നാണ് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്രുവിന്റെ വിശ്വപ്രസിദ്ധമായ ‘ട്രൈസ്റ്റ് വിത്ത് ഡെസ്റ്റിനി’ ( വിധിയുമായുള്ള കൂടിക്കാഴ്ച) എന്ന പ്രസംഗം. രാജ്യത്തിൻറെ അഭിലാഷങ്ങളും പ്രസംഗങ്ങളും പ്രതിധ്വനിക്കുന്ന ഈ പ്രസംഗം ഇരുപതാം നൂറ്റാണ്ടിലെ തന്നെ മഹത്തായ പ്രഭാഷണങ്ങളിൽ ഒന്നായാണ് രേഖപ്പെടുത്തിയത്. ത്രിവർണ പതാക ഇന്ത്യയുടെ ദേശീയപതാക എന്ന പദവിയോടെ ആദ്യമായി പാറിപ്പറന്നതും ഈ പാർലമെൻറ് മന്ദിരത്തിന് മുകളിലാണ്.

1948 ഫെബ്രുവരി രണ്ടിന് ലോക്‌സഭയുടെ ഒരു സമ്മേളനത്തിൽ സ്പീക്കർ ജിവി മാവ്‌ലങ്ക മഹാത്മാഗാന്ധിയുടെ മരണവാർത്ത പ്രഖ്യാപിച്ചു. അടിമത്തത്തിൽനിന്ന് സ്വാതന്ത്ര്യത്തിലേക്ക് നമ്മെ നയിച്ച ഈ യുഗത്തിലെ ഏറ്റവും വലിയ മനുഷ്യന്റെ വിയോഗത്തിന്റെയും രാജ്യത്ത് നടക്കുന്ന അക്രമങ്ങളുടെയും ഇരട്ട ദുഖത്തിന്റെ നിഴലിലാണ് ഇന്ന് നമ്മൾ കണ്ടുമുട്ടുന്നതെന്നാണ് അദ്ദേഹം തന്റെ പ്രസംഗത്തിൽ പറഞ്ഞത്.

1971 ലെ ഇന്ത്യ-പാക് യുദ്ധത്തിലെ വിജയം പാർലമെൻറിൽ വലിയ രീതിയിലാണ് ആഘോഷിച്ചത്. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പടിഞ്ഞാറൻ പാകിസ്ഥാൻ സേന ബംഗ്ലാദേശിൽ നിരുപാധികം കീഴടങ്ങിയതായി പ്രഖ്യാപിച്ചപ്പോൾ ലോക്സഭയിൽ രാഷ്ട്രീയ ഭേദമന്യേ അംഗങ്ങൾ ബെഞ്ചിൽ അടിക്കുകയും പേപ്പറുകൾ വായുവിൽ പറത്തി മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തു. സഭാംഗങ്ങൾ ഇന്ദിരാഗാന്ധിക്ക് വേണ്ടി എഴുന്നേറ്റുനിന്ന് കയ്യടിച്ചു.

പാർലമെന്റ് മന്ദിരം സാക്ഷ്യം വഹിച്ച മറ്റൊരു സുപ്രധാന സംഭവം 1975 ലാണ്. ഇന്ത്യയിൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയിരുന്ന സമയത്ത്. 1975 ജൂലൈ 21 ന് നടന്ന സെഷനിൽ രാഷ്ട്രപതി തയ്യാറാക്കിയ അടിയന്തരാവസ്ഥ പ്രഖ്യാപനം ഡെപ്യൂട്ടി ആഭ്യന്തര മന്ത്രി എഫ് എച്ച് മൊഹ്‌സിൻ അവതരിപ്പിച്ചു. അന്നത്തെ ഗുരുതരമായ സ്ഥിതിവിശേഷത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ലോക്സഭ വിളിച്ചുകൂട്ടി. എന്നാൽ പാർലമെന്റിൽ പ്രശ്‌നങ്ങൾ ഉന്നയിക്കാനുള്ള സ്വകാര്യ അംഗങ്ങളുടെ അവകാശം താൽക്കാലികമായി നിർത്തിവച്ച സർക്കാർ തീരുമാനത്തിനെതിരെ അംഗങ്ങൾ കടുത്ത പ്രതിഷേധവുമായി രംഗത്തിറങ്ങി.

ആക്രമണം

2001 ഡിസംബർ 13 ന് പാർലമെന്റ് മന്ദിരത്തിൽ അഞ്ച് ലഷ്കർ-ഇ-തയ്ബ, ജയ്ഷ്-ഇ-മുഹമ്മദ് തീവ്രവാദികൾ ആക്രമണം നടത്തി. തീവ്രവാദികൾക്ക് പുറമേ ആറ് സൈനികരും ഒരു സിവിലിയനും ആക്രമണത്തിൽ കൊല്ലപ്പെട്ടു.

പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് സഭ മാറുന്നതോടെ ഓർമയാകുന്നത് രാജ്യത്തിന്റെ ചരിത്രത്തിൽ സുപ്രധാന പങ്ക് വഹിച്ച പഴയ പാർലമെന്റ് മന്ദിരമാണ്. അതിനെ അതിന്റെ മൂല്യത്തോടെ കാത്തു സൂക്ഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *