We Talk

സഹകരണ സംഘമോഅപഹരണ സംഘമോ?

കേരളത്തിന്റെ സമ്പദ്ഘടനയുടെ നട്ടെല്ല് എന്നാണ് സഹകരണ പ്രസ്ഥാനത്തെ നമ്മളൊക്കെ വിശേഷിപ്പിക്കുന്നത്.  സംസ്ഥാനത്തെ  ഗ്രാമീണ ജീവിതത്തിന്റെയും നഗര ജീവിതത്തിന്റെയും താങ്ങും തണലുമായാണ് സഹകരണ മേഖലയെ ഇന്നലെ വരെ നമ്മൾ  കണ്ടത്. എന്നാൽ, ഇന്ന് സഹകരണ പ്രസ്ഥാനം അറിയപ്പെടുന്നത് തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും കേളീ രംഗമായാണ്. കള്ളപ്പണം വെളുപ്പിക്കൽ, ഹവാല ഇടപാട് നടത്തൽ, വ്യാജ ആധാരങ്ങൾ ഹാജരാക്കി പണം തട്ടൽ, മുക്കുപണ്ടം പണയം വെച്ച് വായ്പ എടുക്കൽ എന്ന് തുടങ്ങി സകലമാന തട്ടിപ്പുകളും വെട്ടിപ്പുകളും അരങ്ങേറുന്നത് സഹകരണ സംഘങ്ങളുടെയും സഹകരണ  ബാങ്കുകളുടെയും മറവിലാണ്.

സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളുടെ ഏതാണ്ട് മുക്കാൽ പങ്കും  കയ്യടക്കി വെച്ചിരിക്കുന്ന സിപിഎമ്മിന് ഈ തട്ടിപ്പിന്റെയും ധനാപഹരണത്തിന്റെയും ഉത്തരവാദിത്തത്തിൽ നിന്ന് കൈ കഴുകാൻ പറ്റാത്ത അവസ്ഥയാണ്. പാർട്ടിയിൽ അടിയുറച്ചു വിശ്വസിക്കുന്ന പാവപ്പെട്ടവരുടെ  ദശലക്ഷക്കണക്കിനു രൂപയാണ് നേതാക്കളുടെ അറിവോടെയും സമ്മതത്തോടെയും അപഹരിക്കപ്പെട്ടത്. സിപിഎം ഭരിക്കുന്ന ബാങ്കുകളിൽ മാത്രമല്ല, കോൺഗ്രസ് ഭരിക്കുന്ന ബാങ്കുകളിലും തട്ടിപ്പും വെട്ടിപ്പും നടന്നിട്ടുണ്ട്. എന്നാൽ, സഹകരണ മേഖല  മൊത്തത്തിൽ സിപിഎമ്മിന്റെ കയ്യിലായതിനാൽ പ്രതിക്കൂട്ടിൽ ഒന്നാം സ്ഥാനത്തു ആ പാർട്ടി തന്നെയാണ് നിൽക്കുന്നത്. 

വളരെ വിപുലമായ ഒന്നാണ് കേരളത്തിലെ സഹകരണ മേഖല. ഇരുപതിനായിരത്തോളം  പ്രാഥമിക സഹകരണ സംഘങ്ങൾ ഇവിടെ ഉള്ളതായാണ് കണക്ക്. അതിന്റെ ഇരട്ടിയോളം ശാഖകളുമുണ്ട്. ഇതിലെല്ലാം കൂടി രണ്ടു കോടിയോളം    ഇടപാടുകാർ ഉള്ളതായാണ് കരുതപ്പെടുന്നത്.  അതായത് സംസ്ഥാന ജനസംഖ്യയുടെ ഏതാണ്ട് മൂന്നിലൊന്നു ആളുകൾ  സഹകരണ പ്രസ്ഥാനവുമായി ബന്ധപ്പെടുന്നു. ഇതൊട്ടും അതിശയോക്തിയായ കാര്യമല്ല. അത്രമേൽ ശക്തമാണ് കേരളത്തിലെ  സഹകരണ മേഖല.  . പത്തു രൂപ മുതൽ മുകളിലോട്ടു ഷെയർ സമാഹരിച്ചു വളർത്തിയെടുത്തതാണു  നമ്മുടെ പ്രാഥമിക സഹകരണ സംഘങ്ങൾ. അതിന്റെ പിന്നിൽ നിസ്വാർത്ഥരായ നിരവധി വ്യക്തികളുടെ പ്രയത്നവുമുണ്ട്. .

ബാങ്കിങ് മേഖലയിൽ സംസ്ഥാന സഹകരണ ബാങ്കും 14 ജില്ലാ സഹകരണ ബാങ്കുകളും അവയ്ക്കു എണ്ണൂറോളം ശാഖകളും മുൻപ് കേരളത്തിൽ ഉണ്ടായിരുന്നു. . പിണറായി സർക്കാർ വന്ന ശേഷം അതാണ് കേരള ബാങ്കായി മാറിയത്.ഇതിനു  പുറമെ അറുപതിലേറെ അർബൻ സഹകരണ ബാങ്കുകളും അതിന്റെ ശാഖകളുമുണ്ട് . . ഇതിലെല്ലാം കൂടി മൂന്നു ലക്ഷം കോടിക്ക് മുകളിൽ നിക്ഷേപം ഉള്ളതായാണ് കണക്കാക്കുന്നത്. . രാജ്യത്തു മറ്റൊരു സംസ്ഥാനത്തും ഇത്ര വിപുലമായ സഹകരണ മേഖല കാണാനാവില്ല. കൃഷിയിറക്കാൻ, പശുവിനെ വാങ്ങാൻ, ചെറുകിട സ്ഥാപനങ്ങൾ തുടങ്ങാൻ, പെൺമക്കളെ കെട്ടിച്ചയക്കാൻ, വീട് വെക്കാൻ, ആശുപത്രിയിൽ ചികിൽസിക്കാൻ എന്നുതുടങ്ങി മനുഷ്യന്റെ സാധാരണ നിലയിലുള്ള എല്ലാ ആവശ്യങ്ങൾക്കും  ഉദാരമായി വായ്പ നൽകുന്നു എന്നതാണ് സഹകരണ പ്രസ്ഥാനം കേരളത്തിൽ കരുത്താർജിക്കാൻ കാരണം. 

കേന്ദ്രത്തിൽ മോദി സർക്കാർ വന്നതു മുതൽ കേരളത്തിലെ സഹകരണ മേഖലയെ തകർക്കാൻ ശ്രമിക്കുന്നു എന്ന ആക്ഷേപം ഉയർന്നിരുന്നു. കേന്ദ്ര സർക്കാരിൽ  കാർഷിക വകുപ്പിന്റെ കീഴിൽ  ഉപമന്ത്രാലയമായാണ് മുൻപ്   സഹകരണ മന്ത്രാലയം പ്രവർത്തിച്ചിരുന്നതെങ്കിൽ മോദി സർക്കാർ പ്രത്യേക സഹകരണ മന്ത്രാലയം ആരംഭിക്കുകയും ആഭ്യന്തര മന്ത്രി അമിത്ഷായെ അതിന്റെ ചുമതല ഏൽപ്പിക്കുകയും ചെയ്തു. ഇത് കേരളത്തെ തകർക്കാനാണെന്നു സംസ്ഥാനത്തെ  സഹകരണ മന്ത്രിമാരടക്കം  ആവർത്തിച്ച് പറഞ്ഞു പോരുന്നതാണ്.

സഹകരണ ബാങ്കുകളിൽ കള്ളപ്പണം വെളുപ്പിക്കുന്നു, ഹവാല ഇടപാടുകൾ നടത്തുന്നു  എന്ന് തുടങ്ങിയ ആക്ഷേപങ്ങളാണ് ആദ്യം  ഉയർന്നു കേട്ടത്. എന്നാൽ, സഹകരണ വകുപ്പിൽ എല്ലാം ക്ളീൻ ക്ളീൻ ആയാണ് നടക്കുന്നതെന്നും  ഓഡിറ്റർമാർ സഹകരണ ബാങ്കുകളിലെ കണക്കുകൾ പരിശോധിക്കുന്നുണ്ടെന്നും ക്രമക്കേടുകൾ തടയുന്നതിന് സഹകരണ വകുപ്പിന് വിജിലൻസ് സംവിധാനം ഉണ്ടെന്നുമൊക്കെ സംസ്ഥാന സർക്കാർ കൊട്ടിഘോഷിച്ചിരുന്നു.  അതൊക്കെ വെറും  പാഴ്വാക്കാണെന്നും  സഹകരണ സ്ഥാപനങ്ങൾ   സാധാരണക്കാരന്റെ സമ്പാദ്യം കൊള്ളയടിക്കുന്നതിനൊപ്പം കള്ളപ്പണം വെളുപ്പിക്കുന്ന ഏർപ്പാടാണെന്നും തെളിവുസഹിതം പിടിക്കപ്പട്ടിരിക്കുകയാണ്. ഒറ്റപ്പെട്ട സംഭവം എന്ന് പറഞ്ഞു ലഘൂകരിക്കാവുന്ന ഒന്നല്ല സഹകരണ മേഖലയിൽ നടക്കുന്നത്. നൂറ്റാണ്ടു പഴക്കമുള്ള കരുവന്നൂർ ബാങ്കിൽ ഒതുങ്ങി നിൽക്കുന്നതല്ല അത്. ഒന്നിന് പുറകെ ഒന്നായി എൻഫോഴ്‌സ്‌മെന്റ് വകുപ്പ് സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ കയറിയിറങ്ങുകയാണ്. കോടികളുടെ കള്ളപ്പണ ഇടപാടുകളുടെയും ധനാപഹരണത്തിന്റെയും വിവരങ്ങളാണ് അതിലൂടെ പുറത്തു വരുന്നത്. 

സഹകരണ സംഘം എന്ന പേര് അപഹരണ സംഘം എന്നാക്കി മാറ്റേണ്ട അവസ്ഥയിലാണ് കാര്യങ്ങൾ എത്തി നിൽക്കുന്നത്.

കരുവന്നൂർ തട്ടിപ്പിൽ ഇ ഡി വിരിച്ച വലയിൽ കുടുങ്ങിയ എ സി മൊയ്‌തീൻ സിപിഎം സംസ്ഥാന സമിതി അംഗം മാത്രമല്ല, മുൻ സഹകരണ വകുപ്പ് മന്ത്രി കൂടിയാണ് . മൊയ്‌തീനെതിരായ വിവരങ്ങൾ ഇ ഡി ക്കു നൽകിയത് സിപിഎം അംഗങ്ങൾ തന്നെയാണ്. സിപിഎം നിയന്ത്രിത സഹകരണ സ്ഥാപനങ്ങളിൽ മൊയ്തീന്റെ കുടുംബാംഗങ്ങളുടെ പേരിൽ ഉണ്ടായിരുന്ന സ്ഥിരനിക്ഷേപങ്ങളുടെ വിവരം ഇ  ഡി ക്കു ലഭിച്ചതും പാർട്ടിക്കാരിൽ നിന്നാണ്. പാർട്ടി ജില്ലാ കമ്മിറ്റി യോഗത്തിന്റെ മിനുട്ട്സ് പുറത്തെത്തിയതോടെയാണ് മുൻ എം പി  ,പി കെ ബിജുവുമായുള്ള വിവരങ്ങൾ പുറത്തു വന്നത്. ചുരുക്കത്തിൽ  നേതാക്കളുടെ അഴിമതികൾ പുറത്തു കൊണ്ടുവരാൻ സിപിഎമ്മുകാർ  മത്സരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കേരളത്തിൽ കാണുന്നത്. 

അടുത്ത ചോദ്യം ചെയ്യലോടെ ഇപ്പോൾ  സാക്ഷി പട്ടികയിൽ  പെടുത്തിയ മൊയ്‌തീനെ ഇ ഡി   പ്രതിപ്പട്ടികയിലേക്കു മാറ്റാൻ സാധ്യതയുണ്ടെന്നാണു സൂചന. ബിനാമികൾക്കു വായ്‌പ തരപ്പെടുത്തിക്കൊടുത്തതിൽ മൊയ്തീന് പങ്കുള്ളതായാണ് കണ്ടെത്തിയിരിക്കുന്നത്.പ്രതികളുമായുള്ള ഫോൺ വിളികളും വാട്സാപ്പ് ചാറ്റുകളും മൊയ്തീന് എതിരായ തെളിവുകളാണ്. നിലവിൽ  18 പ്രതികളുള്ള കേസിൽ മൊയ്തീനെ പ്രതിയാക്കുകയാണെങ്കിൽ  ഇ ഡി അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമായിരിക്കും അറസ്റ്റ്. ഇ ഡി അറസ്റ്റ് ചെയ്താൽ മൊയ്തീനെതിരെ നടപടി എടുക്കാൻ പാർട്ടി നിർബന്ധിതമാകും.

അതിനിടെ  കരുവന്നൂർ ബാങ്കിൽ പണം നിക്ഷേപിച്ചവരുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.  കള്ളപ്പണ ഇടപാടാണ്  ഇ ഡി അന്വേഷിക്കുന്നത്. അവിടെ നിക്ഷേപിച്ച പാവങ്ങളുടെ പണം അപഹരിക്കപ്പെട്ട കേസിൽ പോലീസ് അന്വേഷണമാണ് നടക്കുന്നത്. നിക്ഷേപകർക്ക് പണം തിരിച്ചു കിട്ടുമോ  എന്ന കാര്യത്തിൽ  ഒരു വ്യക്തതയും മറുപടിയുമില്ല.  

Leave a Reply

Your email address will not be published. Required fields are marked *