ഖലിസ്ഥാൻ തീവ്രവാദിയുടെ കൊലയ്‌ക്ക് പിന്നിൽ?
ലോകത്തെ വിറപ്പിക്കുന്ന ഇസ്രായേലിന്റെ ചാരസംഘടനയായ മൊസാദിനെകുറിച്ച് നാം ഏറെ കേട്ടതാണ്. ഇസ്രായേലിന്റെ ശത്രുക്കള്‍ ലോകത്ത് എവിടെയുണ്ടെങ്കിലും അവരെ, പൂവിറുക്കുന്ന ലാഘവത്തോടെ കൊന്നു തള്ളുന്ന സംഘടന. അത്രക്ക് എത്തിയില്ലെങ്കിലും സമാനമായ ഒരു കില്ലര്‍ സ്‌ക്വാഡ് ഇന്ത്യയുടെ ചാരസംഘടനയായ റിസേര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങും (റോ ) രൂപപ്പെടുത്തിയെന്നാണ് ന്യയോര്‍ക്ക് ടൈംസും, അല്‍ജസീറയും അടക്കമുള്ള വിദേശ മാധ്യമങ്ങള്‍ പറയുന്നത്.
ഇന്ത്യക്കെതിരെ ഭീകര പ്രവര്‍ത്തനം നടത്തുന്നവര്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊല്ലപ്പെടുകയാണ്. ഇതില്‍ മൂന്ന് ഖലിസ്ഥാന്‍ ഭീകരരുടെ കൊലയാണ് ലോകത്തെ ഞെട്ടിച്ചത്. മൂന്ന് വ്യത്യസ്ത രാജ്യങ്ങളിലായി നടന്ന മൂന്ന് കൊലപാതകങ്ങള്‍. ഒന്ന് പാക്കിസ്ഥാനില്‍, അടുത്തത് കാനഡയില്‍, മറ്റൊന്ന് ബ്രിട്ടണില്‍. കൊല്ലപ്പെട്ടവര്‍ മൂന്ന് പേരും ഖലിസ്ഥാന്‍ സംഘടനകളുടെ നേതൃസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന തീവ്രവാദികള്‍. മൂന്ന് പേരും ഇന്ത്യയുടെ നോട്ടപ്പുള്ളികള്‍.
ഈ വര്‍ഷം മെയ് ആറിനായിരുന്നു ആദ്യത്തെ കൊലപാതകം. ഖലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്‌സ് മേധാവി പരംജിത് സിങ് പഞ്ച്വാര്‍ പാക്കിസ്ഥാനിലെ ലാഹോറില്‍ വെടിയേറ്റ് മരിച്ചു . ജൂണ്‍ 15-ന്, ഖലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്സിലെ അംഗമായ അവതാര്‍ സിങ് പുര്‍ബ ബ്രിട്ടണിലെ ബര്‍മിങാമിലെ ഒരു ആശുപത്രിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചു. അവതാര്‍ സിങ് പുര്‍ബ രക്താര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നുവെങ്കിലും വിഷബാധയേറ്റാണ് മരണമെന്നാണ് അനുയായികള്‍ ആരോപിച്ചത്. പുര്‍ബയ്ക്ക് അസുഖമുണ്ടെന്ന അവകാശവാദങ്ങള്‍ സിഖ് സംഘടനയായ ഖല്‍സ എയ്ഡ് ഇന്റര്‍നാഷണലിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ രവി സിങ് തള്ളിക്കളയുകയും ചെയ്തു.
കഴിഞ്ഞ മാസം 19-നായിരുന്നു മൂന്നാമത്തെ കൊലപാതകം. ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഖലിസ്താന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജര്‍ കാനഡയില്‍ വെടിയേറ്റു മരിച്ചു . ഇതാണ് ഇപ്പോള്‍ കാനഡ പ്രശ്നമാക്കുന്നത്. നിജ്ജാറിന്റെ വധത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിക്കുന്നു. എന്നാല്‍ ഇന്ത്യ ഇത് ശക്തമായി നിഷേധിക്കയാണ്. ഇതുമൂലം ഇന്ത്യാ-കാനഡാ ബന്ധം തന്നെ വഷളായിരിക്കയാണ്.
ഈ മാസം ആദ്യം ന്യൂഡല്‍ഹിയില്‍ നടന്ന ജി 20 ഉച്ചകോടിയില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത സമയത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരുന്നു. ട്രൂഡോയുമായുള്ള കൂടിക്കാഴ്ചയില്‍ കാനഡയിലെ തീവ്രവാദ ഘടകങ്ങളുടെ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഭിന്നത മൂത്തതോടെ ഉഭയകക്ഷി സ്വതന്ത്ര വ്യാപാര കരാറിന്മേലുള്ള ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഇപ്പോഴിതാ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വീണ്ടും ആരോപിക്കുകയും, ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയെ പുറത്താക്കുകയും ചെയ്തതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി. തിരിച്ചു ഇന്ത്യ കാനഡ പ്രതിനിധിയെയും പുറത്താക്കി.
കനേഡിയന്‍ പ്രധാനമന്ത്രി പറയുന്നതുകേട്ടാല്‍ തോന്നുക നിഷ്‌ക്കളങ്കനായ ഒരു കനേഡിയന്‍ പൗരനെ വെടിവെച്ചുകൊന്നുവെന്നാണ്. എന്നാല്‍ ഹര്‍ദീപ് സിങ് നിജ്ജാര്‍ എന്‍ഐഎ തലക്ക് വിലയിട്ട കൊടും ക്രിമിനലാണ്. കാനഡ താവളമാക്കി അയാള്‍ ഖലിസ്ഥാന്‍ തീവ്രാവാദം പഞ്ചാബിലേക്ക് പ്രസരിപ്പിക്കുന്നു എന്ന ഗുരുതര ആരോപണമാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഉയര്‍ത്തുന്നത്. ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് എന്ന സംഘടനയുടെ തലവനായിരുന്നു നിജ്ജാര്‍ . പഞ്ചാബികള്‍ക്ക് ആധിപത്യമുള്ള, കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയില്‍ ഇയാളെ ഗുരുദ്വാരയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തത് ചര്‍ച്ചയായിരുന്നു. പഞ്ചാബില്‍ പുരോഹിതനെ കൊലപ്പെടുത്തിയതുള്‍പ്പടെ നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെ ഇന്ത്യയില്‍ നിലവിലുണ്ട്. കാനഡയിലെ ചില ഹിന്ദുക്ഷേത്രങ്ങള്‍ ആക്രമിച്ചതിന് പിന്നിലും ഇയാളുടെ സംഘടനയാണെന്ന് കരുതുന്നു.
ദേശവിരുദ്ധപ്രവര്‍ത്തനത്തിന് എന്‍ഐഎ ഇയാള്‍ക്കെതിരെ കുറ്റപത്രവും നല്‍കിയിരുന്നു. 1985-ല്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബു വെച്ച കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട റിപുദമാന്‍ സിങ് മാലികിനെ കൊലപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയാണ്. 2022-ല്‍ നിജ്ജാറിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പത്തു ലക്ഷം രൂപയാണ് എന്‍ഐഎ പാരിതോഷികം പ്രഖ്യാപിച്ചത്. ഇയാളെ വിട്ടു നല്‍കണമെന്ന ആവശ്യം ഇന്ത്യ കനേഡിയന്‍ സര്‍ക്കാരിനോട് നേരത്തെ ഉന്നയിച്ചതാണ്. അന്ന് ഒരു നടപടിയും ഉണ്ടായില്ല. ഇപ്പോള്‍ നിജ്ജാര്‍ മരിച്ചപ്പോഴാണ് കാനഡ സംശയവുമായി വരുന്നത്.
ഇന്ത്യ എല്ലാം നിഷേധിക്കുമ്പോള്‍ ഉയരുന്ന ഒരു ചോദ്യമുണ്ട്. പിന്നെ ആരാണ് ഇന്ത്യയുടെ ശത്രുക്കളെ കാലപുരിക്ക് അയക്കുന്നത് ?. വിദേശ മാധ്യമങ്ങള്‍ പറയുന്നത് അത് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍ന്‍സിയായ റോ തന്നെയാണെന്നാണ്. 2018ല്‍ തുര്‍ക്കിയില്‍ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകം സൗദി അറേബ്യ ആസൂത്രണം ചെയ്തതുപോലെ, വിദേശത്ത് ‘രാഷ്ട്രീയ എതിരാളികളെ കൊലപ്പെടുത്തുന്ന രാഷ്ട്രങ്ങളുടെ ഗ്രൂപ്പില്‍’ ഇന്ത്യയും വരുമെന്നാണ് കനേഡിയന്‍ സ്വതന്ത്ര ഗവേഷകനായ കൂലോണ്‍ പറയുന്നത്. അല്‍ജസീറയും ഇത് ശരിവെക്കുന്നു.
ഖലിസ്ഥാനികള്‍ മാത്രമല്ല, കാശ്മീര്‍ ഭീകരരും വിദേശത്തുവെച്ച് കൊല്ലപ്പെടുന്നുണ്ട്. 2023 ഫെബ്രുവരിയില്‍ ഒരു ഹിസ്ബുല്‍ കൊടും ഭീകരന്‍ പാക്കിസ്ഥാനില്‍ വെടിയേറ്റ് മരിച്ചു. . 1999ല്‍ ഐസി 814 ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം ഹൈജാക്ക് ചെയ്ത ഭീകരരിലൊരാള്‍ കറാച്ചിയില്‍ വെടിയേറ്റു മരിച്ചത് 2022 മാര്‍ച്ചിലാണ്. ഇക്കൊല്ലം ജനുവരിയില്‍ രണ്ടു പാക്ക് ഐഎസ്ഐ ഏജന്റുമാര്‍ പഞ്ചാബില്‍ വെടിയേറ്റു മരിച്ചു.
ഇതിലൊന്നും ആരാണ് ഘാതകരെന്ന് ആര്‍ക്കും അറിയില്ല. പ്രതികളെ ഇതുവരെ പിടികൂടിയിട്ടുമില്ല. അതിനര്‍ഥം ഒന്നേയുള്ളു പ്രൊഫഷനല്‍ പരിശീലനം കിട്ടിയവരാണ് കൊല നടത്തിയത്. കൃത്യം നടത്തിയാലുടന്‍ രക്ഷപ്പെടാന്‍ സര്‍വ സന്നാഹങ്ങളും ഉള്ളവര്‍. ‘ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ’യെന്നാണ് സംസാരം. ഇന്ന് ചൈനയും പാക്കിസ്ഥാനും ഭയക്കുന്ന സ്പൈ നെറ്റ് വര്‍ക്ക് ഇന്ത്യക്ക് ഉണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് പോലും എഴുതിയിട്ടുണ്ട്.
പക്ഷേ കാനഡ പോലെ ഒരു വികസിത രാജ്യത്തു ചെന്ന് അവര്‍പോലുമറിയാതെ, ഇന്ത്യ ഓപ്പറേഷന്‍ നടത്തിക്കളഞ്ഞു എന്നതാണ് അവരെ ക്ഷുഭിതരാക്കിയതെന്നാണ് ഇന്ത്യാടുഡെ എഴുതുന്നത്. അതിന്റെ ജാള്യത അവര്‍ക്കുണ്ട്. പക്ഷേ ഇന്ത്യയെ സംബന്ധിച്ച് ദേശ സുരക്ഷ തന്നെയാണ് പ്രാധാനം. ഇന്ത്യ തലക്ക് വിലപറയുകയും കൈമാറണമെന്ന് പലതവണ ആവശ്യപ്പെടുകയും ചെയ്ത കൊടും ഭീകരനാണ് വെടിയേറ്റ് വീണത്. ബിന്‍ ലാദനെ പാക്കിസ്ഥാനില്‍പോയി ഭസ്മമാക്കി, ആരുമറിയാതെ ശവം കടലില്‍ ഒഴുക്കിയ അമേരിക്കന്‍ മറീനുകളുടെ ഓപ്പറേഷന് സമാനമായ ദൗത്യമാണ് റോയും നടത്തിയത്. പക്ഷേ ഇതിനുപിന്നില്‍ റോ ആണെന്ന് ഇന്ത്യ സ്ഥിരീകരിച്ചില്ലെങ്കിലും വിദേശമാധ്യമങ്ങള്‍ അത് ശരിവെക്കുകയാണ്. അങ്ങനെയാണെങ്കില്‍ ഇന്ത്യ നാളിതുവരെ സ്വീകരിച്ച വിദേശ നയത്തില്‍നിന്നൊക്കെയുള്ള യു ടേണ്‍ ആണ് മോദി- അമിത്ഷാ- ഡോവല്‍ സഖ്യം എടുക്കുന്നത്.