We Talk

കാനഡയിലെ ഇന്ത്യക്കാർ ആശങ്കയിൽ

ഖാലിസ്ഥാനി വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തെത്തുടർന്ന് ഇന്ത്യ കാനഡ ബന്ധം വഷളായിരിക്കുകയാണ്. കഴിഞ്ഞ ജൂണിലാണ് നിജ്ജർ വെടിയേറ്റ് കൊല്ലപ്പെടുന്നത്. ഇയാളെ കൊലപ്പെടുത്തിയത് ഇന്ത്യയുടെ ഏജന്റുകളാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിക്കുകയും ഇന്ത്യൻ നയതന്ത്രപ്രതിനിധിയെ പുറത്താക്കുകയും ചെയ്തു.
മണിക്കൂറുകൾക്കുള്ളിൽ കനേഡിയൻ നയതന്ത്രപ്രതിനിധിയെ പുറത്താക്കി ഇന്ത്യയും തിരിച്ചടിച്ചു. അഞ്ചു ദിവസത്തിനകം രാജ്യം വിടാനാണ് ഇന്ത്യൻ സർക്കാർ അദ്ദേഹത്തോട് നിർദേശിച്ചിരിക്കുന്നത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള  നയന്ത്രബന്ധം വഷളായതോടെ
കാനഡയിൽ താമസിക്കുന്ന വിദ്യാർത്ഥികൾ അടക്കമുള്ള  ഇന്ത്യൻ പ്രവാസികളും കാനഡയ്ക്ക് പോകാൻ ആഗ്രഹിക്കുന്നവരും പെർമനന്റ് റെസിഡൻസിയ്ക്കായി  അപേക്ഷിച്ചവരുമെല്ലാം  ആശങ്കയിലാണ്. 

IELTS പാസായി കാനഡയിലെ വിവിധ സർവകലാശാലകളിൽ പ്രവേശനത്തിന് അപേക്ഷിച്ചു കൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്കെല്ലാം ഉത്കണ്ഠയുണ്ട്. പഠനത്തിന് ശേഷം അവിടെ സ്ഥിരതാമസമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അവർ കാനഡയ്ക്ക് പോകുന്നത്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ കനേഡിയൻ എംബസി സ്റ്റുഡന്റ് വിസ നൽകുമോയെന്നതാണ് അവരുടെ ആശങ്ക.

ഓരോ വർഷവും ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളാണ് ഉന്നത വിദ്യാഭ്യാസത്തിനായി കാനഡയുടെ വിവിധ ഭാഗങ്ങളിൽ വന്നിറങ്ങുകയും അവിടുത്തെ തൊഴിൽ ശക്തിയുടെ ഭാഗമാവുകയും ചെയ്യുന്നത്. 2018 മുതൽ, കാനഡയിലെ അന്തർദ്ദേശീയ വിദ്യാർത്ഥികളുടെ പ്രാഥമിക ഉറവിടം ഇന്ത്യയാണ്.  2022-ൽ, കാനഡയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 47% മാണ്  വർദ്ധനവുണ്ടായത്. ഇതോടെ രാജ്യത്തെ ആകെ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം 3,20,000 ആയി. കാനഡയിലെ അന്താരാഷ്‌ട്ര വിദ്യാർത്ഥികളുടെ  40% മാണ് ഇതെന്ന് കനേഡിയൻ ബ്യൂറോ ഓഫ് ഇന്റർനാഷണൽ എജ്യുക്കേഷൻ വ്യക്തമാക്കുന്നു.

ഇന്ത്യൻ വിദ്യാർത്ഥികളുടെ ഈ കുത്തൊഴുക്ക് മൂലം കനേഡിയൻ സർവ്വകലാശാലകൾക്കും  കോളേജുകൾക്കും അവരുടെ സ്വന്തം വിദ്യാർത്ഥികൾക്ക് സബ്‌സിഡി നിരക്കിൽ വിദ്യാഭ്യാസം നൽകാൻ കഴിയുന്നുണ്ട്. കാനഡയുടെ വാർഷിക വരുമാനത്തിന്റെ 30 ശതമാനവും ഈ വിദ്യാർത്ഥികളിൽ നിന്നാണ് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ അവർക്ക് ഈ വരുമാന സ്രോതസ്സ്  അവഗണിക്കാനാവില്ല.

വിദ്യാർത്ഥികളെ കൂടാതെ കനേഡിയൻ PR-ന് അപേക്ഷിച്ചവരും ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നം മൂലം ആശങ്കയിലാണ്. തങ്ങൾക്ക്  പിആർ സ്റ്റാറ്റസ് ലഭിക്കുന്നത് വൈകിയേക്കുമെന്നാണ് ഇവർ വിചാരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുകയാണെങ്കിൽപ്പോലും കാത്തിരിപ്പ് നീളാനുള്ള സാധ്യതയും ഏറെയാണ്. y-axis.com അനുസരിച്ച്, 2022-ൽ മാത്രം 1,18,095 ഇന്ത്യക്കാർ കാനഡയിൽ സ്ഥിരതാമസക്കാരായിത്തീർന്നിട്ടുണ്ട്. കാനഡയിലേക്കുള്ള ഇന്ത്യൻ കുടിയേറ്റക്കാരുടെ എണ്ണം ഈ വർഷം 2 ദശലക്ഷമാകുമെന്നാണ് കണക്കുകൂട്ടൽ.

ഇന്ത്യയും കാനഡയും തമ്മിൽ ഇപ്പോൾ ഉടലെടുത്ത പ്രശ്നം , കാനഡയിലെ ഇന്ത്യൻ  വിദ്യാർത്ഥികൾക്കോ മറ്റ് ഇന്ത്യൻ പൗരന്മാർക്കോ വലിയ ആഘാതം ഉണ്ടാക്കില്ലെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇവരെ ആശങ്കപെടുത്തുന്ന പ്രസ്താവനകളോ നടപടികളോ ഇതുവരെ അധികാര കേന്ദ്രങ്ങളിൽ നിന്നും  ഉണ്ടായിട്ടില്ല. എന്നിരുന്നാലും, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അത്ര നല്ല രീതിയിലല്ല പൊയ്ക്കൊണ്ടിരിക്കുന്നത്. അതിനാൽ തന്നെ ഇന്ത്യക്കാർ അൽപ്പം
ജാഗ്രത പാലിക്കണമെന്ന് ഈ മേഖലയിലെ വിദഗ്‌ദ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.  സ്ഥിതിഗതികൾ ഉടനടി അപകടകരമായ നിലയിലെത്താൻ  സാധ്യതയില്ല. എങ്കിലും അക്രമാസക്തരായ ഖാലിസ്ഥാൻ ഭീകരരുടെ ഒരു വലിയ സംഖ്യ രാജ്യത്തുള്ളത് കൊണ്ട് കുറച്ച് മുൻകരുതൽ ആവശ്യമാണെന്നാണ് അവർ അഭിപ്രായപ്പെടുന്നത്. ഖാലിസ്ഥാനി പ്രതിഷേധക്കാർ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഒത്തുകൂടുകയും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കാറുണ്ടെന്നും വെളിപ്പെടുത്തലുകളുണ്ട്.

അതിനിടയിൽ ഇന്ത്യയിലേക്ക് പ്രത്യേകിച്ച് ജമ്മു ആൻഡ് കാശ്മീരിലേക്ക് യാത്ര ചെയ്യരുതെന്ന് കാനഡ തങ്ങളുടെ പൗരന്മാർക്ക് നിർദേശം നൽകി.  തീവ്രവാദം, ആഭ്യന്തര കലാപം, തട്ടിക്കൊണ്ടുപോകൽ എന്നിങ്ങനെയുള്ള ഭീഷണിയുണ്ടെന്നും പ്രവചനാതീതമായ സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ്  നിർദേശമെന്നും കനേഡിയൻ സർക്കാർ വ്യക്തമാക്കുന്നു. കൂടാതെ
ഖാലിസ്ഥാൻ നേതാവിന്റെ കൊലപാതകത്തിലെ ഇന്ത്യയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ പരിശോധിക്കാൻ അമേരിക്കയുമായി കാനഡ
“വളരെ അടുത്ത്” സഹകരിക്കുന്നുവെന്ന വിവരവും പുറത്തു വരുന്നുണ്ട്.  ഇന്ത്യയുമായുള്ള വ്യാപാര കരാർ സംബന്ധിച്ച  ചർച്ചകൾ താൽക്കാലികമായി നിർത്തിവയ്ക്കാനും കാനഡ തീരുമാനിച്ചിരിക്കുകയാണ്. വരും ദിവസങ്ങളിൽ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാകാനാണ് സാധ്യത.  

Leave a Reply

Your email address will not be published. Required fields are marked *