We Talk

ബിൽ വേണോ വനിതകൾക്ക് സീറ്റ് കൊടുക്കാൻ?

ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരത്തിൽ ആദ്യ ബില്ലായി അവതരിപ്പിച്ച വനിത സംവരണ ബില്ല് മൂന്ന് പതിറ്റാണ്ടോളമായി രാജ്യം ചർച്ച ചെയ്യുന്ന ഒന്നാണ്. പാർലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സീറ്റുകൾ സംവരണം ചെയ്യുന്നതാണ് ബിൽ. ഇന്ത്യൻ സ്വാതന്ത്ര സമര ചരിത്രത്തോളം പഴക്കമുണ്ട് ഇന്ത്യയിലെ വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട ചർച്ചകൾക്ക്.

സ്വാതന്ത്ര്യത്തിന് മുൻപ് തന്നെ വനിതാ സംവരണവുമായി ബന്ധപ്പെട്ടുള്ള നിർദേശങ്ങൾ മുന്നോട്ട് വന്നിരുന്നു.1931-ൽ രാഷ്ട്രീയ സാമൂഹ്യ മേഖലയിൽ സമത്വം ആവശ്യപ്പെട്ട് മൂന്ന് വനിതാ സംഘടനകളായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രിയെ സമീപിച്ചത്. ബീഗം ഷാ നവാസ്, സരോജിനി നായിഡു എന്നിവരായിരുന്നു അതിന് പിന്നിൽ. 1996 സെപ്റ്റംബറിൽ ദേവഗൗഡയുടെ നേതൃത്വത്തിലുള്ള യുണൈറ്റഡ് ഫ്രണ്ട് ഗവൺമെന്റാണ് 81-ാം ഭേദഗതി ബില്ലായി ഇത് ആദ്യമായി ലോക്‌സഭയിൽ അവതരിപ്പിച്ചത്. എന്നാൽ ബിൽ സഭയുടെ അംഗീകാരം നേടുന്നതിൽ പരാജയപ്പെടുകയും 1996 ഡിസംബറിൽ ലോക്സഭയിൽ റിപ്പോർട്ട് സമർപ്പിച്ച സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് റഫർ ചെയ്യുകയും ചെയ്തു. എന്നാൽ ലോക്സഭ പിരിച്ചുവിട്ടതോടെ ബിൽ കാലഹരണപ്പെട്ടു. 98ൽ വാജ്പേയിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ 12-ാം ലോക്സഭയിൽ ബിൽ വീണ്ടും അവതരിപ്പിച്ചു. നിയമമന്ത്രി എം.തമ്പിദുരൈ ഇത് അവതരിപ്പിച്ചതിന് പിന്നാലെ ഒരു ആർജെഡി എംപി സഭയുടെ നടുത്തളത്തിലേക്കിറങ്ങിചെന്ന് ബിൽ വാങ്ങി വലിച്ച് കീറി. 1999, 2002, 2003 വർഷങ്ങളിൽ ബിൽ വീണ്ടും അവതരിപ്പിച്ചുവെങ്കിലും ഫലമുണ്ടായില്ല. 2008ൽ മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാർ ബിൽ രാജ്യസഭയിൽ അവതരിപ്പിക്കുകയും 2010 മാർച്ച് 9-ന് 186-1 വോട്ടുകൾക്ക് ബിൽ പാസാക്കുകയും ചെയ്തു. എന്നാൽ 15ാം ലോക്‌സഭ പിരിച്ചുവിട്ടതോടെ ബിൽ തള്ളപ്പെട്ടു. അന്ന് ബില്ലിനെ ഏറ്റവും കൂടുതൽ എതിർത്തവരായിരുന്നു ആർജെഡി, ജെഡിയു, സമാജ്വാദി പാർട്ടി എന്നിവർ. സ്ത്രീകൾക്കായുള്ള 33% സംവരണത്തിൽ 33 % സംവരണം പിന്നോക്ക വിഭാഗത്തിന് നൽകണമെന്നായിരുന്നു അവരുടെ വാദം.
നിലവിലെ ലോക്സഭയിൽ 78 വനിതാ അംഗങ്ങൾ മാത്രമാണുള്ളത്. ഇത് മൊത്തം അംഗസംഖ്യയായ 543-ന്റെ 15 ശതമാനത്തിൽ താഴെയാണ്. രാജ്യസഭയിലും സ്ത്രീകളുടെ പ്രാതിനിധ്യം ഏകദേശം 14 ശതമാനമാണ്. മൊത്തം ജനസംഖ്യയിൽ സ്ത്രീകൾ കൂടുതലുള്ള സംസ്ഥാനമാണ് കേരളം. ഇടതുപക്ഷം ഭരണത്തിലുള്ള സംസ്ഥാനം. എന്നാൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭകളിലെ സ്ത്രീ പ്രാതിനിധ്യം 10 ശതമാനത്തിൽ താഴെയാണ്. ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, അസം, ഗോവ, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, കർണാടക, മധ്യപ്രദേശ്, ത്രിപുര, പുതുച്ചേരി, മഹാരാഷ്ട്ര, മണിപ്പൂർ, മേഘാലയ, ഒഡീഷ, സിക്കിം, തമിഴ്നാട്, തെലങ്കാന, തുടങ്ങിയ സംസ്ഥാനങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. സ്ത്രീ പ്രാതിനിധ്യത്തിന്റെ കാര്യത്തിൽ പുരോഗമന കേരളവും അവികിസതമെന്ന് പറയുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും തമ്മിൽ വ്യത്യാസമില്ലെന്നാണ് കണക്കുകൾ തെളിയിക്കുന്നത്.
ഇപ്പോൾ ഭരണഘടനയുടെ 128-ാം ഭേദഗതിയിലൂടെയാണ് ലോക്സഭയിലും നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്നത്. പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ചരിത്രപരമാക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് ബില്ല് കൊണ്ടുവന്നത്. അതോടൊപ്പം തിരഞ്ഞെ‌ടുപ്പും മോദി സർക്കാർ മുന്നിൽ കാണുന്നുണ്ട് എന്നതിൽ സംശയമില്ല. ഇപ്പോൾ ബില്ല് പാസായാലും 2024ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ വനിത സംവരണം നടപ്പാക്കാൻ സാധിക്കില്ല. കാരണം ബില്ലിൽ തന്നെയുള്ള വ്യവസ്ഥ പ്രകാരം പുതിയ മണ്ഡല പുനഃനിർണയത്തിന് ശേഷമേ ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം വനിത സംവരണം നിർബന്ധമാക്കുന്ന നിയമം പ്രാബല്യത്തിൽ വരികയുള്ളു. മണ്ഡല പുനഃനിർണയം നടക്കണമെങ്കിൽ ആദ്യം സെൻസസ് നടക്കണം. അതുകൊണ്ട് ബില്ല് പാസായാലും 2029ന് മുമ്പ് പോലും വനിത സംവരണം നടപ്പാക്കുക എളുപ്പമല്ല. അതിന് കടമ്പകൾ ഏറെയാണ്.
പക്ഷെ, ഇവിടെ ഉയരുന്ന ചോദ്യം വനിതകൾക്ക് സംവരണം ഉറപ്പാക്കാൻ നിയമത്തിന് വേണ്ടി കാത്തിരിക്കണോ എന്നതാണ്. വനിത പ്രാതിനിധ്യം ഉറപ്പാക്കാൻ രാഷ്ട്രീയ പാർടികൾക്ക് തീരുമാനിച്ചുകൂടെ? നിയമം മൂലമുള്ള സംവരണത്തിന് വേണ്ടി വാദിക്കുന്ന എത്ര രാഷ്ട്രീയ പാർടികൾ സ്ഥാനാർത്ഥികളെ തീരുമാനിക്കുമ്പോൾ വനിത പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുണ്ട്. ഒന്നോ രണ്ടോ പാർടികൾ മാത്രം എന്നതാണ് ഉത്തരം. അതിൽ ബിജെപിയോ, കോൺഗ്രസോ, ഇടതുപക്ഷ പാർടികളോ ഇല്ല.
കേരളത്തിൽ 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസും സിപിഎമ്മും നിർത്തിയത് രണ്ട് വീതം വനിത സ്ഥാനാർത്ഥികളെ. ദേശീയ തലത്തിലെ കണക്കുകൾ പരിശോധിച്ചാൽ 344 സീറ്റിൽ കോൺഗ്രസ് മത്സരിച്ചപ്പോൾ വനിതകൾക്ക് സീറ്റ് നൽകിയത് 47 പേർക്ക് മാത്രം. വനിതകൾക്ക് കോൺഗ്രസ് നീക്കിവെച്ച സീറ്റ് 13.7 ശതമാനം. വനിത ബില്ല് പാർലമെന്റിൽ അവതരിപ്പിച്ച ബിജെപി മത്സരിച്ചത് 374 സീറ്റിൽ. വനിതകൾക്ക് നൽകിയത് 45 സീറ്റ്. 12 ശതമാനം സീറ്റുകൾ.
2019 ലെ തെരഞ്ഞെടുപ്പിൽ വനിതകൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകി ശ്രദ്ധേയമായ പാർടികൾ തൃണമൂൽ കോൺഗ്രസും നവീൻ പട്നായികിന്റെ ബിജു ജനതാദളുമാണ്. തൃണമൂൽ കോൺഗ്രസ് മത്സരിച്ച 42 ലോക്സഭ സീറ്റിൽ 17 ഇടത്ത് വനിതകളായിരുന്നു. 40.5 ശതമാനം സീറ്റ് തൃണമൂൽ കോൺഗ്രസ് വനിതകൾക്കായി നീക്കിവെച്ചു. തൃണമൂൽ കോൺഗ്രസിന്റെ 9 വനിതകളാണ് 2019ലെ തെരഞ്ഞെടുപ്പിലൂടെ ലോക്സഭയിൽ എത്തിയത്. വിജയിച്ച 23 അംഗങ്ങളിൽ തൃണമൂൽ കോൺഗ്രസിന്റെ ലോക്സഭയിലെ വനിതാ പ്രാതിന്ധ്യം 40 ശതമാനം. 19 സീറ്റിൽ മത്സരിച്ച ബിജു ജനതാദൾ 7 സീറ്റ് വനിതകൾക്ക് നൽകി. 36.8 ശതമാനം.
മറ്റ് രാഷ്ട്രീയ പാർടികൾ എത്ര ശതമാനം സീറ്റ് മാറ്റിവെച്ചു എന്ന് പരിശോധിക്കാം- തമിഴ്നാട്ടിൽ ഡിഎംകെ-10 ശതമാനം, എഐഎഡിഎംകെ 4.8 ശതമാനം, ബിഹാറിൽ ആർജെഡി 17.6 ശതമാനം, ജെഡിയു 5.9 ശതമാനം, യുപിയിൽ സമാജ് വാദി പാർട്ടി മത്സരിച്ച 29 സീറ്റിൽ 5 സീറ്റ് മാത്രമാണ് വനിതകൾക്ക് നൽകിയത്. 17.2 ശതമാനം. മറ്റ് പാർടികളുടെ സാഹചര്യം പരിശോധിച്ചാലും ഇതേ അവസ്ഥ തന്നെയാണ്. നിലവിലെ ലോക്സഭയിൽ പത്ത് അംഗങ്ങളിൽ ഒരു വനിത അംഗം എന്നതാണ് പ്രാതിനിധ്യം.ഇനി നിയമസഭ സീറ്റുകൾ പരിശോധിച്ചാലും മറിച്ചല്ല സാഹചര്യം. അപ്പോൾ നിയമം ഇല്ലാത്തതുകൊണ്ടല്ല, കാഴ്ചപ്പാടുകൾ തന്നെയാണ് പ്രശ്നം. ഇപ്പോൾ നിയമം മൂലം വനിത സംവരണം കൊണ്ട് വന്ന് ചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്ന ബിജെപിയും ബില്ലിൽ അവകാശവാദം ഉന്നയിക്കുന്ന കോൺഗ്രസും ബില്ലിനെ പിന്തുണക്കുന്ന ഇടതുപക്ഷം ഉൾപ്പടെയുള്ള പാർടികളും വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ വനിതാ പ്രാതിനിധ്യം ഉയർത്തുമോ എന്നതാണ് ചോദ്യം.


സ്ഥാനാർത്ഥികളെ തീരുമാനിക്കുമ്പോൾ എന്തുകൊണ്ട് 33 ശതമാനം സീറ്റുകൾ വനിതകൾക്ക് നൽകിക്കൂട? കേരളത്തിൽ യുഡിഎഫിന്റെയും എൽഡിഎഫിന്റെയും ബിജെപിയുടെയും 20 വീതം സ്ഥാനാർത്ഥികളിൽ 33 ശതമാനം വനിതകൾ ഉണ്ടാകുമോ? നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പേ സ്വന്തം സ്ഥാനാർത്ഥികളെ തീരുമാനിക്കുമ്പോൾ വനിതകൾക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കുക. അതിനുള്ള ധൈര്യവും ആർജ്ജവവും ഈ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ഉണ്ടാകുമോ എന്നത് കാത്തിരുന്ന് കാണാം. അതല്ലെങ്കിൽ എല്ലാം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ നാടകം മാത്രം എന്നേ പറയാനാകു.

ReplyForward

Leave a Reply

Your email address will not be published. Required fields are marked *