We Talk

എയർ ഇന്ത്യ ഏതു പെട്ടിയും അപ്രത്യക്ഷമാക്കും

എയര്‍ ഇന്ത്യാ യാത്രക്കാര്‍ സൂക്ഷിക്കുക; മുതുകാടിനേക്കാള്‍ വലിയ മാന്ത്രികരാണ് അവര്‍; എത് വലിയ പെട്ടിയും അപ്രത്യക്ഷമാക്കും

ഗോപിനാഥ് മുതുകാടിന്റെ കൂടെ നിരവധി അപ്രത്യക്ഷമാക്കല്‍ മാജിക്കുകള്‍ക്ക് സഹായിച്ച മജീഷ്യനും മെന്റലിസ്റ്റുമാണ് സോഷ്യല്‍ മീഡിയ ആക്റ്റീവിസ്റ്റ് കൂടിയായ ഫാസില്‍ ബഷീര്‍. ‘ട്രിക്ക്‌സ് മാനിയ’ എന്ന യുട്യൂബ് ചാനലിലൂടെ ഒരുപാട് ദിവ്യാത്ഭുതങ്ങളെയാണ് ഇദ്ദേഹം പൊളിച്ചടുക്കിയത്.  എന്നാല്‍ തങ്ങളുടെ വാനിഷിങ്ങ് ആക്റ്റുകളൊന്നും നമ്മുടെ എയര്‍ ഇന്ത്യക്ക് മുന്നില്‍ ഒന്നുമല്ല എന്നാണ് ഫാസില്‍ ഇപ്പോള്‍ പറയുന്നത്. ഫാസിലിന്റെ 12 ലക്ഷം വിലയുള്ള സ്റ്റേജ് ഷോ ഉപകരണം അടങ്ങിയ പ്രത്യേകം തയാറാക്കിയ വലിയ പെട്ടിയാണ് കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ അപ്രത്യക്ഷമാക്കിയത്!

ദുബൈയില്‍ മെന്റലിസം ഷോ അവതരിപ്പിക്കാൻ  കൊച്ചിയില്‍നിന്ന് എത്തിയതായിരുന്നു ഫാസില്‍. ദുബൈയിലേക്കുള്ള എഐ 933 എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നാണ് വിലപിടിപ്പുള്ള വസ്തുക്കള്‍ അടങ്ങിയ പെട്ടി നഷ്ടപ്പെട്ടത്. മെന്റലിസം ഹിപ്‌നോട്ടിസം സ്റ്റേജ് ഷോയ്ക്ക് ആവശ്യമായ അപൂര്‍വ വസ്തുക്കളടങ്ങിയ പെട്ടിയെക്കുറിച്ച് ആദ്യം അന്വേഷിച്ചപ്പോള്‍ ഒരു വിവരവും ലഭ്യമായിരുന്നില്ല. കൊച്ചിയില്‍ നിന്ന് പെട്ടി വിമാനത്തില്‍ കയറ്റിവിട്ടു എന്ന് കൊച്ചിയിലെ എയര്‍ ഇന്ത്യ ഓഫീസും, ദൂബൈയില്‍ വന്ന വിമാനത്തില്‍ ആ പെട്ടി ഇല്ല എന്ന് ദുബായ് എയര്‍ ഇന്ത്യ ഓഫീസിന്റെയും മറുപടി ലഭിച്ചതോടെ ഫാസില്‍ ആകെ ആശങ്കയിലായിരുന്നു. രാത്രി മുഴുവനും വിമാനത്താവളത്തില്‍ പെട്ടി അന്വേഷിച്ച് അലഞ്ഞു.

ഇതോടെ പരിപാടി മുടങ്ങി.  അവസാനം പിറ്റേന്ന് രാത്രി ദുബായ് വിമാനത്താവളത്തില്‍ നിന്ന് ഇവ തിരിച്ചുകിട്ടി. ബാഗേജ് ക്ലിയറന്‍സ് വിഭാഗത്തിലേക്ക് വരാതെ, കാര്‍ഗോ വിഭാഗത്തിലേക്ക് പോയെന്നായിരുന്നു എയര്‍ ഇന്ത്യയുടെ വിശദീകരണം. അധികൃതര്‍ തന്നെയാണ് പെട്ടി കണ്ടെത്തിയത്. പെട്ടി ദുബൈയിലെത്തിയിരുന്നുവെന്നും ബാഗേജ് കൈകാര്യം ചെയ്യുന്നവര്‍ക്ക് സംഭവിച്ച വീഴ്ചയാണ് കാരണമായതെന്നുമാണ് എയര്‍ ഇന്ത്യയുടെ പ്രതികരണം. ഇതിന് മാപ്പു ചോദിക്കുന്നുവെന്നും അവര്‍ പറഞ്ഞു. എന്നാല്‍, ഇനി മാപ്പ് പറഞ്ഞിട്ട് കാര്യമില്ലെന്നും എല്ലാ ഒരുക്കങ്ങളോടെയും എത്തിയ നിലമ്പൂര്‍ അസോസിയേഷന്റെ പരിപാടിയിലെ തന്റെ മെന്റലിസം ഷോ ഒഴിവാക്കേണ്ടി വന്നത് വലിയ നഷ്ടവും നിരാശയും സമ്മാനിച്ചെന്ന് ഫാസില്‍ പരാതിപ്പെട്ടു.

”ബാഗേജിലുള്ളത് അമേരിക്കയില്‍ നിന്ന് വന്‍ തുക നല്‍കി വാങ്ങിയ സാധനങ്ങളായിരുന്നു. അത് മറ്റെവിടെ നിന്നും വാങ്ങാന്‍ സാധിക്കാത്തവയുമാണ്. സാധാരണ ഗതിയില്‍ മാന്ത്രിക പ്രകടനം പോലെ സാധനങ്ങള്‍ ഉപയോഗിക്കുന്നത് ആസ്വാദകര്‍ മെന്റലിസം ഷോയില്‍ പ്രത്യക്ഷത്തില്‍ കാണാറില്ല. പക്ഷേ, അവയില്ലാതെ മെന്റലിസം ഷോ അവതരിപ്പിക്കാനാകുമായിരുന്നില്ല . മെന്റലിസം ഒരു പ്രചോദനാത്മക പരിപാടിയാണ്. പെട്ടി നഷ്ടപ്പെട്ടതോടെ ഷോ വേണ്ടെന്ന് വച്ചു. ഇതുകാരണം ഹാളും പ്രത്യേക സൗണ്ട് സിസ്റ്റവും ഏര്‍പ്പെടുത്തിയ സംഘാടകര്‍ക്കും വന്‍ തുക നഷ്ടമായി. എനിക്ക് ലഭിക്കേണ്ടിയിരുന്ന പ്രതിഫലവും മുടങ്ങി’ – സാധനങ്ങള്‍ നേരിയ കേടുപാടുകള്‍ സംഭവിച്ചെങ്കിലും അത് തിരിച്ചുകിട്ടിയതില്‍ ആശ്വാസമുണ്ടെന്ന് ഫാസില്‍ പറയുന്നു.

കേരളത്തിലേയ്ക്ക് മടങ്ങുന്ന ഫാസില്‍ എയര്‍ ഇന്ത്യയുടെ നിരുത്തരവാദ നടപടിക്കെതിരെ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്. കൂടാതെ, തിരിച്ചുകിട്ടിയ പെട്ടിയില്‍ ഇതുസംബന്ധമായ കാര്‍ട്ടൂണ്‍ പതിച്ച് അദ്ദേഹം പ്രതിഷേധം അറിയിക്കയും ചെയ്തു. സുഹൃത്തും കാര്‍ട്ടൂണിസ്റ്റുമായ രാജന്‍ വരച്ചുനല്‍കിയ വലിയ കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ച പെട്ടിയുമായി അദ്ദേഹം എയര്‍ ഇന്ത്യയെ പ്രതിഷേധം അറിയിച്ചു. അടിക്കടി യാത്രക്കാരോട് അനാസ്ഥ കാണിക്കുന്ന എയര്‍ ഇന്ത്യക്ക് ഇതൊരു പാഠമാകട്ടെ എന്നതാണ് ഉദ്ദേശ്യം.

കഴിഞ്ഞ 20 വര്‍ഷമായി മെന്റലിസം മേഖലയിലുള്ള ഫാസില്‍ 2005 മുതല്‍ മാന്ത്രികന്‍ മുതുകാടിനോടൊപ്പമാണ് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ തിരുവനന്തപുരത്തെ മാജിക് പ്ലാനറ്റിന്റെ പിആര്‍എമ്മായി സേവനം ചെയ്യുന്നു. മുതുകാട് മാന്ത്രികവിദ്യാ പ്രകടനം നിര്‍ത്തിയതോടെ നെടുമ്പാശ്ശേരി സ്വദേശിയായ ഫാസില്‍ മെന്റലിസത്തില്‍ ശ്രദ്ധ പതിപ്പിക്കുകയായിരുന്നു. അതേസമയം, മുതുകാടിനോടൊപ്പം ഇപ്പോഴും പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യുന്നു. പക്ഷേ എയര്‍ ഇന്ത്യക്ക് മുന്നില്‍ തങ്ങളുടെ മാന്ത്രിക വിദ്യകള്‍ തോറ്റു പോയെന്നാണ്‌  ഫാസില്‍ പറയുന്നത്.

എയര്‍ ഇന്ത്യയില്‍നിന്ന് സാധനങ്ങള്‍ കാണാതെ പോകുന്നത് തുടര്‍ സംഭവമാവുകയാണ്. പെട്ടി പൊട്ടിച്ച് സാധനങ്ങള്‍ മോഷ്ടിച്ച സംഭവംപോലും യാത്രക്കാര്‍ക്ക് പറയാനുണ്ട്. ഇത് സംബന്ധിച്ച് പലതവണ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *