We Talk

മൊട്ടയടിക്കാൻ ഇനി തലകൾ കൂടും !!

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തു കേരളത്തിൽ കോൺഗ്രസ് പാർട്ടിയെ ഞെട്ടിച്ച ഒന്നായിരുന്നു മഹിളാ കോൺഗ്രസ് സംസ്ഥാന  പ്രസിഡന്റ് ലതികാ സുഭാഷിന്റെ രാജിയും കെപിസിസി ഓഫിസ് വളപ്പിൽ പാർട്ടിയോടുള്ള പ്രതിഷേധ സൂചകമായി അവർ തല മൊട്ടയടിച്ചതും. തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിന്റെ പ്രതിഷേധമായിരുന്നു അത്. തൊണ്ണൂറു സീറ്റിൽ മത്സരിച്ച കോൺഗ്രസിന് ആ പാർട്ടിയുടെ സംസ്ഥാനത്തെ മഹിളാ വിഭാഗത്തിന്റെ  പ്രസിഡന്റിനു ഒരു സീറ്റ് നൽകാൻ കഴിഞ്ഞില്ല.

 അർഹത ഉണ്ടായിട്ടും കോൺഗ്രസിൽ  സീറ്റ് നിഷേധിക്കപ്പെട്ട ആദ്യത്തെ ആളൊന്നുമല്ല ലതികാ സുഭാഷ്. എന്നാൽ, അനീതി കാണിച്ചപ്പോൾ അവരെപ്പോലെ പാർട്ടിയുടെ നെറുകം തലയ്ക്കു പ്രഹരിക്കാൻ തന്റേടമുള്ള ആളുകൾ അധികം ഇല്ലെന്നേയുള്ളൂ. കോൺഗ്രസ്  വിട്ട ലതികാ സുഭാഷ് പിന്നീട് എൽ ഡി എഫ് ഘടക കക്ഷിയായ  എൻ സിപിയിൽ ചേരുകയും സംസ്ഥാന വനം വികസന   കോർപറേഷന്റെ  ചെയർ പേഴ്‌സൺ ആവുകയും ചെയ്തു. അവർ ഇപ്പോഴും ആ സ്ഥാനത്തു തുടരുന്നുണ്ട്. 

ലതികാ സുഭാഷിനെ ഇപ്പോൾ ഓർമ്മ വന്നത്‌ കോൺഗ്രസിന്റെ കൂടി പിന്തുണയിൽ പാർലമെന്റ് വനിതാ സംവരണ ബിൽ പാസാക്കിയപ്പോഴാണ്. രാജീവ് ഗാന്ധിയുടെ സ്വപ്നമായിരുന്നു ഇതെന്നാണ് സോണിയാ ഗാന്ധി പ്രതികരിച്ചത്. സീറ്റ് കിട്ടാതെ ലതികാ സുഭാഷ് പാർട്ടി വിട്ടപ്പോഴും തല മൊട്ടയടിച്ചപ്പോഴും സോണിയാ ഗാന്ധി കോൺഗ്രസ് തലപ്പത്തു തന്നെ ഉണ്ടായിരുന്നു. സംസ്ഥാന നിയമസഭാ തെരഞ്ഞടുപ്പിൽ മഹിളാ കോൺഗ്രസിന്റെ സംസ്ഥാനത്തെ ഏറ്റവും പ്രധാന നേതാവിന് ഒരു സീറ്റ് നൽകണമെന്ന് പാർട്ടിക്ക് നിർദേശം നൽകാൻ അവർ തയ്യാറായില്ല. അങ്ങിനെ ചെയ്തിരുന്നെങ്കിൽ ലതികാ സുഭാഷ് ഇപ്പോഴും കോൺഗ്രസിൽ ഉണ്ടായേനേ .

വനിതാ സംവരണം യാഥാർഥ്യമാകുന്നതോടെ നിയമസഭയിലേക്കും ലോക്സഭയിലേക്കുമൊക്ക മത്സരിക്കാമെന്നു മനപ്പായസം ഉണ്ണുന്ന മഹിളാ കോൺഗ്രസുകാരോട്  ഒടുവിൽ  തലമുടി പോയി മൊട്ട ആകാതെ സ്വയം കാക്കുക എന്നേ പറയാനുള്ളൂ. പ്രാദേശിക സർക്കാരുകൾ എന്ന് നമ്മൾ വിശേഷിപ്പിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഇതിനകം 33 ശതമാനം വനിതാ സംവരണമുണ്ട്. എന്നാൽ അവിടേക്കു മത്സരിക്കുന്നത് ആരാണ് ? യു ഡി എഫിൽ നിന്ന് കോൺഗ്രസിന് ലഭിക്കുന്ന സീറ്റുകളിൽ വിജയ സാധ്യതയുള്ള ഇടങ്ങളിൽ പാർട്ടി നേതാക്കളുടെ ഭാര്യമാർ, അല്ലെങ്കിൽ മക്കൾ, അതുമല്ലെങ്കിൽ മരുമക്കൾ. അതല്ലാതെ കോൺഗ്രസിന് വേണ്ടി വെള്ളം കോരുകയും വിറകു വെട്ടുകയും ചെയ്യുന്ന എത്ര മഹിളാ കോൺഗ്രസുകാർക്ക് പാർട്ടി സീറ്റ് നൽകുന്നുണ്ട് ? സംസ്ഥാനാടിസ്ഥാനത്തിൽ ഒരു കണക്കെടുപ്പ് നടത്തിയാൽ നിരവധി മഹിളാ കോൺഗ്രസ് നേതാക്കൾ തല മുണ്ഡനം ചെയ്യാൻ നിർബന്ധിതരാകും.

തെരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് സീറ്റ് കൊടുക്കുന്ന കാര്യത്തിലും ജയിച്ചു വന്നാൽ പദവികൾ നൽകുന്നതിലും കോൺഗ്രസും സിപിഎമ്മും എല്ലാക്കാലത്തും ഒരേ തൂവൽ പക്ഷികളാണ്. പാർട്ടി പദവികൾ നൽകുന്നതിലും സ്ത്രീകളെ അകറ്റി നിർത്തുന്ന കാര്യത്തിലും  അവർക്കു ഏറെക്കുറെ ഏകാഭിപ്രായമാണ്. സംസ്ഥാനത്തെ 14 ജില്ലാ കോൺഗ്രസ് പ്രെസിഡന്റുമാരിൽ ഒരൊറ്റ വനിത പോലും ഇന്നില്ല. നേരത്തെ കൊല്ലം ഡി സി സി പ്രസിഡന്റ് ആയി ബിന്ദു കൃഷ്ണ ഉണ്ടായിരുന്നു. പാർട്ടി പുനഃസംഘടന നടത്തിയപ്പോൾ അവരെ മാറ്റി പകരം  പുരുഷ പ്രസിഡന്റിനെ വെച്ചു .

കോൺഗ്രസിന്റെ 25 അംഗ രാഷ്ട്രീയ കാര്യ സമിതിയിൽ ഒരു വനിത മാത്രമാണുള്ളത്. ഷാനിമോൾ ഉസ്മാൻ. സിപിഎമ്മിന്റെ 17 അംഗ സെക്രട്ടേറിയറ്റിൽ പി കെ  ശ്രീമതി ടീച്ചർ മാത്രമാണ് ഏക വനിത. ഇതേസമയം, ലോക് സഭയിലും നിയമസഭയിലും വനിതാ സംവരണം വരുന്നതിനു മുൻപേ പാർട്ടി പദവികളിൽ അത് നടപ്പിലാക്കിയിട്ടുണ്ട് ബിജെപി. അവരുടെ 21 അംഗ സംസ്ഥാന ഭാരവാഹികളിൽ 7 സ്ത്രീകളുണ്ട്.  പൊതുരംഗത്തു സ്ത്രീകൾ വരുന്നതിനെ പൊതുവിൽ നിരുത്സാഹപ്പെടുത്തുന്ന ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ എട്ടംഗ സംസ്ഥാന ഉന്നതാധികാര സമിതിയിൽ ഒരു വനിത പോലുമില്ല. അവരുടെ 24 അംഗ സംസ്ഥാന കമ്മിറ്റിയിലും മേമ്പൊടിക്ക് പോലും വനിതയില്ല. 75 വർഷത്തെ പാരമ്പര്യമുള്ള മുസ്‌ലിം ലീഗ് കേരള നിയമസഭയിലേക്ക് രണ്ടു തവണയാണ്  വനിതകളെ മത്സരിപ്പിച്ചത്. സ്ത്രീകളെ നിർത്തിയാൽ  പാർട്ടിക്കാർ തന്നെ അവരെ   തോൽപ്പിക്കുന്ന സാഹചര്യമുണ്ടെന്നു ആ രണ്ടു തെരഞ്ഞെടുപ്പുകളിലും ബോധ്യപ്പെട്ടതാണ്.  . 1996 ലാണ് ലീഗ് കേരള നിയമസഭയിലേക്ക് ആദ്യമായി  വനിതയെ മത്സരിപ്പിച്ചത്. കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ ഖമറുന്നിസ അൻവറിനെ . 2021 ൽ നൂർബിന റഷീദിനെയും അതേ മണ്ഡലത്തിൽ മത്സരിപ്പിച്ചു. ലീഗിന് ശക്തിയുള്ളതും  കൂടുതൽ സ്ത്രീ വോട്ടർമാരുള്ളതുമായ മണ്ഡലം ആയിട്ടും രണ്ടു പേരും തോറ്റു . ലീഗുകാർ തന്നെ തോൽപിക്കാൻ മുൻപന്തിയിൽ ഉണ്ടായിരുന്നതായാണ് ഇരുവരുടെയും അനുഭവം. അതു കൊണ്ടുതന്നെ വനിതാ സംവരണം ലീഗിന് വെല്ലുവിളിയാണ്. എന്നാൽ, അനിവാര്യമായ ഈ വെല്ലുവിളി അവർ ഏറ്റെടുത്തേ പറ്റൂ. 

വനിതാ മന്ത്രിമാരുടെ എണ്ണത്തിൽ കേരളം  ഉണ്ടായ ശേഷം ഇതാദ്യമായാണ് വർധന ഉണ്ടാകുന്നത്. രണ്ടാം പിണറായി മന്ത്രിസഭയിൽ മൂന്നു വനിതാ മന്ത്രിമാരുണ്ട്. വീണാ ജോർജ്, ചിഞ്ചു റാണി, ആർ ബിന്ദു എന്നിവർ. ഇതേസമയം, രാഷ്ട്രീയത്തിൽ ഉയർന്നു വരുന്ന വനിതകളെ പിൻനിരയിലേക്കു തള്ളുന്ന പാർട്ടി എന്ന ദുഷ്‌പേര് സിപിഎമ്മിനുണ്ട്. കെ ആർ ഗൗരി മുഖ്യമന്ത്രിയാകും എന്ന് പാർട്ടിക്കാരെയും വോട്ടർമാരെയും ആകെ വിശ്വസിപ്പിച്ച ശേഷം നായനാരെ മുഖ്യമന്ത്രിയാക്കിയ പാർട്ടിയാണ് സിപിഎം. ഒന്നാം പിണറായി മന്ത്രിസഭയിൽ ആരോഗ്യമന്ത്രി എന്ന നിലയിൽ പ്രാഗൽഭ്യം തെളിയിക്കുകയും യു എൻ ബഹുമതി വരെ നേടുകയും ചെയ്ത കെ കെ ശൈലജ ടീച്ചറെ, സംസ്ഥാനം  ഞെട്ടിയ  ഭൂരിപക്ഷത്തിൽ ജയിച്ചു വന്നിട്ടും  ട്രഷറി ബെഞ്ചിൽ ഇരുത്താതെ തഴഞ്ഞത് സിപിഎമ്മിന്റെ സ്ത്രീവിരുദ്ധ സമീപനത്തിന്റെ തെളിവാണ്.

ഏതായാലും മഹിളാ കോൺഗ്രസുകാരായാലും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻകാരായാലും വനിതാ ലീഗ് ആയാലും മഹിളാ മോർച്ച ആയാലും  പാർട്ടിയിലെ പുരുഷ കേസരികളുടെ പ്രീതി ഉണ്ടെങ്കിലേ മത്സരിക്കാൻ ടിക്കറ്റും  പാർട്ടി പദവികളും ലഭിക്കൂ എന്നതാണ് നമ്മുടെ ജനാധിപത്യത്തിന്റെ ദുരന്തം.     

Leave a Reply

Your email address will not be published. Required fields are marked *