പള്ളി പൊളിച്ച് മൂത്രപ്പുരയും ബാറുമാക്കുന്ന ചൈന
കമ്യൂണിസ്റ്റ് നാട്ടില്‍ നടക്കുന്നത് കടുത്ത മുസ്ലീം പീഡനം
ലോകത്ത് ഏറ്റവും കൂടുതല്‍ മതപീഡനം നടക്കുന്ന രാജ്യം ഏതാണെന്ന് ചോദിച്ചാല്‍ അതിന് കമ്യുണിസ്റ്റ് ചൈന എന്നുതന്നെയാവും ഉത്തരം. 2020ല്‍ അവിടെ ഉയിഗൂര്‍ മുസ്ലീങ്ങളുടെ പള്ളിപൊളിച്ച് മൂത്രപ്പുരയാക്കിയതും, ചിലത് മദ്യവും സിഗരറ്റു വില്‍ക്കുന്ന ബാര്‍ ആക്കിയതും, ഖബറുകളിലെ അസ്ഥികള്‍വരെ മാന്തിയെടുത്തതും, വലിയ വാര്‍ത്തയായിരുന്നു. പക്ഷേ ഇപ്പോള്‍, പതിനേഴാം നൂറ്റാണ്ടിലെ ലോകപ്രശസ്തമായ മുസ്ലീം പള്ളി തകര്‍ത്ത് കമ്യൂണിസ്റ്റ് ചൈന വീണ്ടും വിവാദത്തിലായിരിക്കയാണ് . വടക്കുപടിഞ്ഞാറന്‍ ഗാന്‍സു പ്രവിശ്യയിലെ ലാന്‍ഷൗ സിഗ്വാന്‍ മസ്ജിദാണ് അധികൃതര്‍ പൊളിച്ചത്. അതിന്റെ അറബി ശൈലിയിലുള്ള ഘടനയെ ചൈനീസ് സ്വഭാവസവിശേഷതകള്‍ ഉപയോഗിച്ച് മാറ്റി സ്ഥാപിക്കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍ മസ്ജിദ് പൂര്‍ണ്ണമായും പൊളിക്കുകയായിരുന്നുവെന്ന് മനുഷ്യാവകാശത്തിനും, മതസ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളുന്ന വെബ്സൈറ്റായ ബിറ്റര്‍ വിന്റര്‍ പറയുന്നു.
ലാന്‍ഷൗ സിഗ്വാന്‍ മസ്ജിദ്് പൊളിക്കുന്നത് അധികാരികള്‍ 2020-ല്‍ തന്നെ ആസൂത്രണം ചെയ്തായിരുന്നു. എന്നാല്‍ അത് അപ്പോള്‍ നടപ്പായില്ല. പകരം ഈ ഓഗസ്റ്റിലാണ് പൊളിക്കല്‍ തുടങ്ങിയത്. ഓരോ വ്യക്തിയും സ്ഥാപനങ്ങളും കമ്മ്യൂണിസ്റ്റ് നേതൃത്വത്തോട് കൂറ് പ്രകടിപ്പിക്കാനും പള്ളി പൊളിക്കുന്നതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യരുതെന്നും ഔദ്യോഗിക ഉത്തരവുണ്ട്. പദ്ധതി ശ്രദ്ധാപൂര്‍വ്വം വിഭാവനം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മസ്ജിദ് ഇല്ലാതാക്കാനുള്ള പദ്ധതി പ്രാദേശിക മുസ്ലീങ്ങളില്‍ പ്രതിഷേധത്തിന് കാരണമായി . പലരെയും ബലപ്രയോഗത്തിലൂടെയാണ് ചൈന നേരിട്ടത്. (1368 -1644) മിംഗ് രാജവംശത്തിന്റെ കീഴില്‍ 16ാം നൂറ്റാണ്ടിന്റെ അവസാനത്തിനും 17ാം നൂറ്റാണ്ടിന്റെ തുടക്കത്തിനും ഇടയിലാണ് മസ്ജിദ് നിര്‍മ്മിച്ചത്. ക്വിംഗ് രാജവംശത്തിന്റെ ഭരണകാലത്ത് (1644-1911) ഇത് രണ്ടുതവണ വിപുലമായി നവീകരിച്ചു. വൈകാതെ മുസ്ലീങ്ങളുടെ അഭിമാന സ്രോതസ്സും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രവുമായി ഈ പള്ളി മാറി. മസ്ജിദ് നശിപ്പിച്ചതിനെ വിമര്‍ശിക്കുന്നതും പരാമര്‍ശിക്കുന്നതും പോലും ഓണ്‍ലൈനിലും ഓഫ്‌ലൈനിലും നിരോധിച്ചിരിക്കുന്നുവെന്ന് ബിറ്റര്‍ വിന്റര്‍ റിപ്പോര്‍ട്ട് ചെയ്തു. വിലക്ക് ലംഘിച്ചാല്‍ ജോലി നഷ്ടപ്പെടുമെന്നു മുന്നറിയിപ്പുണ്ട്.
മുസ്ലീങ്ങളെ ചൈനയുടെ ഭാഗമാക്കാനുള്ള സാംസ്‌ക്കാരിക ഏകീകരണത്തിന്റെ ഭാഗമാണ് ഈ നടപടികള്‍ എന്നാണ് ചൈന പറയുന്നത്്. പക്ഷേ ചൈനയില്‍ ഉയിഗൂരികള്‍ എന്ന് വിളിക്കുന്ന മുസ്ലീങ്ങള്‍ക്കുനേരെ കടുത്ത മനുഷ്യാവകാശ ലംഘനമാണ് സര്‍ക്കാര്‍ നടത്തുന്നത്.

2020ല്‍ സിന്‍ജാങ് പ്രവിശ്യയിലെ ആതുഷി ഗ്രാമത്തിലുണ്ടായിരുന്ന ഉയിഗൂര്‍ ജമാ മസ്ജിദ് ഇടിച്ച് പൊളിച്ച് മൂത്രപ്പുര പണിഞ്ഞ ചൈന, ഇടിച്ചുപൊളിക്കും മുമ്പ് പള്ളി കയ്യേറി പാര്‍ട്ടിക്കൊടിയും നാട്ടിയിരുന്നു. മുന്‍ വശത്ത് ‘രാജ്യത്തെ സ്നേഹിക്കുക, പാര്‍ട്ടിയെ സ്നേഹിക്കുക’ എന്നെഴുതിയ വലിയൊരു ബോര്‍ഡും സ്ഥാപിച്ചു. അവിടെ മറ്റൊരു പള്ളി പൊളിച്ച് സ്ഥാപിച്ചത് ഇസ്ലാമിന് ഹറാമായ മദ്യവും സിഗരറ്റുമൊക്കെ വില്‍ക്കുന്ന സ്റ്റോര്‍ ആക്കിയും മാറ്റിയിരുന്നു.
ഉയിഗൂര്‍ മുസ്ലീങ്ങളുടെ മനോബലം തകര്‍ക്കാനും, അവരെ അവരുടെ വിശ്വാസപ്രമാണങ്ങളില്‍ നിന്ന് നിര്‍ബന്ധിതമായി അടര്‍ത്തിമാറ്റി, ഹാന്‍ വംശീയസ്വത്വത്തിലേക്കും, തദ്വാരാ മുഖ്യധാരാ ചൈനീസ് ദേശീയതയിലേക്കും ഇണക്കിച്ചേര്‍ക്കാനുമുള്ള സര്‍ക്കാരിന്റെ പരിശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടിയുണ്ടായത്. ഇതേ പദ്ധതിയുടെ ഭാഗമായാണ് ലാന്‍ഷൗ സിഗ്വാന്‍ മസ്ജിദും പൊളിച്ചത്.
‘മോസ്‌ക് റെക്റ്റിഫിക്കേഷന്‍’ പ്രോഗ്രാം
ഷി ജിന്‍പിങ്ങിന്റെ ചൈനീസ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ 2016 -ല്‍ തുടങ്ങിയ ‘മോസ്‌ക് റെക്റ്റിഫിക്കേഷന്‍’ നയത്തിന്റെ ഭാഗമാണ് ഈ നടപടിയും. 2017 മുതല്‍ക്ക് തന്നെ പ്രദേശവാസികളായ ഏകദേശം പതിനെട്ടു ലക്ഷത്തോളം പേരെ റീ-എജുക്കേഷന്‍ ക്യാമ്പുകളില്‍ നിര്‍ബന്ധിച്ച് പിടിച്ചുകൊണ്ട് വ്യക്തിപരമായ റെക്റ്റിഫിക്കേഷന്‍ ശ്രമങ്ങളും സര്‍ക്കാര്‍ നടത്തുന്നുണ്ട് റേഡിയോ ഫ്രീ ഏഷ്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

2020ല്‍ പ്രദേശത്ത് അങ്ങനെയൊരു പൊതു ശൗചാലയത്തിന്റെ ആവശ്യമുണ്ടോ എന്ന റേഡിയോ ഫ്രീ ഏഷ്യയുടെ ചോദ്യത്തോട്, പേര് വെളിപ്പെടുത്തരുത് എന്ന നിബന്ധനയോടെ ചില ഉയിഗൂര്‍ മുസ്ലിം പൗരന്മാര്‍ പ്രതികരിച്ചത് ഇങ്ങനെയാണ്. – ‘അത് ഇവിടത്തെ ഹാന്‍ സഖാക്കളുടെ പണിയാണ്. ഇവിടങ്ങനെ ഒരു പൊതു ശൗചാലയത്തിന്റെ ആവശ്യം ഉണ്ടായിരുന്നോ എന്ന് ചോദിച്ചാല്‍ ഇല്ല. കാരണം, ഇവിടെ എല്ലാ വീടുകളിലും അറ്റാച്ച് ചെയ്ത ടോയ്‌ലറ്റുകള്‍ ഉണ്ട്. ഇവിടെ ഇങ്ങനെ ഒരു മോസ്‌ക് ഉണ്ടായിരുന്നതിന്റെയും, അവര്‍ അത് ഇടിച്ചു കളഞ്ഞതിന്റെയും തെളിവുകള്‍ മറയ്ക്കുക എന്നത് കൂടിയാവും ചിലപ്പോള്‍ ഇങ്ങനെയൊരു നിര്‍മ്മാണത്തിന് പിന്നില്‍’.
മറ്റൊരു ഉയിഗൂര്‍ പൗരന്‍ പറയുന്നു-”ഇത് പ്രദേശത്ത് ഇടിച്ചു പൊളിക്കപ്പെടുന്ന മൂന്നാമത്തെ മുസ്ലിം പള്ളിയാണ്. ഇതിനു മുമ്പ് ഒരു പള്ളി പൊളിച്ചിടത്ത് അവര്‍, ഹാന്‍ സഖാക്കള്‍, ഇസ്ലാമില്‍ വിലക്കപ്പെട്ട സാധനങ്ങളായ മദ്യവും സിഗരറ്റുമൊക്കെ വില്‍ക്കുന്ന ഒരു കണ്‍വീനിയന്‍സ് സ്റ്റോര്‍ ആണ്. ഞങ്ങളുടെ മതവികാരം വ്രണപ്പെടുത്തുക, ആത്മാഭിമാനം മുറിപ്പെടുത്തുക എന്നതൊക്കെ ഉദ്ദേശിച്ച് മനഃപൂര്‍വ്വമാണ് ഇവര്‍ ഇങ്ങനെയൊക്കെ ചെയ്യുന്നത്. അത് ഞങ്ങള്‍ക്ക് നന്നായി മനസ്സിലാകുന്നുണ്ട്’ – ഈ രീതിയിയാണ് അന്ന് ഉയിഗൂരികള്‍ പ്രതികിരിച്ചത്.

അടിമകളെപ്പോലെ ഒരു ജനത
കമ്യൂണിസ്റ്റ് ചൈനയുടെ വടക്കുപടിഞ്ഞാറ് കിടക്കുന്ന സിന്‍ജിയാങ് പ്രവിശ്യയില്‍, അടിമകളെപ്പോലെ ജീവിക്കുന്നവരാണ് ഉയിഗൂര്‍ മുസ്ലീങ്ങള്‍. ഇവര്‍ മതം ഉപേക്ഷിച്ച് ദേശീയവാദികള്‍ ആകണം എന്നാണ് ചൈന ആഗ്രഹിക്കുന്നത്. അതിനായി 30 ലക്ഷത്തോളം വരുന്ന ഉയിഗൂര്‍ മുസ്ലീങ്ങളെ തടവറകളില്‍ അടച്ചിരിക്കയാണ് ചൈന. എന്നാല്‍ ഇത് തടവറയല്ല, രാഷ്ട്ര പുനര്‍ നിര്‍മ്മാണ കേന്ദ്രങ്ങളാണെന്നാണ് ആ കമ്യുണിസ്റ്റ് രാജ്യം പറയുന്നത്. അവിടെ എങ്ങനെ ഒരു നല്ല പൗരനാകാം എന്നാണത്രേ ചൈന ഇവരെ പഠിപ്പിക്കുന്നത്. പുരുഷന്മാര്‍ ജയിലിലായ ഉയിഗുര്‍ വീടുകളിലേക്ക് ഇപ്പോള്‍ ‘ബന്ധു സഖാക്കള്‍’ എന്ന പേരിലാണ് ചൈന ആളുകളെ കയറ്റിവിടുന്നത്. സമ്മതമില്ലാതെ വീടുകളില്‍ എത്തുന്ന ഈ അതിഥികള്‍ ഉയിഗൂരികള്‍ക്കൊപ്പം ഉണ്ടും ഉറങ്ങിയും താമസിക്കും. എല്ലാകാര്യങ്ങളും റിപ്പോര്‍ട്ട് ചെയ്യും. ചൈനീസ് ഭാഷയടക്കം പുതിയ കാര്യങ്ങള്‍ പഠിപ്പിക്കും.

അസ്വഭാവികമായ എന്തു കണ്ടാലും പെട്ടെന്ന് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് ഈ ബന്ധു സഖാക്കള്‍ക്ക് നിര്‍ദ്ദേശം കിട്ടിയത്. ഹറാമായിട്ടുള്ള മദ്യവും മാംസവും കഴിക്കാന്‍ പ്രേരിപ്പിക്കണം, താടിയില്ലാത്തയാള്‍ പെട്ടെന്ന് താടിവച്ചാലും മദ്യപിക്കുന്നയാള്‍ പെട്ടെന്ന് നിര്‍ത്തിയാലുമൊക്കെ റിപ്പോര്‍ട്ട് ചെയ്യണം, സുന്നത്തുകല്യാണങ്ങളില്‍, പേരിടല്‍ ചടങ്ങുകളില്‍, ജനന- മരണങ്ങള്‍ തുടങ്ങിയവയിലൊക്കെ സജീവമാവണം, മിശ്രവിവാഹങ്ങള്‍ പരമാവധി പ്രോല്‍സാഹിപ്പിക്കണം തുടങ്ങിയവയാണ് ഇവര്‍ക്ക് നല്‍കിയ മറ്റ് നിര്‍ദ്ദേശങ്ങള്‍. എന്നാല്‍ ഉയിഗൂരികളാകട്ടെ ഇതില്‍ ഒന്നും പിടികൊടുക്കാതെ തങ്ങളുടെ വിശ്വാസവുമായി ഉറച്ച് മുന്നോട്ടുപോകുയാണ്.

നിസ്‌ക്കാരവും നോമ്പുമൊക്കെ ഉപേക്ഷിപ്പിച്ച് മുസ്ലീങ്ങളെ അവര്‍ അല്ലാതാക്കുകയാണ് ചൈനയുടെ ലക്ഷ്യം. എന്നാല്‍ ഈ രീതിയിലുള്ള പീഡനങ്ങള്‍ ഉണ്ടായിട്ടും അറബ് ലോകം അടക്കമുള്ള ഇസ്ലാമിക ലോകം പോലും ഈ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ മൗനം പാലിക്കയാണ്. കാരണം ചൈനയുമായുള്ള വ്യാപാര – വ്യവസായ ബന്ധങ്ങള്‍ തന്നെ. ആകെ പ്രതികരിക്കുന്നത് പാശ്ചാത്യ മനുഷ്യാവകാശ സംഘടകള്‍ മാത്രമാണ്. പാക്കിസ്ഥാനോ ഇറാനോപോലും ഇവര്‍ക്കുവേണ്ടി നിലകൊണ്ടിട്ടില്ല. കേരളത്തില്‍ നോക്കുക. റോഹീങ്ക്യന്‍ മുസ്ലീങ്ങള്‍ക്കുവേണ്ടി വലിയ റാലികള്‍ നടന്ന ഇവിടെ, ഉയിഗൂര്‍ മുസ്ലീങ്ങളുടെ കാര്യം ആരും മിണ്ടുന്നില്ല.