We Talk

പോലീസ് വേഷത്തിൽ വീണ്ടും മമ്മൂട്ടി

മലയാള സിനിമയിലെ മഹാനടന്‍ മമ്മൂട്ടി മറ്റൊരു പൊലീസ് കഥാപാത്രവുമായി    വീണ്ടും നമ്മുടെ മുന്നിലെത്തുന്നു.  മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന കണ്ണൂര്‍ സ്‌ക്വാഡ് എന്ന ചിത്രത്തിലാണ് പ്രിയപ്പെട്ട മമ്മുക്ക വീണ്ടും   ആരാധകരുടെ ഇഷ്ടവേഷമായ പൊലീസ് വേഷം അണിയുന്നത്. കരിയറിലുടനീളം വിവിധ തരത്തിലുള്ള പൊലീസ് വേഷങ്ങള്‍ കൈകാര്യം ചെയ്ത മമ്മൂട്ടിയുടെ പുതിയ പൊലീസ് കഥാപാത്രത്തെ ട്രെയിലറിലൂടെ തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രത്തില്‍ മമ്മൂട്ടി പറയുന്ന വിളച്ചിലെടുക്കല്ലേ എന്ന ഡയലോഗും ഇതിനോടകം വൈറലായി.

തന്റെ അഭിനയ ചാരുത കൊണ്ട് പതിറ്റാണ്ടുകളോളം ആരാധകരുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ മമ്മൂട്ടി, പ്രൊമോഷന്റെ ഭാഗമായി പങ്കെടുത്ത ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ നമ്മെ അല്‍പ്പമെങ്കിലും അമ്പരിപ്പിക്കുന്നതാണ്. ഓരോ ഷോട്ടിലും അഭിനയിക്കാന്‍ തുടങ്ങുമ്പോള്‍ തനിക്ക് വല്ലാത്ത പേടിയാണെന്നാണ് മമ്മൂട്ടി പറഞ്ഞത്. അഭിനയമെന്നത് നിസ്സാര കാര്യമല്ല. ഒരു ക്വാളിഫിക്കേഷനുമില്ലാതെ വെറുതെയങ്ങ് പോയി അഭിനയിക്കാമെന്നാണ് പലരും പറയുന്നത്. യാതൊരു കഷ്ടപ്പാടുമില്ലാത്ത ജോലി എന്നാണ് അവരുടെ വിചാരം. എന്നാല്‍ നല്ലപോലെ അധ്വാനിച്ചാലേ, പണിയെടുത്താലേ നല്ല നടനാകാന്‍ കഴിയൂ എന്ന് മമ്മൂട്ടി പറയുന്നു.

അഭിനയിക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ മാത്രമല്ല, ശരീരത്തിലും മാറ്റങ്ങള്‍ സംഭവിക്കും. ബിപി കൂടും. ശരീരം തണുക്കും. ദേഷ്യപ്പെടുമ്പോള്‍ നമ്മള്‍ വിയര്‍ക്കും. എന്തെങ്കിലും കാര്യമുണ്ടായിട്ടല്ല നമ്മള്‍ പ്രതികരിക്കുന്നത്, കാര്യമുണ്ടാക്കിയിട്ട് പ്രതികരിക്കുകയാണ്. ഇത് ഇരട്ടിപ്പണിയാണ്. ഓരോ ഫ്രാക്ഷന്‍ ഓഫ് മൊമന്റ്സും നമ്മള്‍ കഥാപാത്രമായി മാറിക്കൊണ്ടിരിക്കണം. 25 വര്‍ഷമായി താന്‍ ഗ്ലിസറിന്‍ ഇട്ട് അഭിനയിച്ചിട്ട്. എപ്പോഴും അതിന്റെ ആവശ്യമില്ല. കഥാപാത്രത്തെ ഉള്‍ക്കൊണ്ടു കഴിഞ്ഞാല്‍ കണ്ണീരൊക്കെ താനേ വന്നുകൊള്ളുമെന്നും മമ്മൂട്ടി പറഞ്ഞു.

എന്റെയടുത്ത് ഗോപിച്ചേട്ടന്‍ പറഞ്ഞിട്ടുണ്ട്. ഓരോ ഷോട്ടിലും പുള്ളിയ്ക്ക് ബിപി കൂടുമെന്ന്. ആക്ഷന്‍ പറയുമ്പോള്‍ പുള്ളിയ്ക്ക് ടെന്‍ഷനാകും. എല്ലാവര്‍ക്കും ഈ ടെന്‍ഷന്‍ ഉണ്ട്. എങ്ങിനെ വരും എന്താകും എന്ന ടെന്‍ഷനാണ്. എനിക്ക് എല്ലാ ഷോട്ടിലും ഈ പ്രശ്നം ഉണ്ട്. അഭിനയത്തെക്കുറിച്ച് അറിയാവുന്നതുകൊണ്ട് ഈ പേടി. കഥാപാത്രത്തില്‍ കോണ്‍സട്രേറ്റ് ചെയ്തിരിക്കുന്ന സമയത്ത് ആരെങ്കിലും ശല്യപ്പെടുത്തിയാല്‍ ഭയങ്കര പ്രശ്നമാണ്. ഇറിറ്റേറ്റഡ് ആകും, ദേഷ്യം വരും. അങ്ങിനെ പല പ്രശ്നങ്ങളുമുണ്ട്. ആ സമയത്താണ് ആളുകള്‍ തലക്കനമാണ് കാലേക്കനമാണ് എന്നൊക്കെപ്പറയുന്നത്. നമ്മള്‍ കഥാപാത്രത്തിലേക്ക് ശ്രദ്ധ കൊടുക്കുന്ന സമയത്ത് നമ്മുക്ക് ഇറിറ്റേഷന്‍ വരാന്‍ പാടില്ല. ആ സമയം ഡിസ്റ്റര്‍ബ് ചെയ്താലൊക്കെ ഭയങ്കര പ്രശ്നമാ. പേടിച്ചിട്ടാണ്. കഥാപാത്രത്തിലേക്ക് മാറാന്‍ സാധിച്ചില്ലെങ്കില്‍ പ്രകടനം മോശമാകും. നമ്മള്‍ എപ്പോഴും നമ്മുടെ ഓപ്പോസിറ്റായി നില്‍ക്കുന്നയാള്‍ വന്‍ പുള്ളിയാണെന്ന് വിചാരിച്ചേക്കണം. എന്നിട്ട് ഞാന്‍ നിന്നെ പൊളിക്കും എന്ന് ഉള്ളില്‍ പറയണം. അപ്പോള്‍ ഒരു ആത്മധൈര്യം കിട്ടും. അതില്‍ വെച്ച് വേണം അഭിനയിക്കാന്‍. ഇല്ലെങ്കില്‍ നമ്മുടെ പെര്‍ഫോര്‍മന്‍സ് പൊളിഞ്ഞു പോകും. മമ്മൂട്ടി വിശദീകരിച്ചു.ഒരു വണ്ടിയോടിച്ചു കൊണ്ടുപോയി എവിടെയെങ്കിലും ഒരിടത്ത് നിര്‍ത്തിയിട്ട് ഒരു ഡയലോഗ് പറയണമെന്ന് വിചാരിക്കുക. ഇവിടെ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. കൃത്യസമയത്ത് വണ്ടി നിര്‍ത്തണം. കൃത്യമായ സ്ഥലത്ത് തന്നെ നിര്‍ത്തണം. അത് ഫോക്കസില്‍ വരണം. ഡയലോഗ് പറയണം. വണ്ടിയെടുത്ത് പോവുകയും വേണം. എന്തെല്ലാം പണി ചെയ്യാനുണ്ട്. അത് എളുപ്പമല്ല. പക്ഷേ ചെയ്തുകഴിയുമ്പോള്‍ വലിയൊരു പ്ലെഷര്‍ നമ്മുക്ക് കിട്ടും. ഒരു സിനിമ ഭാഗ്യത്തിന് അഭിനയിക്കാം. പക്ഷേ, നിലനിന്ന് പോകണമെങ്കില്‍ നല്ലതുപോലെ അധ്വാനിക്കണമെന്നും മമ്മുട്ടി പറഞ്ഞു.

നമ്മുടെ കണ്‍മുമ്പില്‍ കൂടി കടന്നുപോകുന്ന ഓരോ ആളെയും നമ്മള്‍ നിരീക്ഷിക്കുകയാണ്. ഓരോ കഥാപാത്രങ്ങളിലും പ്രത്യേകമായി കാണുന്ന ജെസ്റ്റേഴ്സും മാനറിസങ്ങളുമെല്ലാം അത്തരത്തില്‍ ഉണ്ടാകുന്നത്. ഒരു വണ്ടി ഒരു സ്ഥലത്ത് പാര്‍ക്ക് ചെയ്ത് നടന്നുപോകുന്ന ഒരാളെ നോക്കിയാല്‍ തന്നെ ജീവിതകാലം മുഴുവന്‍ അഭിനയിക്കാനുള്ള വക കിട്ടും.ഒരു കഥാപാത്രത്തിന്റെ സ്വഭാവരീതികളോ സ്വഭാവ വൈശിഷ്ട്യങ്ങളോ നോക്കിയിട്ടല്ല ആ സിനിമ ചെയ്യാമെന്ന് ഏല്‍ക്കുന്നത്. അവയെല്ലാം എഴുതിത്തന്നെയുണ്ടാകണം. ആ കഥാപാത്രമായി മാറുക എന്നതാണ് നമ്മുടെ ജോലി. എഴുതി വെയ്ക്കുന്നതിന് അപ്പുറത്തേയ്ക്ക് ഒരു പത്ത് പതിനഞ്ച് ശതമാനം മാത്രമേ നമ്മുക്ക് കൂട്ടാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ ഒരു സിനിമയുടെ പരാജയത്തിന് കാരണം അതിന്റെ മേയ്ക്കിങ്ങോ ബാഡ് റൈറ്റിങ്ങോ ആയിരിക്കും. അല്ലെങ്കില്‍ മറ്റേപ്പടത്തില്‍ നമ്മള്‍ നന്നാകേണ്ട കാര്യമില്ലല്ലോ.ഞാനൊരു അഭിനയപ്രാന്തനായിരുന്നു. സിനിമാ പ്രാന്തനുമായിരുന്നു. ഇന്നല്ല പണ്ട് മുതലേ തുടങ്ങിയതാണ്. ആ പ്രാന്ത് ഇല്ലെങ്കില്‍ ഞാന്‍ സിനിമാ നടനാകില്ല. ഞാന്‍ സിനിമാ നടനായില്ലെങ്കില്‍ സിനിമയ്ക്ക് തീപിടിയ്ക്കുമെന്ന് ഞാന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. എന്നെ മലയാള സിനിമ സിനിമാ നടനാക്കിയേ ഒക്കുകയുള്ളൂ. അത്രയ്ക്ക് ഞാന്‍ അതിനെ മോഹിച്ചതാ. എന്നെ തട്ടിക്കളയാന്‍ സിനിമയ്ക്ക് പറ്റില്ല. എന്നെപ്പോലെ മോഹിക്കുന്ന ഒത്തിരി പിള്ളേരുണ്ട്. അവര്‍ക്ക് അവരുടേതായ അവസരം വരും. പിന്നെ വെറുതെ മോഹിച്ചിട്ട് കാര്യവുമില്ല. അധ്വാനിക്കണം. മമ്മൂട്ടി ഉപേദശിച്ചു.

മമ്മൂട്ടി കമ്പനിയുടെ നാലാമത്തെ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ ഷാഫിയും തിരക്കഥ ഡോക്ടര്‍ റോണിയും ഷാഫിയും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. വിജയരാഘവന്‍, കിഷോര്‍കുമാര്‍, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായ കണ്ണൂര്‍ സ്‌ക്വാഡിന്റെ കേരളത്തിലെ വിതരണക്കാര്‍ ദുല്‍ഖര്‍ സല്‍മാന്റെ വേഫേറര്‍ ഫിലിംസാണ്. സെപ്തംബര്‍ 28ന് ചിത്രം തീയേറ്ററുകളില്‍ എത്തും.

Leave a Reply

Your email address will not be published. Required fields are marked *