We Talk

80കളിലെ സണ്ണി ലിയോണ്‍, കടിച്ച ആപ്പിളിനുപോലും കാല്‍ലക്ഷം; സില്‍ക്ക് സ്മിത പുനര്‍ജ്ജനിക്കുമ്പോള്‍!

സെപ്റ്റംബര്‍ 23ഒരു നടിയുടെ ചരമവാര്‍ഷികം കൂടിയാണ്. ഒരുകാലത്ത് തെന്നിന്ത്യയെ ഇളക്കിമറച്ചി മാദക റാണി സില്‍ക്ക് സ്മിതയെ, 1996 സെപ്റ്റംബര്‍ 23നാണ് ചെന്നൈയിലെ വീട്ടില്‍ ഒരു മുഴം കയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോകമമെമ്പാടുമുള്ള  ആരാധകര്‍ ഞെട്ടിയ ദിവസം. പക്ഷേ ഇപ്പോള്‍ തമിഴക സോഷ്യല്‍ മീഡിയയില്‍ വീണ്ടും സ്മിത തിരിച്ചുവരികയാണ്. അതിന് കാരണമാക്കിയതാവട്ടെ ഇപ്പോള്‍ ഹിറ്റായി പ്രദശനം തുടരുന്ന ‘മാര്‍ക്ക് ആന്റണി’ എന്ന വിശാല്‍ സിനിമയിലെ ഒരു രംഗമാണ്. അവിടെ ഒരു സീനില്‍ അവര്‍ സില്‍ക്ക് സ്മിതയെ വിദഗ്ധമായി റിക്രീയേറ്റ് ചെയ്തിരിക്കയാണ്. എസ് ജെ സൂര്യയുമൊത്തുള്ള സില്‍ക്കിന്റെ ഈ രംഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

മരിച്ചിട്ട് 27 വര്‍ഷം കഴിഞ്ഞിട്ടും ഇന്നും സ്മിതയുടെ സിംഹാസനം ഒഴിഞ്ഞ് കിടക്കുകയാണ്.  വിവിധ ഭാഷകളിലായി നാനൂറ്റി അന്‍പതിലധികം കഥാപാത്രങ്ങള്‍ അവതരിപ്പിച്ച സില്‍ക്ക് ഇന്നൊരു ദുരന്തസമാനമായ ഓര്‍മയാണ്.

കടിച്ച ആപ്പിളിനുപോലും കാല്‍ലക്ഷം

80കളിലെ സണ്ണി ലിയോണായിരുന്നു സ്മിത. അവര്‍ കടിച്ചൂവെച്ച ഒരു ആപ്പിള്‍ കാല്‍ലക്ഷം രൂപക്ക് ലേലം ചെയ്തുപോയ ഒരു കാലമുണ്ടായിരുന്നു മദിരാശിയിയില്‍! ഇത് വെറും കഥയായിരുന്നില്ലെന്നും, താന്‍ നേരിട്ട് കണ്ടതാണെന്നും എസ് പി മുത്തുരാമനെപ്പോലുള്ള സിനിമാ പത്രപ്രവര്‍ത്തകര്‍ എഴുതിയിട്ടുണ്ട്. സില്‍ക്ക് എന്ന ചെല്ലപ്പേരില്‍ എണ്‍പതുകളിലെ ഇന്ത്യന്‍ സിനിമാവ്യവസായത്തിന്റെ നിര്‍ണായക സാന്നിധ്യമായിരുന്നു ആന്ധ്രാപ്രദേശുകാരി വിജയലക്ഷ്മി. ചാരായ ലഹരിയുള്ള കാന്തികശക്തിയുള്ള കണ്ണുകളും വശ്യമായ പുഞ്ചിരിയും ചടുലമായ നൃത്തം കൊണ്ടും ആരാധക ഹൃദയങ്ങളെ അവര്‍ ഇളക്കി മറിച്ചു.

1960 ഡിസംബര്‍ രണ്ടിന് ആന്ധ്രയിലെ ഏളൂര്‍ എന്ന ഗ്രാമത്തിലാണ് വിജയലക്ഷ്മി ജനിച്ചത്. വീട്ടില്‍ ഒരുപാട് സാമ്പത്തിക പരാധീനതകള്‍ ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ നാലാം ക്ലാസില്‍  പഠനം ഉപേക്ഷിക്കേണ്ടി വന്നു. പിന്നെ വിവാഹം, പതിനാലാം വയസില്‍ വിവാഹിതയായെങ്കിലും ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പീഡനത്തെ തുടര്‍ന്ന് ആ ബന്ധം അധികം നീണ്ടു പോയില്ല. 1979 ഇത് മലയാളിയായ ആന്റണി ഇസ്മാന്‍ സംവിധാനം ചെയ്ത ഇണയെ തേടിയിലൂടെയാണ് പത്തൊന്‍പതാം വയസില്‍ വിജയലക്ഷ്മി ലക്ഷ്മി സിനിമയില്‍ എത്തിയത്.

ഒരിക്കല്‍ എവിഎം സ്റ്റുഡിയോയ്ക്ക് സമീപത്ത് വച്ച് സ്മിതയെ കണ്ട സംവിധായകനും നടനുമായ വിനു ചക്രവര്‍ത്തിയാണ് സിനിമയില്‍ സ്മിതയുടെ ഗുരു. സ്മിത എന്ന പേര് നല്‍കിയതും വിനു ചക്രവര്‍ത്തി തന്നെ. ഇംഗ്ലീഷില്‍ പ്രാവീണ്യം ഇല്ലാതിരുന്ന സ്മിതയക്ക് വിനു ചക്രവര്‍ത്തിയുടെ ഭാര്യ കര്‍ണയാണ് ഇംഗ്ലീഷ് പഠിപ്പിച്ചത്. കര്‍ണ തന്നെ ഡാന്‍സും അഭിനയവും പഠിക്കാന്‍ സൗകര്യം ഒരുക്കി നല്‍കുകയും ചെയ്തു. കറുത്ത് മെലിഞ്ഞ ശരീരമായിരുന്നു കരിയറിന്റെ തുടക്കത്തില്‍ ഈ നടിക്ക്. പിന്നെ നിരന്തരമായ മേക്കപ്പും മേക്ക് ഓവറും അവരുടെ ശരീരത്തെ മാറ്റിമറിച്ചു. താന്‍ കറുത്തിട്ടാണെന്നും ഇതെല്ലാം മേക്കപ്പ് ആണെന്നും സ്മിത തന്റെ അടുപ്പക്കാരോട് പറയാറുമുണ്ടായിരുന്നു. മിനിമം മൂന്ന് മണിക്കൂര്‍ സമയമെങ്കിലും വേണമായിരുന്നു അവര്‍ക്ക് മേക്കപ്പിന്.ഇണയെത്തേടി എന്ന മലയാള ചിത്രത്തിലൂടെയാണ് സില്‍ക്കിന്റെ അരങ്ങേറ്റം. 1980 ല്‍ തമിഴില്‍ പുറത്തിറങ്ങിയ വണ്ടിച്ചക്രം എന്ന ചിത്രമാണ് സ്മിതയുടെ സിനിമ കരിയറില്‍ ബ്രേക്കായത്. ആ ചിത്രത്തിലെ കഥാപാത്രത്തിനു ഡയറക്ടര്‍ നല്‍കിയ പേര് സില്‍ക്ക് എന്ന്.. വളരെ മോശം സ്വഭാവങ്ങളുള്ള സില്‍ക്ക് എന്ന കഥാപാത്രം പിന്നീട് സ്മിതയുടെ പേരിന്റെ ഭാഗമായി മാറി . സ്മിത അങ്ങനെ ‘സില്‍ക്ക് സ്മിത’ ആയി.. വണ്ടിച്ചക്രം വന്‍ഹിറ്റായതോടെ സ്മിതയെ തേടി നിരവധി അവസരങ്ങളെത്തിയത് . പക്ഷെ എല്ലാം സമാനരീതിയിലുള്ള കഥാപാത്രങ്ങളായിരുന്നു എന്നുമാത്രം. പിന്നീട് 1982ല്‍ പുറത്തിറങ്ങിയ രജനീകാന്ത് ചിത്രം ‘മൂണ്‍ട്രു മുഖം’ആണ് സില്‍ക്ക് സ്മിതയുടെ കരിയറില്‍ വഴിത്തിരിവായത്. ആ ചിത്രത്തോടെ സൗത്ത് ഇന്ത്യന്‍ സിനിമയിലെ മാദക സൗന്ദര്യം ആയി സ്മിതവാഴ്ത്തപ്പെട്ടു.നിരവധി സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന സില്‍ക്ക് സ്മിത, വാണിജ്യ സിനിമകളുടെ മസാലച്ചേരുവയായി മാറുന്ന കാഴ്ചയ്ക്കാണ് പിന്നീട് സിനിമാലോകം സാക്ഷ്യം വഹിച്ചത്. തുമ്പോളി കടപ്പുറം, അഥര്‍വം, നാടോടി എന്നീ മലയാള ചിത്രങ്ങളിലും വേഷമിട്ടു. സ്ഫ്ടകത്തിലെ ‘ഏഴിമലപ്പൂഞ്ചോല’ എന്ന ഗാനം ഇന്നും സൂപ്പര്‍ ഹിറ്റാണ്. 1980 കളില്‍ ഏറ്റവും തിരക്കുള്ള താരങ്ങളിലൊരാളായി സ്മിത. നിര്‍മ്മാതാക്കള്‍ അവരുടെ ഡേറ്റ് വാങ്ങിയശേഷം സിനിമയുടെ ഷൂട്ടിംഗ് തുടങ്ങേണ്ട തരത്തില്‍ പ്രശസ്തി വളര്‍ന്നു. അത്രയ്ക്കായിരുന്ന സ്മിതയുടെ ആരാധകമൂല്യം.

മദ്യപാനവും വിഷാദ രോഗവും

ഗ്ലാമര്‍ വേഷങ്ങളില്‍ തളയ്ക്കപ്പെട്ടെങ്കിലും മറിച്ചുള്ള ചിത്രങ്ങളില്‍ സ്മിതയുടെ അഭിനയപാടവവും പല ചിത്രങ്ങളിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. താരം ചെയ്ത സീരിയസ് കഥാപാത്രങ്ങള്‍ നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു.തിരക്കുള്ള നടിയായിരുന്നുവെങ്കിലും വ്യക്തി ബന്ധങ്ങള്‍ വളരെ കുറവായിരുന്നു സ്മിതയക്ക്. പൊതുവെ പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരിയായിരുന്നു. എന്തും വെട്ടിത്തുറന്ന് പറയുന്ന സ്വഭാവം പലപ്പോഴും അവരെ ഒരു അഹങ്കാരിയാക്കി ചിത്രീകരിച്ചു.സിനിമ പോലെ സുന്ദരമായിരുന്നില്ല സില്‍ക്കിന്റെ ജീവിതം. സിനിമയില്‍ അവരെ ആരാധിച്ചിരുന്നവര്‍ സദാചാരം പറഞ്ഞ് അവരെ പുറത്ത് നിര്‍ത്തി. സിനിമയിലാകട്ടെ, ടൈപ്പ് ചെയ്യപ്പെട്ട ചുറ്റുവട്ടത്തിലേക്ക് സില്‍ക്ക് ഒതുങ്ങുകയും ചെയ്തു.

1996 സെപ്റ്റംബര്‍ 23ന് 36ാം വയസ്സില്‍ തെന്നിന്ത്യയുടെ സൗന്ദര്യ റാണിയെ ചെന്നൈയിലെ വീട്ടില്‍ ഒരു മുഴം കയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു..സിനിമാ ലോകത്തെയും ആരാധകരെയും ഒരു പോലെ ഞെട്ടിച്ച ഒരു മരണം. പോസ്റ്റുമോര്‍ട്ടത്തില്‍ തൂങ്ങിമരണം എന്ന് പറയുന്നുണ്ടെങ്കിലും സ്മിതയുടെ പെട്ടെന്നുള്ള മരണത്തില്‍ പല ദുരൂഹതകളും ഉയര്‍ന്നിരുന്നു. സിനിമാ നിര്‍മ്മാണത്തെ തുടര്‍ന്നുണ്ടായ നഷ്ടം,വിഷാദ രോഗം തുടങ്ങി പല കാരണങ്ങള്‍ പലരും നിരത്തിയെങ്കിലും യഥാര്‍ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന ചോദ്യം ഇപ്പോഴും ബാക്കി നില്‍ക്കുന്നുണ്ട്. അവസാന കാലത്ത് കടുത്ത മദ്യപാനിയായ അവര്‍ വിഷാദരോഗത്തിനും അടിമപ്പെട്ടിരുന്നു.

ജീവിച്ചിരുന്നപ്പോള്‍ അവരുടെ ഒരു കടാക്ഷത്തിനുവേണ്ടി കാത്തിരുന്നവരെല്ലാം മരിച്ചപ്പോള്‍ അവരെ മറന്നു . അവരുടെ മരണം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞത് ഒരു അനാഥപ്രേതംപോലെയായിരുന്നു മൃതദേഹം കിടന്നിരുന്നത് എന്നാണ്. പക്ഷേ ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ  സ്മിത പുനര്‍ജ്ജനിക്കുകയാണ്. മാര്‍ക്ക് ആന്റണി സിനിമ ഹിറ്റാവുമ്പോള്‍ അത് സ്മിതയുടെ ഓര്‍മ്മകളെ തിരിച്ചുകൊണ്ടുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *