Entertainments TalkWe Talk

ടിനു പാപ്പച്ചൻ-ചാക്കോച്ചൻ ചിത്രം ചാവേർ ചോര പൊടിക്കുമോ?

ടിനു പാപ്പച്ചന്റെ സിനിമയാണോ,  എന്നാൽ  അടിമുടി തല്ലായിരിക്കും. അടി , ഇടി ,   വെട്ട് , കുത്ത് ,  ചോരപ്പുഴ.. ….ടിനു പാപ്പച്ചന്‍ എന്ന സംവിധായകനില്‍ നിന്നു വരുന്ന  സിനിമയുടെ മോഡ് ഏകദേശം ഈ ട്രാക്കിലായിരിക്കുമെന്ന് പ്രേക്ഷകര്‍ ഏറക്കെുറേ ഉറപ്പിച്ചു കഴിഞ്ഞു. സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന സിനിമയും അജഗജാന്തരം എന്ന സിനിമയും അങ്ങിനെ ചിന്തിപ്പിക്കാന്‍  പ്രേരിപ്പിച്ചുവെന്നതാണ് സത്യം. എന്തായാലും ആ പ്രവചനം തെറ്റിയിട്ടില്ലെന്ന് തെളിയിക്കുകയാണ് തന്റെ മൂന്നാമത്തെ ചിത്രമായ ചാവേറിലൂടെ ടിനു പാപ്പച്ചന്‍.

ചാവേറും ചോര പൊടിക്കുന്നുണ്ടെന്ന് ട്രെയിലറില്‍ നിന്ന് തന്നെ വ്യക്തം. സിനിമയുടെ കേന്ദ്ര കഥാപാത്രമായ സഖാവ് അശോകനെ അവതരിപ്പിക്കുന്ന കുഞ്ചാക്കോ ബോബന് തന്റെ കഥാപാത്രത്തെ സ്‌ക്രീനില്‍ക്കണ്ട് പേടി തോന്നിയെന്നാണ് അദ്ദേഹം തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞത്. അശോകന്‍ ആരെയെങ്കിലും ഉപദ്രവിക്കുമ്പോള്‍ ഉപദ്രവിക്കപ്പെടുന്നയാളോട് നമുക്ക്  സഹതാപം തോന്നും. താന്‍ എങ്ങിനെയാണോ അശോകനെ കണ്‍സീവ് ചെയ്തത് അതിനേക്കാള്‍ ഭീകരമായ രീതിയിലാണ് ഫൈനല്‍ ഔട്ട്പുട്ടില്‍ അശോകനുള്ളത്. അത് ടിനു പാപ്പച്ചന്‍ എന്ന സംവിധായകന്റെയും മറ്റ് ക്രിയേറ്റേഴ്‌സിന്റെയും മിടുക്കുകൊണ്ടാണെന്ന്  ചാക്കോച്ചന്‍ പറയുന്നു.

എന്ന് കരുതി ‘വയലന്‍സാണ് മുഖ്യം ബിഗിലേ…’ എന്നൊന്നും ചാവേറിനെക്കുറിച്ച് പറയാന്‍ സാധിക്കില്ലത്രെ. അടുത്തകാലത്ത് മലയാള സിനിമയില്‍ മാത്രമല്ല, മലയാളത്തിലേക്കെത്തുന്ന അന്യഭാഷാ ചിത്രങ്ങളിലും ഒളിവും മറയുമില്ലാതെ വയലന്‍സ് കാണിക്കുന്നുണ്ട്. തലവെട്ടിയെടുത്ത് കൊണ്ടുപോകുന്നതും ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുന്നതുമെല്ലാം വളരെ ലാഘവത്തോടെയാണ് ഈ സിനിമകളിലെല്ലാം അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ചാവേറിലെ വയലന്‍സ് ആ നിലയിലേക്ക് മാറിയിട്ടില്ലെന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. കണ്ണടച്ചിരുന്ന് കാണേണ്ട തരത്തിലുള്ള വയലന്‍സൊന്നും ചിത്രത്തില്‍ ഇല്ല. കുട്ടികളോടൊത്ത് കുടുംബമായി വന്ന് ചാവേര്‍ കാണാന്‍ സാധിക്കും. കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കേണ്ട രാഷ്ട്രീയ സന്ദേശങ്ങളും സിനിമ പങ്കുവെയ്ക്കുന്നുണ്ടെന്ന് ചാക്കോച്ചന്‍ വ്യക്തമാക്കുന്നു.

യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി കഥകള്‍ മെനയുന്ന ജോയ് മാത്യുവാണ് ചാവേറിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ഷട്ടറും അങ്കിളും യഥാര്‍ത്ഥ സംഭവങ്ങളെ ആധാരമാക്കിയുള്ളതായിരുന്നു. ചാവേറിലേക്ക് വരുമ്പോഴും റിയലിസ്റ്റിക് എലിമെന്റിനെ ജോയ് മാത്യു മാറ്റിനിര്‍ത്തിയിട്ടില്ലെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. പാര്‍ട്ടിക്ക്  വേണ്ടി കൊല്ലാനും ചാകാനും തയ്യാറായ  സഖാവിന്റെ കഥ പറയുന്ന ചാവേര്‍ ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണെന്ന് ട്രയിലറില്‍ നിന്ന് സൂചന ലഭിക്കുന്നുണ്ട്. എന്നാല്‍ ആ ഫ്രെയിമിലേക്ക് മാത്രം ചാവേറിനെ ഒതുക്കാന്‍ കഴിയില്ലെന്നാണ് കുഞ്ചാക്കോ ബോബന്‍ വ്യക്തമാക്കുന്നത്. സമകാലികമായ രാഷ്ട്രീയ പ്രതലത്തില്‍ മാനുഷിക വികാരങ്ങളെയും ബന്ധങ്ങളെയും ചേര്‍ത്തുവെച്ചു പറഞ്ഞുപോകുന്ന കഥയാണ് ചാവേറിന്റേതെന്ന് അദ്ദേഹം അവകാശപ്പെടുന്നു.

ന്നാ താന്‍ കേസ് കൊട്  എന്ന ചിത്രത്തിലൂടെ കൊഴുമ്മല്‍ രാജീവനായി വേഷപ്പകര്‍ച്ച നടത്തിയ കുഞ്ചാക്കോ ബോബനെ അത്ഭുതത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. തന്റെ ചോക്ലേറ്റ് ഹീറോ പരിവേഷത്തെ അടിമുടി പൊളിച്ചു പണിയുന്ന കഥാപാത്രങ്ങളിലാണ് അടുത്ത കാലത്തായി അദ്ദേഹത്തിന്റെ ശ്രദ്ധ. ആ പരിണാമ പാതയില്‍ തന്നെയാണ് ചാവേറിലെ അശോകനെന്ന് ട്രെയിലറില്‍ നിന്ന് നമുക്ക്  ഉറപ്പിക്കാം. മിക്‌സിയില്‍ ഇട്ട് അടിച്ചെടുക്കുന്നത് പോലെയാണ് ആശോകനാകാന്‍ വേണ്ടി ടിനു പാപ്പച്ചന്‍ തന്നെ പരുവപ്പെടുത്തിയതെന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. ചിത്രീകരണത്തിനിടെ പരിക്കുണ്ടായപ്പോള്‍ കുറച്ചു സമയം വിശ്രമിക്കാന്‍ അനുവദിച്ചുവെന്നല്ലാതെ മറ്റൊരു ദാക്ഷണ്യവും ടിനു തന്നോട് കാണിച്ചില്ലെന്നും നല്ലപോലെ പണിയെടുപ്പിച്ചുവെന്നും അദ്ദേഹം തമാശരൂപേണ പറയുന്നുണ്ട്. ചാക്കോച്ചനെ മാത്രമല്ല, തന്റെ മുന്‍ ചിത്രങ്ങളിലെ അഭിനേതാക്കളായ ആന്റണി വര്‍ഗീസിനെയും അര്‍ജുന്‍ അശോകനെയുമെല്ലാം ടിനു പാപ്പച്ചന്‍ എന്ന സംവിധായകന്‍ ഉടച്ചുവാര്‍ത്തിട്ടുണ്ടെന്ന് ചിത്രത്തിന്റെ ട്രെയിലറില്‍ നിന്നു വ്യക്തമാണ്. ചിന്താവിഷ്ടയായ ശ്യാമളയിലൂടെ പ്രേക്ഷക മനസ്സുകള്‍ കീഴടക്കിയ നടി സംഗീതയും വേറിട്ടൊരു ഗെറ്റപ്പില്‍ ചാവേറിലെത്തുന്നുണ്ട്. ഏറെ നാളുകള്‍ക്ക് ശേഷമാണ് അവര്‍ സിനിമയിലേക്ക് മടങ്ങിവരുന്നത്. മനോജ് കെ.യു, സജിന്‍ ഗോപു, അനുരൂപ് തുടങ്ങി നിരവധി താരങ്ങളും ചാവേറില്‍ അണിനിരക്കുന്നു.

രാഷ്ട്രീയ കൊലപാതകങ്ങളും മറ്റും മുന്‍നിര്‍ത്തി ഒട്ടേറെ നിഗൂഢതകളും ഉദ്വേഗ ജനകമായ കഥാ മുഹൂര്‍ത്തങ്ങളും ത്രില്ലും സസ്‌പെന്‍സുമൊക്കെ നിറച്ചുകൊണ്ടെത്തുന്ന ചാവേര്‍ തിയേറ്ററുകളെ പൂരപ്പറമ്പാക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. കണ്ണൂരിലെ ഭൂമികയില്‍ ചടുലമായ ദൃശ്യങ്ങളും ഏവരേയും പിടിച്ചിരുത്തുന്ന സംഗീതവുമൊക്കെയായി തിയേറ്ററുകളില്‍ കാണികളെ പിടിച്ചിരുത്തുന്ന സിനിമാനുഭവം തന്നെയാകും ചാവേര്‍ സമ്മാനിക്കുക. സെപ്തംബര്‍ 28ന് റിലീസാകുന്ന ചലച്ചിത്രത്തെകുറിച്ച്  അതുകൊണ്ട് തന്നെ പ്രതീക്ഷകള്‍ ഏറെയാണ്.

Leave a Reply

Your email address will not be published. Required fields are marked *