We Talk

ആന്റണിയുടെ മകനെ ബിജെപിയിൽ എത്തിച്ച കൃപാസനം

കൃപാസനം എന്ന അന്ധവിശ്വാസത്തിന്റെ കൂടാരം ഒരിടവേളക്കു ശേഷം വീണ്ടും വാർത്തകളിൽ നിറയുകയാണ്.  മുന്‍ മുഖ്യമന്ത്രിയും കേന്ദ്ര പ്രതിരോധ മന്ത്രിയുമായിരുന്ന എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ ബിജെപിയില്‍ എത്തിക്കാന്‍ വരെ കഴിവുണ്ട് അവിടുത്തെ പ്രാര്‍ത്ഥനക്കെന്നു പറഞ്ഞത്  ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണിയാണ്. പള്ളിയിൽ പോകാത്ത നിരീശ്വര വാദിയായിരുന്നു ആന്റണി. അദ്ദേഹത്തിന്റെ ഭാര്യ തന്നെ ഇത്തരം അന്ധവിശ്വാസങ്ങൾക്ക് കുട പിടിച്ചു അനുഭവ സാക്ഷ്യം പറയുമ്പോൾ സാധാരണക്കാരന്റെ കാര്യം പറയണ്ടതില്ലല്ലോ. 

കൃപാസനം  പത്രം വാങ്ങിയാല്‍ നടക്കാത്ത കാര്യങ്ങളില്ല. കാന്‍സര്‍ മുതല്‍ കുഷ്ഠംവരെയും, എയ്ഡ്‌സ് മുതല്‍ എലിപ്പനിവരെയുമുള്ള സകല രോഗങ്ങളും പമ്പ കടക്കും. തളര്‍ന്ന് കിടന്നവന്‍ എണീറ്റ് ഓടും. ഒന്നും പഠിക്കാതെ പോയി പരീക്ഷ എഴുതിയാലും പാസാകും. ഇത്തരത്തിൽ  ആയിരക്കണക്കിന് അനുഭവ സാക്ഷ്യങ്ങളാണ്   കൃപാസനത്തിന്റെ പേരിലുള്ളത്. 

സോഷ്യല്‍ മീഡിയ ട്രോളിക്കൊന്നിട്ടും ഈ തട്ടിപ്പിന് കുറവൊന്നുമില്ല. മലയാളിയുടെ സാമാന്യബുദ്ധിക്കുനേരെ കൊഞ്ഞനം കുത്തുന്ന ഈ പരിപാടിക്കെതിരെ ഡ്രഗ്‌സ് ആന്‍ഡ് മാജിക്കല്‍ റെമഡീസ് ആക്റ്റ് പ്രകാരം പോലീസിന്  കേസ് എടുക്കാം. പക്ഷേ നാളിതുവരെ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല. മാത്രമല്ല, മറ്റൊരു രോഗശാന്തി ടീമുകള്‍ക്കും കിട്ടാത്ത  ആനുകൂല്യവും കൃപാസനത്തിന് കിട്ടുന്നുണ്ട്. . കാരണം അത് വളര്‍ന്നത് സര്‍ക്കാര്‍ ചെലവിലാണ്!

ചവിട്ട്‌നാടകത്തില്‍നിന്ന് പത്രത്തിലേക്ക്

വിപ്ലവത്തിന്റെ മണ്ണാണ് ആലപ്പുഴ എന്നാണ് പറയുക. പക്ഷേ, അതിന്നു  അറിയപ്പെടുന്നതു  കൃപാസനം എന്ന അന്ധവിശ്വാസത്തിന്റെ പേരില്‍ കൂടിയാണ്. ആലപ്പുഴ ജില്ലയിലെ  കലവൂരില്‍ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന്  പിന്നിലൊരു കഥയുണ്ട്. 20 വര്‍ഷം മുന്‍പ് ചേര്‍ത്തല അര്‍ത്തുങ്കല്‍ തൈക്കല്‍ ഇടവകയില്‍  വികാരിയായിരിക്കുമ്പോള്‍ ആലപ്പുഴ കാട്ടൂര്‍ സ്വദേശി വി.പി ജോസഫ്് അവിടെ തുടങ്ങിയ ചെറുകിട കേന്ദ്രമാണ് ഇന്ന് കൃപാസനമായി വളര്‍ന്നിരിക്കുന്നത്. നാഷണല്‍ ഹൈവേക്കരികിലുള്ള ഈ കേന്ദ്രത്തിലേക്കുള്ള  വാഹന ബാഹുല്യം പലപ്പോഴും  വന്‍ ഗതാഗതക്കുരുക്കാണ് ഉണ്ടാക്കുന്നത്.

ചവിട്ടുനാടകം എന്ന കലാരൂപത്തെ പുനരുദ്ധരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടയാളാണ് ഫാ. വി.പി ജോസഫ് വലിയവീട്ടില്‍.  ചവിട്ടുനാടകത്തെ വീണ്ടും ജനങ്ങളിലേക്ക് എത്തിക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് ‘കൃപാസനം’ എന്ന ആശയം രൂപപ്പെട്ടത്. 1989ലാണ് കൃപാസനം പൗരാണിക കലാ രംഗപീഡം എന്ന സ്ഥാപനമുണ്ടാവുന്നത്.  അന്നത്തെ രാഷ്ട്രീയ നേതൃത്വത്തെ  സ്വാധീനിച്ച് ഒരു മിഷന്‍ രൂപീകരിച്ച് അദ്ദേഹം പ്രവര്‍ത്തനം ആരംഭിച്ചു. നിരവധി പുസ്തകങ്ങള്‍ ചവിട്ട് നാടകത്തെക്കുറിച്ച് ഫാദര്‍ ജോസഫ് എഴുതിയിട്ടുണ്ട്. ‘ചവിട്ടുനാടക വിജ്ഞാനകോശം’ എന്ന അദ്ദേഹത്തിന്റെ പുസ്തകം പുറത്തിറക്കിയിരിക്കുന്നത് കേരള സാംസ്‌കാരിക വകുപ്പാണ്.  മുൻ ധനകാര്യ  മന്ത്രി തോമസ് ഐസക്ക്, തന്റെ എംഎല്‍എ ഫണ്ടില്‍നിന്ന് 25ലക്ഷമാണ് ഈ സ്ഥാപനത്തിന്  അനുവദിച്ചത്.

2004 മുതലാണ് വി.പി ജോസഫ് ഇതൊരു ആത്മീയ കേന്ദ്രമാക്കുന്നത്. മാരാരിക്കുളം അര്‍ത്തുങ്കല്‍ ഭാഗത്ത് മത്സ്യത്തൊഴിലാളികള്‍ കടുത്ത വറുതിയില്‍ കഷ്ടപ്പെടുമ്പോള്‍ വള്ളവും തുഴയും വെഞ്ചരിച്ച് കൊടുക്കലും, ഭര്‍ത്താവ് കടലില്‍ പോകുമ്പോള്‍ നിറയെ മീന്‍ കിട്ടാന്‍ അനുഗ്രഹം തേടി വരുന്ന വീട്ടമ്മമാരെ അനുഗ്രഹിക്കുകയും ഒക്കെയായി അത്യാവശ്യം ചെറുകിട പ്രാര്‍ത്ഥനാ പരിഹാരങ്ങളായിരുന്നു ഫാദര്‍ വി.പി ജോസഫ് ആദ്യം ചെയ്തുവന്നത്. അനുഗ്രഹത്തിനും, കാര്യസാധ്യത്തിനും പ്രതിഫലമായി സ്വര്‍ണം കൊണ്ടും, വെള്ളി കൊണ്ടും നിര്‍മ്മിച്ച മത്സ്യ രൂപങ്ങളും, പണവും കാണിക്കയായി ലഭിച്ചു തുടങ്ങിയതോടെ അദ്ദേഹം അല്‍പ്പം കൂടെ സാധ്യതയുള്ള രോഗശാന്തി ശുശ്രൂഷയിലേക്ക് കടന്നു. . കൃപാസനത്തില്‍ നടക്കുന്ന  പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുക എന്നതിന്റെ ഭാഗമായാണ് കൃപാസനം പത്രം തുടങ്ങിയത്. പക്ഷേ ഏതാനും മാസങ്ങള്‍ കൊണ്ട് അത് അത്ഭുത  രോഗശാന്തി പത്രമായി മാറി..

സൂനാമിയില്‍ വളര്‍ന്നു

കൃപാസന കേന്ദ്രത്തിന്റെ വളര്‍ച്ച  സുനാമിയുമായി ബന്ധപ്പെട്ടതാണ്. 2004 ഡിസബര്‍ 7 ന്, കൃപാസനത്തിലെ അള്‍ത്താരയില്‍ ആരാധന നടത്തുന്നതിനായി ദിവ്യകാരുണ്യ സാന്നിധ്യം ബലിപീഠത്തില്‍ പ്രതിഷ്ഠിച്ചപ്പോള്‍ ‘സാക്ഷാല്‍” അമ്മ മറിയത്തെ കണ്ടതായി കൃപാസനത്തിലെ മേധാവി ഫാ: വി.പി ജോസഫ് സാക്ഷ്യപ്പെടുത്തുന്നതോടെ കാര്യങ്ങള്‍ മാറിമറയുകയായി. സില്‍വര്‍ ഗ്രേ ആയിരുന്നു ധരിച്ചിരുന്ന വസ്ത്രത്തിന്റെ നിറം. കയ്യിൽ  ഒരു ക്ലോക്ക് പിടിച്ചിരുന്നത്രേ !

ഈ അത്ഭുത ദൃശ്യത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഇരുപതാം പൗരോഹിത്യ വാര്‍ഷികമായ ഡിസംബര്‍ 23 ന് വെഞ്ചരിച്ച മെഴുകുതിരികള്‍ വിശ്വാസികള്‍ക്ക് നല്‍കി. 25 ന് പുന്നപ്ര മുതല്‍ ഫോര്‍ട്ട് കൊച്ചി വരെയുള്ള തീരപ്രദേശത്ത് മെഴുകുതിരികള്‍ കത്തിച്ചു പ്രാര്‍ത്ഥന നടത്തിയതായും പിറ്റേ ദിവസം ക്ലോക്കില്‍ കാണിച്ച സമയത്തുണ്ടായ സുനാമിയില്‍ നിന്ന് പുന്നപ്ര മുതല്‍ ഫോര്‍ട്ട് കൊച്ചി വരെയുള്ള പ്രദേശത്തെ അമ്മ മറിയം കാത്തുരക്ഷിച്ചു എന്നും ഫാദര്‍ ജോസഫ്  അവകാശപ്പെടുന്നു. പക്ഷേ, അതിന് തെക്കോട്ട് സുനാമി കടലെടുക്കുകയും നൂറ് കണക്കിന് പേര്‍ മരിക്കുകയും ചെയ്തു. അതൊന്നും ആരും കണക്കിലെടുത്തില്ല. സൂനാമിയില്‍നിന്ന് കൃപാസനം നാടിനെ കാത്തു എന്നായിരുന്നു  പ്രചാരണം. അതല്ലെന്ന് പറഞ്ഞുകൊടുക്കാന്‍ ആരും തയ്യാറായതുമില്ല. അങ്ങനെയാണ് കൃപാസനത്തിലേക്ക ആളുകള്‍ ഇടിച്ചുകയറിയതെന്നാണ്, ഇതിനെതിരെ പ്രവര്‍ത്തിക്കുന്ന ഡേവിസ് ആന്റണിയെപ്പോലുള്ളവര്‍ പറയുന്നത്.

ദൈവവും മനുഷ്യനുമായി ഉടമ്പടി കരാര്‍ ഒപ്പിടുന്ന അപൂര്‍വ കാഴ്ച കാണണമെങ്കില്‍ കൃപാസനത്തിലേക്ക് വരണം. കൃപാസനത്തില്‍ എത്തുന്ന വിശ്വാസിക്ക് സഫലീകരിക്കേണ്ട ആഗ്രഹങ്ങളോ പ്രാര്‍ഥനകളോ അടങ്ങിയ  ലിസ്റ്റ് മാതാവിന്റെ മുന്നില്‍ വച്ചിരിക്കുന്ന പെട്ടിയില്‍ നിക്ഷേപിക്കാം. ഒരാള്‍ക്ക് ആറ് ആഗ്രഹങ്ങള്‍ വരെ എഴുതാം. 225 രൂപ അടച്ചാല്‍ ഉടമ്പടി പത്രം ലഭിക്കും. ഉടമ്പടി പത്രത്തില്‍ വിശ്വാസി ദൈവവുമായി പാലിക്കേണ്ട ഉടമ്പടികള്‍ ‘ടിക്’ ഇട്ട് ബോധ്യപ്പെടുത്തിക്കഴിഞ്ഞാല്‍ ഉടമ്പടി എടുത്തതിന് പകരമായി കൃപാസനം ഉടമ്പടി കവര്‍ നല്‍കും. പ്രാര്‍ഥനാ പുസ്തകം, നീലനിറത്തിലും പച്ചനിറത്തിലുമുള്ള മെഴുകുതിരി, ഉപ്പ്, തൈലം, കാശ് രൂപം എന്നിവ ആ കവറില്‍ ഉണ്ടാവും. മൂന്ന് മാസം കൂടുമ്പോള്‍ ഈ ഉടമ്പടി പുതുക്കണം. ഉടമ്പടി പുതുക്കണമെങ്കില്‍  കൃപാസനം പത്രം വാങ്ങിയതിന്റെ മൂന്ന് രശീതുകളെങ്കിലും ഉടമ്പടി പത്രത്തിനൊപ്പമുണ്ടാവണം. ഒരു പത്രത്തിന് അഞ്ച് രൂപ നിരത്തില്‍ ചുരുങ്ങിയത് 25 പത്രമാണ് ഒരു വിശ്വാസി ഉടമ്പടി പുതുക്കുന്നതിനായി രശീത് ലഭിക്കാന്‍ വാങ്ങേണ്ടത്.

കൃപാസനത്തിനെതിരെ ട്രോളുകൾ  സോഷ്യല്‍ മീഡിയയില്‍ ആദ്യകാലം മുതൽക്കേ  ഉണ്ടായിരുന്നു. ‘പല്ലിയെ പത്രത്തില്‍ പൊതിഞ്ഞ് എറിഞ്ഞപ്പോള്‍ രാവിലെ മുറ്റത്ത് കണ്ടത് ദിനോസറിനെ ,  ‘, ‘കൃപാസനം പത്രം കക്ഷത്തില്‍ വെച്ച് കുന്നുമ്മല്‍ ശാന്തയെ കാണാന്‍ പോയപ്പോള്‍ വാതില്‍ തുറന്നതു  ഐശര്യ റായ് എന്നിങ്ങനെ കടുത്ത പരിഹാസം  ഇറക്കിയാണ് ട്രോളന്മാര്‍ ഇതിനെ കൊന്നത്. . ‘ബിവറേജില്‍നിന്ന് കിട്ടിയ ജവാന്റെ ഫുള്ള് ജോണിവാക്കറാക്കിയ കൃപാസനം’, ഫുള്‍ തന്തൂരി ചിക്കന്‍ കൃപാസനം പത്രത്തില്‍ പൊതിഞ്ഞ് വീട്ടില്‍ കൊണ്ടുവന്ന് തുറന്നപ്പോള്‍ ജീവനുള്ള കോഴി പറന്നു പോയി എന്നിങ്ങനെ  സോഷ്യല്‍ മീഡിയ ട്രോളുന്ന മുറയ്ക്ക് അവിടെ  തിരക്കേറുകയാണുണ്ടായത് .  

കൃപാസനം പത്രം അടക്കമുള്ള രോഗശാന്തി ശുശ്രൂഷകള്‍ മൂലമുണ്ടാകുന്ന ഒരു പ്രധാന പ്രശ്‌നം ആവശ്യമായ  ചികിത്സ രോഗിക്ക് നിഷേധിക്കപ്പെടുന്നുവെന്നതാണ് .  ഇതുമൂലം ആരോഗ്യം അപകടത്തിലായവര്‍ നിരവധിയുണ്ട്. എന്തിന് കൃപാസനം ജോസഫ് അച്ചനും, പോട്ടയിലെ നായ്ക്കംപറമ്പില്‍ അച്ചനും തൊട്ട്  സാക്ഷാല്‍ മാര്‍പ്പാപ്പക്കു വരെ അസുഖം വന്നപ്പോള്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളിലാണ് ചികിൽസിച്ചത് . അവരാരും പത്രം കക്ഷത്തില്‍വെച്ച് പ്രാര്‍ഥിക്കാനോ, തലയില്‍ കൈവെച്ച് അസുഖം മാറ്റാനോ നിന്നില്ല.  പിന്നെ എന്തിനാണ് ഇവര്‍  സാധാരണക്കാരനെ പറ്റിക്കുന്നത് എന്നാണ്  മനസ്സിലാകാത്തത്. എ കെ ആന്റണിയെ പോലൊരാളുടെ ഭാര്യ അവിടെ പോയി അനുഭവ സാക്ഷ്യം പറഞ്ഞതും  അത് വീഡിയോയായി പുറത്തു പ്രചരിക്കുന്നതും ഈ അന്ധവിശ്വാസത്തിനു കൊടുക്കുന്ന മൈലേജ് കുറച്ചൊന്നുമല്ല. 

Leave a Reply

Your email address will not be published. Required fields are marked *