സന്തോഷ് ട്രോഫി; മൂന്നാം പോരിൽ ചത്തീസ്ഗഢിനെ വീഴ്ത്തി കേരളം
പനാജി: സന്തോഷ് ട്രോഫി പോരാട്ടത്തില്‍ തുടർച്ചയായ മൂന്നാം ജയവുമായി കേരളം ഫൈനൽ റൗണ്ട് ഉറപ്പിച്ചു. ഗ്രൂപ് എയിലെ മൂന്നാം മത്സരത്തിൽ ചത്തീസ്ഗഢിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കേരളം വീഴ്ത്തി. മൂന്നാം പോരിലും കേരളത്തിന്റെ സര്‍വാധിപത്യമാണ് കണ്ടത്.
ആദ്യ പകുതിയുടെ തുടക്കത്തില്‍ മാത്രമാണ് ചത്തീസ്ഗഢ് കേരളത്തിനു വെല്ലുവിളി ഉയര്‍ത്തിയത്. പിന്നീട് കാര്യമായ മുന്നേറ്റം അവര്‍ക്ക് നടത്താന്‍ സാധിച്ചില്ല.
കേരളം തുടക്കം മുതല്‍ ആക്രമണ മൂഡിലായിരുന്നു. ആറാം മിനിറ്റില്‍ തന്നെ കേരളം ലീഡും സ്വന്തമാക്കി. ആദ്യ പകുതിയില്‍ ഒറ്റ ഗോളിനാണ് കേരളം മുന്നില്‍ നിന്നത്. ആറാം മിനിറ്റില്‍ സജീഷാണ് ലീഡ് സമ്മാനിച്ചത്. പിന്നീട് രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകള്‍ വന്നത്.
രണ്ടാം പകുതിയിലും കേരളം ആക്രമണം തുടര്‍ന്നു. തുടക്കത്തില്‍ തന്നെ യുവ മുന്നേറ്റ താരം ജുനൈനിലൂടെ കേരളം രണ്ടാം ഗോളും വലയിലാക്കി. 67ാം മിനിറ്റില്‍ മൂന്നാം ഗോളും വന്നു. ക്യാപ്റ്റന്‍ നിജോ ഗില്‍ബര്‍ട്ടായിരുന്നു സ്‌കോറര്‍.
ആദ്യ മത്സരത്തില്‍ കേരളം ഗുജറാത്തിനെ 3-0ത്തിനു വീഴ്ത്തിയിരുന്നു. രണ്ടാം പോരില്‍ ജമ്മു കശ്മീരിനെ 6-1നും കേരളം വീഴ്ത്തി. ഈ മാസം 17നു നാലാം പോരില്‍ കേരളം ഗോവയെ നേരിടും.