Entertainments Talk

‘അർജുൻ ചക്രവർത്തി: ജേര്‍ണി ഓഫ് ആന്‍ അണ്‍സങ്ങ് ചാമ്പ്യന്‍’ ഫസ്റ്റ് ലുക്ക് പുറത്ത്

വിക്രാന്ത് രുദ്ര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘അർജുൻ ചക്രവർത്തി – ജേര്‍ണി ഓഫ് ആന്‍ അണ്‍സങ്ങ് ചാമ്പ്യന്‍’ എന്ന ചിത്രം ചര്‍ച്ചകളില്‍ ഇടം പിടിക്കുന്നു. ശ്രീനി ഗുബ്ബാല നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ വിജയ രാമരാജുവും സിജ റോസുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അജയ്, ദയാനന്ദ് റെഡ്ഡി, അജയ് ഘോഷ്, ദുർഗേഷ് തുടങ്ങിയവരും ചിത്രത്തില്‍ മറ്റുവേഷങ്ങളില്‍ എത്തുന്നുണ്ട്.

1980-കളിലെ ഒരു ഇന്ത്യന്‍ കബഡി കളിക്കാരന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിക്കപ്പെടുന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ പരിശ്രമങ്ങളും കഷ്ടപ്പാടുകളും പ്രതിപാദിക്കപ്പെടുന്നുണ്ട്. ടൈറ്റില്‍ റോളില്‍ എത്തുന്ന വിജയ രാമ രാജുവിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ ഇന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. കൈയിൽ മെഡലും മുഖത്ത് അഭിമാന ഭാവവുമായി സ്റ്റേഡിയത്തിന് നടുവിൽ നില്‍ക്കുന്ന അർജുൻ ചക്രവർത്തിയെയാണ് ഫസ്റ്റ് ലുക്കിൽ കാണാനാവുക. ‘1980-കളിൽ ഇന്ത്യൻ ക്രിക്കറ്റിൽ കപിൽ ദേവിന്റെ സ്വാധീനം പോലെയായിരുന്നു ഇന്ത്യൻ കബഡിയില്‍ അർജുൻ ചക്രവർത്തിയുടെ സ്വാധീനം’ എന്ന തലക്കെട്ട്‌ പ്രതീക്ഷകളെ പതിന്മടങ്ങായി ഉയർത്തുന്നുണ്ട്. വിജയ രാമരാജു ഈ ചിത്രത്തിനായി നടത്തിയ ഫിസിക്കല്‍ ട്രാന്‍സ്ഫര്‍മേഷന്‍ ഏറെ അഭിനന്ദനീയമാണ്.

ചിത്രത്തെക്കുറിച്ച് നിർമ്മാതാവ് ശ്രീനി ഗുബ്ബാല ഇങ്ങനെ പറഞ്ഞു, “അർജുൻ ചക്രവർത്തി വെറുമൊരു സിനിമ മാത്രമല്ല, വെല്ലുവിളികളെ മറികടന്ന് നമ്മെയെല്ലാം പ്രചോദിപ്പിക്കുന്ന വ്യക്തികളുടെ ആത്മസമര്‍പ്പണത്തിനുള്ള ബഹുമതി കൂടിയാണ്. നിശ്ചയദാർഢ്യവും സ്വപ്‌നങ്ങള്‍ കയ്യെത്തിപ്പിടിക്കാനുള്ള നിതാന്ത പരിശ്രമവും നിറഞ്ഞ കഥയാണ് അർജുൻ ചക്രവർത്തിയുടേത്. മനുഷ്യരുടെ ഇച്ഛാശക്തിയും വിജയക്കുതിപ്പുമാണ് ഈ ചിത്രത്തിലൂടെ വരച്ചുകാട്ടാന്‍ ഞങ്ങള്‍ ശ്രമിക്കുന്നത്.

ഒരു ടീം എന്ന നിലയിൽ, ഇതുവരെ നേടിയെടുത്തതോര്‍ത്ത് ഞങ്ങൾ വളരെയധികം അഭിമാനിക്കുന്നു, കൂടാതെ ഈ കഥയ്ക്ക് ജീവാംശം പകര്‍ന്ന അഭിനേതാക്കള്‍, അണിയറപ്രവർത്തകര്‍, മറ്റെല്ലാവരിൽ നിന്നും ഞങ്ങൾക്കു ലഭിച്ച അചഞ്ചലമായ പിന്തുണയ്ക്കും ഏറെ കടപ്പാടുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം, സംഗീതം തുടങ്ങി എല്ലാ മേഖലകളും നിര്‍വഹിക്കപ്പെട്ടിരിക്കുന്നത് പ്രേക്ഷകരെ വൈകാരികമായി ആഴത്തില്‍ സ്പര്‍ശിക്കാന്‍ ഉതകും വിധത്തിലാണ്.

അർജുൻ ചക്രവർത്തിയുടെ ശ്രദ്ധേയമായ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ഈ മനോഹര യാത്രയിൽ ഞങ്ങളോടൊപ്പം ചേരാൻ ഏവരേയും ക്ഷണിക്കുന്നു. പറയപ്പെടേണ്ട ഒരു കഥയാണിത്, ഈ അസാധാരണ യാത്രയുടെ കഥ നിങ്ങള്‍ക്കു
മുന്നില്‍ എത്തുന്നതിന്റെ ആവേശത്തിലാണ് ഞങ്ങള്‍.”

സംവിധായകൻ വിക്രാന്ത് രുദ്രയുടെ പ്രതികരണം ഇങ്ങനെയായിരുന്നു, “അർജുൻ ചക്രവർത്തിയുടെ സംവിധായകൻ എന്ന നിലയിൽ, ഈ ചിത്രത്തിന് ചുക്കാൻ പിടിക്കാനായത് ഒരു ബഹുമതിയായി ഞാന്‍ കരുതുന്നു. അർജുൻ ചക്രവർത്തിയുടെ കഥയെ വെള്ളിത്തിരയില്‍ കൊണ്ടുവരാനുള്ള ഞങ്ങളുടെ സപര്യ വിവരണാതീതമായിരുന്നു.

സമർപ്പണവും, സ്ഥിരോത്സാഹവും, സ്വന്തം കഴിവിലുള്ള അചഞ്ചലമായ വിശ്വാസവുമാണ് വിജയത്തിലേക്കുള്ള ചവിട്ടുപടി എന്ന പഴഞ്ചൊല്ലിന്റെ സാക്ഷ്യമാണ് അർജുൻ ചക്രവർത്തിയുടെ ജീവിതം. അർജുൻ ചക്രവർത്തിയുടെ മഹത്വത്തെ ആദരിച്ചുകൊണ്ട്‌ ഈ സിനിമ ഒരുക്കാന്‍ ഒരേ പോലെ ആവേശം കാണിച്ച പ്രതിഭാധനരായ അഭിനേതാക്കളോടും അണിയറപ്രവർത്തകരോടും ഒപ്പം പ്രവർത്തിക്കാനായത് അഭിമാനമാണ്.

അർജുൻ ചക്രവർത്തിയുടെ യാത്രയിൽ അദ്ദേഹം നേരിട്ട വെല്ലുവിളികളും, അദ്ദേഹത്തിന്റെ പച്ചയായ വികാരങ്ങളും വിജയങ്ങളും വെള്ളിത്തിരയില്‍ പകര്‍ത്താനാണ്‌ ഞങ്ങള്‍ ഈ ചിത്രത്തിലൂടെ ശ്രമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പ്രേക്ഷകർക്ക് നല്‍കുന്നത് ചിത്രത്തില്‍നിന്ന് എന്തൊക്കെ പ്രതീക്ഷിക്കണം എന്നതിനെക്കുറിച്ചുള്ള ഒരു അടിസ്ഥാന ധാരണയാണ്: പിടിച്ചിരുത്തുന്ന ആഖ്യാനശൈലി, ഹൃദയസ്പർശിയായ പ്രകടനങ്ങൾ, പ്രതിബന്ധങ്ങളെ വെല്ലുവിളിച്ച ഒരു അസാധാരണ വ്യക്തിയുടെ വിജയാഘോഷം.

തികച്ചും അസാധാരണമാണ് വിജയ് രാമരാജു അവതരിപ്പിക്കുന്ന അർജുൻ ചക്രവർത്തി എന്ന കേന്ദ്രകഥാപാത്രം . അർജുൻ ചക്രവർത്തിയുടെ ആത്മാംശം ഉൾക്കൊള്ളാനായുള്ള അദ്ദേഹത്തിന്റെ സമർപ്പണവും പ്രതിബദ്ധതയും ചിത്രത്തിന് മുതല്‍ക്കൂട്ടാണ്. കഥാപാത്രത്തെ ആധികാരികമായും പൂര്‍ണ്ണമായും ഉൾക്കൊള്ളാനായി എട്ട് വിപുലമായ ഫിസിക്കല്‍ ട്രാന്‍സ്ഫര്‍മേഷനുകളിലൂടെയാണ് വിജയ്‌ കടന്നുപോയത്. അദ്ദേഹത്തിന്റെ പ്രകടനം പ്രേക്ഷകരെ പ്രചോദനം കൊള്ളിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

പ്രൊഡക്ഷൻ ക്രൂ മുതൽ ആർട്ട് ഡിപ്പാർട്ട്‌മെന്റ് വരെയുള്ള ഞങ്ങളുടെ ടീമിലെ ഓരോ അംഗവും നടത്തിയ അശ്രാന്തപരിശ്രമത്തെയോര്‍ത്ത് വളരെയേറെ അഭിമാനമുണ്ട്. അവരുടെ അഭിനിവേശവും കഠിനാധ്വാനവുമാണ് ഈ ചിത്രത്തെ ഇന്നുള്ള നിലയിലേക്ക് രൂപപ്പെടുത്താന്‍ സഹായിച്ചത്.

അർജുൻ ചക്രവർത്തിയുടെ ജീവിതം വെള്ളിത്തിരയിലെത്തുമ്പോള്‍ അതില്‍ പങ്കുചേരാന്‍ നിങ്ങള്‍ ഓരോരുത്തരെയും ഞാന്‍ ക്ഷണിക്കുന്നു. കഠിനാധ്വാനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും സ്വപ്‌നങ്ങള്‍ നേടിയെടുക്കാനുള്ള അചഞ്ചലമായ പരിശ്രമത്തിന്റെയും കഥയാണ് അര്‍ജുന്‍ ചക്രവര്‍ത്തി. ഈ സിനിമാ സപര്യയുടെ ഭാഗമായതിന് നന്ദി.”

തെലുങ്കിലും തമിഴിലും ഒരേസമയം ചിത്രീകരിക്കുന്ന ‘അർജുൻ ചക്രവർത്തി’ അവ കൂടാതെ ഹിന്ദി, മലയാളം, കന്നഡ ഭാഷകളിലേക്ക് ഡബ് ചെയ്തുകൊണ്ട് ഒരു പാൻ-ഇന്ത്യ റിലീസിനാണ് തയ്യാറെടുക്കുന്നത്. ചിത്രത്തിന്റെ സാങ്കേതിക മേഖലയും മികച്ചതാണ്. ജഗദീഷ് ചീക്കട്ടി ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന് വിഘ്നേഷ് ഭാസ്കരൻ സംഗീതം നൽകുന്നു. സുമിത് പട്ടേൽ കലാസംവിധാനവും പ്രദീപ് നന്ദൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. പി.ആര്‍.ഒ: ആതിര ദില്‍ജിത്ത്

Leave a Reply

Your email address will not be published. Required fields are marked *