പരസ്യമായി മാപ്പ് പറഞ്ഞിട്ടും പ്രശ്നം തീരുന്നില്ലല്ലോ; അദ്ദേഹം മോശമായി ഒന്നും ചെയ്യില്ല
മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ പിന്തുണച്ച് ഗായിക അഭിരാമി സുരേഷ്. നടനൊപ്പമുള്ള പഴയകാല ചിത്രം പങ്കിട്ട് കുറിപ്പുമായാണ് ഗായിക എത്തിയത്. വർഷങ്ങളായി സുരേഷ് ഗോപിയുമായി അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹം ഒരിക്കലും തെറ്റായ ഉദ്ദേശത്തോടെ ആരോടും ഒന്നും പ്രവർത്തിക്കില്ലെന്ന് താൻ ഉറച്ചു വിശ്വസിക്കുന്നുവെന്നും അഭിരാമി കുറിച്ചു.
‘ആ മാധ്യമപ്രവർത്തകയ്ക്ക് അനുഭവപ്പെട്ട ബുദ്ധിമുട്ടിൽ ഞാനും ഖേദം പ്രകടിപ്പിക്കുന്നു. അവരോട് അനാദരവ് കാണിക്കുന്നില്ല. ആ സഹോദരിക്ക് വിഷമമുണ്ടായെങ്കിൽ ക്ഷമിക്കണം. ചേച്ചീ, സോറി. സുരേഷ് അങ്കിൾ ഒരു കുടുംബാഗത്തെപ്പോലെയാണ്. അദ്ദേഹം ഒരു പിതാവാണ്. ഞങ്ങൾക്ക് അദ്ദേഹത്തെ വർഷങ്ങളായി അടുത്തറിയാംആ മനുഷ്യനെക്കുറിച്ച് എനിക്കറിയാവുന്നതനുസരിച്ച്, അദ്ദേഹത്തിന് ശരീരഭാഷയും ചില ആംഗ്യങ്ങളും ഉണ്ട്. പക്ഷേ അത് പീഡനത്തിന്റെ ഉദാഹരണമായി വ്യാഖ്യാനിക്കപ്പെടുന്നുണ്ടോ? ഇല്ല. അദ്ദേഹം ഒരിക്കലും മോശമായോ, തെറ്റായോ ഒന്നും ചിന്തിച്ചിട്ടില്ലെന്നാണ് എന്റെ വിശ്വാസം. അത് ഞാൻ ശക്തമായിത്തന്നെ വിശ്വസിക്കുന്നു. രണ്ടുപേരുടെ ഭാഗത്തും കാര്യങ്ങൾ നല്ല രീതിയിൽത്തന്നെ അവസാനിക്കട്ടെ. പരസ്യമായി മാപ്പ് പറഞ്ഞിട്ടും പ്രശ്നം അവസാനിക്കാത്തതിൽ എനിക്ക് വ്യക്തിപരമായി ഏറെ സങ്കടമുണ്ട്’, അഭിരാമി കുറിച്ചു.