ആരുടെ രാമന്‍..? അയോദ്ധ്യയില്‍ അടി തുടങ്ങി;രാമക്ഷേത്രം പണിയുന്നതിന്റെ ക്രെഡിറ്റ് തങ്ങള്‍ക്കാണെന്ന് കമല്‍ നാഥ്
തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് തങ്ങളുടെ മൃദു ഹിന്ദുത്വ സമീപനവും കടുപ്പിക്കുന്നു. അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിന്റെ ക്രെഡിറ്റ് തങ്ങള്‍ക്കാണെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍ നാഥ് പറഞ്ഞു. കഴിഞ്ഞ കുറെ വര്‍ഷമായി കോണ്‍ഗ്രസിന്റെ മൃദു ഹിന്ദുത്വത്തിന്റെ മുഖമാണ് കമല്‍ നാഥ്.
ബാബ്‌റി മസ്ജിദ് സമുച്ചയത്തിലെ താത്കാലിക രാമക്ഷേത്രത്തിന്റെ താക്കോല്‍ നല്‍കിയത് രാജീവ് ഗാന്ധിയാണെന്ന കാര്യം മറക്കരുതെന്നാണ് കമല്‍ നാഥ് ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ‘ചരിത്രം മറക്കാന്‍ പാടില്ല’ അദ്ദേഹം പറഞ്ഞു. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായപ്പോഴായിരുന്നു ബാബ്റി പള്ളിയ്ക്ക് സമീപം അനധികൃതമായി പണിത ക്ഷേത്രത്തിന്റെ പൂട്ട് തുറന്നു നൽകിയത്. ഇത് വലിയ വിവാദമായിരുന്നു.
‘രാമക്ഷേത്രം ഏതെങ്കിലും ഒരു പാര്‍ട്ടിയുടെയോ നേതാക്കളുടെയോ അല്ല, രാജ്യത്തിന്റെതാണ്. എല്ലാ പൗരന്മാരുടേതുമാണ്. രാമക്ഷേത്രം തങ്ങളുടെ സ്വത്താക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അവര്‍ സ്വന്തം പണം കൊണ്ടല്ല, സര്‍ക്കാരിന്റെ പണം കൊണ്ടാണ് ക്ഷേത്രം പണിതത്’ കമല്‍ നാഥ് പറഞ്ഞു. ശ്രീലങ്കയില്‍ സീതാ ദേവിയ്ക്ക് വേണ്ടി ക്ഷേത്രം പണിയുമെന്ന വാഗ്ദാനം നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.അടുത്ത മാസം തിരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശില്‍ ബിജെപിയ്‌ക്കെതിരെ ശക്തമായ പോരാട്ടം കാഴ്ചവയ്ക്കുന്നുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്.