സബ്‌സിഡി തുടരുമെന്ന് വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടി
വൈദ്യുതി നിരക്ക് വര്‍ധനയ്ക്കൊപ്പം സബ്സിഡി ഒഴിവാക്കിയ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സബ്സിഡി വിഷയത്തില്‍ സര്‍ക്കാരിന് ചാഞ്ചാട്ടം . മാസം 120 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് സബ്സിഡി തുടരുമെന്ന് സര്‍ക്കാരിന്റെ ഉറപ്പ്. സബ്സിഡി നീക്കിയ വിഷയം വിവാദമായതോടെയാണ് സര്‍ക്കാരിന്റെ പിന്മാറ്റം. സബ്‌സിഡി തുടരുമെന്ന് വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടി വ്യക്തമാക്കി.മാസം 120 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് 44 രൂപവരെയാണ് സര്‍ക്കാര്‍ സബ്സിഡി നല്‍കിയിരുന്നത്. യൂണിറ്റിന് 35 പൈസയും 50 പൈസയും കണക്കാക്കി പത്ത് വര്‍ഷമായി നല്‍കിവന്ന സബ്സിഡി നവംബര്‍ ഒന്നുമുതല്‍ ഇല്ലാതായത് ചര്‍ച്ചയായിരുന്നു. നിരക്ക് വര്‍ധനവിനൊപ്പം സബ്സിഡിയും ഇല്ലാതായതോടെ വിമര്‍ശനം ശക്തമായി. ഇതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലുമായി. ഇതിന് പിന്നാലെയാണ് സബ്സിഡി തുടരുമെന്ന ഉറപ്പുമായി വൈദ്യുതി മന്ത്രി രംഗത്തെത്തിയത്.