‘ഞാൻ നന്നായി അഭിനയിക്കും.. സിനിമയുടെ ഡയറക്ടറെ ഒന്ന് കാണിച്ച് തരാമോ?’: മേപ്പടിയാന് ശേഷം വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ സെറ്റിൽ പിന്നീട് നടന്നത്.
കൊച്ചി: ഉണ്ണി മുകുന്ദനെ നായകനാക്കി ‘മേപ്പടിയാൻ‘ എന്ന സൂപ്പർ ഹിറ്റ് ചിത്രമൊരുക്കിയ സംവിധായകനാണ് വിഷ്ണുമോഹൻ. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘കഥ ഇന്നുവരെ‘.ബിജു മേനോൻ നായകനാകുന്ന ചിത്രത്തിന്റെ സെറ്റിൽ നടന്ന രസകരമായ ഒരു സംഭവം വൈറൽ ആകുകയാണ്.
രാവിലെ ആറരയ്ക്ക് മുമ്പ് ഷൂട്ടിംഗ് സെറ്റിലെത്തി പ്രൊഡക്ഷൻ മാനേജർമാരെ കണ്ട് അവസരം ചോദിച്ച ഒരു കുട്ടിയാണ് കഥാനായകൻ. ഹൈസ്ക്കൂൾ കുട്ടികളുടെ ടേക്സ് ആണ് എടുക്കുന്നത് അതിനാൽ അവസരം നൽകാൻ നിർവ്വാഹമില്ലെന്ന് പ്രൊഡക്ഷൻ മാനേജർ അറിയിച്ചുവെങ്കിലും ‘ഞാൻ നന്നായി അഭിനയിക്കും.. സിനിമയുടെ ഡയറക്ടറെ ഒന്ന് കാണിച്ച് തരാമോ‘ എന്ന ചോദ്യവുമായി കുട്ടി നിലകൊണ്ടു.
ഒടുവിൽ പ്രൊഡക്ഷൻ മാനേജർ നിതീഷ് കുട്ടിയെ വിഷ്ണുമോഹന്റെ അടുത്തേക്ക് പറഞ്ഞയച്ചു. എന്നാൽ കുട്ടിയുടെ അഭിനയ താത്പര്യം കണ്ടറിഞ്ഞ വിഷ്ണു, അവന് അവസരം നൽകാൻ തയ്യാറായി. ഒടുവിൽ നാളെ കഴിഞ്ഞ് പീടിക കടയിൽ സാധനം വാങ്ങാനെത്തുന്ന കുട്ടിയാക്കാമെന്ന ഉറപ്പും വാങ്ങിയതിന് ശേഷമാണ് കുട്ടി ചായ കുടിക്കാൻ തയ്യാറായത് എന്നാണ് സെറ്റിലെ സംസാരം.