ആലുവ കേസ്: ശിക്ഷാവിധി ശിശുദിനത്തിൽ
ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അസഫാക് ആലത്തിന്റെ ശിക്ഷാ വിധി നവംബർ 14ന് ശിശുദിനത്തിൽ. കേസിലെ വാദം പൂർത്തിയായി. പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. കടുത്ത ശിക്ഷ നൽകുന്ന വകുപ്പുകൾ പരിഗണിക്കും. എന്നാൽ വധശിക്ഷ നൽകരുതെന്ന് പ്രതിഭാഗം വാദിച്ചു. പ്രതിക്ക് നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണുള്ളത്, കുടുംബസ്ഥിതി മോശമാണ് എന്നിവ പരിഗണിച്ച് വധശിക്ഷ നൽകരുതെന്നാണ് പ്രതിഭാഗം കോടതിയിൽ വാദിച്ചത്. എറണാകുളം പ്രത്യേക പോക്സോ കോടതിയിലാണ് വാദം നടന്നത്. പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി.
16 വകുപ്പുകളാണ് അസഫാക് ആലത്തിനെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞെന്ന് കഴിഞ്ഞ ദിവസം കോടതി വിധിപ്രസ്താവത്തില്‍ വ്യക്തമാക്കിയിരുന്നു. വധശിക്ഷ ലഭിക്കാവുന്ന നാല് വകുപ്പുകളിൽ ഉൾപ്പെടെയാണ് പ്രതി കുറ്റക്കാരൻ എന്ന് ജഡ്ജി കെ സോമൻ വിധിച്ചത്.