We Talk

ക്ഷേത്ര പ്രവേശന വിളംബരത്തിന്‍റെ വാർഷികാഘോഷം; മുന്‍ രാജകുടുംബം വിട്ടു നിൽക്കും

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്ര പ്രവേശന വിളംബര വാർഷിക ആഘോഷത്തില്‍ നിന്ന് മുന്‍ രാജകുടുംബം വിട്ടു നിൽക്കും. പരിപാടിയുടെ ഭാഗമായി പുറത്തിറക്കിയ നോട്ടീസ് വിവാദമായിരുന്നു. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 87-ാം വാർഷിക ദിനാചരണത്തിന്റെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് ക്ഷണിച്ചുള്ള ദേവസ്വം ബോർഡിൻ്റെ പുരാവസ്തു സാംസ്കാരിക വകുപ്പ് ഇറക്കിയ നോട്ടീസ് ആണ് വിവാദത്തിലായത്. മുന്‍ രാജകുടുംബം വരാതെ ഇരുന്നത് അസുഖം ബാധിച്ചതിനാലാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു.

ദേവസ്വം ബോർഡ് നോട്ടീസ് വിവാദത്തിന് പിന്നാലെ ക്ഷേത്രപ്രവേശന വിളംബര വാർഷികത്തിൽ നിന്ന് വിട്ടുനിന്ന് രാജകുടുംബ പ്രതിനിധികൾ ക്ഷേത്രപ്രവേശന വിളംബര വാർഷിക പരിപാടിയില്‍ പങ്കെടുക്കേണ്ട എന്ന് തീരുമാനിച്ചതാണ് എന്ന് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ് അറിയിച്ചു. അതേസമയം, രാജകുടുംബ പ്രതിനിധികൾ പങ്കെടുക്കാത്തത് അനാരോഗ്യം മൂലമാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്‍റ് കെ അനന്തഗോപൻ മാധ്യമങ്ങളോട് പറഞ്ഞു.

ക്ഷേത്രപ്രവേശന വിളംബരത്തിന്‍റെ 87ാം വാർഷിക പരിപാടിയുടെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇറക്കിയ നോട്ടീസാണ് വിവാദത്തിലായത്. രാജകുടുംബത്തെ വാഴ്ത്തുന്ന നോട്ടീസ് നാടുവാഴിത്തത്തെ പ്രോത്സാഹിപ്പിക്കുകയും ക്ഷേത്രപ്രവേശനത്തിനായുള്ള പോരാട്ടത്തെ വിസ്മരിക്കുന്നുവെന്നുമാണ് വിമർശനം ഉയര്‍ന്നത്. അടിമുടി രാജഭക്തിയാണ് ബോർഡിന്റെ നോട്ടീസിൽ, രാജകുടുംബത്തോടുള്ള അമിതബഹുമാനം പ്രകടം, പരിപാടിയിലെ അതിഥികളായ രാജകുടുംബാംഗങ്ങളെ വിശേഷിപ്പിക്കുന്നത് രാജ്ഞിമാർ എന്നും തമ്പുരാട്ടിമാർ എന്നും, ക്ഷേത്രപ്രവേശനത്തിന് കാരണം തന്നെ രാജാവിന്റെ കരുണയാണെന്ന് വരെ തോന്നിപ്പിക്കുന്നുവെന്നാണ് കടുത്ത വിമർശനം. പിശക് പറ്റിയെന്ന് നോട്ടീസ് തയ്യാറാക്കിയ ദേവസ്വം സാംസ്ക്കാരിക വിഭാഗം ഡയറക്ടർ സമ്മതിക്കുമ്പോൾ നോട്ടീസ് പിൻവലിക്കണമെന്ന് ഇടത് അനുഭവികളടക്കം ആവശ്യം ഉയര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *