കൊലയ്ക്കും വിധിക്കുമിടയിലെ 110 ദിവസങ്ങള്‍;കൊടും ക്രൂരതയ്ക്ക് ശിശുദിന നാളിൽ കിട്ടിയ വധശിക്ഷ
കേരളമനസാക്ഷിയെ പിടിച്ചുലച്ച ആലുവയിലെ കൊലപാതകത്തില്‍ അഞ്ച് വയസുകാരിക്ക് നീതി. കുഞ്ഞിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാഖ് ആലത്തിന് വധശിക്ഷ വിധിച്ചു. ഒരു കേസില്‍ ഇത്രയും വേഗത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നത് അപൂര്‍വമാണ്. പെണ്‍കുട്ടി കൊല്ലപ്പെട്ട് 35-ാം ദിവസമാണ് പ്രത്യേക അന്വേഷണസംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസിന്റെ ഗൗരവം പരിഗണിച്ച് ഒക്ടോബര്‍ നാലിന് ആരംഭിച്ച വിചാരണ 26 ദിവസം കൊണ്ട് പൂര്‍ത്തിയാക്കുകയും ചെയ്തു.
കുറ്റകൃത്യം നടന്ന് 100-ാം ദിവസം കോടതി പ്രതി അസഫാഖ് ആലം കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. നൂറ്റിപത്താം ദിവസമാണ് ശിക്ഷാവിധി പുറത്ത് വന്നിരിക്കുന്നത്. ശിശുദിനത്തിലാണ് അതിക്രൂരമായ കേസില്‍ വിധി പ്രഖ്യാപിക്കപ്പെട്ടത്.പോക്സോ നിയമം നിലവില്‍ വന്ന ദിവസം തന്നെയാണ് പ്രതിക്കെതിരായ ശിക്ഷാവിധി പറഞ്ഞിരിക്കുന്നതെന്ന പ്രത്യേകതയും ഈ കേസിന് ഉണ്ട്