കോഴക്കേസില്‍ കുരുങ്ങി കെ.സുരേന്ദ്രന്‍…. കുറ്റപത്രം വച്ച് പോലീസ്…
സുല്‍ത്താന്‍ ബത്തേരി കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനടക്കമുള്ളവര്‍ക്കെതിരെ ശക്തമായ സാഹചര്യത്തെളിവുകളുണ്ടെന്ന് പൊലീസ്.ശാസ്ത്രീയ പരിശോധന തെളിവുകളടക്കം ചൂണ്ടിക്കാട്ടിയാണ് ബത്തേരി കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബത്തേരി മണ്ഡലത്തില്‍ ദളിത് മുഖം സ്ഥാനാര്‍ത്ഥിയായി ലഭിക്കാന്‍ സികെ ജാനുവിന് പാരിതോഷികമായി 35 ലക്ഷം രൂപ കൈമാറിയെന്നാണ് കേസ്. തിരുവനന്തപുരത്തെ ഹോട്ടലില്‍ പത്ത് ലക്ഷവും ബത്തേരിയിലെ ജെആര്‍പി ഓഫീസില്‍ വച്ച് 25വും കൈമാറിയതിന് ശക്തമായ സാഹചര്യതെളിവുകളുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു. രഹസ്യസ്വഭാവത്തോടെ പണം കൈമാറിയതിനാല്‍ ദൃക്സാക്ഷികളില്ല. പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ശബ്ദസംഭാഷണങ്ങളടങ്ങിയ 12 ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
ജെആര്‍പി സംസ്ഥാന ട്രഷറര്‍ആയിരുന്ന പ്രസീത അഴീക്കോട്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലയവയല്‍ ഉള്‍പ്പെടെയുള്ളവരുടെ ഫോണുകളാണ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയത്. പണം കൈമാറിയ ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍, ഹോട്ടല്‍ ബില്ലുകള്‍, താമസിച്ചതിന്‍റെ രേഖകള്‍ എന്നവയെല്ലാം പൊലീസിന് ശേഖരിക്കാനായിട്ടുണ്ട്. 85 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. പാരിതോഷികമായി ലഭിച്ച പണം കൊണ്ട് സികെ ജാനു നടത്തിയ ബാങ്ക് ഇടപാടുകളുടെ വിവരങ്ങളും ശേഖരിക്കാനായെന്ന് പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു. പാരിതോഷികമായിലഭിച്ച തുകയുടെ ഉറവിടം വ്യാജമായി കാണിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഫോണ്‍സംഭാഷണങ്ങളും പൊലീസ് വീണ്ടെടുത്തിട്ടുണ്ട്.
കെ സുരേന്ദ്രനും പ്രശാന്ത് മലവയലുമടക്കമുള്ള ബിജെപി നേതാക്കള്‍ സിമ്മുകള്‍ പലഫോണുകളിലായി ഉപയോഗിക്കുകയും ഉപയോഗിച്ച ഫോണുകള്‍ ഹാജരാക്കാതെ തെളിവ് നശിപ്പിച്ചതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്ന് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ആര്‍ മനോജ് കുമാറാണ് ബത്തേരി ജെഎഫ്എം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.