നിമിഷപ്രിയയുടെ വധശിക്ഷ യെമൻ സുപ്രീം കോടതി ശരിവെച്ചെന്ന് കേന്ദ്രം
യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ അപ്പീല്‍ യെമന്‍ സുപ്രീം കോടതി തള്ളിയെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇക്കഴിഞ്ഞ തിങ്കളാഴ്ച യെമന്‍ സുപ്രീം കോടതി തീരുമാനമെടുത്തുവെന്ന് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. യെമനിലേക്ക് പോകാനുള്ള നിമിഷ പ്രിയയുടെ അമ്മയുടെ അപേക്ഷയില്‍ ഒരാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
സനയിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി യെമൻ സന്ദർശിക്കാൻ അനുമതി തേടി അമ്മ പ്രേമകുമാരി നൽകിയ ഹർജി പരിഗണിച്ച ഡൽഹി ഹൈക്കോടതിയിലാണ് കേന്ദ്രം വധശിക്ഷ ശരിവച്ച കാര്യം അറിയിച്ചത്. നവംബർ 13-ന് യമനിലെ സുപ്രീംകോടതി വധശിക്ഷയ്ക്കെതിരെ നിമിഷപ്രിയ നൽകിയ അപ്പീൽ തള്ളിയെന്നാണ് തങ്ങൾക്കുലഭിച്ച വിവരമെന്ന് കേന്ദ്രം വാക്കാൽ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. യെമൻ പൗരൻ തലാൽ അബ്ദുമഹ്ദി 2017-ൽ കൊല്ലപ്പെട്ട കേസിൽ ലഭിച്ച വധശിക്ഷയിൽ ഇളവു നൽകണമെന്ന നിമിഷ പ്രിയയുടെ ആവശ്യം നേരത്തെ യെമൻ കോടതി തള്ളിയിരുന്നു. ഇതിനെതിരെ നൽകിയ അപ്പീലാണ് യെമൻ സുപ്രീം കോടതി ഇപ്പോൾ തള്ളിയത്.
വധശിക്ഷ ഒഴിവാക്കാൻ ഇനി യെമൻ രാഷ്ട്രപതിക്ക് മാത്രമേ കഴിയൂ എന്നാണ് കേന്ദ്രത്തിന്റെ നിലപാടെങ്കിലും ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രേമകുമാരിയുടെ വാദം. സുപ്രീംകോടതി അപ്പീൽ തള്ളിയ സാഹചര്യത്തത്തിൽ അടിയന്തരമായി യെമൻ സന്ദർശിക്കാൻ അനുമതി നൽകാൻ നിർദേശിക്കണമെന്ന് പ്രേമ കുമാരിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ കെ.ആർ സുഭാഷ് ചന്ദ്രൻ കോടതിയിൽ ആവശ്യപ്പെട്ടു.
തുടർന്ന് യെമൻ സന്ദർശിക്കാൻ അനുമതി നൽകുന്ന കാര്യത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കാൻ ഡൽഹി ഹൈക്കോടതി കേന്ദ്രത്തോട് നിർദേശിച്ചു. സ്വന്തം ഉത്തരവാദിത്വത്തിൽ നിമിഷപ്രിയയുടെ അമ്മ യെമനിൽ പോകുന്നതിൽ എതിർപ്പില്ലെന്ന് കേന്ദ്രം വാക്കാൽ ഡൽഹി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ആരൊക്കെ യെമനിലേക്ക് കൂടെ പോകണം എന്നതിന്റെ വിശാദംശം പ്രേമകുമാരി രണ്ട് ദിവസത്തിനകം കേന്ദ്രത്തിനെ അറിയിക്കാനും ഡൽഹി ഹൈക്കോടതി നിർദേശം നൽകി.
നിമിഷപ്രിയയുടെ അമ്മ നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തീര്‍പ്പാക്കി. ആവശ്യമെങ്കില്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയ യെമനില്‍ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു. 2017 ജൂണ്‍ 25ന് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദിയെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.