മറ്റപ്പള്ളിയിൽ വൈകാരിക രംഗങ്ങൾ; മന്ത്രിയുടെ കാല് പിടിച്ച് വയോധിക;സമരത്തിന് പൂര്‍ണ പിന്തുണയെന്ന് മന്ത്രി പി പ്രസാദ്
നൂറനാട് മണ്ണെടുപ്പിനെതിരായ സമരത്തിന് പൂര്‍ണ പിന്തുണയെന്ന് മന്ത്രി പി പ്രസാദ്. കുന്നിടിച്ച് മണ്ണെടുക്കുന്നത് അംഗീകരിക്കാനാകില്ലെന്നും സമരക്കാര്‍ക്കൊപ്പമാണെന്നും മന്ത്രി പറഞ്ഞു. കോടതിയെ സമീപിക്കുന്നത് ആലോചിക്കും. ഹൈക്കോടതിയില്‍ നാട്ടുകാര്‍ക്കൊപ്പം സര്‍ക്കാര്‍ കൂടി ഹര്‍ജി ചേരണമോ എന്ന് ഇന്നത്തെ സര്‍വകക്ഷി യോഗത്തിന് ശേഷം തീരുമാനിക്കുമെന്നും പി പ്രസാദ് പറഞ്ഞു.
മണ്ണെടുപ്പിനെതിരായ സമരത്തിലെ പൊലീസ് ബലപ്രയോഗത്തെ മന്ത്രി പി പ്രസാദ് വിമര്‍ശിച്ചു. മറ്റപ്പള്ളിയില്‍ പൊലീസ് ബലപ്രയോഗം വേണ്ടിയിരുന്നില്ലെന്നും പൊലീസ് കാണിച്ചത് ഒട്ടും ശരിയായ കാര്യമല്ലെന്നും പി പ്രസാദ് കുറ്റപ്പെടുത്തി. ബലപ്രയോഗം പൊലീസ് ഒഴിവാക്കേണ്ടതായിരുന്നു. അങ്ങനെയൊരു സംഘര്‍ഷ സാഹചര്യം അവിടെ ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞ മന്ത്രി, മണ്ണുമാഫിയക്ക് ബന്ധമുണ്ടെന്ന ആരോപണം പരിശോധിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. മണ്ണെടുപ്പിന് മറ്റ് ബദൽ മാർഗങ്ങൾ തേടുകയാണ് നല്ലതെന്നും കോടതിയെ പാരിസ്ഥിതിക ആഘാതം ബോധ്യപ്പെടത്താൻ നടപടിയുണ്ടാവുമെന്നും പി പ്രസാദ് പറഞ്ഞു.
മന്ത്രി പി പ്രസാദ് എത്തിയപ്പോള്‍ മറ്റപ്പള്ളി മലക്ക് മുന്നില്‍ വൈകാരിക രംഗങ്ങളാണ് ഉണ്ടായത്. തങ്ങളെ കുടി ഇറക്കരുതെന്ന് ആവശ്യപ്പെട്ട് ഒരു വയോധിക മന്ത്രിയുടെ കാലുപിടിച്ചു കരഞ്ഞു. ഇതുകണ്ട് മന്ത്രിയുടെ കണ്ണ് നിറഞ്ഞൊഴുകുകയായിരുന്നു.