കർഷകർ ഉത്പാദിപ്പിക്കുന്ന മുഴുവൻ നെല്ലും എടുക്കണമെന്നാണ് കൃഷി വകുപ്പിന്റെ അഭിപ്രായമെന്ന് മന്ത്രി പി പ്രസാദ്
കർഷകർ ഉത്പാദിപ്പിക്കുന്ന മുഴുവൻ നെല്ലും എടുക്കണമെന്നാണ് കൃഷി വകുപ്പിന്റെ അഭിപ്രായമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. നെല്ല് മുഴുവനായും എടുക്കുന്നതിനുള്ള സംവിധാനം ഉണ്ടാക്കുമെന്നും കൃഷി മന്ത്രി വ്യക്തമാക്കി. സമയോചിതമായി പ്രതിഫലം വിതരണം ചെയ്യാനാണ് പിആർഎസ് വായ്പ ആരംഭിച്ചത്. ഗവൺമെന്റ് ഗ്യാരണ്ടിയേക്കാൾ വലിയ മറ്റൊരു ഗ്യാരണ്ടിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
ബാങ്കുകൾ കർഷക വിരുദ്ധ സമീപനം സ്വീകരിക്കരുത്. സിബിൽ സ്കോർ പരാധിയിൽ നിന്ന് പിആർഎസ് വായ്പകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെടും. കർഷനെ ബുദ്ധിമുട്ടിക്കുന്ന സമീപനം തിരുത്തണമെന്നും മന്ത്രി പി പ്രസാദ് ആവശ്യപ്പെട്ടു.ഇന്ന് ആലപ്പുഴയിൽ ബാങ്കുകളുടെ യോഗം ചേരുമെന്ന് അറിയിച്ച മന്ത്രി ചില ബാങ്കുകൾ മോശപ്പെട്ട സമീപനം സ്വീകരിക്കുന്നുവെന്നും വിമർശിച്ചു. കർഷകപ്രശ്നങ്ങൾ ചർച്ച ചെയ്യാനാണ് ഇന്ന് ആലപ്പുഴയിൽ യോഗം ചേരുന്നത്. മന്ത്രി പി പ്രസാദും ബാങ്ക് പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. ആലപ്പുഴ കളക്ടറേറ്റിൽ ആണ് യോഗം ചേരുക.